Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനഹിതം പരിശോധിക്കും

ജനഹിതം പരിശോധിക്കും

text_fields
bookmark_border
ജനഹിതം പരിശോധിക്കും
cancel

•മദ്യനയത്തില്‍ എല്‍.ഡി.എഫ് നിലപാട് എന്താണ് ?  
എല്‍.ഡി.എഫ് നയം എന്താണെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണ്. മദ്യനിരോധമല്ല, മദ്യവര്‍ജനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നത്. അതേക്കുറിച്ച് സംസാരിക്കുംമുമ്പ് യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം. യു.ഡി.എഫിന്‍െറ മദ്യനയം ധീരമെന്നാണ് അതിന്‍െറ നേതാക്കള്‍ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിയുംവരെ അവര്‍ അതാവര്‍ത്തിച്ചു. ഇപ്പോള്‍ ചിലര്‍ അതിനുവിരുദ്ധമായാണ് പ്രതികരിക്കുന്നത്. മദ്യനയം തെറ്റിയെന്ന് ചിലര്‍ പ്രതികരിക്കുന്നു. അതേസമയം, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യനയം ശരിയാണെന്ന് ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യത്തിന്‍െറ അടിസ്ഥാനം എന്താണെന്ന് അവരല്ളേ ആദ്യം വ്യക്തമാക്കേണ്ടത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പറയുന്ന കാര്യം ഒന്നുതന്നെ. മദ്യവര്‍ജനമാണ് പ്രായോഗികവും അഭികാമ്യവും.
•മദ്യവര്‍ജനം പ്രായോഗികമാണോ?
മദ്യവര്‍ജനം മാത്രമാണ് പ്രായോഗികം. അത് സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പറയാനാകും. നിരോധിച്ചതുകൊണ്ടുമാത്രം ജനങ്ങള്‍ക്ക് മദ്യത്തോടുള്ള അഭിനിവേശം കുറയില്ളെന്ന നേര് ആദ്യമുള്‍ക്കൊള്ളണം. ഇനി മദ്യപിക്കില്ളെന്ന് മദ്യപന്‍ സ്വയം തീരുമാനിക്കേണ്ടതാണ്. അല്ലാത്തപക്ഷം, സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന നിരോധം പ്രായോഗികമാകില്ല. പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് വലിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. അതിനോടുള്ള പൊതുസമൂഹത്തിന്‍െറ സമീപനം എന്തായിരുന്നെന്ന് നാം കണ്ടതാണ്. പരിശോധനകള്‍ നടത്തി കുറേ പിഴചുമത്തിയതുകൊണ്ട് മാത്രം ജനങ്ങള്‍ പുകവലി ഉപേക്ഷിച്ചോ. ഇല്ല. അതേസമയം, പുകവലിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചശേഷം ഗുണപരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവ് പലര്‍ക്കും ലഭ്യമായത് ഇത്തരം ബോധവത്കരണങ്ങളിലൂടെയായിരുന്നു. ഇന്ന് പുകവലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അതുപോലൊരു മാറ്റമാണ് മദ്യത്തിന്‍െറ കാര്യത്തിലും വേണ്ടത്.
•ബോധവത്കരണം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരുടെ പരിമിതി വെല്ലുവിളിയാകില്ലേ ?
പരിമിതികളുണ്ടെന്നത് നേര്. എന്നാല്‍,  അതിന്‍െറ പേരില്‍ നിഷ്ക്രിയരാകാന്‍ നമുക്കാകില്ല. പരിമിതികള്‍ക്കുള്ളില്‍  നിന്നുതന്നെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എക്സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ എണ്ണം നന്നേ കുറവാണ്. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകും. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുകഴിഞ്ഞു.
•അഴിമതിക്കാരുടെ കേന്ദ്രമെന്ന ദുഷ്പേരാണ് എക്സൈസ് വകുപ്പിനുള്ളത് ?
അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി വെച്ചുപൊറുപ്പിക്കില്ല. അത്തരക്കാരെ സംരക്ഷിക്കില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാടിനോട് യോജിച്ചുപോകണമെന്ന കര്‍ശനനിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇനി മൃദുസമീപനമുണ്ടാകില്ല. അതേസമയം, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മദ്യവര്‍ജനത്തിനുള്ള ബോധവത്കരണ പരിപാടികള്‍ ഇതേ ഉദ്യോഗസ്ഥരെക്കൊണ്ടുതന്നെ ചെയ്യിക്കും. അതിന് സാധിക്കുമെന്ന ഉത്തമവിശ്വാസം സര്‍ക്കാറിനുണ്ട്.
•കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമില്ലേ ?
ശരിയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന സ്പിരിറ്റിന്‍െറ ഒഴുക്ക് കണ്ടത്തെുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്‍കാലങ്ങളില്‍ നേരിട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കുറ്റാന്വേഷണ വിഭാഗം വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. വിഷയത്തില്‍ ഉടന്‍ പ്രശ്നപരിഹാരം കാണും. അതേസമയം, ചെക്പോസ്റ്റുകളില്‍ ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രധാനപ്പെട്ട അഞ്ച് ചെക്പോസ്റ്റുകളില്‍ സ്കാനര്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ അതിര്‍ത്തി കടന്നത്തെുന്ന ലോറികളുടെ ഉള്ളറകള്‍ വരെ, തുറക്കാതെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം മറ്റുചില പരിഷ്കാരങ്ങള്‍കൂടി നടപ്പാക്കും. അതേക്കുറിച്ച് ഇപ്പോള്‍ പറയനാകില്ല.
•അബ്കാരി കേസുകളില്‍ ശിക്ഷ വര്‍ധിപ്പിക്കുമോ ?
അബ്കാരി ആക്ട് കേന്ദ്ര സര്‍ക്കാറിന്‍െറ വിഷയമാണ്. കാലഹരണപ്പെട്ട നിയമങ്ങളാണ്  നിലനില്‍ക്കുന്നതിലധികവും. ഇവ പരിഷ്കരിച്ചേ മതിയാകൂ. പിടിക്കപ്പെടുന്ന കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ഇതിന് മാറ്റംവരണം. പക്ഷേ, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് മാത്രമായി ഒന്നും ചെയ്യാനാകില്ല. നിയമസഭ കഴിഞ്ഞാലുടന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പോകും. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമ പരിഷ്കാരം നടത്തേണ്ടത് ഏതൊക്കെ മേഖലകളിലാണ്, എന്തൊക്കെ പരിഷ്കാരങ്ങള്‍ വേണം തുടങ്ങിയ വിഷയങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തും.
•ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകള്‍ പൂട്ടുന്നതിനെക്കുറിച്ച് ?
ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. വിപണനശാലകള്‍ പൂട്ടിയതുകൊണ്ടുമാത്രം ഗുണപരമായ മാറ്റമുണ്ടാകുമെന്ന് കരുതാനാകില്ല. ഓരോ വര്‍ഷവും ഇത്ര ശതമാനം വിപണനശാലകള്‍ പൂട്ടിയതുകൊണ്ട് മദ്യഉപഭോഗം കുറയുന്നില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറെയധികം ബാറുകള്‍ പൂട്ടി. അതേസമയം, അവയില്‍ മുക്കാലും ബിയര്‍, വൈന്‍ പാര്‍ലറായി തുറന്നു. ഇതോടെ, ബിയര്‍ വില്‍പനയില്‍ 60 ശതമാനം വര്‍ധനയുണ്ടായി. ബിയറിന്‍െറയും വൈനിന്‍െറയും വീര്യം വര്‍ധിച്ചിരിക്കുന്നു. ലഹരിതന്നെയാണ് അവിടെയും നുരയുന്നത്. ബാറുകള്‍ പൂട്ടിയതുകൊണ്ട് വിദേശമദ്യവില്‍പനയില്‍ ഒന്നും സംഭവിച്ചിട്ടില്ല. ബാറുകളില്‍ വില്‍പന നിലച്ചപ്പോള്‍, ആനുപാതികമായി ബെവ്കോ വിപണനശാലകളില്‍ വര്‍ധനയുണ്ടായി. അതുകൊണ്ട് യു.ഡി.എഫ് പാത പിന്തുടരുന്നതില്‍ അര്‍ഥമില്ളെന്നാണ് കരുതുന്നത്. പിന്നെ, വിപണനശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരില്‍ പലരും മദ്യം കഴിക്കുന്നവരാണ് എന്നസത്യം പലര്‍ക്കും അറിയില്ല. അത്തരക്കാര്‍ക്ക് പൊയ്മുഖമാണുള്ളത്. ഒരു പാര്‍ട്ടിയും അവരുടെ ഭരണഘടനയില്‍ മദ്യം അരുതെന്ന് പറഞ്ഞിട്ടില്ല, സി.പി.എം ഒഴികെ.
•സ്റ്റാര്‍ ക്ളാസിഫിക്കേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമാക്കുമോ ?
ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രമാണ്. സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ല. ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാകും എന്നത് പരിശോധിക്കും. വിഷയത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. ധിറുതിപിടിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.
•ജനഹിതം അറിയാന്‍ എന്താണ് ചെയ്യുക ?
ആദ്യനടപടി ബോധവത്കരണമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ക്ളബുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. ലഹരിവിരുദ്ധ ക്ളബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. യോഗയുമായി ബന്ധപ്പെട്ട ചില പദ്ധതികളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. മദ്യനയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശയങ്ങള്‍ ശേഖരിക്കാന്‍ ഇത്തരം വേദികള്‍ ഉപയോഗിക്കും. അതേസമയം, ജനങ്ങള്‍ക്ക് അഭിപ്രായം തുറന്നുരേഖപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സാധ്യമായ എല്ലാ ഉപാധികളും ഉപയോഗിക്കും. അതിലൂടെ ജനഹിതം എന്താണെന്ന് വ്യക്തമാകും. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുള്ള വേദികള്‍ ഒരുക്കും. അത്തരം പ്രക്രിയകളിലൂടെ ജനകീയനയം രൂപവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

തയാറാക്കിയത്: എം.എസ്. അനീഷ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policyexcise minister keralatp ramakrishnan
Next Story