Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരോഗ...

രോഗ പ്രതിരോധത്തിന്‍െറ രഹസ്യ കോഡുകളിലേക്ക്

text_fields
bookmark_border
രോഗ പ്രതിരോധത്തിന്‍െറ രഹസ്യ കോഡുകളിലേക്ക്
cancel

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടികൂടിയോ എന്നറിയാന്‍ ആളുകള്‍ ഇടക്കിടെ മെഡിക്കല്‍ ചെക്കപ് നടത്താറുണ്ട്. രക്തസമ്മര്‍ദവും ശരീരോഷ്മാവുമൊക്കെയാണ് കാര്യമായും ഈ സമയങ്ങളില്‍ പരിശോധിക്കപ്പെടുക. അതിനുപകരമായി ശരീരത്തിന്‍െറ പ്രതിരോധ സംവിധാനത്തെ മൊത്തത്തില്‍ വിലയിരുത്തുന്ന ഒരു പരിശോധന രീതിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അത് സാധ്യമാവുകയാണെങ്കില്‍ ഡോക്ടര്‍ക്ക് നമ്മുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും. എന്നല്ല, മുമ്പ് നമുക്കുണ്ടായിട്ടുള്ള അസുഖങ്ങളുടെ വല്ലശേഷിപ്പും ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ, നാം എടുത്തിട്ടുള്ള വാക്സിനുകള്‍ എത്രമാത്രം ഫലപ്രദമായി തുടങ്ങി എന്നീ കാര്യങ്ങളും കൃത്യമായി അറിയാനാകും. പല രോഗങ്ങളെയും മുന്‍കൂട്ടി അറിയാനും സാധിക്കും.

വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കള്‍, അര്‍ബുദങ്ങള്‍ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ഘടകങ്ങളെ ചെറുക്കുന്നതിനായി ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയുമാണ് സാധാരണഗതിയില്‍ പ്രതിരോധ സംവിധാനം (ഇമ്യൂണ്‍ സിസ്റ്റം) എന്നു പറയുന്നത്. ഈ വ്യൂഹത്തിന്‍െറ കൃത്യമായ ‘ഭാഷ’ മനസ്സിലാക്കാനായാല്‍, വൈദ്യശാസ്ത്രത്തില്‍ അതൊരു വിപ്ളവം തന്നെയായിരിക്കും. ആരോഗ്യമുള്ള ഒരാളില്‍ കോടിക്കണക്കിന് സവിശേഷമായ പ്രതിരോധ കോശങ്ങള്‍ ഉണ്ടായിരിക്കും. രക്തത്തിലൂടെ ശരീരത്തില്‍ സഞ്ചരിക്കുന്ന ഇവയാണ് അന്യവസ്തുക്കളെയും രോഗാണുക്കളെയും ഫലപ്രദമായി തടയുന്നത്. ഓരോ പ്രതിരോധ കോശത്തിലും ഡി.എന്‍.എ ഘടകം അടങ്ങിയിട്ടുണ്ടാകും. രോഗകാരണമായേക്കാവുന്ന ബാക്ടീരിയകളെയും വൈറസുകളെയും അര്‍ബുദ കോശങ്ങളെയുമെല്ലാം തിരിച്ചറിയാന്‍ സഹായിക്കുന്നത് ഈ ഡി.എന്‍.എയാണ്.

ശരീരത്തിനുള്ള ഓരോ തരം ഭീഷണിയെയും തിരിച്ചറിയുന്നതിനായി ഇവക്കകത്ത് പ്രത്യേക കോഡുകളുണ്ട്. ഒരു ബാക്ടീരിയയാണ് ശരീരത്തില്‍ പ്രവേശിച്ചതെന്ന് കരുതുക. അപ്പോള്‍, ബാക്ടീരിയക്കു മാത്രമായുള്ള ഡി.എന്‍.എ ബാര്‍കോഡായിരിക്കും പ്രവര്‍ത്തിക്കുക. അതിനനുസൃതമായി ശരീരം പ്രതിരോധിക്കുകയും രോഗകാരിയെ ചെറുക്കുകയും ചെയ്യും. മറ്റൊരര്‍ഥത്തില്‍, അന്യ വസ്തുക്കളെയും രോഗകാരികളെയും പ്രതിരോധിക്കാന്‍ പ്രതിരോധ സംവിധാനം പ്രത്യേകമായ ഡി.എന്‍.എ കോഡുകളാണ് പ്രയോഗിക്കുന്നത്. ശരീരത്തിലെ ഈ കോഡുകള്‍ പൂര്‍ണമായും തിരിച്ചറിയാനായാല്‍ ഒരാളുടെ പ്രതിരോധ സംവിധാനത്തിന്‍െറ സമ്പൂര്‍ണ ചിത്രം ലഭിക്കും. ബാര്‍കോഡുകര്‍ ശരിയായ രൂപത്തില്‍ വായിച്ചെടുക്കുക എന്നതാണ് ഇതില്‍ പ്രധാനം. അത് സാധ്യമായാല്‍ ചികിത്സാ രംഗത്ത് പുതിയ ചരിത്രം തന്നെ സൃഷ്ടിക്കപ്പെടും.

