സൗഹൃദത്തിരികളില്‍ അന്‍സാരിയും അണഞ്ഞു
text_fieldsബാബരി മസ്ജിദ് വിഷയം കത്തിനിന്ന 90കളിലും പിന്നീട് എന്‍.ഡി.എയുടെ വാജ്പേയി ഭരണകാലത്തുമൊക്കെ പലതവണ ഹാഷിം അന്‍സാരിയെ കണ്ടിട്ടുണ്ട്. ബാബരി മസ്ജിദിന്‍െറ കണ്ണെത്തും ദൂരത്ത് കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടില്‍ കാണാനത്തെുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയും ഇടക്കിടെ അനുരഞ്ജനം എന്ന പേരിട്ട് നടക്കുന്ന നാടകങ്ങള്‍ക്ക് മൂകസാക്ഷിയായും വല്ലപ്പോഴുമൊക്കെ സര്‍ക്കാറുകളോട് പൊട്ടിത്തെറിച്ചും കഴിഞ്ഞ രണ്ടു ദശാബ്ദമായി ഹാഷിം അന്‍സാരി നിറസാന്നിധ്യമായിരുന്നു. 1947ല്‍ രാംചന്ദര്‍ പരമഹംസും ഗോപാല്‍സിങ് വിശാരദും മറ്റും ചേര്‍ന്ന് ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കൊണ്ടുപോയിട്ട് തര്‍ക്കമുണ്ടാക്കിയെടുക്കുന്നതിനു തൊട്ടുമുമ്പേ അവസാനമായി ഇശാ നമസ്കരിച്ചവരില്‍ അവശേഷിച്ച അവസാനത്തെയാളായിരുന്നു അന്‍സാരി.
നമസ്കാരം നടക്കുന്ന മസ്ജിദായിരുന്നില്ല വിഗ്രഹം സ്വയംഭൂവായ ക്ഷേത്രമായിരുന്നു അതെന്ന സംഘ്പരിവാര്‍ വാദത്തിനെതിരെ കോടതിയില്‍ ഹാജരായ ആറു സാക്ഷികളില്‍ അവസാനത്തെയാളുമാണ്. അസാധാരണ പോരാട്ടവീര്യമുള്ള ഈ വയോധികന്‍ കേസിന്‍െറ മാത്രമല്ല, ചരിത്രത്തിന്‍െറ കൂടി അപൂര്‍വസാക്ഷിയായിരുന്നു. മതേതരത്വത്തിന്‍െറ എവിടെയുമത്തൊതെപോയ ഈ അവകാശപ്പോരാട്ടത്തിന്‍െറ കാവലാള്‍ കോടതികള്‍ക്കു നല്‍കാനാവാത്ത നീതിയും തേടി ദൈവത്തിന്‍െറ കോടതിയിലേക്കു പോകുകയാണെന്ന സ്വന്തം വാക്കുകള്‍ ബാക്കിവെച്ച് യാത്രയായി.
