Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം: ഒരു മാര്‍ഗരേഖ

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം: ഒരു മാര്‍ഗരേഖ
cancel

ലോകത്തെ പ്രസിദ്ധ സര്‍വകലാശാലകളെല്ലാം നിഷ്കര്‍ഷിക്കുന്നതും എന്നാല്‍, ഈ രാജ്യത്തെ ഒരു സര്‍വകലാശാലയും ഇനിയും നിഷ്കര്‍ഷിക്കാത്തതുമായ ചില പ്രാഥമിക സംഗതികളിലേക്കാണ് ഇവിടെ വിരല്‍ ചൂണ്ടുന്നത്. മറ്റൊന്ന് നവ ലിബറലിസ്റ്റ് കോര്‍പറേറ്റ് വ്യവസായവത്കരണത്തിന്‍െറ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള അക്കാദമിക ഉപാധികളും സങ്കേതങ്ങളും ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അവിഭാജ്യഘടകങ്ങളായി എങ്ങനെ സജ്ജമാക്കാമെന്നതിനെപ്പറ്റിയാണ്. അക്കാദമിക മികവില്ലാത്ത വെറും കരിയറിസ്റ്റ് വൈസ് ചാന്‍സലര്‍മാരുടെ അജ്ഞതമൂലം സര്‍വകലാശാലകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന അപചയം ചെറുക്കുന്നതിനെക്കുറിച്ചാണ് അടുത്തത്.   

മൂലധന വ്യവസ്ഥക്കാവശ്യമായ ഉന്നതവിദ്യാഭ്യാസ സമ്പ്രദായമാണിന്ന് ലോകമെമ്പാടും നിലവിലുള്ളതെന്നും ഘടനയിലും ഉള്ളടക്കത്തിലും ആഗോള ഏകീകരണം നടക്കുകയാണെന്നും അതിനെതിരെ റാഡിക്കലായ ബദലൊന്നും പ്രായോഗികമാക്കാനാവില്ളെന്നും സാമൂഹിക-സാമ്പത്തികനീതിയും മതേതര, ജനാധിപത്യസ്വഭാവവും നിലനിര്‍ത്തി ഭരണകൂടത്തിന്‍െറ രാഷ്ട്രീയവും നിയമപരവുമായ ഇടപെടല്‍ ഉറപ്പുവരുത്തുകയെന്ന  പ്രായോഗിക സമീപനമേ നിവൃത്തിയുള്ളൂവെന്നതും ശരിയാണ്. നിലവാരംകുറഞ്ഞ ഉന്നതവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുതന്നെ പരിഷ്കരിക്കാതെ വയ്യെന്നര്‍ഥം. വിജ്ഞാനം വില്‍പനച്ചരക്കായതുകൊണ്ട് ഗുണനിലവാരത്തിന്‍െറ കാര്യത്തിലും കടുത്തമത്സരം നടക്കുകയാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് അധ്യാപന അധ്യയനരീതികളുടെ പരിഷ്കരണം അത്യന്താപേക്ഷിതമായിരിക്കുന്നു.

ആഗോളതലത്തിലുള്ള ഘടനാപരമായ ഏകീകരണത്തില്‍നിന്ന് നമുക്കു വിട്ടുനില്‍ക്കാനാവില്ല. അധ്യയനകാലയളവിന്‍െറ കാര്യം 10 + 2 + 4 + 2 എന്ന ക്രമം  മിക്കരാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. അടിസ്ഥാന വിഷയങ്ങളുടെയും ഉപവിഷയങ്ങളുടെയും  ഐച്ഛിക വിഷയങ്ങളുടെയും  തോത് സ്റ്റാന്‍ഡേഡൈസ് ചെയ്യാനുള്ള ശ്രമങ്ങളും അംഗീകരിക്കപ്പെട്ടുവരുകയാണ്. അക്കാദമിക പ്രോഗ്രാമുകളുടെ ഫലപ്രാപ്തി (Programme Outcome അഥവാ Graduate Attributes) കൃത്യമായി  നിര്‍വചിക്കുകയും  ഓരോ കോഴ്സിനും പ്രത്യേകം അധ്യയനഫലം (Course Specific Learning Outcome) നിശ്ചയിക്കുകയും  ചെയ്യുന്ന സായന്‍സികരീതി സാര്‍വത്രികമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ലോകമെങ്ങും ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം മാനകവത്കരിക്കുന്നതിന്‍െറ ഭാഗമാണിത്. ആഗോള വിദ്യാഭ്യാസ വിനിമയത്തിനിതു വേണമല്ളോ.

