Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെരഞ്ഞെടുപ്പില്‍...

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല

text_fields
bookmark_border
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല
cancel

‘ഞാന്‍ കൊല്ലപ്പെട്ടാല്‍, അത് ഫലസ്തീനുവേണ്ടിയാകും. അതെന്‍െറ ശ്വാസത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെതന്നെ രാജ്യസ്നേഹ വാക്കുകളില്‍ എനിക്ക് സ്വാതന്ത്ര്യം തരുക അല്ളെങ്കില്‍ എനിക്ക് മരണം തരുക.’
ഹസന്‍ മാവ്ജി എന്ന ഫലസ്തീനിയന്‍ യുവാവിന്‍െറ കവിതയാണിത്. ഒരു യുവാവിന്/യുവതിക്ക് ഇങ്ങനെയേ പാടാനാകൂ. അസ്വാതന്ത്ര്യത്തിനും അനീതിക്കും അധിനിവേശത്തിനുമെതിരെ അവര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിച്ചിതറും.
യൗവനം അതാണ്. യൗവനം ജയിലില്‍നിന്ന് തിരിച്ചുവന്ന് സ്വാതന്ത്ര്യത്തെ കുറിച്ച് മുദ്രാവാക്യം വിളിക്കുന്ന കനയ്യ കുമാറാണ്. കണ്ണുകളില്‍ നക്ഷത്രത്തിളക്കവുമായി അതേറ്റുവിളിച്ച് നൃത്തം ചെയ്യുന്ന ജെ.എന്‍.യുവിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ്.

കേരളത്തിലത്തെുമ്പോഴോ? നമ്മുടെ പത്രങ്ങളും രാഷ്ട്രീയനിരീക്ഷകരും പരിതപിക്കുന്നു. നിയമസഭാ സ്ഥാനാര്‍ഥികളില്‍ യുവാക്കളെ പരിഗണിക്കുന്നില്ല. കേരളത്തില്‍ എവിടെയാണ് സുഹൃത്തേ നിവര്‍ന്നുനിന്ന് വിയോജിപ്പിന്‍െറ ആഹ്ളാദം പ്രകടിപ്പിക്കുന്ന യുവതീയുവാക്കള്‍? ഫ്രാന്‍സില്‍ 1968 മേയില്‍ പൊട്ടിപ്പുറപ്പെട്ട ഭരണകൂടത്തിനെതിരെയുള്ള വിദ്യാര്‍ഥിപ്രക്ഷോഭം ഇന്ന് ചരിത്രത്തിന്‍െറ ഭാഗമാണ്. മുതലാളിത്തത്തിനും ഉപഭോഗ പരതക്കും നിലവിലെ മൂല്യബോധങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച പ്രക്ഷോഭത്തിന് തൊഴിലാളികളടക്കം ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്കാന്‍ കഴിഞ്ഞു. ലോകപ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഴാങ്പോള്‍ സാര്‍ത്രെതന്നെ ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.
അമേരിക്ക തോറ്റത് യുദ്ധംചെയ്ത വിയറ്റ്നാമിനോടായിരുന്നില്ല. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുമായി അമേരിക്കന്‍ തെരുവുകളിലിറങ്ങിയ സ്വന്തം വിദ്യാര്‍ഥികളോടും യുവാക്കളോടുമായിരുന്നു.

കേരളത്തില്‍ എവിടെയാണ് യൗവനം വറ്റിപ്പോകാതെ ബാക്കിനില്‍ക്കുന്നത്. ഹൈദരാബാദിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ഥികള്‍ നിവര്‍ന്നുനിന്ന് നീതികേടിനെതിരെ പൊരുതിയപ്പോള്‍ നമ്മുടെ സര്‍വകലാശാലാ വളപ്പുകളില്‍ നിശ്ശബ്ദതകൊണ്ടായിരുന്നു അതിനെ എതിരേറ്റത്. കമ്യൂണിസ്റ്റ് സമഗ്രാധിപത്യം നിലനിന്ന ചൈനയില്‍പോലും ടിയാന്‍മെന്‍ സ്ക്വയറില്‍ വിദ്യാര്‍ഥികള്‍ക്ക് വിമതശബ്ദമുയര്‍ത്താനായി.

