ആര്‍ക്കും പിടികൊടുക്കാതെ പുതിയ ദേശീയ വിദ്യാഭ്യാസ നയം
text_fieldsലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-മതനിരപേക്ഷ രാജ്യമായ ഇന്ത്യക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ പോകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്തായിരിക്കുമെന്ന ആശങ്ക നാള്‍ക്കുനാള്‍ ചെല്ലുന്തോറും വര്‍ധിച്ചുവരുകയാണ്. അഞ്ചംഗ നയരൂപവത്കരണ സമിതിയുടെ ചെയര്‍മാന്‍ മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യനും അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കുമിടയിലുണ്ടായ അഭിപ്രായ ഭിന്നത പുറത്തുവന്നതോടെ ഇപ്പറഞ്ഞ ആശങ്ക അസ്ഥാനത്തല്ല എന്നു തെളിഞ്ഞിരിക്കുകയാണ്. നയരൂപവത്കരണ സമിതി തയാറാക്കിയ റിപ്പോര്‍ട്ടും രാജ്യത്തിന്‍െറ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തണമെന്ന ചെയര്‍മാന്‍െറ ആവശ്യം മാനവവിഭവശേഷി മന്ത്രി തിരസ്കരിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറല്ളെങ്കില്‍ താനതു പരസ്യപ്പെടുത്തുമെന്ന താക്കീതാണ് ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ നല്‍കിയത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞശേഷമേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവൂ എന്ന നിലപാടിലാണ് കേന്ദ്രമന്ത്രി.
ഡല്‍ഹി ചീഫ് സെക്രട്ടറി ശൈലജ ചന്ദ്ര, ഗുജറാത്ത് ചീഫ് സെക്രട്ടറി സുധീര്‍ മന്‍ഗഡ്, എന്‍.സി.ഇ.ആര്‍.ടി മുന്‍ ചെയര്‍മാന്‍ ജെ.എസ്. രാബു പുട്, ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ശിവ്റാം ശര്‍മ എന്നിവരാണ് നയരൂപവത്കരണ സമിതിയിലെ മറ്റ് നാലുപേര്‍.
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘദൃഷ്ടിയോടെ സമീപിക്കേണ്ട ഒരു സുപ്രധാന മേഖലയാണ് വിദ്യാഭ്യാസം. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് വിശാലമായ രാജ്യതാല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ നയം രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയെ ഇന്ത്യയാക്കി നിര്‍ത്തുന്ന നാനാത്വത്തെയും ബഹുസ്വരതയെയും കൃത്യമായി പ്രതിഫലിപ്പിക്കുന്നതോടൊപ്പം വികസനോന്മുഖവും മൂല്യാധിഷ്ഠിതവുമായൊരു വിദ്യാഭ്യാസ ഉള്ളടക്കത്തെയാകണം നൂതന ദേശീയ വിദ്യാഭ്യാസ നയം തീര്‍ച്ചയായും ലക്ഷ്യമിടേണ്ടത്. ഇന്ത്യക്ക് പുരോഗമനോന്മുഖവും സമഗ്രവുമായൊരു വിദ്യാഭ്യാസ നയം രൂപപ്പെടേണ്ടതിന്‍െറ സമയം അതിക്രമിച്ചിട്ടുണ്ട്. 1986ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ആവിഷ്കരിച്ചു നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിനു 30 വയസ്സു പൂര്‍ത്തിയായ ഘട്ടത്തിലാണ് പുതിയൊരു വിദ്യാഭ്യാസ നയ രൂപവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. 1986നുശേഷം ആഗോളതലത്തില്‍ തന്നെ വിദ്യാഭ്യാസ മേഖല മൗലികമായ പ്രവണതാ മാറ്റത്തിനു സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പൗരസമൂഹത്തിന്‍െറ വിദ്യാഭ്യാസാവശ്യങ്ങള്‍ അടിമുടി മാറി. പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും ബോധന രീതികളും പരീക്ഷാ സമ്പ്രദായങ്ങളും പൊളിച്ചെഴുത്തിനു വിധേയമാകേണ്ടി വന്ന പശ്ചാത്തലം അതാണ്.