എളുപ്പത്തില്‍ രോഗനിര്‍ണയം നടത്തുന്നതിനും ഭാവയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതിനുമെല്ലാം പ്രതിരോധ സംവിധാനത്തിന്‍െറ രഹസ്യ ഭാഷ വെളിപ്പെടുന്നതോടെ സാധിക്കും. ഇപ്പോള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതിനായുള്ള ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നു. അലബാമയിലെ ഹൂഡ്സണ്‍ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജിയിലെ ഗവേഷകനായ ജിയാന്‍  ഹാനിനെ പരിചയപ്പെടാം. ഹാനിന്‍െറ നേതൃത്വത്തില്‍ പ്രതിരോധ ബാര്‍കോഡുകളെ തിരിച്ചറിയാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നുണ്ട്. 100 വ്യത്യസ്ത രോഗങ്ങളുള്ള പതിനായിരം പേരുടെ വിവിധ ബാര്‍കോഡുകള്‍ വിശകലന വിധേയമാക്കുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് അദ്ദേഹത്തിന്‍േറത്. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബാര്‍കോഡ് ഡിക്ഷനറി നിര്‍മിക്കാനാണ് അദ്ദേഹത്തിന്‍െറ പദ്ധതി. ഓരോ ബാര്‍കോഡും ഏത് രോഗത്തെയാണ് കാണിക്കുന്നതെന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസ്സിലാക്കാനാകുമെന്നാണ് കരുതുന്നത്. ഹാനും സംഘവും ഇതിനകം ആയിരം പേരുടെ പ്രതിരോധ കോശങ്ങളിലെ ഡി.എന്‍.എ പരിശോധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഏഴരക്കോടി വ്യത്യസ്ത ബാര്‍കോഡുകളാണ് അവര്‍ക്ക് തിരിച്ചറിയാനായത്.

ഇതില്‍ പല കോഡുകളും ഒരു വ്യക്തിയില്‍ മാത്രമുള്ളതാണ്. എന്നാല്‍, 19 ശതമാനവും പൊതുവാണ്. പക്ഷേ, പ്രത്യേക രോഗങ്ങളെ പൊതുവായി ചിത്രീകരിക്കാന്‍ അപര്യാപ്തമാണവ. 19 ശതമാനം എന്നത് എണ്ണത്തില്‍ വളരെ കുറവായിരിക്കുമല്ളോ. എങ്കിലും ഏതെങ്കിലും രോഗങ്ങള്‍ക്ക് പൊതുവായ ബാര്‍കോഡുകളുണ്ടോ എന്ന അന്വേഷണം ഈ സംഘം തുടരുകയാണ്. ഇതിനിടെ, മറ്റൊരു സംഭവമുണ്ടായി. ഹാനിന്‍െറ പദ്ധതിയില്‍ പങ്കാളികളായിരുന്ന മറ്റൊരു സ്ഥാപനത്തിലെ ഗവേഷകര്‍ നിര്‍ണായകമായ ഒരു കണ്ടത്തെല്‍ നടത്തി. 5000 ആളുകളുടെ പ്രതിരോധ കോശങ്ങളാണ് അവര്‍ പഠനവിധേയമാക്കിയിരുന്നത്. ഇതില്‍നിന്ന് ക്ഷയരോഗത്തിന്‍െറ സവിശേഷ ബാര്‍കോഡുകള്‍ അവര്‍ തിരിച്ചറിഞ്ഞു. അവ കൃത്യമാണെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ചില പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമൊക്കെ വേണമെങ്കിലും ഈ കണ്ടത്തെല്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലക്കു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണിറ്റി, ട്രാന്‍സ്പ്ളാന്‍േറഷന്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍െറ ഡയറക്ടര്‍ മാര്‍ക് ഡേവിസ് മറ്റൊരു പരീക്ഷണമാണ് നടത്തുന്നത്. ഫ്ളൂ വാക്സിനുകളോട് പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് ആ പരീക്ഷണത്തിന്‍െറ മര്‍മം. ഒരു പ്രത്യേക രോഗം ഭാവിയില്‍ നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശരീരത്തെ മുന്‍കൂട്ടി പ്രാപ്തമാക്കുകയാണല്ളൊ വാക്സിനുകള്‍ ചെയ്യുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍, അതിനെ ചെറുക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനം ആന്‍റിബോഡി ഉല്‍പാദിപ്പിക്കും. ഈ ആന്‍റിബോഡിയെ ഉല്‍പാദിപ്പിക്കാന്‍ രോഗാണുവിന്‍െറ നിര്‍വീര്യ ഘടകങ്ങളെ മുന്‍കൂട്ടി ശരീരത്തിലത്തെിക്കുകയാണ് വാക്സിനുകള്‍.   പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുകയാണ് അവ ചെയ്യുന്നത്. പക്ഷേ, വാക്സിനുകളിലൂടെ ഏതുതരത്തിലുള്ള ബാര്‍കോഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ല. മാര്‍ക് ഡേവിസിന്‍െറ ശ്രമം അതിനുള്ളതാണ്. ഈ രഹസ്യം മനസ്സിലായാല്‍ ഏറ്റവും ഫലപ്രദമായ വാക്സിനുകള്‍ നിര്‍മിക്കാന്‍ സാധിക്കും. മാര്‍ക് ഡേവിസിന്‍െറ പരീക്ഷണങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്.

