പ്രശസ്തരും കീഴാളരും അവനു സ്വന്തക്കാര്‍
text_fieldsദഗ്രേറ്റസ്റ്റ് -അങ്ങനെയാണ് അലി ബോക്സിങ് റിങ്ങിനകത്ത് സ്വയം വിളിച്ചത്. കായിക കോളത്തിന്‍െറ അതിരുകള്‍ക്കപ്പുറത്തുനിന്ന് ഇന്ന് ലോകം മുഴുവനും അതേറ്റുവിളിക്കുന്നു.ചരിത്രത്തിലുടനീളം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ സമരംചെയ്തിട്ടും രക്തസാക്ഷിത്വം വരിച്ചിട്ടും നേടിയെടുക്കാനാവാത്ത, കറുത്തവനും ‘ആരോ ഒരാളാണ്’ എന്ന ബോധം പകര്‍ന്നുനല്‍കി അലി രാഷ്ട്രീയമായും ഇതിഹാസമായിമാറി.
അനുശോചന യോഗത്തില്‍ റവറന്‍റ് കെവിന്‍ കോസ്ബി, അലിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗമല്ല; മറിച്ച്, കാവ്യാത്മകമായ ഐക്യദാര്‍ഢ്യമായിരുന്നു അലിയുടെ കൈകാലുകളെ വിറപ്പിച്ചിരുന്നത് എന്നാണ് പറഞ്ഞത്. ലൂയി വില്ലിലെ പുറമ്പോക്കുകളില്‍ ഇടറിയ കാലുമായി ജീവിച്ചവരുടെ കൂടെ വളര്‍ന്ന അലി ജീവിതാവസാനം വരെ അവരോട് ഐക്യദാര്‍ഢ്യത്തിലായിരുന്നു. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ ചരിത്രത്തിലാദ്യമായി, താന്‍ കറുത്തവനും സുന്ദരനുമാണെന്നു പറയുകയും പ്രചോദിപ്പിക്കുകയും ചെയ്തു.
കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ ജീവിച്ചതും അവര്‍ക്കു വേണ്ടി നിലകൊണ്ടതുമൊന്നും അലിയെ വെളുത്തവരുടെ ശത്രുവാക്കിയില്ല. ലൂയി വില്ലിലെ വെളുത്തവര്‍ക്കും അലി ഇന്ന് ഹീറോയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വെളുത്തവരും കറുത്തവരും ഹിസ്പനിക്കുകളും ആദിവാസികളും ബുദ്ധ- ജൂത മതവിശ്വാസികളും രാഷ്ട്രീയക്കാരും സിനിമ-സ്പോര്‍ട്സ് മേഖലകളില്‍നിന്നുള്ളവരുമടക്കം അടുത്ത സുഹൃത്തുക്കള്‍ മാത്രം ഇരുപതിനായിരത്തിലധികം വരുമെന്നാണ് തമാശയായിട്ട് അലിയുടെ സുഹൃത്ത് കൊമേഡിയന്‍ ബില്‍ ക്രിസ്റ്റല്‍ പറഞ്ഞത്.
ഇസ്ലാംമത വിശ്വാസം അദ്ദേഹത്തെ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും വലിയ സുഹൃത്താക്കി മാറ്റുകയായിരുന്നു. അമേരിക്കയിലെ ഇസ്ലാം ഭീതിയെ പ്രത്യക്ഷമായിത്തന്നെ അദ്ദേഹം എതിര്‍ത്തു. ട്രംപിന്‍െറ ഇസ്ലാം വിരുദ്ധ പരാമര്‍ശത്തോട് ഏറ്റവും ഭംഗിയായി പ്രതികരിച്ച അമേരിക്കന്‍ വ്യക്തിത്വംകൂടിയാണ് ഇദ്ദേഹം.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന ആഫ്രിക്കന്‍ അമേരിക്കക്കാരെക്കൊണ്ട് നിറയുകയായിരുന്നു ലൂയി വില്ലിലെ കഴിഞ്ഞ ദിവസങ്ങളില്‍. വിവിധ പത്രചാനലുകള്‍ക്ക് കണ്ണീരോടെ അഭിമുഖം നല്‍കിയവരും, ബോക്സിങ് ഗ്ളൗസ് ധരിച്ച കുട്ടികളും വെളുത്തവരും സ്ത്രീകളും വിവിധ മതാനുയായികളും ആയി ലക്ഷത്തിലധികം ആളുകളാണ് വിലാപയാത്രക്ക് ഇരുവശവും നിന്നിരുന്നത്. അലിയുടെ ഖബറടക്കം നടക്കുന്ന കേവ് ഹില്‍ സെമിത്തേരി വരെ 22 മൈല്‍ ദൂരമാണ് വിലാപയാത്ര നടന്നത്.
