Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലീഗ്...

ലീഗ് രാഷ്ട്രീയത്തിന്‍െറ ഭാവിവഴികള്‍

text_fields
bookmark_border
ലീഗ് രാഷ്ട്രീയത്തിന്‍െറ ഭാവിവഴികള്‍
cancel

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ ചര്‍ച്ചകളിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ഏറ്റവും ശക്തമായ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗ്തന്നെയാണ്. ഒരേസമയം ലീഗ് രാഷ്ട്രീയത്തിന്‍െറ ശക്തിയും ദൗര്‍ബല്യവും പ്രകടമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍. യു.ഡി.എഫിലെ നേതൃ പാര്‍ട്ടിയായ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍, ജയിച്ച സീറ്റുകളുടെ എണ്ണത്തിന്‍െറ കാര്യത്തില്‍ വലിയ പരിക്കൊന്നുമില്ലാതെ നിലനില്‍ക്കാന്‍ ലീഗിനായി എന്നതാണ് അതിലൊന്ന്. അതായത്, യു.ഡി.എഫ് തകര്‍ച്ചയെ നേരിടുമ്പോഴും മുസ്ലിം ലീഗ് അതിന്‍െറ രാഷ്ട്രീയ അടിത്തറ സാമാന്യം ഭദ്രമായിത്തന്നെ നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ അസംബ്ളിയില്‍ 20 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക്, അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷവും 18 സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചു. കണക്ക് രാഷ്ട്രീയത്തില്‍ ഇത് അഭിമാനാര്‍ഹമായ നേട്ടംതന്നെയാണ്. അതേസമയം, മുസ്ലിം ലീഗിന്‍െറ രാഷ്ട്രീയ ഭൂമികയില്‍നിന്ന് വോട്ട് നല്ലവണ്ണം ചോര്‍ന്നുപോയിട്ടുണ്ട്. വിജയിച്ച സീറ്റുകളിലെ ഭൂരിപക്ഷം വലിയ രീതിയില്‍ കുറഞ്ഞതു മാത്രമല്ല കാര്യം. തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ ഇടതുപക്ഷം മുസ്ലിം വോട്ടുകള്‍ സാധാരണത്തേതില്‍നിന്ന് അധികമായി വലിയതോതില്‍ നേടിയെടുത്തു എന്നതുകൂടിയാണ്. അതായത്, പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷത്ത് രാഷ്ട്രീയ ശരി കാണുന്ന ആളുകളുടെ എണ്ണം ലീഗിന്‍െറ പരമ്പരാഗത കേന്ദ്രങ്ങളില്‍ ധാരാളമുണ്ടായി. ഇടതുപക്ഷത്തിന്‍െറ മുന്നേറ്റത്തില്‍ അത് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
സംഘ്പരിവാര്‍ അമിതാധികാരത്തിന്‍െറ കാലത്ത് മുസ്ലിംകള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന ഇടതുപക്ഷത്തിന്‍െറ പ്രചാരണത്തിന് സ്വീകാര്യത വന്നിരിക്കുന്നു എന്നതാണ് അതിന്‍െറ അര്‍ഥം. മുസ്ലിംകളെ ആകര്‍ഷിക്കാന്‍ അവരുടെ മുദ്രാവാക്യങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധിക്കുന്നു. അതേസമയം, മുസ്ലിംകളുടെ രാഷ്ട്രീയ കര്‍തൃത്വത്തിന്‍െറ പ്രതീകമായി അവര്‍ കാണുന്ന മുസ്ലിം ലീഗിനെ സമ്പൂര്‍ണമായി കൈയൊഴിയാന്‍ മുസ്ലിം സാമാന്യം തയാറായിട്ടുമില്ല. ലീഗിന്‍െറ സീറ്റുകള്‍ ഏറക്കുറെ നിലനിര്‍ത്താന്‍ അവരെ സഹായിച്ചത് ഈ ഘടകമാണ്.

