Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരള്‍രോഗം ചതിയനായ...

കരള്‍രോഗം ചതിയനായ ശത്രു

text_fields
bookmark_border
കരള്‍രോഗം ചതിയനായ ശത്രു
cancel

കരള്‍രോഗവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍  അനേകം തെറ്റായ ധാരണകളുണ്ട്. അതിലൊന്നാണ് മദ്യപിക്കുന്നവര്‍ക്ക് മാത്രമേ കരള്‍രോഗം ഉണ്ടാകൂവെന്നത്. മദ്യം മാത്രമല്ല മറ്റ് പല കാര്യങ്ങളും കരളിനെ രോഗാതുരമാക്കുന്നുണ്ട്. അടുത്തിടെ അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള മദ്യപിക്കുമായിരുന്നില്ളെങ്കിലും അമിതമായി കോള ഉപയോഗിച്ചിരുന്നു. കോളയും പഞ്ചസാരയും മറ്റും നിയന്ത്രണരഹിതമായി ഉപയോഗിക്കുന്നതും വ്യായാമരഹിതമായ അവസ്ഥയും കരള്‍രോഗം ക്ഷണിച്ചുവരുത്തും.

പച്ചക്കറികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ കരളിനെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇന്ന് കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണം ഇതാണ്. പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള്‍ എന്നിവയും കരള്‍രോഗത്തിന് വഴിതെളിക്കാം. ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയ വൈറസുകളും കരള്‍രോഗത്തിന് കാരണമാകും. ഓട്ടോ ഇമ്യൂണ്‍ ഹെപ്പറ്റൈറ്റിസ് എന്ന രോഗാവസ്ഥയാണിത്. കൂടാതെ, ചില മരുന്നുകളുടെ ഉപയോഗവും കരള്‍രോഗമുണ്ടാക്കും.

ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ഏത് രാസവസ്തുവിനെയും മെറ്റബൊളൈസ് ചെയ്ത് നിര്‍വീര്യമാക്കുന്ന ജോലിയാണ് കരളിന്‍േറത്. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രാസപ്രവര്‍ത്തനം നടക്കുന്ന അവയവമാണ് കരള്‍ എന്ന് ചുരുക്കം. ഇത്രയും പ്രധാനപ്പെട്ട കരളിനെ ബാധിക്കുന്ന രോഗങ്ങളെ പ്രാഥമികതലത്തില്‍ രണ്ടായി തിരിക്കാം. ഹ്രസ്വകാല രോഗമെന്നും ദീര്‍ഘകാല രോഗമെന്നും. മഞ്ഞപ്പിത്തം, കുട്ടികളില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ് -ബി എന്നിവ ഹ്രസ്വകാല രോഗങ്ങളാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഹെപ്പറ്റൈറ്റിസ് ഗുരുതരമായ കരള്‍രോഗമായി മാറും. മദ്യപാനം മൂലമുണ്ടാകുന്ന സീറോസിസ് കരള്‍രോഗത്തിന്‍െറ മൂര്‍ധന്യാവസ്ഥയാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം കരള്‍രോഗത്തിന്‍െറ ഏറ്റവും ലഘുവായ അവസ്ഥയാണ്. ഹ്രസ്വകാലത്തേക്കുമാത്രം പ്രത്യക്ഷപ്പെടുന്നതും 99  ശതമാനം ആളുകളിലും താനേ സുഖപ്പെടുന്നതുമായ കരള്‍രോഗാവസ്ഥയാണത്. എന്നാല്‍, ഈ മഞ്ഞപ്പിത്തത്തിന്‍െറ ഫലമായി ഒരുശതമാനം ആളുകളില്‍ കരളിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കാം. അങ്ങനെ സംഭവിക്കുന്നവരില്‍ 50 ശതമാനം ആളുകള്‍ക്ക് ഒൗഷധ ചികിത്സയിലൂടെ സുഖം പ്രാപിക്കാന്‍ കഴിയും. എന്നാല്‍, മരുന്ന് ഫലിക്കാത്തവര്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരും. അവസരം പാര്‍ത്ത് പതുങ്ങിക്കിടക്കുന്ന ചതിയനായ ശത്രുവിനെ പോലെയാണ് കരള്‍രോഗം. രോഗം ഗുരുതരമായശേഷമേ ലക്ഷണങ്ങള്‍ പുറത്തുകാണിക്കൂ. പ്രവര്‍ത്തനശേഷി 30 ശതമാനമായി കുറഞ്ഞാല്‍പോലും കുലുക്കമൊന്നും ഇല്ലാത്തതുപോലെയാകും കരള്‍ പ്രവര്‍ത്തിക്കുക. താങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമ്പോഴാണ് കരള്‍ ക്ഷീണാവസ്ഥ ബാഹ്യലോകത്തെ അറിയിക്കുക.