കേവ്ഹില്‍ സെമിത്തേരി സുന്ദരമായ ഒരു സ്വകാര്യ ശ്മശാനമാണ്. അലിയുടെ ഖബറടക്കം നടന്ന വെള്ളിയാഴ്ച മറ്റു സന്ദര്‍ശകരെ അനുവദിച്ചില്ലായിരുന്നെങ്കിലും ശനിയാഴ്ച മുതല്‍ ഇവിടെയും സന്ദര്‍ശകരാണ്. ‘ഹാപ്പി ബെര്‍ത്ത് ഡേ റ്റു യൂ’ എന്ന വരികളുടെ ഉടമയായ പാറ്റി ഹില്‍, കെ.എഫ്.സി സ്ഥാപകന്‍ കേണല്‍ സാന്‍െറര്‍സ് തുടങ്ങിയ പ്രശസ്തരുടെ നിരതന്നെയുണ്ട് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരില്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍, നിരവധി സിനിമ-കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് അനുശോചന യോഗത്തിന് ഒരുക്കിയിരുന്നത്.
ലോകനേതാക്കളില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മയ്യിത്ത് നമസ്കാരത്തിനു ശേഷം അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. അലിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയിലുണ്ടായിരുന്ന മോദിയാകട്ടെ വിയറ്റ്നാമില്‍ മരിച്ച പേരറിയാത്ത സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുകയായിരുന്നു. മൈക്ക് ടൈസന്‍, ഫുട്ബാള്‍ താരം ബെക്കാം, വില്‍ സ്മിത്ത് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. അലിയുടെ ജീവിതം പോലത്തെന്നെ, പല മേഖലകളില്‍നിന്നുള്ള ആളുകളാണ് യോഗത്തില്‍ സംബന്ധിച്ചത്. ഒനോണ്ടാഗ നേഷന്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ഗക്കാരും ബുദ്ധമത പ്രാര്‍ഥനാ ഗീതവുമെല്ലാം നിറഞ്ഞ പരിപാടി അലി നേരത്തേ സഹകരിച്ചിരുന്ന വിവിധ ആളുകളെയാണ് ഒരേ വേദിയില്‍ ഒന്നിപ്പിച്ചത്.
ചടങ്ങിനു ശേഷം ഇന്‍റര്‍നെറ്റില്‍ വൈറലായത് ജൂത റബ്ബിയായ മൈക്കല്‍ ലെര്‍നെറുടെ രാഷ്ട്രീയം കലര്‍ന്ന പ്രസംഗമാണ്. വിയറ്റ്നാം യുദ്ധത്തെ എതിര്‍ത്ത റബ്ബി, അലിയുമായുള്ള ബന്ധം തുടങ്ങിയത് യുദ്ധവിരുദ്ധ സമരങ്ങളിലൂടെയാണ്. ഇസ്രായേലിനെയും അമേരിക്കന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സാമ്പത്തിക അസമത്വത്തെയും അദ്ദേഹം ചടങ്ങില്‍ കടന്നാക്രമിക്കുകയും ചെയ്തു. 19കാരിയായ നതാഷ മാനവിക ഐക്യത്തിനും സമത്വത്തിനും വേണ്ടി ജീവിച്ച അലിയായി ജീവിക്കണമെന്നു വിതുമ്പിക്കൊണ്ട് ഓര്‍മിപ്പിച്ചു. ഇമാം തിമോത്തി ജിയോനാട്ടിയുടെ വികാരവായ്പാര്‍ന്ന പ്രാര്‍ഥനയും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.