Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ തോലുരിച്ച് മായാവതി

text_fields
bookmark_border
ബി.ജെ.പിയുടെ തോലുരിച്ച് മായാവതി
cancel
camera_alt???????, ?????????? ????, ??????? ?????

ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ എം.പി ചുരുങ്ങിയത് ഒരു ദിവസത്തേക്ക് ബി.ജെ.പിയെ രക്ഷിച്ചു. ദലിത് പീഡനങ്ങള്‍ക്കെതിരായ പ്രതിഷേധം ഗുജറാത്തിലും യു.പിയിലും മാത്രമല്ല, പാര്‍ലമെന്‍റിലും കടുത്ത രോഷമുയര്‍ത്തിയ ദിവസമായിരുന്നു വ്യാഴാഴ്ച. എന്നാല്‍, വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ അതൊരു വിഷയമാകാതെ ബി.ജെ.പിയെ സഹായിച്ചത് ഭഗവന്ത് മാനാണ്.

അതിസുരക്ഷയുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന്‍െറ ഉള്‍ഭാഗങ്ങള്‍ പലതും കാമറയിലാക്കി ഫേസ്ബുക്കിലേക്ക് തട്ടുമ്പോള്‍ എം.പിയായ തന്‍െറ പങ്കപ്പാടുകളെക്കുറിച്ച് മാത്രമായിരിക്കണം മാന്‍ ചിന്തിച്ചത്. പാര്‍ലമെന്‍റില്‍ ഒരു ചോദ്യമുന്നയിക്കാന്‍ പോലും എത്രമാത്രം വിഷമിക്കണമെന്നാണ് അദ്ദേഹം വിഡിയോ ചിത്രങ്ങളിലൂടെ സ്വന്തം വോട്ടര്‍മാരോട് പറയാന്‍ ശ്രമിച്ചത്. പാര്‍ലമെന്‍റില്‍നിന്ന് പടമെടുത്ത് ഇന്‍റര്‍നെറ്റില്‍ കയറ്റിയാലുള്ള ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ‘ആം ആദ്മി’ വിപ്ളവകാരി കാര്യമായെടുത്തില്ല. സഭക്കുള്ളില്‍ മാപ്പു പറഞ്ഞാല്‍ തീരാത്തതാണ് വിഷയം. എം.പിയാണെങ്കിലും കേസും കൂട്ടവും നേരിടേണ്ടിവരും. പക്ഷേ, ഭഗവന്ത്മാനിന്‍െറ ചെയ്തിക്കെതിരായ എം.പിമാരുടെ രോഷം സുരക്ഷാപ്പേടി കൊണ്ടു മാത്രമായിരുന്നില്ല. തരംകിട്ടിയാല്‍ ആം ആദ്മി പാര്‍ട്ടിക്കാരുടെ കാലിനും തലക്കും വീക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമില്ല ഭിന്നാഭിപ്രായം. ലോക്സഭയിലും രാജ്യസഭയിലും മാനിന്‍െറ വിഷയവുമായി ആദ്യം ചാടിയിറങ്ങിയത് ഭരണകക്ഷിയാണ്. ഇരുസഭകളും സ്തംഭിച്ചുപോയി.