വിഷയമേതായാലും  ബിരുദതല അധ്യയനം  നാലുവര്‍ഷവും 160 ക്രെഡിറ്റും എന്നത് ഇന്നു വികസിതരാജ്യങ്ങളിലെല്ലാം അധ്യയനഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡമാണ്. ഓരോ പ്രോഗ്രാമിനും പഠിക്കേണ്ട ഐച്ഛികവിഷയങ്ങളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനായി പരമ്പരാഗത നിഷ്കര്‍ഷകളോടെ പരിഷ്കരണം നടന്നിട്ട് അരനൂറ്റാണ്ടിലേറെയായി. കോഴ്സുകളുടെയും പ്രോഗ്രാമുകളുടെയും

ഇഷ്ടാനുസരണമുള്ള കുടിയേറ്റം സുഗമമാക്കുന്ന പദ്ധതി കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് ഇവിടെ കാര്യമായി മുന്നേറിയതായിരുന്നു. പ്രഫ. വിജയന്‍െറ നേതൃത്വത്തിലുള്ള സി.ബി.സി.എസ് കമ്മിറ്റി ശിപാര്‍ശ ചെയ്ത 40+40+40  എന്ന തോതിലുള്ള ക്രെഡിറ്റുവിഭജനം അങ്ങേയറ്റം മികവുറ്റതാണ്. അതിന്‍െറ ഉദ്ദേശ്യം മുഴുവനും സഫലീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇഷ്ടമുള്ള വിഷയങ്ങളുടെ പഠനത്തിന്  വിദ്യാര്‍ഥികള്‍ക്ക്  പ്രഫ. വിജയന്‍െറ സമിതി വിഭാവനം ചെയ്ത സ്വാതന്ത്ര്യം നല്‍കാനിനിയും കടമ്പകളുണ്ട്. കോമണായ കോറുകളുടെ കൂട്ടത്തിലായാലും ഐച്ഛികങ്ങളുടെ കൂട്ടത്തിലായാലും പഠിതാക്കള്‍ക്ക് ഇഷ്ടവിഷയം തെരഞ്ഞെടുക്കാനവസരമില്ല. സാമ്പത്തികശാസ്ത്രത്തിലോ ചരിത്രത്തിലോ ബിരുദമെടുക്കാനിഷ്ടപ്പെടുന്ന ഗണിതശാസ്ത്രം പഠിച്ച ഒരു പ്ളസ് ടു വിദ്യാര്‍ഥിക്ക് ഗണിതശാസ്ത്രം പഠിക്കാനിന്ന് സാഹചര്യമില്ല. പ്ളസ് ടുവിന് പഠിച്ച ഏതുവിഷയവും ബിരുദതല വിഷയത്തോടൊപ്പം തെരഞ്ഞെടുത്ത് പഠിക്കാനവസരം ലഭിക്കണം. ഒരേസമയം മൂന്നു വിഷയംവരെ കോറു വിഭാഗമാക്കി അധ്യയനം നടത്താനുള്ള സൗകര്യംപോലും അഭികാമ്യമാണ്. അതൊക്കെ ഗുണനിലവാരം തകര്‍ക്കുകയേയുള്ളൂ എന്നാണ് നമുക്കു തോന്നുക. പക്ഷേ, അതനുവദിക്കുന്ന സംവിധാനമാണ് ബാര്‍ട്ടു കുസ്കോയെ അഞ്ചു വിഷയങ്ങളില്‍ ഒരേസമയത്ത് ബിരുദത്തിനര്‍ഹനാക്കിയതും Fussy Logic and Neural Networks എന്ന ഗ്രന്ഥംവഴി ലോകപ്രശസ്തനാക്കിയതും എന്ന കാര്യം മറന്നുകൂടാ.