സ്വാതന്ത്ര്യം കിട്ടിയ കാലത്തെ ഇന്ത്യയും അന്നത്തെ വിദ്യാഭ്യാസ അവസ്ഥയുമല്ല ഇന്നുള്ളത്. മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ഒന്നുമുതല്‍ 12ാം ക്ളാസുവരെ 683 ജില്ലകളിലായി 15 ലക്ഷം സ്കൂളുകളില്‍ 26 കോടി കുട്ടികളാണ് ഇപ്പോള്‍ പഠിച്ചുവരുന്നത്. 80 ലക്ഷം അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തേക്കു വരുമ്പോള്‍ ചിത്രത്തിന്‍െറ വ്യാപ്തി കുറച്ചുകൂടി വര്‍ധിക്കുകയാണ്. 1950-51 കാലയളവില്‍ 27 സര്‍വകലാശാലകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ 2013-14 കാലയളവില്‍ 712 സര്‍വകലാശാലകളായി വളര്‍ന്നു. ഇവയില്‍ 46 എണ്ണം കേന്ദ്ര സര്‍വകലാശാലകളാണ്. രാജ്യത്തിപ്പോള്‍ 40,760 കോളജുകള്‍ തന്നെയുണ്ട്. മറ്റിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 11,443 എണ്ണംവരും. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം 1950-51 കാലയളവില്‍ രണ്ടു ലക്ഷം ആയിരുന്നെങ്കില്‍ 2014-15 വര്‍ഷം 3.33 കോടിയായി ഉയര്‍ന്നു. 14 ലക്ഷം അധ്യാപകര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തൊഴിലെടുക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ ഭൂമിക കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുന്നു എന്നു ചുരുക്കം.
ആശയസംവാദം
രഹസ്യമായും പരസ്യമായും നടന്നുവരുന്ന കാവിവത്കരണ പ്രക്രിയകള്‍ വിദ്യാഭ്യാസ ചിന്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ തീരുമാനം കേന്ദ്ര സര്‍ക്കാറെടുത്തത്. വ്യാപകവും ചടുലവുമായ ആശയസംവാദങ്ങളും അഭിപ്രായ രൂപവത്കരണവും 30 കേന്ദ്ര പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി രാജ്യത്തുടനീളം നടന്നു. സമ്പര്‍ക്ക പരിപാടികള്‍ എന്ന നിലയിലാണ് ഈ പ്രക്രിയ അറിയപ്പെട്ടത്. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 6600 ബ്ളോക്കുകളിലും 6000 നഗരസഭകളിലും സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. 2015 മേയ് മാസത്തിനും ഒക്ടോബര്‍ മാസത്തിനുമിടയില്‍ ഇത് പൂര്‍ത്തിയായി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനായി കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയും (സി.എ.ബി.ഇ) കേന്ദ്രമന്ത്രി ഇതോടൊപ്പം വിളിച്ചുചേര്‍ത്തു. 2015 സെപ്റ്റംബറിലും ഒക്ടോബറിലുമായി ആറ് മേഖലാ സമ്മേളനങ്ങളും ഇവ്വിഷയകമായി സംഘടിപ്പിക്കപ്പെട്ടു.
അഞ്ചംഗ സമിതി കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൗലികമായ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയതായും ശ്രദ്ധേയമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായും പറയപ്പെടുന്നു. 2016 ജൂലൈ എട്ട് ലക്കം ഫ്രണ്ട്ലൈന്‍ മാഗസിന്‍ ഇത് സംബന്ധമായ സൂചനകള്‍ നല്‍കുന്നുണ്ട്. ആഗോളീകൃത ലോകത്ത് ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുന്നതിനു സഹായകമാവുംവിധം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇന്ത്യന്‍ വിദ്യാഭ്യാസത്തിനു അവിഭാജ്യഘടകമാവണം. അവകാശങ്ങള്‍ മാത്രമല്ല, കടപ്പാടുകള്‍ കൂടി വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. സ്ത്രീകളെയും മുതിര്‍ന്നവരെയും ആദരിക്കണം. അച്ചടക്കം, കൃത്യനിഷ്ഠ, മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത, ശുചിത്വശീലം എന്നിവ ജീവിതത്തിലുണ്ടാകണം. പഠനപ്രക്രിയയില്‍ വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടണം. പുതിയ വെല്ലുവിളികളും സാമൂഹിക പ്രശ്നങ്ങളും വിലയിരുത്താന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴില്‍ പ്രഗല്ഭരുടെ ഒരു സ്ഥിരം സമിതി രൂപവത്കരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്തെടുക്കാനുള്ള ഇടങ്ങളായി മാറരുത്.