ദലിത് പ്രശ്നം ഒലിച്ചുപോയി. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ട് കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ പിന്തുണച്ച് വിജയിപ്പിക്കാന്‍ പ്രതിപക്ഷം രാജ്യസഭയുടെ പിന്നാമ്പുറത്തു നടത്തിയ കൂട്ടായ നീക്കം പൊളിക്കാനുള്ള ഉപായമായും മാന്‍ പ്രശ്നം മാറി. മാനിന്‍െറ വിവരക്കേട് ബി.ജെ.പിക്ക് ഒരു ദിവസത്തേക്ക് തടിതപ്പാനുള്ള ഊടുവഴിയായി. ബി.ജെ.പി വിട്ട് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃമുഖമാകാന്‍ ഉന്നംവെച്ചു നീങ്ങുന്ന നവജ്യോത്സിങ് സിദ്ദുവും എം.പി ഭഗവന്ത്മാനുമൊക്കെ വിവരക്കേടുള്ള ആം ആദ്മികളാണെന്ന് പഞ്ചാബിലെ വോട്ടര്‍മാരോട് ഉറക്കെപ്പറയുന്നതിന്‍െറ ഒച്ച കൂടിയാണ് പാര്‍ലമെന്‍റില്‍ കേട്ടത്. പക്ഷേ, ഇതൊക്കെ സാധാരണക്കാര്‍ക്കൊരു വിഷയമാകാന്‍ ഇടയില്ല. സഹസ്രകോടികള്‍ വെട്ടിച്ച് മുങ്ങിയ കുബേര മല്യ, ചോദ്യക്കോഴക്കാര്‍, സഭയില്‍ മുളകുപൊടി വിതറിയവര്‍, മനുഷ്യക്കടത്തു കേസില്‍ കുടുങ്ങിയവര്‍, കോടിയുടെ കോഴപ്പണം സഭയില്‍ വിതറിയവര്‍ എന്നിങ്ങനെ നീളുന്ന പലവിധ വേഷങ്ങള്‍ക്കിടക്ക് ഒരു ഭഗവന്ത്മാനെക്കൂടി അവര്‍ കാണുന്നുവെന്നു മാത്രം. അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിങ്കളാഴ്ച വീണ്ടും എം.പിമാര്‍ സഭയിലത്തെുമ്പോഴേക്ക് ദലിത്  വിഷയം ഒന്നടങ്ങുമെന്നാണ് ബി.ജെ.പിയുടെ പ്രത്യാശ. അത് പാര്‍ലമെന്‍റിലെ കാര്യം. പക്ഷേ, വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തുമ്പോള്‍ ചിത്രം മറ്റൊന്നാണ്. ചത്ത പശുവിന്‍െറ തോല്‍ ഉരിച്ചതിന് ഗോരക്ഷക്കാര്‍ ദലിതരെ കെട്ടിയിട്ട് ഭേദ്യം ചെയ്തതിന്‍െറ രോഷം ഉനയില്‍നിന്ന് ഗുജറാത്തിലും പുറത്തും കത്തിപ്പടര്‍ന്നിരിക്കുന്നു. ബി.എസ്.പി അധ്യക്ഷ മായാവതിയെ ലൈംഗികത്തൊഴിലാളിയോട് ഉപമിച്ച് പ്രസംഗിച്ച ബി.ജെ.പിയുടെ യു.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ദയാശങ്കര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് ഉടനടി പുറത്താക്കിയിട്ടും രോഷത്തീ അണയുന്നില്ല. അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ യു.പിയിലും ഡിസംബര്‍-ജനുവരിയില്‍ ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍, ബിഹാറിലും ഡല്‍ഹിയിലുമൊക്കെ തോറ്റ ക്ഷീണം തീര്‍ത്തെടുക്കാന്‍ കരുതലോടെ ഒരുങ്ങുന്ന നേരത്താണ് വീണ്ടും ദലിത് വിഷയം ഇടിത്തീയായത്.

ആരെയും കൂസാത്തവരാണെങ്കിലും ദലിത് വിഷയം മോദി-അമിത് ഷാമാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യ ഹൈദരാബാദിലെയും പുറത്തെയും കാമ്പസുകളിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഉണ്ടാക്കിയ രോഷത്തിന്‍െറ ആഴമളന്ന് ചില തിരുത്തലുകള്‍ നടത്തിയത് അതുകൊണ്ടായിരുന്നു. ഇളക്കി പ്രതിഷ്ഠിക്കാന്‍ കഴിയാത്ത വിഗ്രഹമായി വിരാജിച്ച സ്മൃതി ഇറാനിയെ മാനവശേഷി വികസന മന്ത്രാലയത്തില്‍നിന്ന് പുറംതള്ളേണ്ടിവന്നു. 19 പേരെ പുതുതായി ഉള്‍പ്പെടുത്തിയ മന്ത്രിസഭാ പുന$സംഘടനയില്‍ അരഡസന്‍ ദലിത് പ്രാതിനിധ്യം നല്‍കിയതും അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തില്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ വട്ടംപിടിച്ചിരിക്കുന്നതുമെല്ലാം ദലിത് വിരുദ്ധ ഇമേജ് മാറ്റിയെടുത്ത് യു.പിയിലേക്കും മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ഇറങ്ങാന്‍ ഉദ്ദേശിച്ചാണ്.