1950ലാണ് ഗോപാല്‍സിങ് വിശാരദ് കേസുമായി കോടതിയിലത്തെുന്നത്. അന്ന് മസ്ജിദിനു പുറത്തെ ചബൂത്രക്കു വേണ്ടിയായിരുന്നു തര്‍ക്കം. വിശാരദിന്‍െറ എതിര്‍കക്ഷികളില്‍ ഒരാളായിരുന്നു ഹാഷിം അന്‍സാരി. ആ അര്‍ഥത്തില്‍ അതൊരു പ്രാദേശിക തര്‍ക്കവുമായിരുന്നു. ഫൈസാബാദിലെ അന്നത്തെ മജിസ്ട്രേറ്റും മലയാളിയുമായിരുന്ന കെ.കെ. നായര്‍ പള്ളി പൂട്ടിയിടാന്‍ ഉത്തരവു നല്‍കുകയും അത് ലംഘിച്ച് പള്ളിയില്‍ക്കയറി ബാങ്കുവിളിച്ച ഹാഷിം അന്‍സാരിയെ പിന്നീട് രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. പിന്നെയും 11 വര്‍ഷം കഴിഞ്ഞാണ് ഉടമസ്ഥാവകാശ തര്‍ക്കം ആരംഭിക്കുന്നത്. അന്ന് സുന്നി വഖഫ് ബോര്‍ഡിന്‍െറ അഭ്യര്‍ഥന മാനിച്ച് കേസില്‍ കക്ഷിചേര്‍ന്ന അന്‍സാരി പിന്നീടുള്ളകാലം മുഴുവന്‍ കേസിനൊപ്പമാണ് ജീവിച്ചത്. അലഹബാദ് ഹൈകോടതി വിധി പുറത്തുവന്ന ശേഷം അന്‍സാരി വലിയൊരളവില്‍ ദു$ഖിതനായിരുന്നു. കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. പക്ഷേ, ഇപ്പോഴത്തെ വീതംവെപ്പ് തനിക്കു വേണ്ടെന്ന് അന്‍സാരി വെട്ടിത്തുറന്നു പറഞ്ഞു. ഈ കേസ് അടഞ്ഞുകഴിഞ്ഞു. ഇനി ഹിന്ദുക്കള്‍തന്നെ ആ മണ്ണ് എടുത്തുകൊള്ളട്ടെ. അതേസമയം, തൊട്ടുപിറകെ അദ്ദേഹം മറ്റൊന്നു കൂടി പറഞ്ഞു: ‘ഞാന്‍ മണ്ടനാണെന്നാണോ വിചാരം, 450 വര്‍ഷം നിലനിന്ന ഒരു പള്ളിയില്‍ അര്‍ധരാത്രിയില്‍ വിഗ്രഹം പ്രത്യക്ഷപ്പെടുമെന്ന് കരുതാന്‍? ഈ വ്യാജവാദങ്ങളാണ് ശരിയെങ്കില്‍ ഇനി തര്‍ക്കിക്കാന്‍ പോയിട്ടെന്ത് കാര്യം?’
ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും നെറികെട്ട കുതന്ത്രങ്ങളിലൊന്നായിരുന്നു അയോധ്യാ കേസ്. ബാബരി മസ്ജിദ് വളപ്പില്‍ ഉദ്ഖനനം നടത്തുന്നതിന് മുന്നോടിയായി എ.എസ്.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കസ്തൂരി ഗുപ്തയെ രാത്രിക്കുരാത്രി കൈത്തറി മന്ത്രാലയത്തിലേക്കു സ്ഥലംമാറ്റിയാണ് ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത അന്നത്തെ സാംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഗൗരി ചാറ്റര്‍ജിയെ ഈ ഉദ്ഖനനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുരളീ മനോഹര്‍ ജോഷി അയോധ്യയിലേക്ക് പറഞ്ഞയക്കുന്നത്. മസ്ജിദ് നിലനിന്ന ഭൂപാളിയുടെ എത്രയോ നൂറ്റാണ്ടുകള്‍ താഴെ നിന്നുള്ള മണ്ണടരില്‍നിന്നു ലഭിച്ച ചില ഇഷ്ടികക്കഷണങ്ങളെയും ക്ഷേത്രാവശിഷ്ടങ്ങളെയും വ്യാഖ്യാനിച്ചും ഈ മണ്ണടരിനും മസ്ജിദിനുമിടയില്‍നിന്ന് ലഭിച്ച എല്ലാ പുരാവസ്തുക്കളെയും വിട്ടുകളഞ്ഞുമാണ് എ.എസ്.ഐ കോടതിയിലത്തെിയത്. ക്ഷേത്രോപകരണങ്ങള്‍ ലഭിച്ചത് ഒരുകണക്കിന് വി.എച്ച്.പിയുടെ അവകാശവാദത്തെ ശരിവെക്കുകയല്ളേ ചെയ്യുന്നതെന്ന സംശയം ന്യായമായും തോന്നാം. എന്നാല്‍, അവരുടെ പൊള്ളത്തരമാണ് ഇത് തുറന്നുകാട്ടിയത്. ക്ഷേത്രത്തിന്‍െറ തെളിവുകളല്ല കപോടപാലി, അമാലിക, കൃത്രിമ ലതാപുഷ്പങ്ങള്‍ എന്നീ ഉപകരണങ്ങള്‍ ബാബരി മസ്ജിദിന്‍െറ താഴെനിന്ന് കണ്ടെടുത്തു എന്നത് ഉദ്ഖനനത്തില്‍ പങ്കെടുത്ത എല്ലാ സാക്ഷികളും ഒപ്പുവെച്ച വസ്തുതകളിലുണ്ട്. പക്ഷേ, അവ ബാബരി മസ്ജിദിന് ആറു മീറ്റര്‍ താഴ്ചയില്‍ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞുനിന്ന ഒരു പഴയ കെട്ടിടത്തിന്‍െറ മതിലില്‍ പതിച്ചുവെച്ച നിലയിലായിരുന്നു ലഭിച്ചത്. ഈ രണ്ടു നിര്‍മിതികള്‍ക്കുമിടയില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു.
