Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസെന്‍സര്‍ ബോര്‍ഡ്...

സെന്‍സര്‍ ബോര്‍ഡ് ഉത്തര കൊറിയ ചമയുമ്പോള്‍

text_fields
bookmark_border
സെന്‍സര്‍ ബോര്‍ഡ് ഉത്തര കൊറിയ ചമയുമ്പോള്‍
cancel

സദാചാരവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന പുസ്തകം യഥാര്‍ഥത്തില്‍ ലോകത്തിന്‍െറ മാനക്കേടിനെതന്നെയാണ് വരച്ചുകാട്ടുന്നതെന്ന ഐറിഷ് എഴുത്തുകാരന്‍ ഓസ്കര്‍ വൈല്‍ഡിന്‍െറ വാക്കുകള്‍ ഓര്‍മപ്പെടുത്തുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്‍െറ കത്രികയാല്‍ വിവാദമായി തീര്‍ന്ന ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’. പഞ്ചാബിലെ യുവത മയക്കുമരുന്നിലേക്ക് അടിപതറുകയും അവിടത്തെ സാമൂഹിക-സാമ്പത്തിക രംഗത്ത് പ്രതിസന്ധി തീര്‍ക്കുകയും ചെയ്തതാണ് സിനിമയുടെ ഇതിവൃത്തം. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചിത്രം ചെയ്യുന്നതെന്ന് പറഞ്ഞ് 89 ഇടങ്ങളില്‍ കത്രികവെക്കാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍െറ നിര്‍ദേശം. സെന്‍സര്‍ ബോര്‍ഡ് എന്നു പറയുന്നതിനു പകരം അതിന്‍െറ അധ്യക്ഷന്‍ പഹ്ലജ് നിഹലാനി എന്നുപറയുന്നതാകും ശരി. ഒടുവില്‍ ഒറ്റ സീന്‍ മാത്രം കട്ട് ചെയ്താല്‍മതിയെന്ന് ബോംബെ ഹൈകോടതി കഴിഞ്ഞദിവസം വിധി  പ്രസ്താവിച്ചതോടെ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനശാലകളിലത്തെുകയാണ്. ‘ഉഡ്താ പഞ്ചാബി’ന്‍െറ നിര്‍മാതാക്കളും സെന്‍സര്‍ ബോര്‍ഡും തമ്മിലല്ല ഇവിടെ കൊമ്പുകോര്‍ക്കുന്നത്. താന്‍ മോദി ഭക്തനാണെന്ന് സ്വയം വിശേഷിപ്പിച്ച പഹ്ലജ് നിഹലാനിയും സിനിമാരംഗത്തെ യുവരക്തമായ അനുരാഗ് കാശ്യപും തമ്മിലെ പോരാട്ടമാണ് അരങ്ങേറുന്നത്. ഉഡ്താ പഞ്ചാബിന്‍െറ നിര്‍മാതാക്കളില്‍ ഒരാളാണ് അനുരാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൃപ്തിയാകാവുന്നതെന്തും വിളിച്ചുപറയുകയാണ് തന്‍െറ ദൗത്യമെന്ന് പ്രവൃത്തിയിലൂടെ അടിവരയിടുന്ന ആളാണ് സിനിമാ നിര്‍മാതാവുകൂടിയായ പഹ്ലജ് നിഹലാനി. സാമ്പ്രദായികതക്കും അധികാര സ്ഥാപനങ്ങള്‍ക്കുമെതിരെ കിട്ടുന്ന അവസരങ്ങളെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്ന തുറന്നുപറച്ചിലുകാരനാണ് അനുരാഗ് കാശ്യപ്.

ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെയാണ് ‘ഉഡ്താ പഞ്ചാബ്’ തിയറ്ററുകള്‍ ലക്ഷ്യമിടുന്നത്. പഞ്ചാബിന്‍െറ ഇന്നത്തെ അവസ്ഥ കൃത്യമായി ഒപ്പിയെടുത്ത സിനിമാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തീര്‍ച്ചയായും ഭരണകൂടത്തിന് പ്രതികൂലമാകും. 2015ല്‍ 12,181 പേരെയാണ് പഞ്ചാബില്‍ മയക്കുമരുന്ന് വിരുദ്ധ നിയമമായ എന്‍.ഡി.പി.എസ് പ്രകാരം അറസ്റ്റ് ചെയ്തത്. 558 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായാണ് കണക്ക്. ചിത്രത്തിന് 89 മുറിച്ചുമാറ്റലുകള്‍ പഹ്ലജ് നിഹലാനി നിര്‍ദേശിച്ചത് അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് നിരീക്ഷിക്കപ്പെടുന്നത്. പേരിലും മറ്റും പഞ്ചാബോ അവിടത്തെ മറ്റ് നഗര നാമങ്ങളോ പാടില്ല. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമുണ്ടാകരുത്. അവയെല്ലാം നീക്കംചെയ്യണം. അശ്ളീലരംഗങ്ങളും അസഭ്യപ്രയോഗങ്ങളും ഒരു പാട്ടും നീക്കണം. എന്നാല്‍, ഇതെല്ലാം പഞ്ചാബിലെ യാഥാര്‍ഥ്യങ്ങളാണെന്ന് സിനിമാ നിര്‍മാതാക്കള്‍ പറയുന്നു. ശാഹിദ് കപൂര്‍ വേഷമിട്ട, മയക്കുമരുന്നിന് അടിമയായ നായക കഥാപാത്രം റോക്സ്റ്റാര്‍ ടൊമ്മി സിങ് ഗാനവിരുന്നിനിടെ സദസ്സിനുനേരെ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ആ രംഗം മുറിച്ചുമാറ്റാമെന്ന് സമ്മതിച്ച നിര്‍മാതാക്കള്‍ മറ്റെവിടെയും കത്തിവെക്കുന്നതിനെ എതിര്‍ത്തു. 89 കട്ടിലൂടെ ഗിന്നസ് ബുക്കിലിടം നേടാനുള്ള നീക്കമാണോ പഹ്ലജ് നിഹലാനിക്കെന്ന പരിഹാസമാണ് സിനിമാരംഗത്തുനിന്നുയര്‍ന്നത്. അദ്ദേഹത്തിന്‍െറ യജമാന ഭക്തിയല്ലാതെ മറ്റൊന്നുമല്ല വാശിപിടിച്ച നീക്കത്തിനു പിന്നിലെന്നും വിമര്‍ശമുയര്‍ന്നു.

സിനിമാ സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ അങ്ങോട്ടുചെന്ന് കണ്ടപ്പോഴാണ് പഹ്ലജ് നിഹലാനി കത്രികവെക്കേണ്ട കാര്യം അറിയിച്ചത്. അതും രേഖാമൂലമായിരുന്നില്ല. ക്ഷുഭിതനായ അനുരാഗ് കാശ്യപ് സെന്‍സര്‍ ബോര്‍ഡിനെ സ്വേച്ഛാധിപതി എന്നും ഉത്തര കൊറിയ എന്നും വിശേഷിപ്പിച്ച് ട്വിറ്ററിലൂടെ പഹ്ലജ് നിഹലാനിക്ക് എതിരെ പരസ്യപ്രസ്താവന നടത്തി. പിടിച്ചുനില്‍ക്കാന്‍ രാഷ്ട്രീയ പ്രതികരണത്തിലൂടെയാണ് പഹ്ലജ് നിഹലാനി തിരിച്ചടിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സാധ്യതകള്‍ പ്രവചിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പണം വാങ്ങിയാണ് ‘ഉഡ്താ പഞ്ചാബ്’ നിര്‍മിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രത്യാരോപണം. അതോടെ, സിനിമാലോകം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന് എതിരെ നിര്‍മാതാക്കളായ അനുരാഗ് കാശ്യപിനും ഏക്താ, ശോഭാ കപൂര്‍മാര്‍ക്കുമൊപ്പം അണിനിരന്നു. പഹ്ലജ് നിഹലാനി മാപ്പുപറയണമെന്നായിരുന്നു അവരുടെ ആവശ്യം. നിഹലാനി ഭരണകൂടത്തിന്‍െറ പിണിയാളാണെന്ന് പ്രമുഖ നിര്‍മാതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മഹേഷ് ഭട്ട് തുറന്നടിച്ചു. മോദി സര്‍ക്കാറില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക എന്ന ചോദ്യമാണ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ചത്. എന്തു തിന്നണം, കാണണം, പറയണം, വായിക്കണമെന്നത് മോദിയും ആര്‍.എസ്.എസും തീരുമാനിക്കുമെന്നും കെജ്രിവാള്‍ ആരോപിച്ചു.

ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെയാണ് ‘ഉഡ്താ പഞ്ചാബി’ന്‍െറ നിര്‍മാതാക്കള്‍ ബോംബെ ഹൈകോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡിന്‍റ ജോലി മുറിച്ചുനീക്കലല്ല; ഏത് ഇനത്തിലെന്ന് വേര്‍തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കലാണെന്ന് ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ശാലിനി ഫന്‍സാല്‍കര്‍ ജോഷി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്‍െറ ആദ്യമേ ചൂണ്ടിക്കാട്ടി. സിനിമയുടെ നിലവാരം പ്രേക്ഷകര്‍ നിര്‍ണയിക്കട്ടെ. മള്‍ട്ടിപ്ളക്സുകളില്‍ എത്തുന്ന പ്രേക്ഷകര്‍ പക്വതയുള്ളവരാണ്. സിനിമ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നല്ല-തുടങ്ങിയവയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഗോ, ഗോവ, ഗോണ്‍ എന്ന സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴില്ലാത്ത ദണ്ണം എന്തിനാണ് ‘ഉഡ്താ പഞ്ചാബി’നോട് എന്ന കോടതിയുടെ ചോദ്യം വിവാദത്തിനു പിന്നില്‍ സംശയിക്കപ്പെടുന്ന രാഷ്ട്രീയ കാരണത്തിന് നേരെയുള്ള ഒരു കുത്തുതന്നെയായിരുന്നു.  