ഉപജാതി വേര്‍തിരിവുകള്‍ക്ക് അതീതമായി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയും പിന്നാക്ക-ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്യുന്നേടത്താണ് ബി.ജെ.പിയുടെ ജയമെന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. യു.പിയിലെ ദലിത് വിഭാഗങ്ങള്‍ കൈമെയ് മറന്ന് മോദിത്തിരക്കൊപ്പം ചാഞ്ചാടിയതാണ് മായാവതിയെയും ബി.എസ്.പിയെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘സംപൂജ്യ’മാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയെയും മുലായത്തെയും മറിച്ചിടണമെങ്കില്‍ വര്‍ഗീയകാര്‍ഡ് കൊണ്ട് ഭിന്നത സൃഷ്ടിച്ചാല്‍ മാത്രം പോര; ലോക്സഭാ തെരഞ്ഞെടുപ്പിലെ പിന്തുണ (പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പിന്തുണ) വീണ്ടും കിട്ടുകയും വേണം. ഇതിനെല്ലാമായി മേളം മുറുക്കുമ്പോഴാണ് മോദിയുടെ മാതൃകാ സംസ്ഥാനത്ത് ചത്ത പശുവിന്‍െറ പേരില്‍ ദലിതനെ തല്ലി തോലുരിച്ചത്, യു.പിയിലെ ബി.ജെ.പി നേതാവ് മായാവതിയെക്കുറിച്ച് നാക്കിന് എല്ലില്ലാതെ വര്‍ത്തമാനം പറഞ്ഞത്.

ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിങ്ങനെ ചതുഷ്ക്കോണ മത്സരം നടക്കാന്‍ പോകുന്ന യു.പിയില്‍ കഴിഞ്ഞയാഴ്ച വരെയുള്ള സ്ഥിതി നോക്കിയാല്‍ മായാവതി പലവിധ പ്രശ്നങ്ങളിലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്നുവെന്ന ആരോപണം മുതല്‍, ബി.ജെ.പിയുടെ തള്ളിക്കയറ്റം എങ്ങനെ മറികടക്കാമെന്ന അര്‍ഥശങ്കവരെ വിഷയങ്ങള്‍ പലതുണ്ടായിരുന്നു. പക്ഷേ, അണികളില്‍ അകലം പാലിച്ചു നിന്നവരെക്കൂടി സ്വന്തം കുടക്കീഴിലേക്ക് വലിച്ചടുപ്പിക്കാന്‍ മായാവതിക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ചെയ്ത സഹായം ചെറുതല്ല. സര്‍ക്കാറിന്‍െറ ദലിത് വിരോധത്തിനെതിരെ പാര്‍ലമെന്‍റില്‍ ഉയര്‍ന്ന രോഷം രാഷ്ട്രീയമായി മായാവതി അങ്ങേയറ്റം പ്രയോജനപ്പെടുത്തി. ലഖ്നോവിലും യു.പിയുടെ മുക്കുമൂലകളിലും ‘ആന’ക്കൊടികളുമായി പിന്നാക്ക ജനത റോഡിലിറങ്ങിയപ്പോള്‍ പാമ്പും ഗോവണിയും കളിയിലെന്നപോലെ ബി.ജെ.പി വീണ്ടും ഗോവണിച്ചോട്ടിലേക്ക് നിലംപൊത്തി. ഈ കെടുതിയില്‍നിന്ന് കരകയറാന്‍ വീണ്ടും ഒന്നെന്നു തുടങ്ങണം. ഞൊടിയിട കൊണ്ട് മായാവതി ബഹുദൂരം മുന്നില്‍. മായാവതിയുടെ ആളുകളില്‍നിന്ന് ഭീഷണി നേരിടുന്നുവെന്ന ദയാശങ്കര്‍സിങ്ങിന്‍െറ ഭാര്യയുടെ പരാതി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ട് എന്തുകാര്യം?  