ഐച്ഛികങ്ങളായ 10 കോഴ്സുകളില്‍നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള അവസരമായിരുന്നു പ്രഫ. വിജയന്‍െറ ശിപാര്‍ശ. വിദ്യാര്‍ഥിയുടെ പക്ഷത്തുനിന്നുള്ള സമീക്ഷയാണത്.  പക്ഷേ, അധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി നാമതുവെറും നാലായി പരിമിതപ്പെടുത്തി. അധ്യാപകരുടെ പക്ഷത്തുനിന്നേ നമുക്കായാലും സര്‍ക്കാറിനായാലും തീരുമാനങ്ങളെടുക്കാനാവുന്നുള്ളൂ. ഇപ്പോഴത്തെ ഗവണ്‍മെന്‍റിന്‍െറ കാലത്തെ ഹൃദയകുമാരി സമിതിക്ക് ഒന്നും മനസ്സിലായില്ല. അതുമൂലം എല്ലാം തലകീഴാക്കി. മെച്ചപ്പെട്ടുതുടങ്ങിയ അധ്യയന ഗുണനിലവാരത്തെ അത് സാരമായി ബാധിച്ചു.
അധ്യയനകാലയളവിന്‍െറ 10 + 2 + 3 + 2 എന്ന ക്രമം നാം പരിഷ്കരിച്ചിട്ടില്ല. അതുകൊണ്ട് 120 ക്രെഡിറ്റും മൂന്നുവര്‍ഷവും എന്ന സമ്പ്രദായമാണ് ബിരുദപദ്ധതിയുടെ കാര്യത്തില്‍ നടപ്പിലുള്ളത്. യു.ജി.സി അത് പരിഷ്കരിക്കാനുള്ള നിര്‍ദേശംവെച്ചുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന്  അവ വേണ്ടെന്നു വെച്ചിരിക്കുകയാണല്ളോ. ആഗോള ഏകീകരണത്തിന്‍െറ ഭാഗമായാണ് യു.ജി.സി  10 + 2 + 4 + 2  എന്ന മാറ്റം നിര്‍ദേശിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അത് കൂടിയേ തീരൂ.    

നമ്മുടെ ഒരു സര്‍വകലാശാലയും ബിരുദ-ബിരുദാനന്തര പഠനപദ്ധതികളില്‍ ഓരോന്നിന്‍െറയും ഫലപ്രാപ്തി കൃത്യമായി നിരൂപിച്ചുകൊണ്ടുള്ള രേഖയുണ്ടാക്കിയിട്ടില്ല. ഡോക്ടറേറ്റിന്‍െറ കാര്യം പിന്നെ പറയാനുമില്ല. നഴ്സിങ്ങിനു മാത്രമാണ് അങ്ങനെ ഒന്നുള്ളത്. എന്‍ജിനീയറിങ്ങിന് തയാറായി വരുന്നേയുള്ളൂ. അതുപോലെതന്നെ ഓരോകോഴ്സിനും സസൂക്ഷ്മം പ്രത്യേകം  അധ്യയനഫലം തയാറാക്കുന്ന സമ്പ്രദായവും ഒരു വിഷയത്തിലുമില്ല. ഇവയുടെ അടിസ്ഥാനത്തിലാണ് പക്ഷേ, ലോകമെങ്ങും ഇന്ന് അധ്യയന-അധ്യാപനനിലവാരം മെച്ചപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുന്നത്. അതിനുള്ള പ്രാഥമിക ഉപാധി  ആയതുകൊണ്ട് മിക്കരാജ്യങ്ങളും ഇതൊക്കെ ചെയ്തുകഴിഞ്ഞിരിക്കുന്നു.