എന്നാല്‍, തെരഞ്ഞെടുപ്പ് അനന്തരം ഭാവിരാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലീഗ് ഗൗരവപ്പെട്ടതും പ്രയാസകരവുമായ ഒട്ടേറെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. യു.ഡി.എഫിന്‍െറ ഭാവി എന്ത് എന്നതാണ് അതില്‍ പ്രധാനം. കേരളത്തിലെ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനെപ്പോലെ ഉപ്പുവെച്ച കലംപോലെ ആകാന്‍ പോവുന്നുവെന്ന, ശരിയാവാന്‍ സാധ്യതകളുള്ള രാഷ്ട്രീയ നിരീക്ഷണമാണ് അതിലൊന്ന്. ബി.ജെ.പിയുടെ വളര്‍ച്ച ഇടതുപക്ഷത്തെയാണ് ബാധിക്കുക എന്ന, വ്യാപകമായുണ്ടായിരുന്ന നിരീക്ഷണത്തിന് വിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. ബി.ജെ.പി ഇപ്പോള്‍ തിന്നുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. അത് ബി.ജെ.പിയുടെ മിടുക്കുകൊണ്ട് എന്നതിനെക്കാള്‍ കോണ്‍ഗ്രസിന്‍െറ കഴിവുകേടുകൊണ്ട് സംഭവിച്ചതാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്‍െറ ആസുരകാലത്ത്, നെഹ്റുവിയന്‍ മതേതരത്വത്തിന്‍െറയും ഗാന്ധിയന്‍ സഹിഷ്ണുതാ രാഷ്ട്രീയത്തിന്‍െറയും പാരമ്പര്യമുള്ള കോണ്‍ഗ്രസ് മൂര്‍ച്ചയുള്ള ഒരു രാഷ്ട്രീയ നിലപാടുപോലും സ്വീകരിച്ചില്ല. ബി.ജെ.പിക്കുവേണ്ടി സ്വയം ചാഞ്ഞുകൊടുത്ത മരമാവുകയായിരുന്നു കോണ്‍ഗ്രസ്. സി.പി.എം ആകട്ടെ ഈ ദൗര്‍ബല്യത്തെ കൗശലത്തോടെ ഉപയോഗപ്പെടുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.

യു.ഡി.എഫിലെ മറ്റൊരു പ്രധാന ഘടക കക്ഷിയായ കേരള കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ നീക്കങ്ങള്‍ എന്ത് എന്നതാണ് ആ മുന്നണിയുടെ ഭാവിയുമായി ബന്ധപ്പെട്ടുയരുന്ന രണ്ടാമത്തെ പ്രശ്നം. ക്രിസ്ത്യന്‍ സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. സഭയുടെ നിലപാടുകളും കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ ശക്തമായ നാഭീ നാള ബന്ധവുമുണ്ട്. അധികാരമുള്ളവന്‍െറ കൂടെ നില്‍ക്കുക എന്നതായിരുന്നു എപ്പോഴും സഭാ രാഷ്ട്രീയത്തിന്‍െറ അന്തര്‍ധാര. ബി.ജെ.പി ദേശീയതലത്തില്‍ ശക്തമായ അധികാര കേന്ദ്രമായി മാറുകയും ഭാവിയിലും അത് അങ്ങനത്തെന്നെയായിരിക്കും എന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സഭാ രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ സ്വാഭാവികം. ഏക സിവില്‍കോഡിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമീഷനെ ചുമതലപ്പെടുത്തിയപ്പോള്‍തന്നെ അതിനെ സ്വാഗതംചെയ്തുകൊണ്ട് സഭാ നേതൃത്വം രംഗത്തുവന്നത് വെറുതെയല്ല എന്ന് മനസ്സിലാക്കണം. കോണ്‍ഗ്രസിനെതിരായ കെ.എം. മാണിയുടെ പരസ്യമായ വിമര്‍ശങ്ങള്‍ വരുന്നതും അതേസമയത്തുതന്നെയാണ്. അതായത്, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ 2019 ആകുമ്പോഴേക്ക് എന്‍.ഡി.എ ഘടകകക്ഷിയായി കണ്ടാല്‍ അതില്‍ വലിയ അദ്ഭുതമൊന്നുമില്ല എന്നര്‍ഥം. യു.ഡി.എഫിന്‍െറ രണ്ടാമത്തെ സാമൂഹിക അടിത്തറയായ ക്രിസ്ത്യന്‍ സമൂഹത്തെ അതിന് നഷ്ടപ്പെടുന്നുവെന്നതാണ് അതിന്‍െറ അര്‍ഥം. അത്തരമൊരു സാഹചര്യം കോണ്‍ഗ്രസിനെപ്പോലെ ലീഗിനെയും ഭയപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവിവഴികളെക്കുറിച്ച് ലീഗ് നേതൃത്വം കൂടിയിരുന്ന് ആലോചിക്കുന്നത്.