മറ്റൊരു ക്ഷേത്രം പൊളിച്ചതിന്‍െറ അവശിഷ്ടങ്ങള്‍, അതും പരസ്പരബന്ധമില്ലാത്ത രീതിയില്‍, ഉപയോഗിച്ച് ഹിന്ദുക്കള്‍ പുതിയ ക്ഷേത്രം നിര്‍മിച്ചതിന് ഇന്ത്യാ ചരിത്രത്തില്‍ തന്നെ തെളിവുണ്ടായിരുന്നില്ല. ഇത് മറ്റൊരു പള്ളിയാണെന്നും അതല്ല, 12ാം നൂറ്റാണ്ടിലെ സുല്‍ത്താനേറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ച ഈദ്ഗാഹ് ആണെന്നും രണ്ടു വാദങ്ങളുണ്ട്. ഡോ. സൂരജ്ഭാന്‍ വാദിക്കുന്നത് ഇത് ഈദ്ഗാഹ് ആയിരിക്കാമെന്നാണ്.
പച്ചയായ ഈ യാഥാര്‍ഥ്യങ്ങള്‍ കോടതി ഭാഷയില്‍ അംഗീകരിക്കപ്പെട്ടില്ല. എന്നിട്ടും അന്‍സാരി സുപ്രീംകോടതിയിലെ ഒടുവിലത്തെ ഹരജിയിലും കക്ഷിചേര്‍ന്നു. കേസിനെ ഇത്രയും കാലം ജീവിപ്പിച്ചുനിര്‍ത്തിയ സ്ഥിതിക്ക് ചടങ്ങു പൂര്‍ത്തിയാക്കലായിരുന്നു അത്. അക്കാലത്ത് ഒരിക്കല്‍ അന്‍സാരിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് മുസ്ലിംകള്‍ ഈ കേസില്‍ അവകാശവാദം ഉപേക്ഷിക്കുകയാണ് നല്ലത് എന്നാണ്. രാഷ്ട്രീയക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതിനെ ഭയപ്പാടോടെയാണ് അയോധ്യാവാസികള്‍ നോക്കിക്കണ്ടത്. എന്നല്ല, ഈ കേസുമായി കോടതി കയറിയിറങ്ങി നടന്ന കാലത്ത് ഇരുസമുദായങ്ങളും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാനുള്ള സൂക്ഷ്മത ഇരുപക്ഷത്തെയും നേതാക്കള്‍ കാണിക്കുകയും ചെയ്തു. രാംചന്ദര്‍ പരമഹംസും മഹന്ത് ഭാസ്കര്‍ ദാസുമൊക്കെ അന്‍സാരിയുടെ സുഹൃത്തുക്കളായിരുന്നു. പരമഹംസിനൊപ്പം ഒരേ കുതിരവണ്ടിയില്‍ ഈ കേസിനു വേണ്ടി പലതവണ അന്‍സാരി ലഖ്നോ കോടതിയിലേക്ക് പോയിട്ടുണ്ട്. പക്ഷേ, ഒടുവിലൊടുവിലായി തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസ്സമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. നീതി