സേനാധിപന്‍
text_fieldsകള്ളംപറഞ്ഞ് ആള്‍ക്കാരെ വഴിതെറ്റിക്കുന്നതാണ് പാഷാണം ഷാജിയുടെ രീതി. എല്ലാവരെയും തമ്മില്‍ തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള നാട്ടിന്‍പുറത്തെ പാഷാണമാണ്. ഉള്ളില്‍ നിറയെ ഉഗ്രവിഷം. മനസ്സില്‍ നിറയെ കള്ളവും. അങ്ങനെയൊരാളാണ് പാഷാണം ഷാജി. അയാളെപ്പോലുള്ള ഒരാള്‍ പൊലീസ് മേധാവിയായാല്‍ എന്തായിരിക്കും സ്ഥിതി? നവമാധ്യമങ്ങളിലെ ട്രോളര്‍മാര്‍ ചിന്തിച്ചത് അതാണ്. പാഷാണം ഷാജിയെ ഉന്നതപൊലീസ് മുദ്രയുള്ള യൂനിഫോം ധരിപ്പിച്ച് അവതരിപ്പിക്കുകപോലും ചെയ്തു ഒരു മുന്‍നിര പത്രം. ഡി.ജി.പി ആയില്ളേ, ഇനിയെന്തുവേണം എന്ന് ഷാജിയെ അഭിനന്ദിച്ചത് മമ്മൂട്ടി. ഒരാളുടെ ബാഹ്യരൂപവും സ്വഭാവവും തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടാവണമെന്നില്ല. എന്നാലും സോഷ്യല്‍ മീഡിയയിലെ നവവിദൂഷകര്‍ക്ക് ഈ രൂപസാമ്യം മതിയായിരുന്നു പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ സംശയിക്കാന്‍. കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലത്തെിയതിനെയും മൊബൈലില്‍ പടമെടുത്തതിനെയും പലരും കളിയാക്കി. പക്ഷേ, ആ സംശയം അസ്ഥാനത്താണെന്ന് ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ബെഹ്റ തെളിയിച്ചു. കുറ്റവാളി മറന്നുവെച്ച ചെരിപ്പിന്‍െറ വള്ളിയില്‍ പിടിച്ച് അന്വേഷണം നടത്താന്‍ ബെഹ്റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ആ ചെരിപ്പു ധരിച്ച് കുറ്റവാളിയിലേക്ക് നടന്നടുക്കുക പൊലീസിന് എളുപ്പമായി. അങ്ങനെ പ്രമാദമായ ഒരു കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞു. യുക്തിപരമായ സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. എങ്കിലും ലോക്നാഥ് ബെഹ്റക്ക് ആശ്വസിക്കാം, രാജ്യത്തത്തെന്നെ നടുക്കിയ കേസിലെ പ്രതിയെ തന്‍െറ കീഴ്ജീവനക്കാര്‍ കുടുക്കിയതില്‍. അല്ലായിരുന്നെങ്കില്‍ പാഷാണം ഷാജിതന്നെ ഈ ബെഹ്റ എന്നു പറഞ്ഞേനേ ന്യൂജന്‍ വിദൂഷകര്‍.
പത്തുകൊല്ലക്കാലം സി.ബി.ഐയില്‍ ഉണ്ടായിരുന്നതാണ്. സി.ബി.ഐയില്‍ എസ്.പിയും ഡി.ഐ.ജിയുമൊക്കെയായിരുന്നിട്ടുണ്ട്. കേരള പൊലീസില്‍ സി.ബി.ഐ മോഡല്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ്. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത് ആദ്യം ചെയ്തതും അതുതന്നെ. രാജ്യത്തെ പ്രമാദമായ കേസുകള്‍ തെളിയിച്ചിട്ടുള്ള സി.ബി.ഐയുടെ അന്വേഷണരീതി ജിഷ വധക്കേസിലേക്കും പകര്‍ത്തി. അന്വേഷണച്ചുമതല എ.ഡി.ജി.പി ബി. സന്ധ്യക്കാണ്. പക്ഷേ, അന്വേഷണത്തിന്‍െറ ഓരോ ഘട്ടത്തിലും മുന്‍ സി.ബി.ഐ ഡി.ഐ.ജി കൂടിയായ ബെഹ്റ ഇടപെട്ടു. പഴയ ഡെപ്യൂട്ടേഷന്‍ കാലത്തെ അതിസൂക്ഷ്മമായ ചുവടുകളും തന്ത്രങ്ങളും ഓര്‍ത്തെടുത്തു. ഏതു കുറ്റകൃത്യത്തിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാകും എന്ന കുറ്റാന്വേഷണശാസ്ത്രത്തിന്‍െറ ചുവടുപിടിച്ച് ചെരിപ്പില്‍നിന്ന് കൊലയാളിയെ കണ്ടെടുത്തപ്പോള്‍, ഒരിക്കലും തെളിയില്ളെന്ന് കേരളം ഏതാണ്ട് ഉറപ്പിച്ച കേസ് തെളിഞ്ഞു. സെന്‍കുമാറിനെ മാറ്റി ബെഹ്റയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോള്‍ പിണറായി അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കഴിഞ്ഞുവെന്ന കൃതാര്‍ഥതയുണ്ട് ഇപ്പോള്‍. അതുകൊണ്ട് സെന്‍കുമാറിന്‍െറ ആരാധകര്‍പോലും ഇപ്പോള്‍ ഈ നേട്ടം അംഗീകരിക്കുന്നു. സെന്‍കുമാറിന്‍െറ പൊലീസിന് തുടക്കംതൊട്ട് വീഴ്ചകള്‍ പറ്റിയപ്പോള്‍ ബെഹ്റയുടെ പൊലീസ് വിശ്വാസംപിടിച്ചുപറ്റി. ബാക്കിയാവുന്നത് ചില സംശയങ്ങളാണ്. പൊലീസും മാധ്യമങ്ങളും ചേര്‍ത്തുപറഞ്ഞ കഥകളുടെ യാഥാര്‍ഥ്യമാണ്. യുക്തിഭദ്രത കുറഞ്ഞ ഭാഗങ്ങളുണ്ട് കഥയില്‍. ആ പരീക്ഷയില്‍കൂടി വിജയം കാണേണ്ടിയിരിക്കുന്നു ബെഹ്റയുടെ പൊലീസ്.