മുസ്ലിംകള്‍ ന്യൂനപക്ഷമായ സമൂഹങ്ങളില്‍ അവരുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്‍െറ ലോകത്തിലത്തെന്നെ വ്യത്യസ്തമായ അനുഭവങ്ങളിലൊന്നാണ് കേരളത്തിലെ ലീഗ്. ശ്രീലങ്കയിലെ മുസ്ലിം കോണ്‍ഗ്രസ് (എസ്.എല്‍.എം.സി) ആണ് ലീഗിന് സമാനമായ മറ്റൊരു അനുഭവം. സൗത് ആഫ്രിക്കയിലെ മുസ്ലിംകളാവട്ടെ, സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാതെ, മുഖ്യധാരാ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലെ (എ.എന്‍.സി) സജീവ സാന്നിധ്യമായി നിന്നുകൊണ്ടാണ് അധികാര പങ്കാളിത്തത്തിന്‍െറ ഭാഗമാവുന്നത്. മുസ്ലിം രാജ്യങ്ങള്‍ മിക്കവയും അത്യന്തം അപകടകരമായ രാഷ്ട്രീയ കാലുഷ്യങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഒരു ന്യൂനപക്ഷ സമൂഹം വലിയ അപകടങ്ങളില്ലാതെ കടന്നുപോവുന്നതില്‍ ഈ രാഷ്ട്രീയ സാന്നിധ്യത്തിന് അതിന്‍െറതായ പങ്കുണ്ട്. ആ അര്‍ഥത്തില്‍ പ്രസക്തമായ ഒരു രാഷ്ട്രീയത്തെയാണ് ലീഗ് പ്രതിനിധാനംചെയ്യുന്നത്. അതേസമയം, അതിനെ  വൈവിധ്യവത്കരിക്കുന്നതിനെക്കുറിച്ചോ ആധുനികീകരിക്കുന്നതിനെക്കുറിച്ചോ പുതിയ കാലത്തിന്‍െറ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുന്നതിനെക്കുറിച്ചോ ആ പാര്‍ട്ടി ആലോചിക്കുന്നേയില്ല എന്നതാണ് സത്യം. അങ്ങനെയൊക്കെ ആലോചിക്കണമെന്ന ചിന്ത പോലും അവര്‍ക്കില്ല. പരമ്പരാഗത ഭൂമികയില്‍ തങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട വോട്ടുകള്‍ സമാഹരിക്കാനുള്ള പെട്ടിയായി നിലനില്‍ക്കുന്നു എന്നതിലുപരി ബുദ്ധിപരമായ എന്തെങ്കിലും മുന്‍കൈകള്‍ ആ പാര്‍ട്ടിയില്‍നിന്നുണ്ടാവുന്നില്ല. സൈദ്ധാന്തികവും രാഷ്ട്രീയവുമായ ആലോചനകള്‍ നടത്താനേ സന്നദ്ധരാവുന്നില്ല. ലീഗ് അനുഭവിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനം അവിടെയാണ്.

സാമ്പത്തിക മൂലധനം (Financial capital), സാംസ്കാരിക മൂലധനം (Cultural capital), രാഷ്ട്രീയ മൂലധനം (Political capital) എന്നിവയാണ് ഒരു സമൂഹത്തെ നിശ്ചയിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങള്‍. ഈ മൂന്ന് മൂലധനങ്ങളുടെയും കാര്യത്തില്‍  സാമാന്യം മോശമല്ലാത്ത അവസ്ഥ ഇന്ന് കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. ഇവ മൂന്നിനെയും സമഞ്ജസമായി സമ്മേളിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വം വഹിക്കുന്ന മുസ്ലിം ലീഗിനുണ്ടായിരുന്നു. സാംസ്കാരിക മൂലധനത്തെ ഉല്‍പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മുസ്ലിം സംഘടനകളോട് ലീഗ് സ്വീകരിക്കുന്ന സമീപനങ്ങളും പ്രധാനമാണ്. സാധാരണഗതിയില്‍ ലീഗിന്‍െറ ഉപഗ്രഹ സംഘടനകള്‍ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു അവയില്‍ മിക്കവയും. എന്നാല്‍, വൈജ്ഞാനികവും സാംസ്കാരികവുമായുണ്ടായ പുതിയ ഉണര്‍വുകള്‍ അത്തരം സംഘടനകളെ സ്വതന്ത്രമായി ചിന്തിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യാന്‍ പ്രാപ്തമാക്കിയിരിക്കുന്നു. ലീഗിന്‍െറ എക്കാലത്തെയും വലിയ വോട്ട്ബാങ്കായിരുന്ന ഇ.കെ വിഭാഗം സുന്നികള്‍പോലും ഇന്ന് പിണറായി വിജയനുമായി നേരിട്ട് കമ്യൂണിക്കേഷന്‍ സാധിക്കുന്ന വിധത്തില്‍ തങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ സ്വിച്ചിട്ടാല്‍ വോട്ട് കോണികയറി വരുന്ന അവസ്ഥ ഇല്ലാതാവുകയാണ്. അങ്ങനെയിരിക്കെ സമുദായത്തിന്‍െറ പ്രതീക്ഷകള്‍ക്കൊത്തുയരുന്ന രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവുക എന്നതുതന്നെയാണ് പ്രധാനം.