ഓരോ കോഴ്സും എന്തു നിപുണി കൈവരിക്കാനുദ്ദേശിച്ചുള്ളതാണെന്ന്  സ്പഷ്ടമാക്കണം. അതനുസരിച്ചാണ് അധ്യാപനരീതി (Learning Experience) നിശ്ചയിക്കേണ്ടത്. പ്രസ്തുത നിപുണി കൈവരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കലാണ് പരീക്ഷ. അതെങ്ങനെ പരീക്ഷിക്കാമെന്നതും നേരത്തേതന്നെ നിശ്ചയിച്ചിരിക്കണം. ഇങ്ങനെ മുന്‍നിശ്ചയപ്രകാരമാവണം പരീക്ഷ. പ്രഖ്യാപിതനിപുണി മുന്‍നിര്‍ത്തിവേണം മൂല്യനിര്‍ണയം. അധ്യേതാക്കളുടെ പക്ഷത്തുനിന്ന് അധ്യാപനത്തിന്‍െറയും അധ്യാപകരുടെ ഭാഗത്തുനിന്ന് അധ്യയനത്തിന്‍െറയും മൂല്യനിര്‍ണയം ഈ നിപുണി മുന്‍നിര്‍ത്തി  ആയിരിക്കണം. അത് പ്രഖ്യാപിതനിപുണി കൈവരിച്ചുവോ എന്ന് അധ്യേതാക്കള്‍ക്ക് സ്വയം വിലയിരുത്താനുള്ള അവസരമൊരുക്കുന്നു. മൂല്യനിര്‍ണയത്തിന്‍െറ മാനദണ്ഡം ജനാധിപത്യവത്കരിക്കാനും സുതാര്യമാക്കാനുമുള്ള വഴിയും അതുതന്നെ.

ആരാണ് ഗുണനിലവാരം എന്താണെന്ന് നിശ്ചയിക്കുന്നതെന്ന് വിമര്‍ശപൂര്‍വം  പരിശോധിക്കേണ്ടതാണെങ്കിലും പല അടിസ്ഥാനമാനദണ്ഡങ്ങളും അനുപേക്ഷണീയമായിരിക്കുന്നു. അതീത ജ്ഞാനബോധനത്തിന് പ്രാധാന്യം കൊടുക്കുന്ന വിധമാവണം കോഴ്സുകളുടെ സംവിധാനം. അതീതജ്ഞാനം അപഗ്രഥിതജ്ഞാനമാണ്.  വിമര്‍ശാത്മക  ആത്മജ്ഞാനംകൂടിയാണത്. അപഗ്രഥന നിപുണി വികസിക്കാനത് സഹായകമാവും. അധ്യയനഗുണനിലവാരം ഉറപ്പാക്കുന്ന മറ്റൊരു ഘടകം അതാണ്. അപഗ്രഥിത ജ്ഞാനബോധനം അധ്യാപനത്തിലും അധ്യയനത്തിലും വിമര്‍ശബുദ്ധി വ്യാപരിപ്പിക്കും. ഗുണനിലവാരം ഉറപ്പാക്കുന്ന സുപ്രധാന ഘടകമാണ് അപഗ്രഥനനിപുണി വികസിപ്പിച്ചുകൊണ്ടുള്ള അധ്യയനം. അധ്യാപനത്തിലും അധ്യയനത്തിലും എങ്ങനെ പരമാവധി  വിമര്‍ശബുദ്ധി വ്യാപരിപ്പി ക്കാം എന്നതാണ് മര്‍മപ്രധാനം. സാമൂഹികനീതിബോധം അധികാരവിമര്‍ശം  അധീശത്വവിമര്‍ശം അധിനിവേശവിമര്‍ശം 

