അമിതാവേശ നയതന്ത്രം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി നടക്കുന്ന ഇന്ത്യയുടെ നയതന്ത്ര രീതികള്‍ക്ക് ഒരുതരം ആക്രാന്തവും പരവേശവുമുണ്ട്. ആണവ വിതരണ രംഗം നിയന്ത്രിക്കുന്ന 48 രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഉടനടി അംഗത്വം നേടാനുള്ള ശ്രമം പാളി ഇന്ത്യ നാണംകെട്ടത് ഈ ആക്രാന്ത നയതന്ത്രത്തിന് ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ തിരിച്ചടിയാണ്. എന്‍.എസ്.ജി അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയെ ചൈനയുടെ നേതൃത്വത്തില്‍ ഏഴെട്ടു രാജ്യങ്ങള്‍ ചേര്‍ന്ന് എതിര്‍ത്തതിനാല്‍ കാര്യം നടന്നുകിട്ടാന്‍ അനിശ്ചിതമായി കാത്തിരിക്കുകയല്ലാതെ നിര്‍വാഹമില്ല. അമേരിക്കന്‍ പക്ഷത്തേക്ക് കൂടുതല്‍ ചാഞ്ഞുനിന്നാല്‍ പ്രമുഖ രാജ്യങ്ങളുടെ പിന്തുണയും സഹകരണവും താനേ വന്നുചേരുമെന്ന കണക്കുകൂട്ടലാണ് പിഴച്ചുപോയത്. അമേരിക്ക സഹായിക്കാതിരുന്നില്ല. പക്ഷേ, അതുകൊണ്ടുമാത്രം ചൈന വഴങ്ങുകയോ, അവര്‍ തീര്‍ത്ത കുരുക്കഴിക്കാന്‍ സാധിക്കുകയോ ചെയ്തില്ല.
എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യക്കു പുറമെ പാകിസ്താനും അപേക്ഷകരാണ്. എന്നാല്‍, രണ്ടുകൂട്ടരും ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അക്കാര്യത്തില്‍ ഇന്ത്യക്ക് പണ്ടുതൊട്ടേ ന്യായയുക്തമായ നിലപാടുകളുണ്ട്. പക്ഷേ, എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്തവരെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ളെന്നാണ് അംഗരാജ്യങ്ങള്‍ക്കിടയിലെ തീരുമാനം. എന്‍.പി.ടിയില്‍ ഒപ്പുവെക്കണമെന്ന വ്യവസ്ഥ ഇന്ത്യക്കു മാത്രമായി ഇളവുചെയ്താണ് 2008ല്‍ ആണവ ഉടമ്പടി യാഥാര്‍ഥ്യമാക്കിയത്. അതുകൊണ്ടുതന്നെ എന്‍.പി.ടിയില്‍ ഒപ്പുവെച്ചിട്ടില്ളെന്നത് എന്‍.എസ്.ജി അംഗമാക്കുന്നതില്‍ പോരായ്മയല്ളെന്ന് ഇന്ത്യ വാദിക്കുന്നു. ഇത് അംഗീകരിച്ചാണ് എന്‍.എസ്.ജിയിലെ ഒട്ടുമിക്ക രാജ്യങ്ങളും ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണച്ചത്. എന്നാല്‍, നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അവഗണിച്ചാണ് ചൈനയും ബ്രസീല്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അന്തിമ നിലപാട് എടുത്തത്. അംഗത്വത്തിന് ഏകീകൃത മാനദണ്ഡം വേണമെന്ന് ഈ രാജ്യങ്ങള്‍ വാദിച്ചപ്പോള്‍ എന്‍.എസ്.ജിയില്‍ സമവായമില്ലാതെ ഇന്ത്യക്ക് കൂടുതല്‍ കാത്തിരിക്കേണ്ട സ്ഥിതിയായി. തങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള പാകിസ്താന് കിട്ടാത്ത എന്‍.എസ്.ജി അംഗത്വം ഇന്ത്യക്കും കിട്ടുന്നില്ളെന്ന് പ്രതികാരബുദ്ധിയോടെ ചൈന ഉറപ്പാക്കി. 2008ല്‍ ഇന്ത്യക്കു വേണ്ടിയുള്ള അമേരിക്കന്‍ സമ്മര്‍ദത്തിന് ചൈന വഴങ്ങിയെങ്കില്‍, ഇക്കുറി അത് അവഗണിക്കാന്‍തക്ക സ്വാധീനം ചൈന നേടിയിരിക്കുന്നുവെന്നും കാണേണ്ടിയിരിക്കുന്നു.