മഞ്ഞപ്പിത്തം, കാലിനുനീര്, ദേഹത്ത് ചുവന്ന പാടുകള്‍, വയര്‍ വീര്‍ക്കല്‍, ചോര ഛര്‍ദിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഗ്യാസിന്‍െറ ഉപദ്രവമാണെന്ന് കരുതി വയര്‍ വീര്‍ക്കുന്നതിനെ നിസ്സാരമാക്കരുത്. വയര്‍ വീര്‍ക്കുന്ന മഹോദരമെന്ന അവസ്ഥ കരള്‍ തീര്‍ത്തും തളരുന്നതിന്‍െറ ലക്ഷണമാണ്. രക്തം ഛര്‍ദിക്കുന്നതും ഗുരുതരമായ രോഗലക്ഷണമാണ്. കരളിലേക്ക് പോകേണ്ട രക്തം ബൈപാസ് ചെയ്ത് കുടലിലേക്ക് വരാം. അങ്ങനെ കുടലിലും അന്നനാളത്തിലും ഉണ്ടാകുന്ന രക്തധമനികളെ വാരിസസ് എന്ന് പറയുന്നു. അവ പൊട്ടുമ്പോഴാണ് രോഗി രക്തം ഛര്‍ദിക്കുന്നത്. എന്‍ഡോസ്കോപ്പിയിലൂടെ ഈ രോഗാവസ്ഥ കണ്ടത്തൊനും ആവശ്യമായ ചികിത്സ കൊടുക്കാനും സാധിക്കും.

ഉദരരോഗങ്ങളെക്കുറിച്ച പഠനവും ചികിത്സയുമാണ് ഗാസ്ട്രോ എന്‍ററോളജി. മുന്‍കാലങ്ങളില്‍ കരള്‍രോഗങ്ങളുടെ ചികിത്സയും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, കരള്‍രോഗങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ധിച്ചുവരുന്നതിന്‍െറ പശ്ചാത്തലത്തില്‍ കരള്‍രോഗ ചികിത്സക്ക് മാത്രമായി ഹെപ്പറ്റോളജി എന്ന വിഭാഗം വികാസം പ്രാപിക്കുകയായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ 10 വര്‍ഷം മുമ്പ് സംഭവിച്ച ഈ വികസനം ഇന്ത്യയില്‍ ആരംഭിച്ചത് വൈകിയാണ്. ഇന്ത്യയില്‍ ഹെപ്പറ്റോളജിയില്‍ ഡി.എം പഠനം ആരംഭിച്ചിട്ട് കഷ്ടിച്ച് ഏഴുവര്‍ഷമേ ആയിട്ടുള്ളൂ. കേരളത്തില്‍ ഹെപ്പറ്റോളജി വിഭാഗത്തിന്‍െറ സേവനം ഇപ്പോള്‍ ലഭ്യമാകുന്നത് ആലുവക്കടുത്ത് ചുണങ്ങംവേലിയിലെ രാജഗിരി ഹോസ്പിറ്റലില്‍ മാത്രമാണ്.