നിഷേധിക്കപ്പെടുന്നവന്‍െറ വേദനയായിരുന്നു അതെന്ന് പക്ഷേ, ആരും തിരിച്ചറിഞ്ഞില്ല എന്നുമാത്രം. ഭരണകൂടങ്ങളെ ഇടക്കൊക്കെ വിമര്‍ശിച്ചും മോദിയെപ്പോലും ശ്ളാഘിച്ചും എന്നാല്‍, അതേ ശ്വാസത്തില്‍ രൂക്ഷമായി വിമര്‍ശിച്ചുമൊക്കെ അവസാനകാലത്ത് പലപ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കാറുണ്ടായിരുന്ന അന്‍സാരി കേസ് ഉപേക്ഷിക്കുകയായിരുന്നില്ല. മറിച്ച് കൂടുതല്‍ ശക്തമാക്കാനായിരുന്നു ആവശ്യപ്പെട്ടത്.
അശോക് സിംഗാളും പരമഹംസും വിശാരദും അയോധ്യക്കു നല്‍കാനാഗ്രഹിച്ച മുഖത്തെ തുറന്നെതിര്‍ത്ത ഹിന്ദു-മുസ്ലിം കൂട്ടായ്മയുടെകൂടി അധ്യായമാണ് അന്‍സാരിയിലൂടെ അവസാനിച്ചത്.
അയോധ്യക്കു നല്‍കാന്‍ ശ്രമിച്ച മുഖം മറ്റൊന്നായി രൂപംമാറുന്നത് വേദനയോടെയാണ് പ്രദേശവാസികളായ ഹിന്ദുസമൂഹം നോക്കിനില്‍ക്കുന്നത്. 1992ല്‍ ബാബരി മസ്ജിദിന്‍െറ പിറകിലുള്ള ബഡീ ബുആയുടെ ദര്‍ഗ ആര്‍ത്തലച്ചത്തെിയ കര്‍സേവകര്‍ തല്ലിത്തകര്‍ക്കുമായിരുന്നു, സ്ഥലത്തെ ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങിയിരുന്നില്ളെങ്കില്‍. സ്ത്രീയുടെ പേരില്‍ ഇന്ത്യയിലുള്ള അപൂര്‍വം ദര്‍ഗകളിലൊന്നാണിത്. ഹിന്ദുക്കളുടെ കൂടി ആരാധനാ ദേവിയായിരുന്നു പ്രശസ്ത സൂഫിവര്യനായിരുന്ന നാസിറുദ്ദീന്‍ ചിറാഗി ദില്ലിയുടെ സഹോദരിയായിരുന്ന ബഡീ ബീബി എന്നുകൂടി അറിയപ്പെട്ട ബഡീ ബുആ. മുസ്ലിംകളോടൊപ്പം ഹിന്ദുക്കളും രാവും പകലും കാവലിരുന്നാണ് ദര്‍ഗയെ കര്‍സേവകരില്‍നിന്ന് രക്ഷിച്ചെടുത്തത്. 18ാം നൂറ്റാണ്ടില്‍ നവാബുമാര്‍ ദാനംചെയ്ത സ്ഥലത്തു നിര്‍മിച്ച, അയോധ്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വലിയ ക്ഷേത്രമായ ഹനുമാന്‍ ഗഡി വര്‍ഷങ്ങളായി മതസൗഹാര്‍ദത്തിന്‍െറ പഴയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നത്.