ഒഡിഷയിലെ പുരി സ്വദേശി. പഠിച്ചതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. പഠിച്ചത് ഭൂമിവിജ്ഞാനീയം. ഒഡിഷയിലെ പഴയ സര്‍വകലാശാലയായ ഉത്കല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്തത് ജിയോളജിയില്‍. പാറയും മണ്ണും ഭൂമിയുടെ ഘടനയുമൊക്കെ പഠിച്ചെങ്കിലും എത്തിപ്പെട്ടത് പൊലീസില്‍. 1985ലാണ് കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായത്. 1987ല്‍ ആലപ്പുഴ എ.എസ്.പിയായി. കൊച്ചിയില്‍ സിറ്റി പൊലീസ് കമീഷണറും തിരുവനന്തപുരത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണറുമായി. പിന്നീട് പൊലീസ് ആസ്ഥാനം ഐ.ജിയും പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയും. ഏറ്റവും കൂടുതല്‍ കാലം കൊച്ചി സിറ്റി പൊലീസ് കമീഷണറായി ജോലിനോക്കിയിട്ടുള്ളത് ബെഹ്റയാണ്. നാലുവര്‍ഷം. പിന്നീട് സി.ബി.ഐയില്‍ എസ്.പിയും ഡി.ഐ.ജിയുമായി. രാജ്യത്തെ നടുക്കിയ സംഭവങ്ങളുടെ അന്വേഷണച്ചുമതല ഏറ്റെടുത്തത് ആ കാലയളവില്‍. 1999ല്‍ ആസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും തീവെച്ചുകൊന്ന കേസില്‍ തുമ്പുണ്ടാക്കി. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങ്ങിനെ നിയമത്തിനു മുന്നിലത്തെിക്കുന്നതിലേക്ക് അത് നയിച്ചു. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ലാത്വിയന്‍ വിമാനത്തില്‍നിന്ന് എ.കെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത ആയുധങ്ങള്‍ വര്‍ഷിച്ച കേസ് അന്വേഷിച്ച സംഘത്തിന്‍െറ മുന്‍നിരയില്‍ ഉണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതിന്‍െറ ക്രെഡിറ്റും ബെഹ്റക്ക് അവകാശപ്പെട്ടതാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഭീകരതയെ അമര്‍ച്ചചെയ്യാന്‍ 2009ല്‍ രൂപവത്കരിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) സ്ഥാപകാംഗങ്ങളില്‍ ഒരാളായി. എന്‍.ഐ.എയുടെ ഭരണഘടനയും അധികാരപരിധിയും മറ്റും എഴുതിത്തയാറാക്കിയ സമിതിയിലെ അംഗം. എന്‍.ഐ.എ തുടങ്ങിയ കാലത്തുതന്നെ അതില്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്ന ഉദ്യോഗപ്പേരിലാണ് സേവനം നടത്തിയത്. ഇന്‍സ്പെക്ടര്‍ ജനറല്‍ എന്ന ചുമതലയും വഹിച്ചു. 2009ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. ആ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ഏക ഉദ്യോഗസ്ഥനാണ്. മുംബൈ സ്ഫോടനം ഉള്‍പ്പെടെ എന്‍.ഐ.എ ഏറ്റെടുത്ത പല കേസുകളുടെയും അന്വേഷണച്ചുമതല വഹിച്ചു. മുംബൈ സ്ഫോടനക്കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ഷികാഗോയില്‍ പോയി ചോദ്യംചെയ്ത സംഘത്തിലെ അംഗം. ബാബരി മസ്ജിദ് തകര്‍ക്കല്‍, ഹിന്ദി കവയിത്രി മധുമിത ശുക്ള ലഖ്നോവില്‍ കൊല്ലപ്പെട്ട കേസ് എന്നിവയും അന്വേഷിച്ചു. 1995 മുതല്‍ 10 കൊല്ലം സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനില്‍. സി.ബി.ഐ എസ്.പി, സി.ബി.ഐ ഡി.ഐ.ജി എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ചവെച്ചു. അതുകൊണ്ടുതന്നെ സി.ബി.ഐയില്‍ തുടരാന്‍ സമ്മര്‍ദം നേരിട്ടിരുന്നു. എന്നാല്‍, സുപ്രീംകോടതിയുടെ അനുമതി വാങ്ങിയാണ് കേരളത്തിലേക്ക് മടങ്ങിയത്. കേരള പൊലീസിന്‍െറ ആധുനികീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
കേരള പൊലീസ് മേധാവിയാവാന്‍ ചരടുവലി നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. സെന്‍കുമാര്‍ മൂത്ത സഹോദരനെപ്പോലെയാണ്, ആവശ്യം വരുമ്പോള്‍ കൂടിയാലോചന നടത്തുമെന്നു പറഞ്ഞ് അത് ചിരിച്ചുതള്ളുന്നു ബെഹ്റ. വയസ്സിപ്പോള്‍ 54. അഞ്ചുകൊല്ലത്തെ സര്‍വിസുകൂടിയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവാന്‍ തല്‍ക്കാലം താല്‍പര്യമില്ല. കേരളത്തില്‍തന്നെ തുടരാനാണ് ഇഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.