എന്നിവയൊക്കെ മര്‍മപ്രധാനമാണ്. ഈ വിമര്‍ശബുദ്ധിയുടെ വികാസം ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യയന-അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയേതീരൂ.
ഉന്നതവിദ്യാഭ്യാസം ജ്ഞാനോല്‍പാദനത്തിന് പ്രാപ്തിയുണ്ടാക്കുന്നതായിരിക്കണം എന്നതിലാര്‍ക്കും തര്‍ക്കമില്ല. ഉല്‍പാദിപ്പിക്കേണ്ട ജ്ഞാനം നൂതനമായിരിക്കണം എന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. പക്ഷേ, നൂതനജ്ഞാനം എന്താണെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണ്. അത് കമ്പോളമൂല്യമുള്ള ജ്ഞാനമാണ്.  ഒരേസമയം ചരക്കും മൂലധനവുമായി മാറാവുന്നതരം നൂതന  ജ്ഞാനത്തെയാണ് കോര്‍പറേറ്റുകള്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രാപ്തി ഇവിടത്തെ  ഒരു സ്ഥാപനത്തിനുമില്ല. ഏറ്റവും മികവുറ്റ സ്ഥാപനത്തിനുപോലും അത്തരം പ്രാപ്തി കൈവരിക്കാനാവുന്ന യുവസമൂഹത്തെ പരിശീലിപ്പിച്ച് കയറ്റി അയക്കാനേ കഴിയുന്നുള്ളൂ. കോര്‍പറേറ്റുകളുടെ അതിഭീമങ്ങളായ ഗവേഷണകേന്ദ്രങ്ങളിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ജ്ഞാനോല്‍പാദനം ബയോസിന്തറ്റിക്  എന്‍ജിനീയറിങ്ങും ബയോ ഇന്‍ഫര്‍മാറ്റിക്സും അഗ്രോ-ബയോ-ടെക്നോളജിയും ബയോ-മെഡിസിനും റോബോട്ടിക്സും ഫങ്ങ്ഷനലും സ്ട്രെക്ചറലുമായ ജിനോമിക്സും പോലുള്ള ടെക്നോ-സയന്‍റിഫിക് സങ്കരവിഷയങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് യുവശാസ്ത്ര-സാങ്കേതികഗവേഷകരെ റോബോട്ടുകളെപ്പോലെ ഉപയോഗപ്പെടുത്തി അവരുടെ സര്‍ഗാത്മകശക്തി കവര്‍ന്നെടുത്ത് പേറ്റന്‍റുകളും ബൗദ്ധിക സ്വത്തവകാശങ്ങളും വാരിക്കൂട്ടുകയാണ്.  ഭീമമായ ചെലവുള്ള അത്തരം ഗവേഷണത്തിനുവേണ്ട ഉപസ്ഥിതിയോ വിലകൂടിയ ഉപകരണങ്ങളോ പണമോ നമുക്കില്ല. ആ നിലക്ക് നമുക്കു ചെയ്യാവുന്നത് പ്രാദേശിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സുസ്ഥിരവികസന പ്രധാനങ്ങളായ ജ്ഞാനോല്‍പാദനമായിരിക്കും. അതിനുള്ള ശാസ്ത്ര-സാങ്കേതിക സംയുക്ത മേഖലകള്‍ക്കായിരിക്കണം പുതിയ ഭരണകൂടം പ്രാധാന്യംകൊടുക്കേണ്ടത്.
കഴിഞ്ഞ ഇടതുഭരണകാലത്ത് സര്‍ക്കാറുതന്നെ മേല്‍പറഞ്ഞരീതിയിലുള്ള ജ്ഞാനോല്‍പാദനത്തിന് പറ്റിയ ഇന്‍റര്‍ യൂനിവേഴ്സിറ്റി  കേന്ദ്രങ്ങളുണ്ടാക്കിയിരുന്നു. അതേറ്റവുമധികം സ്ഥാപിച്ചത് മഹാത്മാഗാന്ധി സര്‍വകലാശാലയിലാണ്. അക്കാദമികപ്രാധാന്യം മനസ്സിലാവാത്തതുകൊണ്ട് അധികാരികളവയൊക്കെ അടച്ചുപൂട്ടുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. സര്‍വകലാശാലകള്‍ക്ക്  അതിനധികാരമില്ളെന്ന നിയമവശവും അവര്‍ക്കറിയില്ല. ഇതിലേക്ക് ഭരണകൂടത്തിന്‍െറ അടിയന്തര ശ്രദ്ധ പതിയേണ്ടതുമുണ്ട്.
rgurukkal@gmail.com    
തയാറാക്കിയത്:  
അസ്സലാം. പി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher education
Next Story