ഉപവാസം ഒരു ശുദ്ധീകരണ പ്രക്രിയ
text_fieldsഞാന്‍ ഇസ്ലാംമത വിശ്വാസിയല്ല; എന്നാല്‍, ദൈവവിശ്വാസിയാണ്. എല്ലാ മതങ്ങളിലെയും നന്മകളെ സൂക്ഷ്മതയോടെ കാണാന്‍ശ്രമിക്കുന്ന വെറും സാധാരണക്കാരന്‍. ഞാന്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാംമതത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കാര്യങ്ങളിലൊന്നാണ് വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം. ഹിന്ദു, ക്രൈസ്തവ മതങ്ങളുള്‍പ്പെടെ എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. വളരെയേറെ വ്യത്യസ്തമാണ് ഇസ്ലാമിലെ വ്രതം. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ആത്മസുഹൃത്തുക്കളിലൂടെയും അയല്‍വാസികളിലൂടെയും ഞാന്‍ അറിയാന്‍ശ്രമിച്ച ഒരു പാഠമുണ്ട്. റമദാനിലെ നോമ്പിന്‍െറ പാഠം. മുസ്ലിമായി ജനിച്ചില്ളെങ്കില്‍പോലും അതനുകരിക്കാന്‍ ഏറെ കൊതിയുണ്ടായിരുന്നു. മനസ്സിനും ശരീരത്തിനും ഈ വ്രതാനുഷ്ഠാനം നല്‍കുന്ന ഒരു കരുത്തുണ്ട്. അത് അനുഭവിച്ചറിയുകതന്നെ വേണം.
ഈ അനുഭവങ്ങളിലൂടെ മുറ തെറ്റാതെ പതിറ്റാണ്ടുകളായി എല്ലാ റമദാനിലും ലോകത്തെവിടെയായാലും ഞാന്‍ ഈ പരീക്ഷണത്തിന് മനസ്സിനെയും ശരീരത്തെയും വിധേയമാക്കിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. ഇതില്‍നിന്ന് ലഭിച്ച ചില തിരിച്ചറിവുകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. വൃത്തിഹീനമായ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കാന്‍ ഇത്ര ഫലപ്രദമായ മറ്റൊരവസരം വിശ്വാസികള്‍ക്കില്ല എന്നുതന്നെ പറയാം. ജീവിതത്തിലുടനീളം ഭക്തി കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യംനേടാനുള്ള മാര്‍ഗമായാണ് നോമ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. ഇസ്ലാമിന്‍െറ നീതി, സമത്വം, സമഭാവനാ തത്ത്വങ്ങള്‍ എന്നിവ നോമ്പിലൂടെ വരച്ചുകാട്ടുന്നു. നോമ്പുകാരന്‍ ചില ചിട്ടവട്ടങ്ങളിലൂടെ പൂര്‍ണ മനുഷ്യത്വത്തിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയാണ്. പച്ചയായ മനുഷ്യജീവിതം മനസ്സിലാക്കാന്‍ നോമ്പുകാരനേ കഴിയൂ. എന്നാല്‍, ഇന്നത്തെ നോമ്പുകാര്‍ക്ക് വ്രതത്തിന്‍െറ ആത്മാവ് നഷ്ടമാകുന്നുണ്ടോയെന്ന് സംശയിച്ചുപോകുന്നു. നോമ്പ് ദൈവസന്നിധിയിലേക്ക് അടുക്കാനുള്ള എളുപ്പമാര്‍ഗമാണ്. സത്യവിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് ദൈവപ്രീതി ആഗ്രഹിച്ചാണ്. ഇതിലൂടെ ത്യജിക്കാനുള്ള ഉള്‍ക്കരുത്താണ് വിശ്വാസി നേടിയെടുക്കുന്നത്. വിശ്വാസിയുടെ വയറിനുമാത്രമല്ല നോമ്പ്. കണ്ണിനും കാതിനും നാവിനും കൈകാലുകള്‍ക്കും നോമ്പ് തന്നെ. നല്ലത് കാണുകയും നല്ലത് കേള്‍ക്കുകയും നല്ലതുമാത്രം സംസാരിക്കുകയും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നതാണ് നോമ്പിന്‍െറ ഉദ്ദേശ്യം. കേവലം പട്ടിണി കിടന്നതുകൊണ്ട് നോമ്പുകാരന് ഒരു ഗുണവുമില്ളെന്നര്‍ഥം. അവര്‍ക്ക് വിശപ്പല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കില്ളെന്നാണ് പ്രവാചകവചനം.