ഹനുമാന്‍ ഗഡിയിലെ മഹന്ത് ജ്ഞാന്‍ദാസ് അയോധ്യയിലെ മുസ്ലിംകളുടെ ഗലികളിലേക്ക് ഓരോ പ്രതിസന്ധിഘട്ടത്തിലും ഇറങ്ങിച്ചെന്നു. ശിലാദാന്‍ കാലത്ത് ആരെങ്കിലും വി.എച്ച്.പിയെ ഭയന്ന് നാടുവിടാനൊരുങ്ങുന്നുണ്ടെങ്കില്‍ തന്‍െറ ഗഡിയില്‍ അവര്‍ക്ക് താമസവും ഭക്ഷണവുമുണ്ടെന്ന് അദ്ദേഹം നേരിട്ടാണ് മുസ്ലിംകളോടു പറഞ്ഞത്. ആ ക്ഷണം മുസ്ലിംകള്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കുകയും ചെയ്തു. 2007ലെ റമദാനില്‍ അദ്ദേഹം ഗഡിക്കകത്ത് മുസ്ലിംകള്‍ക്കായി ഇഫ്താര്‍ ഒരുക്കാന്‍ തീരുമാനിച്ചു. അക്കാര്യം സ്ഥലത്തെ മുസ്ലിം നേതാക്കളില്‍ ചിലരെ അറിയിച്ചപ്പോള്‍ 400ലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ അപൂര്‍വ സൗഹൃദത്തിന് മുസ്ലിംകള്‍ പിന്തുണ നല്‍കിയത്. അയോധ്യയിലെ സമീപകാല ചരിത്രത്തില്‍ അതുപോലൊരു സംഗമം ഉണ്ടായിരുന്നില്ല. കേട്ടറിഞ്ഞ നല്ല മനുഷ്യര്‍ ഈ ചടങ്ങിന് ദൃക്സാക്ഷികളാവാനായി പല ദിക്കുകളില്‍നിന്നും അയോധ്യയിലത്തെി. ജില്ലാ അധികാരികള്‍ക്കും ഉറക്കമില്ലാത്ത ദിവസമായിരുന്നു അത്. ഗഡിക്കകത്ത് ബാങ്കുവിളിക്കാനും നമസ്കരിക്കാനുമൊക്കെ ജ്ഞാന്‍ദാസ് അനുവാദം നല്‍കി. അയോധ്യയിലെ സംഘ്പരിവാര്‍ വെറുതെയിരുന്നില്ല. അവര്‍ മഹന്തിനെതിരെ രംഗത്തിറങ്ങി. ‘നിങ്ങള്‍ ഗഡിക്കകത്ത് മുസ്ലിംകളെ കയറ്റി. നിങ്ങള്‍ക്ക് ഹനുമാന്‍ ജല്‍സ നടത്താനുള്ള സൗകര്യം മുസ്ലിംകള്‍ തരുമോ’ എന്നായി വി.എച്ച്.പിയുടെ ചോദ്യം. ആ വെല്ലുവിളി ജ്ഞാന്‍ദാസിനുവേണ്ടി ഏറ്റെടുത്ത മുസ്ലിംകള്‍ അദ്ദേഹത്തിന് ഹനുമാന്‍ ജല്‍സ നടത്താന്‍ സൗകര്യം ഏര്‍പ്പാടാക്കുകതന്നെ ചെയ്തു. തകര്‍ക്കപ്പെട്ട മസ്ജിദിന്‍െറ തൊട്ടുപിന്‍ഭാഗത്തുള്ള ദര്‍ഗയിലായിരുന്നു ഇത്. അന്‍സാരിയായിരുന്നു ഇത്തരം നീക്കങ്ങളുടെയെല്ലാം പിന്നിലെ പ്രേരകശക്തി. മതനിരപേക്ഷതയുടെ ഇന്ത്യയെ ഇരുട്ടിന്‍െറ ശക്തികള്‍ കൈയേറുമ്പോള്‍ വെളിച്ചത്തിന്‍െറ ശേഷിക്കുന്ന തിരികളും അപ്രത്യക്ഷ മാകുകയാണല്ളോ എന്ന സങ്കടമാണ് അന്‍സാരിയുടെ വിയോഗം ബാക്കി യാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.