പ്രഫഷനല്‍ യോഗ്യതയുള്ളവരായിരിക്കണം വിദ്യാഭ്യാസ മേഖല നിയന്ത്രിക്കേണ്ടത്. നിര്‍ദിഷ്ട പഠനനേട്ടങ്ങള്‍ കൈവരിക്കാന്‍ തക്ക പ്രാപ്തിയിലേക്ക് സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍പെട്ട കുട്ടികളെ സജ്ജമാക്കുന്നതിന് സാധ്യമായ പിന്തുണാ സംവിധാനം ഏര്‍പ്പെടുത്തണം.
വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്ന ബജറ്റ് വിഹിതം ആറ് ശതമാനമാക്കി ഉയര്‍ത്തണം. അര്‍ഹതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ സുതാര്യമായ നിലയിലായിരിക്കണം അധ്യാപകരെ തെരഞ്ഞെടുക്കേണ്ടത്. 2009ല്‍ നടത്തിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ സദ്ഫലങ്ങള്‍ പ്രീ-പ്രൈമറി തലത്തിലേക്കും സെക്കന്‍ഡറി തലത്തിലേക്കും വ്യാപിപ്പിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മുഖ്യധാരയിലേക്കു കൊണ്ടുവരണം. വൈസ് ചാന്‍സലര്‍മാരുടെ നിയമനം രാഷ്ട്രീയത്തിനതീതമാകണം. സമ്മര്‍ദങ്ങള്‍ക്കടിപ്പെടാതെ സ്വതന്ത്രമായും സുതാര്യമായും പ്രവര്‍ത്തിക്കാന്‍ പ്രാഗല്ഭ്യമുള്ളവരെ കണ്ടത്തെുന്നതിനും നിയമിക്കുന്നതിനുമായി വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെടാന്‍ പോന്നവയാണ്.
ഗൗരവതരമായ പുന$പരിശോധനയര്‍ഹിക്കുന്നതും വിമര്‍ശാത്മകവുമായി കാണേണ്ടതുമായ നിര്‍ദേശങ്ങളും കൂട്ടത്തിലുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ നിയമത്തിന്‍െറ വരുതിയില്‍ കൊണ്ടുവരണം എന്നതാണ് അവയിലൊന്ന്. ‘ന്യൂനപക്ഷം’ എന്ന സാംജ്ഞയോടുതന്നെ വിപത്രിപത്തി പുലര്‍ത്തന്ന ഒരു സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളും ആനുകൂല്യങ്ങളും വെല്ലുവിളിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം ആശങ്കജനകമാണ്.
മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് ക്ളാസ് കയറ്റം നല്‍കുകയെന്ന കീഴ്വഴക്കം അഞ്ചാം ക്ളാസ് മുതല്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസത്തെക്കുറിച്ച നൂതന പരിപ്രേക്ഷ്യത്തിനെതിരും വിദ്യാര്‍ഥി വിരുദ്ധവുമാണ് എന്ന ആക്ഷേപം ഉയരാനിടയുണ്ട്. വിദ്യാഭ്യാസം കുട്ടികളെ തോല്‍പിക്കാനുള്ളതല്ല, ജയിപ്പിക്കാനുള്ളതാകണം എന്ന കാഴ്ചപ്പാടിനു പൊതുസ്വീകാര്യത കിട്ടിവരുന്ന ഇക്കാലത്ത് പ്രത്യേകിച്ച് പത്താംക്ളാസ് പൊതുപരീക്ഷ രാജ്യത്താകെ പൊതുസ്വഭാവത്തോടെ നടത്തണമെന്ന നിര്‍ദേശം സംശയങ്ങളുയര്‍ത്തിയേക്കും. പത്താംക്ളാസ് പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനാനുഭവങ്ങളും സംസ്ഥാനങ്ങള്‍ തോറും വ്യത്യസ്തകള്‍ ഉള്ളതാണ് എന്നിരിക്കെ ഏക മാതൃകാ പരീക്ഷയുടെ പ്രായോഗികതയെപ്പറ്റി കൂടുതല്‍ ആലോചിക്കേണ്ടി വരും. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാതാക്കണം എന്ന നിര്‍ദേശവും പൊതുപ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാന്‍ പ്രയാസമാവും. കലാപപ്രേരിതമായ കക്ഷിരാഷ്ട്രീയം അപകടകരമാംവിധം വിദ്യാലയങ്ങളില്‍ പിടിമുറുക്കുന്നത് തടയപ്പെടേണ്ടതു തന്നെയാണ്. വളര്‍ന്നുവരുന്ന ഒരു തലമുറയെ നിഷേധാത്മകമായ ഒരുതരം അരാഷ്ട്രീയ ബോധത്തിലേക്കു നയിക്കുന്ന നിയമനിര്‍മാണം പക്ഷേ, ഒരുതരത്തിലും പ്രോത്സാഹിപ്പിക്കപ്പെടാവതല്ല.
