നവോത്ഥാന നായിക
text_fieldsഎഴുത്തും സാമൂഹിക പ്രവര്‍ത്തനവും ഒന്നാണെന്ന് നിരന്തരം തെളിയിച്ച മഹാശ്വേതാ ദേവിയുടെ വിയോഗത്തിനു മുന്നില്‍ വാക്കുകള്‍ മുറിഞ്ഞുപോവുകയാണ്. നോക്കുമ്പോള്‍ മുന്നില്‍ വലിയൊരു ശൂന്യതയാണ് കനംതൂങ്ങി നില്‍ക്കുന്നത്. ബംഗാളി സാമൂഹിക നവോത്ഥാനത്തിന്‍െറ അവസാനത്തെ കണ്ണിയാണ് കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞത്. ഇതിനു മുമ്പൊന്നും ഇങ്ങനെയൊരു പ്രതിഭ ബംഗാളി സാഹിത്യത്തിലും രാഷ്ട്രീയത്തിലും നിത്യ ജീവിതത്തിലും നിറഞ്ഞുനിന്നിട്ടില്ല. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ട സാഹിത്യകാരിയും അതുപോലെ ആക്ടിവിസ്്റ്റുമായിരുന്നു മഹാശ്വേതാ ദേവി. കേരളത്തിന്‍െറ സമരമുഖങ്ങളിലും അവര്‍ ഓടിയത്തെി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഇരകളുടെയും ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് അവര്‍ ഊര്‍ജം സംഭരിച്ചത്. കോളജ് അധ്യാപിക എന്ന ജോലി ഉപേക്ഷിച്ച് ബിഹാറിലെയും മറ്റും ഗ്രാമങ്ങളിലൂടെ അവര്‍ അലഞ്ഞു. പലപ്പോഴും ചുറ്റിത്തിരിയുന്ന ഒരു റിപ്പോര്‍ട്ടറായി അവര്‍ മാറി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തത്ത്വശാസ്ത്രവും തണലും മഹാശ്വേതാ ദേവിയായിരുന്നു. അനീതിക്കെതിരെ പൊരുതിനിന്ന നന്ദിഗ്രാമിലെയും മറ്റും ജനങ്ങള്‍ക്കൊപ്പം അവര്‍ നിലകൊണ്ടു. സി.പി.എമ്മിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാല്‍, മമതയുടെ അടിസ്ഥാന തത്ത്വശാസ്ത്രവും ഗ്രന്ഥവും മഹാശ്വേതാ ദേവിയായിരുന്നു. ഇരുവരെയും ജനങ്ങള്‍ നെഞ്ചിലേറ്റുകയും നിറഞ്ഞ സ്നേഹത്തോടെ ദീദിയെന്ന് വിളിക്കുകയും ചെയ്തു. സി.പി.എം പരാജയപ്പെട്ട ഇടമാണ് മമത സ്വന്തമാക്കിയത്.
മഹാശ്വേതാ ദേവി ഒരിടതുപക്ഷക്കാരി തന്നെയായിരുന്നു. എന്നാല്‍, ജനവിരുദ്ധതയെ കൃത്യവും കണിശവുമായി അവര്‍ കണ്ടു. ഇടതുപക്ഷ ഭരണകൂടത്തിന്‍െറ ജനവിരുദ്ധ നയങ്ങളെയും നന്ദിഗ്രാമിലും സിംഗൂറിലും മറ്റും മുതലാളിത്തത്തിനു വേണ്ടി കാണിച്ച അതിക്രമങ്ങളെയും അവര്‍ തുറന്നെതിര്‍ത്തു.
വിധിവൈപരീത്യമായിരിക്കാം, കേരളത്തില്‍ പ്രഫ. എം.എന്‍. വിജയനെ വളഞ്ഞുവെച്ച് ആക്രമിച്ചതുപോലെ സി.പി.എം ബംഗാളില്‍ മഹാശ്വേതാ ദേവിയെ ആക്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഒരു കടുകിടക്കു പോലും ആ ആക്ടിവിസ്റ്റിന്‍െറ പ്രവര്‍ത്തനത്തെ തോല്‍പിക്കാനായില്ല. ജനങ്ങളിലേക്ക് പോകുന്ന രീതിയായിരുന്നു എന്നും അവരുടെ പ്രത്യേകത.
തെരുവിലും ഗ്രാമങ്ങളിലും ദീദി ജീവിച്ചു. സി.പി.എമ്മും പൊലീസും നടത്തിയ അതിക്രമങ്ങളില്‍ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയ വേളയില്‍ ദീദിയെഴുതിയ കോളങ്ങളില്‍ അവര്‍ക്കായി പഴയ വസ്ത്രങ്ങള്‍ വേണ്ടെന്നും പുതിയ വസ്ത്രങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ലോഡ്കണക്കിന് സാധനങ്ങളാണ് മഹാശ്വേതാ ദേവിയുടെ ഗോള്‍ഫ് ഗ്രീനിലെ ഫ്ളാറ്റിലേക്ക് ഒഴുകിയത്തെിയത്. അവര്‍ അതുമായി ഗ്രാമങ്ങളിലേക്ക് പോയി. പാവപ്പെട്ടവര്‍ എത്തി 10ഉം 20ഉം രൂപ സംഭാവന നല്‍കുമ്പോള്‍ മഹാശ്വേതാ ദേവിതന്നെ രസീത് എഴുതി നല്‍കുന്നത് എനിക്ക് നേരില്‍ കാണാന്‍ സാധിക്കുകയുണ്ടായി. 13 വര്‍ഷത്തെ ചരിചയം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. സാഹിത്യത്തില്‍ ടാഗോറിനു ശേഷമുള്ള വിപ്ളവം എന്ന് മഹാശ്വേതാ ദേവിയെ ന്യായമായും വിശേഷിപ്പിക്കാം.
എന്നാല്‍, ആദിവാസി-കീഴാള ജീവിതം ടാഗോര്‍ ഒരിക്കലും കൈകാര്യംചെയ്തിട്ടില്ല. എന്നാല്‍, മഹാശ്വേതാ ദേവി അവരുടെ നത്യജീവിതത്തിന് ഭാഷയും നാവും നല്‍കി. എറണാകുളം കടമകുടി പഞ്ചായത്തില്‍ താമസിക്കുന്ന എന്‍െറ സമീപപ്രദേശമായ അവിടെ മൂലമ്പിള്ളിയില്‍ വികസനത്തിന്‍െറ പേരില്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വീടുകള്‍ തകര്‍ത്തപ്പോള്‍ ഞാന്‍ നടുങ്ങി. ആ വിവരം പങ്കുവെച്ചപ്പോള്‍ ദീദിയുടെ ചോദ്യം -വാട്ട് കാന്‍ ഐ ഡു? അവര്‍ അങ്ങനെ മൂലമ്പിള്ളിയിലേക്ക് വന്നു. സമരത്തില്‍ പങ്കാളിയായി. വേദനകള്‍ ആവിഷ്കരിക്കുക മാത്രമല്ല നോവുകളില്‍ പങ്കാളിയാവുക എന്ന സ്വത$സിദ്ധമായ ആ ശൈലിയുടെ മഹത്ത്വം അനശ്വരമായി നിലനില്‍ക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
(ജേണിയിങ് വിത് മഹാശ്വേത ദേവി, മഹാശ്വേതാ ദേവി ക്ളോസപ്, സെറിന്‍റിവിറ്റി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.