വാക്സിനേഷന് മുമ്പും ശേഷവും ഒരാളുടെ പ്രതിരോധ കോശ ഡി.എന്‍.എ പരിശോധിക്കുന്നു. രണ്ട് സമയത്തെയും ബാര്‍കോഡുകള്‍ വിശകലനം ചെയ്യുന്നു. ഇതില്‍ വാക്സിനേഷനുശേഷം കൂടുതലായി പ്രവര്‍ത്തിച്ച ബാര്‍കോഡുകളെ പ്രത്യേകമായി അടയാളപ്പെടുത്താന്‍ സാധിക്കും. അതുവഴി ഒരു വാക്സിന്‍ ഏതുതരം പ്രതിരോധ കോശങ്ങളെയാണ് ഉത്തേജിപ്പിക്കുന്നതെന്ന് വ്യക്തമാകും. ഈ കോശങ്ങളിലെ ബാര്‍കോഡുകളെ കൃത്യമായി തിരിച്ചറിയാനായാല്‍ അവയെ കൂടുതല്‍ ഫലപ്രദമായി ഉത്തേജിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. പുതുതലമുറ വാക്സിനുകള്‍ എന്നാണ് സമീപ ഭാവിയില്‍ യാഥാര്‍ഥ്യമായേക്കാവുന്ന ഇവയെ ഡേവിസ് വിശേഷിപ്പിക്കുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡാപ്റ്റീവ് ബയോടെക്നോളജീസ് എന്ന സ്ഥാപനം ലുക്കീമിയ പോലുള്ള രക്താര്‍ബുദങ്ങള്‍ക്കെതിരായ ബാര്‍കോഡുകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നേറിയതായി പറയുന്നു. ഈ രക്താര്‍ബുദം എന്നത് പ്രതിരോധ കോശങ്ങള്‍ക്കുതന്നെ സംഭവിക്കുന്ന കാന്‍സറായതിനാല്‍ ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കിയാലും പിന്നീട് വീണ്ടും തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്. ലിംഫോയിഡ് കാന്‍സര്‍ ബാധിച്ചയാളുകളില്‍ ഇവര്‍ നടത്തിയ പരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

അര്‍ബുദം ബാധിച്ച പ്രതിരോധ കോശത്തിലെ ഡി.എന്‍.എ ബാര്‍കോഡാണ് അവര്‍ നിരീക്ഷിച്ചത്. ഇതിലൂടെ രോഗം തിരിച്ചുവരാനുള്ള സാധ്യത മനസ്സിലാക്കി തുടര്‍ ചികിത്സ ലഭ്യമാക്കി. ഇപ്പോഴുള്ള അര്‍ബുദ നിരീക്ഷണ സംവിധാനത്തേക്കാള്‍ ഏറെ ഫലപ്രദമാണ് ഈ രീതി. സി.ടി സ്കാനിങ്ങിലൂടെയും മറ്റും രോഗം തിരിച്ചുവരുന്നത് മനസ്സിലാക്കുന്നതിനേക്കാളും നാലും അഞ്ചും മാസം മുന്നേ തന്നെ ഈ രീതിയിലൂടെ അര്‍ബുദത്തെ തിരിച്ചറിയാനാകും. ഇങ്ങനെ നേരത്തെ ചികിത്സ ലഭ്യമായതിന്‍െറ അടിസ്ഥാനത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന 108 പേരുടെ അനുഭവങ്ങള്‍ കഴിഞ്ഞവര്‍ഷം ‘ലന്‍സെറ്റ്’ മാസിക പ്രസിദ്ധീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virus attack
Next Story