മോദിക്കു മുന്നില്‍ സൗഹൃദം അഭിനയിച്ച ശേഷം ചൈനയെ ഇത്തരമൊരു നിലപാടിന് പ്രേരിപ്പിച്ചതില്‍ ഏറ്റവുമൊടുവില്‍ നടന്ന മലബാര്‍ നാവികാഭ്യാസങ്ങള്‍ക്കുമുണ്ട് പങ്ക്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍ എന്നിവയുടെ നാവിക സേനകള്‍ കേരളത്തോടു ചേര്‍ന്ന കടലില്‍ തുടങ്ങിവെച്ചതാണ് മലബാര്‍ എന്ന് പേരിട്ട പരിശീലന പരിപാടി. കേരള തീരമൊക്കെ വിട്ട്, ഇത്തവണ മലബാര്‍ നാവികാഭ്യാസങ്ങള്‍ മൂന്നുകൂട്ടരും ചേര്‍ന്ന് നടത്തിയത് തെക്കന്‍ ചൈന കടലിലാണ്. ചൈനയുടെ നിയന്ത്രണത്തില്‍നിന്ന് ഈ തന്ത്രപ്രധാന മേഖല മുക്തമാക്കി സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ അമേരിക്ക നിരന്തരം ശ്രമിച്ചുപോരുന്നു. അവിടെ സ്വാധീനമുറപ്പിക്കാനുള്ള അമേരിക്കന്‍ ലക്ഷ്യത്തിന്‍െറ പങ്കാളിയെപ്പോലെയാണ് ജപ്പാനൊപ്പം ഇന്ത്യയും കടന്നുചെന്നത്. അമേരിക്കയുമായുള്ള പ്രതിരോധ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തുന്നുവെന്ന് പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിലും സംയുക്ത പ്രസ്താവനയിലും നരേന്ദ്ര മോദി പ്രഖ്യാപിച്ചത് അതിനു തൊട്ടുമുമ്പാണ്. അമേരിക്കന്‍ ആണവ കമ്പനികള്‍ക്കും സൈനിക സാമഗ്രി നിര്‍മാതാക്കള്‍ക്കുമൊക്കെ വേണ്ടി ഇന്ത്യ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും ഇന്ത്യ ഇടത്താവളമായി മാറുന്നു. അമേരിക്കയാണ് ഇന്ത്യയുടെ ഒന്നാമത്തെ കൂട്ടുകാരെന്ന സന്ദേശം ഇങ്ങനെയെല്ലാം ലോകരാഷ്ട്രങ്ങള്‍ വായിച്ചെടുക്കുന്നു.