പഞ്ചാബിലും യു.പിക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കും. ഭരണമാറ്റത്തിനുവേണ്ടിയുള്ള മുറവിളികളാണ് പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം കേള്‍ക്കുന്നത്. പകരക്കാരാകാന്‍ ആര്‍ക്കാണ് കെല്‍പ് എന്നതാണ് ചോദ്യം. കോണ്‍ഗ്രസിനെ പിന്തള്ളി അവസരം മുതലാക്കാന്‍ ആം ആദ്മി പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുന്നു. സുവര്‍ണക്ഷേത്രത്തില്‍ പോയി പാത്രം കഴുകി, പ്രവര്‍ത്തകരുടെ വഴിവിട്ട വാക്കുകള്‍ക്ക് അരവിന്ദ് കെജ്രിവാള്‍ പ്രായശ്ചിത്തം ചെയ്തത് വെറുതെയല്ല. അവര്‍ക്ക് നാല് എം.പിമാരുള്ള സംസ്ഥാനത്ത്, ഭാര്യയുടെ വാക്കുപോലും കേള്‍ക്കാതെ ബി.ജെ.പി വിട്ട് നവജ്യോത്സിങ് സിദ്ദു ഇറങ്ങിയത് മാറ്റങ്ങളുടെ ചൂണ്ടുപലകയാണ്. സിഖുകാരുടെ മനോവികാരത്തെ സ്വാധീനിക്കാന്‍ എസ്.എസ്. അഹ്ലുവാലിയക്ക് കേന്ദ്രത്തില്‍ സഹമന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയാവുമോ? സിദ്ദു പോയെങ്കില്‍, ഭാര്യയെ ബി.ജെ.പിയില്‍ പിടിച്ചുനിര്‍ത്താമെന്ന തന്ത്രം പരീക്ഷിച്ചാല്‍ മതിയാവുമോ?

ഗുജറാത്തില്‍ തെരഞ്ഞെടുപ്പു വരാന്‍ ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ട്. പക്ഷേ സ്ഥിതിയോ? 2002ലെ കലാപത്തില്‍ മുസ്ലിംകളായിരുന്നു ഇരകള്‍. പിന്നാക്കക്കാരുടെ കൈയില്‍ വാളും ശൂലവും കൊടുത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ തിരിച്ചുവിട്ടത് അതിന്‍െറ അനുബന്ധമാണ്. മോദി ഡല്‍ഹിക്ക് വണ്ടി കയറും മുമ്പേ പട്ടേല്‍ വിഭാഗക്കാര്‍ ബി.ജെ.പിയോട് ശീതസമരത്തിലായിരുന്നു. പട്ടേല്‍ വിഭാഗത്തില്‍നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കി നോക്കിയിട്ടും രക്ഷയില്ല. ഹാര്‍ദിക് പട്ടേലിന്‍െറ സംവരണ സമരം പട്ടേല്‍-പതിദര്‍ വിഭാഗക്കാരെ ബി.ജെ.പിയില്‍നിന്ന് അകറ്റി. ഇതിനെല്ലാമിടയില്‍ സ്വന്തം തട്ടകത്തില്‍ കാല്‍ച്ചുവട്ടില്‍നിന്ന് മണ്ണൊലിക്കുന്നത് മറ്റാരെക്കാള്‍ നന്നായി അറിയുന്നത് നരേന്ദ്ര മോദിയായിരിക്കും. അതിനു പിന്നാലെയാണ് ഇപ്പോള്‍ ദലിതരുടെ രോഷം. മോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണം നടന്നുവന്ന ഗുജറാത്തിലെ പെരുകുന്ന അസ്വസ്ഥതകളിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമൊക്കെ ഇറങ്ങിച്ചെല്ലുന്നു. റബര്‍ സ്റ്റാമ്പുകളെക്കൊണ്ട് അസ്വസ്ഥതകളെ നേരിടുക എളുപ്പമല്ല. തോലുകൊണ്ട് പുതപ്പിച്ച അജണ്ടകളും തനിനിറവും ഏതുവിധേനയും പുറംചാടാതിരിക്കുകയുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi diarymayavathi
Next Story