മദ്യപിക്കുമ്പോള്‍ കരളിന്‍െറ നിര്‍വീര്യശേഷിയില്‍ ഇടിവ് സംഭവിക്കും. മദ്യപാനവും ശരീരത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അബദ്ധധാരണകള്‍ തിരിച്ചറിയേണ്ടത് കരളിന്‍െറ ആരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമാണ്. നന്നായി വിയര്‍ക്കുന്ന രീതിയില്‍ കായികാധ്വാനം നടത്തിയാല്‍ മദ്യത്തിന്‍െറ ഹാനികരമായ സ്വാധീനം ഉണ്ടാവുകയില്ല എന്ന ധാരണ തെറ്റാണ്. അമിതമായി ഭക്ഷണം കഴിച്ചശേഷം മദ്യപിച്ചാല്‍ ശരീരത്തെ ബാധിക്കുകയില്ളെന്ന ധാരണയും ശരിയല്ല. അത് അമിത ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് വഴിതെളിക്കും. മദ്യം കഴിക്കുന്നവര്‍ ആടിന്‍െറ കരള്‍ കഴിക്കുന്നത് കരള്‍രോഗം വരാതിരിക്കാന്‍ നല്ലതാണെന്ന് ചിലര്‍ പറയാറുണ്ട്. ആടിന്‍െറ കരളില്‍ പ്രോട്ടീന്‍ കൂടുതലായിരിക്കും. ഇത് ദഹിപ്പിക്കാന്‍ പറ്റാറില്ല. അതിനാല്‍, കരള്‍ കഴിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ.

മദ്യം എന്ന വില്ലന്‍

ഒരുദിവസം 60 മില്ലി ലിറ്റര്‍ ആല്‍ക്കഹോള്‍ വീതം 10 വര്‍ഷം തുടര്‍ച്ചയായി കഴിക്കുന്ന ഒരാള്‍ക്ക് കരള്‍വീക്കം പിടിപെടാന്‍ 30 ശതമാനം സാധ്യതയുണ്ട്. വിസ്കി പോലുള്ള വീര്യം കൂടിയ മദ്യം ദിവസേന 45 മില്ലി ലിറ്റര്‍ വരെ കഴിച്ചാല്‍ അത് സുരക്ഷിതമായ പരിധിക്കുള്ളിലുള്ള മദ്യപാനമാണെന്ന് പറയാറുണ്ടെങ്കിലും ആ പരിധിയില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ മദ്യപര്‍ക്ക് കഴിയില്ല എന്നതാണ് സത്യം. അഞ്ചുവര്‍ഷമായി സ്ഥിരം മദ്യപിക്കുന്നവര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നത് അഭികാമ്യമാണ്. രക്തത്തിന്‍െറ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, വയറിന്‍െറ അള്‍ട്രാസൗണ്ട് സ്കാന്‍, എന്‍ഡോസ്കോപി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താനാകും.

ശരിയാണ്. ചില മരുന്നുകള്‍, പ്രത്യേകിച്ച് ആന്‍റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍ തുടങ്ങിയവ കരളിനെ ദോഷകരമായി ബാധിക്കും. കരളിന് രോഗമുള്ളവര്‍ ഏത് രോഗത്തിനും ഡോക്ടറെ സമീപിക്കുമ്പോള്‍ കരളിന്‍െറ രോഗകാര്യം പ്രത്യേകം പറയണം. കരളിന് ദോഷകരമായി മാറാവുന്ന മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണ്. സ്വയംചികിത്സ തീര്‍ത്തും പാടില്ല. കരള്‍രോഗികള്‍ ഉറക്കഗുളികയും വേദനസംഹാരി ഗുളികയും കഴിക്കരുത്. മലബന്ധമില്ലാതെ ശ്രദ്ധിക്കണം. ആര്‍ത്രൈറ്റിസ്, സോറിയാസിസ്, അപസ്മാരം തുടങ്ങിയവക്ക് ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്നവര്‍ ഇടക്കിടക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ചെയ്യുന്നത് അനിവാര്യമാണ്. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ കരള്‍രോഗത്തെ കരുതലോടെ കണ്ട് പെരുമാറണം. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവക്ക് പ്രത്യേകം യന്ത്രങ്ങളുള്ള ഡയാലിസിസ് സെന്‍ററുകളില്‍ മാത്രമേ ഡയാലിസിസ് നടത്താവൂ. ഡയാലിസിസിന് വിധേയരാകുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണം.