എന്‍.എസ്.ജി അംഗത്വത്തിനു വേണ്ടി കൊണ്ടുപിടിച്ച ശ്രമം നടത്തിയ ഇന്ത്യയെ ഇതിനെല്ലാമിടയില്‍ ചൈനക്കൊപ്പം ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ദക്ഷിണ ആഫ്രിക്ക, തുര്‍ക്കി, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും പാരവെച്ചു. രണ്ടു പതിറ്റാണ്ടായി ഇന്ത്യയുമായി നല്ല ബന്ധമുണ്ട് ബ്രസീലിന്. ആണവ രംഗത്ത് ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങളാണ് റഷ്യയും ഫ്രാന്‍സും. പക്ഷേ, അമേരിക്കയെ പിന്‍പറ്റി എന്‍.എസ്.ജി അംഗത്വത്തിന് ശ്രമിച്ചതിനിടയില്‍ ഈ പരമ്പരാഗത സുഹൃത്തുക്കളെ നരേന്ദ്ര മോദി അവഗണിച്ചു. ചുരുങ്ങിയത് റഷ്യ, ഫ്രാന്‍സ് എന്നിവയെ ഇന്ത്യക്കു വേണ്ടിയുള്ള ചരടുവലികളില്‍ പങ്കെടുപ്പിക്കുന്നതില്‍ മോദിയുടെ നയതന്ത്രം തോറ്റുപോയി. റഷ്യക്കു നല്ല നയതന്ത്ര സ്വാധീനമുള്ള രാജ്യമായിട്ടും ബ്രസീല്‍ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഇതിന്‍െറ വ്യക്തമായ തെളിവാണ്. ഈ വീഴ്ചകള്‍ക്കൊപ്പം മറ്റൊരു ചോദ്യവും ഉയര്‍ന്നുവരുന്നു. നയതന്ത്രതലത്തില്‍ നല്ളൊരു മുന്നൊരുക്കമില്ലാതെ എന്‍.എസ്.ജി അംഗത്വത്തിന് തിരക്കിട്ടു നീങ്ങേണ്ട കാര്യമെന്തായിരുന്നു? ആണവ സാമഗ്രികളും സാങ്കേതിക വിദ്യയും ഇന്ത്യക്കു കിട്ടാന്‍ ഈ അംഗത്വം വേണമെന്നില്ല. നിലവിലെ ആണവ കരാറിന്‍െറ ബലം മാത്രം മതി. നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പിടാതത്തെന്നെ ആണവ ക്രയവിക്രയത്തില്‍ നിയന്ത്രണ റോള്‍കൂടി കിട്ടാനാണ് കേന്ദ്രം ശ്രമിച്ചത്. അത് അനുവദിച്ചുകൊടുത്താല്‍ ഈ ഉടമ്പടിയുടെ പ്രസക്തി എന്താണെന്ന ചോദ്യം ചൈനയും മറ്റും ഉയര്‍ത്തുന്നു.
മോദിയുടെ വ്യക്തികേന്ദ്രീകൃത നയതന്ത്രം അടിസ്ഥാന നിലപാടുകളെ ബാധിക്കുന്ന വിഷയത്തില്‍ ചെലവാകില്ളെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് ഏറ്റവുമൊടുവിലത്തെ തിരിച്ചടി. വ്യക്തിപരമായ ബന്ധങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കുമൊക്കെ നല്‍കാവുന്ന ഊഷ്മളതക്ക് പരിധിയുണ്ട്. വാഗ്ധോരണികൊണ്ട് മയക്കിയെടുത്ത് നേടാവുന്നതുമല്ല നയതന്ത്ര വിജയം. രാജ്യവും രാജ്യവും തമ്മിലാണ് ബന്ധം സ്ഥാപിക്കുന്നതെന്നിരിക്കെ, നിലപാടുകള്‍ക്ക് ഇന്നും നാളെയും അടിത്തറയുണ്ടാകണം. പക്ഷേ, അതിവേഗത്തില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടു നിറഞ്ഞതാണ് മോദിയുടെ നയതന്ത്രം. വിസ നിഷേധിച്ച് വര്‍ഷങ്ങളോളം അകത്തുകടക്കാന്‍ അമേരിക്ക സമ്മതിക്കാതിരുന്ന ഒരു കാലമുണ്ട് നരേന്ദ്ര മോദിക്ക്. അവിടം വിട്ട്, അന്താരാഷ്ട്ര നേതാക്കളുടെ മുന്‍നിരയില്‍ അറിയപ്പെടുന്ന താരമായി നില്‍ക്കാനുള്ള അതിവേഗ പരിശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഇന്ത്യയുടെ അന്തസ്സിനെക്കാള്‍, പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാണിക്കുന്ന നയതന്ത്ര വ്യഗ്രത രണ്ടു വര്‍ഷമായി വളരെ പ്രകടം. ഇന്ത്യയിലേക്കല്ല, നരേന്ദ്ര മോദിയിലേക്കാണ് ലോകം ഉറ്റു നോക്കുന്നതെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയുടെ പരമ്പരാഗത ബന്ധങ്ങളും അകല്‍ച്ചകളുമൊക്കെ അപ്രസക്തമാക്കുന്ന വിധത്തില്‍, ഇന്നാട്ടിലെ അനുഭവ സമ്പത്തുള്ളവരോട് കൂടിയാലോചന നടത്തുകപോലും ചെയ്യാതെ സ്വന്തം മുന്‍കൈയില്‍ നയതന്ത്ര ബന്ധങ്ങള്‍ക്ക് പുതിയ ഊടും പാവുമുണ്ടാക്കാനാണ് അദ്ദേഹത്തിന്‍െറ ശ്രമം.