ഏത് പ്രശ്നത്തിലാണ് കേരളത്തിലെ യുവതീയുവാക്കള്‍ വ്യത്യസ്തമായ സ്വരം പുറപ്പെടുവിപ്പിച്ചത്? നിലപാടുകളില്‍ നരച്ചചിന്തകളാണവരുടേത്. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍തന്നെയാണ് അവരും വിളിക്കുന്നത്. കേരളത്തില്‍ നടന്ന പുതുസമരങ്ങളിലൊന്നും നമ്മുടെ രാഷ്ട്രീയകക്ഷികളുടെ വാലുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പങ്കുകൊണ്ടിട്ടില്ല. അതിനെ അടിച്ചമര്‍ത്താനായിരുന്നു അവര്‍ക്കും ഉത്സാഹം.

രണ്ടില പിളര്‍ന്ന് ഒരു ഇലച്ചീന്തുമായി പോയവര്‍ക്ക് നേരെപോലും ഇടതു യുവജന സംഘടനകള്‍ മിണ്ടിയിട്ടില്ല. തൊണ്ണൂറ് കഴിഞ്ഞ അച്യുതാനന്ദനാണ് അധികാരം പങ്കിട്ടശേഷം ഇങ്ങോട്ട് വരേണ്ട എന്ന് ആര്‍ജവത്തോടെ പറഞ്ഞത്. അലെങ്കില്‍തന്നെ അച്യുതാനന്ദനും പിണറായിക്കും കുഞ്ഞാലിക്കുട്ടിക്കും സുധീരനും കേരളത്തെ കുറിച്ച് ചില സ്വപ്നങ്ങളെങ്കിലുമുണ്ട്. നമുക്ക്  യോജിക്കാം. വിയോജിക്കാം. പക്ഷേ, അവരുടെയത്രപോലും യുവാക്കളല്ല അവരുടെ അനുയായികളായ യുവനേതാക്കള്‍. ഫേസ്ബുക്കിലൂടെയെങ്കിലും വ്യത്യസ്തനാണ് ഒരു ബല്‍റാം. അതവിടെ തീരുന്നു.

പരിസ്ഥിതി, ന്യൂനപക്ഷ, സ്ത്രീ-ദലിത് പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ രീതിയില്‍ ഉറച്ചനിലപാടുകളുമായി രംഗത്തുവരാന്‍ ധൈര്യമുള്ളള ഒരൊറ്റ രാഷ്ട്രീയ യുവജനനേതാവും കേരളത്തിലില്ല. കള്ളക്കേസുകളുമായി നമ്മുടെ യൗവനത്തെ തടവറയില്‍ തളച്ചിടാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ പ്രതിഷേധത്തിന്‍െറ കൊടുങ്കാറ്റുകള്‍ തീര്‍ക്കാന്‍ നമ്മുടെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിയുന്നില്ല.

യൗവനം എന്നത് കാലക്രമമനുസരിച്ചുള്ള (Chronological) വയസ്സ് കൊണ്ടുമാത്രം അളക്കേണ്ട ഒന്നല്ല. പോരാടുന്നതിനുപകരം നേതാക്കളുടെ കാലു തടവുന്ന യൗവനം യൗവനമേയല്ല. നരച്ച തലകളല്ല രാജ്യം ഭരിക്കേണ്ടത് എന്ന് പറയുന്നതുപോലെതന്നെ പറയേണ്ട ഒന്നുണ്ട്. നരച്ചമനസ്സുമല്ല രാജ്യം ഭരിക്കേണ്ടത്.
പറഞ്ഞുവരുന്നത് ഒറ്റക്കാര്യമാണ്. സ്വന്തമായൊരു നിലപാടില്ലാത്ത, സ്വന്തമായി ഒരു സ്വപ്നമില്ലാത്ത ഈ യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ ഒരു തെറ്റുമില്ല. അവരതര്‍ഹിക്കുന്നു.

എന്‍െറ വാക്കുകള്‍ ഗോതമ്പ് ആയിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു.
എന്‍െറ വാക്കുകള്‍ ക്ഷോഭമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു.
എന്‍െറ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ നദിയായിരുന്നു.
എന്‍െറ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്‍െറ ചുണ്ടുകള്‍ പൊതിഞ്ഞു.

മഹ്മൂദ് ദര്‍വീശിന്‍െറ ഒരു കവിത

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk parakadavu
Next Story