സംശയങ്ങളുടെ പുകപടലങ്ങള്‍
അക്കാദമിക ഉള്‍ക്കാഴ്ചകള്‍ പ്രതിഫലിപ്പിക്കാന്‍ നയരൂപവത്കരണ സമിതിയുടെ റിപ്പോര്‍ട്ട് എത്രമാത്രം പര്യാപ്തമാണ് എന്ന ചര്‍ച്ചയും ഒരുവശത്ത് നടക്കുന്നുണ്ട്. അഞ്ചംഗ സമിതിയില്‍ അക്കാദമിക വിചക്ഷണനായി ഒരാള്‍ മാത്രമേ ഉണ്ടായുള്ളൂ എന്നതാണ് കാരണം. മറ്റു നാലുപേരും ബ്യൂറോക്രാറ്റുകളാണ്. എന്തായാലും സമര്‍പ്പിത റിപ്പോര്‍ട്ടിന്‍െറ പൂര്‍ണവും കൃത്യവുമായ രൂപം പുറത്തുവന്നാല്‍ മാത്രമേ സൂക്ഷ്മമായ വിശകലനം സാധിക്കൂ. 2015 ഡിസംബര്‍ 31ന് പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കപ്പെടും എന്ന് കേട്ടിരുന്നെങ്കിലും അത് സംഭവിച്ചില്ല.
ജാതി-മത-ഭാഷ-വംശബഹുത്വം നിലനില്‍ക്കുന്ന ഒരു രാജ്യം ഏറെ പ്രതീക്ഷയോടും ഒപ്പം ആശങ്കയോടും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് മൂന്നു നൂറ്റാണ്ടിനുശേഷം ആവിഷ്കരിക്കപ്പെടാനിരിക്കുന്ന അതിന്‍െറ ദേശീയ വിദ്യാഭ്യാസ നയം. സംശയങ്ങളുടെയും ദുരൂഹതകളുടെയും പുകപടലങ്ങളില്‍നിന്ന് അത് മുക്തമായിരിക്കണം. അതിന്‍െറ നടപ്പാക്കല്‍ രീതിശാസ്ത്രത്തില്‍ സുതാര്യവും ജനാധിപത്യപരതയും പ്രതിഫലിക്കണം. ‘വിദ്യാഭ്യാസനയം അതീവ രഹസ്യമാക്കിവെക്കേണ്ട ഒരു പ്രമാണമല്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തേണ്ട ഒരു ദേശീയ രേഖയാണത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ചുകൊണ്ട് സമിതി ചെയര്‍മാന്‍ ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ നടത്തിയ ഈ പ്രസ്താവന സര്‍ക്കാറിനും ഒളിച്ചുകളിയുണ്ടോ എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
രാജ്യത്തെ പ്രശസ്തമായ കല-കായിക-സാംസ്കാരിക സ്ഥാപനങ്ങളുടെ താക്കോല്‍സ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സഹയാത്രികരെ പ്രതിഷ്ഠിക്കുകയും ഹിംസാത്മക ഭരണരീതിശാസ്ത്രത്തിനെതിരെ മിണ്ടുകയും എഴുതുകയും ചെയ്യുന്നവരെ ഭയപ്പെടുത്തി വകവരുത്തുകയും ചെയ്യുന്ന അപകടകരമായൊരു രാഷ്ട്രീയ കാലാവസ്ഥ ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ് ദുരൂഹമായി അവശേഷിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും സംശയമുയരുന്നത്.
(ആലുവ അസ്ഹറുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പലായ ലേഖകന്‍ സര്‍വശിക്ഷാ അഭിയാന്‍ മുന്‍ എറണാകുളം ജില്ലാ പ്രോജക്ട് ഓഫിസറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.