പ്രകോപനമുണ്ടാകുമ്പോള്‍പോലും നോമ്പിന്‍െറ പേരില്‍ സ്വയം നിയന്ത്രിതനായി മാറാനുള്ള ആഹ്വാനത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഒരു മനുഷ്യന്‍ സാധാരണജീവിതത്തില്‍ മണിക്കൂറുകള്‍ ഇടവിട്ട് ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു. ഈ ജോലിയില്‍നിന്ന് ശരീരത്തിന് ആശ്വാസം ലഭിക്കുന്നത് നോമ്പുകാലത്താണ്. അതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാന്‍ കഴിയുന്നു. അതിലൂടെ ശരീരത്തിലെ നാഡികളും തലച്ചോറും ശുദ്ധീകരിക്കപ്പെടുന്നു. കരള്‍, വൃക്ക, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും ലഭിക്കുന്നു. നോമ്പിലൂടെ നേടിയെടുക്കുന്ന ആത്മീയ ഉന്നതിക്കൊപ്പം ലഭ്യമാകുന്ന ചില സത്ഫലങ്ങളാണിവ. നോമ്പ് മനസ്സിനെ തിന്മകളില്‍നിന്ന്അകറ്റും. മോശമായ തരത്തിലുള്ള നോട്ടം, സംസാരം, ചീത്ത ചിന്തകളും പ്രവര്‍ത്തനങ്ങളും എന്നിവയില്‍നിന്നെല്ലാം നോമ്പ് വിശ്വാസിയെ വിലക്കുന്നു.
നോമ്പ് തുറപ്പിക്കുന്നത് ഏറെ പുണ്യമുള്ള കാര്യമായി പ്രവാചകന്‍ പഠിപ്പിക്കുന്നു. ഒരു കാരക്കകൊണ്ടോ അല്‍പം വെള്ളംകൊണ്ടോ മാത്രം നോമ്പ് തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും. എന്നാല്‍, ഇന്ന് വിഭവസമൃദ്ധമായ നോമ്പുതുറകള്‍ വര്‍ധിച്ചിരിക്കുന്നു. റമദാന്‍ മാസത്തിലെ ദൈനംദിന ചെലവുകള്‍ മറ്റു മാസങ്ങളേക്കാള്‍ കൂടുതലാകുന്നു. പാവപ്പെട്ടവരെപ്പറ്റി ചിന്തിക്കാനല്ല, വിഭവങ്ങളെക്കുറിച്ച് ചിന്തിക്കാനാണോ നോമ്പ് എന്നുപോലും തോന്നിപ്പോകുന്നു. ഏറെ പുണ്യമുള്ള ഈ സത്കര്‍മം പ്രൗഢിയുടെയും അഹങ്കാരത്തിന്‍െറയും തുറന്നവേദികളാകുന്നത് വേദനയോടെ നോക്കിക്കാണുന്നയാളാണ് ഞാന്‍. ഈ ദുര്‍വ്യയത്തില്‍നിന്ന് വിശ്വാസികള്‍ മാറിനില്‍ക്കേണ്ടതുണ്ട്. കാട്ടിക്കൂട്ടലുകളല്ല, ആത്മസംസ്കരണമായിരിക്കണം നോമ്പിന്‍െറ ആത്യന്തിക ലക്ഷ്യം. ചില സമൂഹ നോമ്പുതുറകള്‍ നമ്മുടെ മനസ്സ് തുറപ്പിക്കേണ്ടതാണ്. നോമ്പ് അനുഷ്ഠിക്കുന്നവന്‍ കൃത്യസമയത്തുതന്നെ അത് അവസാനിപ്പിക്കണം. ശേഷം പ്രാര്‍ഥന, പിന്നീട് ലളിതമായ സല്‍ക്കാരങ്ങള്‍. തീര്‍ത്തും ലളിതം, ആര്‍ഭാടരഹിതം. എന്നാല്‍, ചിലയിടങ്ങളിലെല്ലാം ഈ കാഴ്ചപ്പാട് മാറുന്നതായി സംശയിക്കുന്നു. പണ്ഡിതശ്രേഷ്ഠന്മാര്‍ വിശ്വാസികളെ കൃത്യമായും പഠിപ്പിക്കുകതന്നെ വേണം - ഏതാണ് ശരി ഏതാണ് തെറ്റ് എന്ന്. ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനംകൊണ്ട് നമ്മുടെ മനസ്സും ശരീരവും ശുദ്ധീകരിക്കുമ്പോള്‍ അടുത്ത 11 മാസത്തേക്കുകൂടി അതിന്‍െറ പ്രതിഫലനം ജീവിതത്തിലുണ്ടാവണം. എങ്കിലേ വ്രതാനുഷ്ഠാനത്തിന് പൂര്‍ണതകൈവരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.