നിസ്സാരമായ പെരുന്നാള്‍ അവധിയുടെ കാര്യത്തില്‍പോലും നീതിയുക്തമായ ഒരു നടപടി ഇക്കാലമത്രയായിട്ടും എടുപ്പിക്കാന്‍ സമുദായ രാഷ്ട്രീയത്തിനാവാത്തതിലുള്ള പുതിയ തലമുറയുടെ രോഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഒന്ന് വെറുതെ കറങ്ങുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. സാംസ്കാരിക മൂലധനം നന്നായുള്ള, സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ തീവ്രവാദ, ദേശവിരുദ്ധ ചാപ്പ കുത്തി ഒതുക്കുകയെന്നതായിരുന്നു ലീഗ് ഇക്കാലമത്രയും സ്വീകരിച്ച നിലപാട്. സവര്‍ണ മുഖ്യധാരയുടെ ആ രാഷ്ട്രീയ കൗശലത്തെ മുന്‍പിന്‍ ആലോചനയില്ലാതെ ലീഗും വാരിപ്പുണരുകയായിരുന്നു. എന്നാല്‍, ഈ കൗശലത്തെക്കുറിച്ച് മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന പുതിയ തലമുറ ഇപ്പോള്‍ ബോധവാന്മാരാണ്. മറ്റുള്ളവര്‍ക്കെതിരെ ലീഗ് സ്വീകരിച്ച സത്യസന്ധമല്ലാത്ത ഈ നിലപാട് ലീഗിനെതിരെ സവര്‍ണ മുഖ്യധാര വ്യാപകമായി ഉപയോഗിച്ചു എന്നതായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ രാഷ്ട്രീയ ട്വിസ്റ്റ്. അഞ്ചാം മന്ത്രി മുതല്‍ പച്ച ബോര്‍ഡ് വരെയുള്ള ദുരനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.

കേരളത്തിലെ മുസ്ലിം സമൂഹം നേടിയെടുത്ത സാംസ്കാരിക വികാസത്തോടൊപ്പം നില്‍ക്കാന്‍ ലീഗിന് ആവുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. പ്രസിദ്ധീകരണ രംഗത്തെ മുസ്ലിം ലീഗിന്‍െറയും മറ്റ് ഗ്രൂപ്പുകളുടെയും സാന്നിധ്യത്തെക്കുറിച്ച താരതമ്യം മാത്രം മതി ഇതെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍. ഇപ്പോഴും പുരുഷന്മാരായ മുസ്ലിംകള്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി നിലനില്‍ക്കുന്നതിനെക്കുറിച്ച് ലീഗ് ഗൗരവത്തില്‍ പുനരാലോചിക്കേണ്ടിവരും. എല്ലാ മേഖലകളിലും വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകളുമായുള്ള ബന്ധം എങ്ങനെയാണ് ലീഗ് നിര്‍വചിക്കാന്‍ പോകുന്നത്? മത, ജാതി, ലിംഗ വൈവിധ്യങ്ങളിലൂടെ വികസിപ്പിക്കാതെ പാര്‍ട്ടിക്ക് പുതിയകാല രാഷ്ട്രീയത്തെ അഭിമുഖീകരിക്കാന്‍ പ്രയാസകരമായിരിക്കും. അതേപോലെ പ്രധാനമാണ് പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യം. നയരൂപവത്കരണ പ്രക്രിയയെയും സംഘടനാ തെരഞ്ഞെടുപ്പുകളെയും സമ്പൂര്‍ണമായി ജനാധിപത്യവത്കരിക്കുകയെന്നതാണ് പാര്‍ട്ടിയെ ആന്തരികമായി ശക്തിപ്പെടുത്താനുള്ള വഴി. പാണക്കാട് തങ്ങള്‍ എന്നത്, സമുദായത്തെ പാര്‍ട്ടിയുമായി കണക്ട് ചെയ്യുന്ന ഒരു ജൈവ സ്ഥാപനമാണ് എന്നത് ശരിതന്നെ. അതിരിക്കത്തെന്നെ പാര്‍ട്ടിയുടെ ഘടനയിലും സ്വഭാവത്തിലും ജനാധിപത്യവത്കരണം അനിവാര്യമാണ്. അതായത്, പേരിലും ഘടനയിലും ഉള്ളടക്കത്തിലും വിപ്ളവകരമായ പുനരാലോചനകള്‍ക്ക് പാര്‍ട്ടി സന്നദ്ധമായാല്‍, ഭാവികാലത്തേക്കും നീട്ടിവെക്കാവുന്ന ഒരു രാഷ്ട്രീയ ശക്തിയായി ലീഗിന് മാറാന്‍ കഴിയും. അത്തരമൊന്നിന് ദേശീയ രാഷ്ട്രീയത്തില്‍തന്നെ പ്രസക്തിയുമുണ്ടാവും.                          l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iuml
Next Story