പക്ഷേ, ഓരോ രാജ്യങ്ങള്‍ക്കും ഭരണകൂടവും നയതന്ത്രവും തുടര്‍പ്രക്രിയയാണ്; സാരഥികള്‍ മാറിക്കൊണ്ടിരിക്കും. അതിനിടയില്‍ നയവും നിലപാടുകളുമാണ് ഒരു രാജ്യത്തിന് മുഖവും അടിസ്ഥാന സ്വഭാവവും നല്‍കുന്നത്. ഓരോ കാലത്തെയും ഭരണകര്‍ത്താക്കള്‍ക്ക് നയതന്ത്രത്തിന്‍െറ ഒഴുക്കിനെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും, പരമ്പരാഗതമായ അടിയൊഴുക്കുകളുടെ ഗതി തിരിച്ചുവിടുക പ്രയാസം. ചൈനീസ് പ്രസിഡന്‍റിനെ ഗുജറാത്തിലത്തെിച്ച് ഊഞ്ഞാലാട്ടിയതുകൊണ്ടോ, ബറാക് ഒബാമക്ക് ചായ പകര്‍ന്നുകൊടുത്തതുകൊണ്ടോ, നവാസ് ശരീഫിന്‍െറ സല്‍ക്കാരത്തിന് ലാഹോറിലേക്ക് പറന്നിറങ്ങിയതുകൊണ്ടോ കാര്യമില്ല. ഊഞ്ഞാലാട്ടിയ നേരത്താണ് അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റം നടന്നത്. മോദി പകര്‍ന്ന ചായയുടെ മധുരം നുണഞ്ഞിരിക്കുകയല്ല ഒബാമ ചെയ്തത്; അതിന്‍െറ ചൂടാറും മുമ്പേ, ഇന്ത്യയില്‍ മതേതര സങ്കല്‍പങ്ങള്‍ പരിപാലിക്കപ്പെടേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ചാണ്. ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു, പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന ഗോഗ്വാ വിളികള്‍. നേപ്പാളിനെ മെരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ചൈനയോട് ഒട്ടുകയാണ് നേപ്പാള്‍. യാഥാര്‍ഥ്യ ബോധത്തോടെ നയതന്ത്ര ബന്ധങ്ങളെ കാണാനാണ് യഥാര്‍ഥത്തില്‍ ഈ സംഭവഗതികളെല്ലാം മോദിയെ പ്രേരിപ്പിക്കേണ്ടത്. പക്ഷേ, വ്യക്തികേന്ദ്രീകൃത നീക്കങ്ങളിലും, മറുനാടുകളില്‍ വാടകക്ക് സംഘടിപ്പിക്കുന്ന മെഗാ ഇവന്‍റുകളിലും ട്വിറ്റര്‍ കാമ്പയിനുകളിലുമാണ് നയതന്ത്ര വിജയമെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുന്നു; ഇന്ത്യക്ക് മുഖം മോശമാക്കേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.