കരളിനെ സ്നേഹിക്കുക

കുട്ടികളില്‍ കൂടുതല്‍ കാണുന്നത് ഹെപ്പറ്റൈറ്റിസ്-എ എന്ന കരള്‍രോഗമാണ്. ഇതിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഉണ്ട്. രണ്ട് ഡോസ് എടുത്താല്‍ ലൈഫ് കവറേജ് കിട്ടും. കുട്ടികളായിരിക്കുമ്പോള്‍തന്നെ വാക്സിന്‍ എടുക്കണം. സൂക്ഷിച്ചാല്‍ ദു$ഖിക്കേണ്ട എന്നാണല്ളോ പ്രമാണം. തീര്‍ച്ചയായും കരള്‍രോഗത്തില്‍നിന്ന് നമുക്ക് രക്ഷനേടാനാകും. അതിന് ആദ്യമായി നമ്മള്‍ കരളിന്‍െറ പ്രാധാന്യം തിരിച്ചറിയണം. എന്നിട്ട്, വ്യക്തികള്‍ ഇച്ഛാശക്തിയോടെ ഡോക്ടറുമായി സഹകരിക്കണം. കരളിന്‍െറ പ്രാധാന്യമറിയാന്‍ ഒറ്റക്കാര്യം മനസ്സിലാക്കിയാല്‍ മതി, കരള്‍ നേരേ ചൊവ്വേ പ്രവര്‍ത്തിച്ചില്ളെങ്കില്‍ കിഡ്നി വെറും കാഴ്ചക്കാരനാകും. കാരണം, വെള്ളത്തില്‍ ലയിക്കാത്ത രാസവസ്തുക്കളെയും വിഷവസ്തുക്കളെയും മറ്റും വെള്ളത്തില്‍ ലയിപ്പിക്കുന്ന ജോലി കരളിന്‍േറതാണ്.

ഇത്രയും പ്രാധാന്യമുള്ള കരളിനെ, കവികള്‍ പുകഴ്ത്തുന്നതുപോലെ കരളിന്‍െറ കരളായി കണ്ട് സ്നേഹിക്കണം. കരളിന് ദോഷം വരുത്തുന്ന ദുശ്ശീലങ്ങളില്‍നിന്ന് മെല്ളെമെല്ളെയെങ്കിലും വിടുതല്‍ നേടണം. കരളിനെയും അതുപോലെ മറ്റ് അവയവങ്ങളെയും ആത്യന്തികമായി സ്വന്തം ജീവനെയും ജീവിതത്തെയും സ്നേഹിച്ച് പ്രകാശത്തിന്‍െറ വഴിയിലൂടെ പ്രയാണം ചെയ്യണം. അങ്ങനെയെങ്കില്‍ രോഗാവസ്ഥയുടെ ലക്ഷ്മണരേഖ മറികടന്നിട്ടില്ലാത്ത ഏത് രോഗിയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ന് വൈദ്യശാസ്ത്രത്തിന് കഴിയും.

(ആലുവയിലെ രാജഗിരി ഹോസ്പിറ്റല്‍ ഹെപ്പറ്റോളജിസ്റ്റാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world hepatitis day
Next Story