നിഹലാനിയുടെ നീക്കത്തിന് പിന്നില്‍ ഭരണകൂടമാണോ എന്ന സംശയം ഇല്ലാതില്ല. എന്നാല്‍, മോദിക്ക് പ്രീതിയുണ്ടാകാന്‍ ഇടയുള്ള കാര്യങ്ങള്‍ സ്വയംചെയ്ത് നിഹലാനി വിവാദമുണ്ടാക്കുന്നത് പതിവാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നരേന്ദ്ര മോദിയെക്കുറിച്ച് ഹ്രസ്വചിത്രങ്ങളുണ്ടാക്കിയ നിഹലാനി 2015 ജനുവരിയിലാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി നിയോഗിതനാകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ‘ഹര്‍ ഹര്‍ മോദി ഗര്‍ ഗര്‍ മോദി’ എന്ന പേരിലായിരുന്നു മോദിയെ വാഴ്ത്തുന്ന ഹ്രസ്വചിത്രം നിര്‍മിച്ചത്. 2015 നവംബറില്‍ ‘മേരാ ദേശ് മഹാന്‍’ എന്ന പേരിലായിരുന്നു മോദിയെ പ്രകീര്‍ത്തിച്ചുള്ള ഹ്രസ്വചിത്രം. സെന്‍സര്‍ ബോര്‍ഡ് ചുമതല ഏറ്റയുടന്‍ അശ്ളീല വാക്കുകളുടെ ഒരു പട്ടിക ഇറക്കുകയും അവ സിനിമകളില്‍ നിരോധിക്കുകയും ചെയ്തത് വിവാദമായിരുന്നു. ചന്ദ്രപ്രകാശ് ദ്വിവേദി, അശോക് പണ്ഡിറ്റ് എന്നീ ബോര്‍ഡ് അംഗങ്ങള്‍ നിഹലാനിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് രംഗത്തുവരുകയും ചെയ്തു. ‘ഉഡ്താ പഞ്ചാബ് ’ വിവാദത്തില്‍ അനുരാഗ് കാശ്യപിന് ഒപ്പമാണ് അശോക് പണ്ഡിറ്റ്.

ബി.ജെ.പി അനുഭാവിയായ പഹ്ലജ് നിഹലാനിയുടെ സിനിമാ കാഴ്ചപ്പാടുകള്‍ ബോളിവുഡിന് അത്ര ദഹിക്കാത്തതാണ്. മുമ്പൊക്കെ ‘എ’ സര്‍ട്ടിഫിക്കറ്റില്‍ പുറത്തത്തെിയിരുന്നത് പേടിപ്പെടുത്തുന്ന സിനിമകളാണെങ്കില്‍ ഇന്ന് ഏറെയും ലൈംഗിക കാഴ്ചകളുള്ളവയാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ‘എ’ വിഭാഗത്തിലുള്ള സിനിമകള്‍ക്ക് ടെലിവിഷന്‍ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ഇനി ‘എ’ സിനിമകള്‍ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി വേണമെങ്കില്‍ സിനിമ കത്രികക്ക് വിധേയമാക്കി വീണ്ടും സമര്‍പ്പിച്ച് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിഹലാനിയുടെ നിലപാട്. നടന്‍ ഗോവിന്ദയുടെ ഉഗ്രന്‍ അഭിനയത്താല്‍ ശ്രദ്ധിക്കപ്പെട്ട ഇല്‍സാം, ഹാത്ത് ഗാഡി, അന്താസ്, ഖുഷ്ബു തുടങ്ങി 16ഓളം ചിത്രങ്ങളുടെ നിര്‍മാതാവാണ് പഹ്ലജ് നിഹലാനി. 2012ലെ അവതാറാണ് സംവിധാനം ചെയ്ത സിനിമ. 1952ല്‍ നിലവില്‍വരുകയും 1983ല്‍ ഭേദഗതിക്ക് വിധേയമാകുകയും ചെയ്ത സിനിമാട്ടോഗ്രാഫ് നിയമത്തിന്‍െറ ബലത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്‍െറ നിലപാടുകള്‍. എന്നാല്‍, ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായാണ് സെന്‍സര്‍ ബോര്‍ഡിന്‍െറ ഇത്തരം നീക്കങ്ങള്‍ പ്രതിരോധിക്കപ്പെടുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് കത്രികവെക്കാന്‍ കോടതി തയാറായില്ളെങ്കിലും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉഡ്താ പഞ്ചാബിന് കത്രികവെക്കാന്‍ പഹ്ലജ് നിഹലാനിയെ പ്രേരിപ്പിച്ച ഘടകം മറഞ്ഞുതന്നെ നില്‍ക്കും. രാഷ്ട്രീയ ഇടപെടലോ അതോ നിഹലാനിയുടെ മോദി ഭക്തിയോ എന്നാര്‍ക്കറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censor board
Next Story