Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightടി.പി വധം മുതല്‍...

ടി.പി വധം മുതല്‍ ഫയര്‍ഫോഴ്സിലെ തീ വരെ

text_fields
bookmark_border
ടി.പി വധം മുതല്‍ ഫയര്‍ഫോഴ്സിലെ തീ വരെ
cancel

ആഭ്യന്തരവകുപ്പിന്‍െറ കൂടപ്പിറപ്പാണ് വിവാദങ്ങള്‍. മൂന്നുമന്ത്രിമാര്‍ ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്തും ഇതിന് മാറ്റമൊന്നുമുണ്ടായില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിലാണ് വകുപ്പുഭരണം തുടങ്ങുന്നത്. അത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലൂടെ രമേശ് ചെന്നിത്തലയിലത്തെി. ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ ഡി.ജി.പിയുടെ ഫേസ്ബുക് പോസ്റ്റുവരെ വകുപ്പില്‍ ചര്‍ച്ചയായി. പതിവില്ലാത്തതായിരുന്നു എ.ഡി.ജി.പിമാരുടെ ‘തമ്മില്‍ത്തല്ല്’. അതേസമയം, നിരവധി നല്ല സംരംഭങ്ങള്‍ക്ക് വകുപ്പ് തുടക്കംകുറിച്ചു എന്നതും കാണാതിരിക്കാനാവില്ല. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍, ഓപറേഷന്‍ കുബേര (കൊള്ളപ്പലിശക്കാര്‍ക്കെതിരെയുള്ള സ്പെഷല്‍ ഡ്രൈവ് ), ഓപറേഷന്‍ സുരക്ഷ (കൊടുംകുറ്റവാളികള്‍ക്കെതിരെയുള്ള സ്പെഷല്‍ ഡ്രൈവ്,) ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് (സ്കൂള്‍ കോളജ് പരിസരങ്ങളില്‍നിന്ന് ലഹരി ഉല്‍പന്നങ്ങളുടെ നിര്‍മാര്‍ജനം), ശുഭയാത്ര -2015 (റോഡപകടങ്ങള്‍ കുറക്കാനും ട്രാഫിക് ബോധവത്കരണം ശക്തമാക്കാനും), വിജിലന്‍റ് കേരള (അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ബൃഹദ്പദ്ധതി), സൈബര്‍ ഡോം (സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍  പ്രത്യേക അന്വേഷണസംഘം) എന്നിവ ഇതില്‍ പ്രധാനം.

നിരവധി രാഷ്ട്രീയകൊലപ്പാതകങ്ങള്‍ അരങ്ങേറിയ നാടാണ് കേരളം. അതില്‍ ഏറ്റവും പൈശാചികമായ ഒന്നായിരുന്നു ആര്‍.എം.പി സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരന്‍േറത്. നിരവധി സി.പി.എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെടുകയും സംസ്ഥാന നേതാക്കള്‍ സംശയനിഴലില്‍ നില്‍ക്കുകയുംചെയ്യുന്ന കേസ് യു.ഡി.എഫ് രാഷ്ട്രീയമായി ഏറെ ഉപയോഗിച്ചു. 2014 മേയ് നാലിനാണ് ടി.പി കൊല്ലപ്പെട്ടത്. അന്നത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 11ഓളം വരുന്ന അക്രമിസംഘത്തെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി. എന്നാല്‍, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍െറ അറസ്റ്റോടെ അതവസാനിച്ചു. കേസിലെ ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരംകിടന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കാമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വീണ്ടും കത്തയക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികളുടെ കണ്ണൂര്‍ ജയിലിലെ സുഖജീവിതവും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് അന്നത്തെ ജയില്‍ മേധാവി അലക്സാണ്ടര്‍ ജേക്കബിനെ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്ക് മാറ്റിയിരുന്നു. താന്‍, സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ തുറന്നടിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

കെ.എസ്. ബാലസുബ്രഹ്മണ്യന്‍ സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അദ്ദേഹത്തിനെതിരെ അന്നത്തെ ചീഫ്വിപ് പി.സി. ജോര്‍ജ് ആഞ്ഞടിച്ചത് വിവാദമായിരുന്നു. തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ബാലസുബ്രഹ്മണ്യനെന്ന സാമി വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന ആരോപണമാണ് ജോര്‍ജ് ഉന്നയിച്ചത്. മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തിയും മുന്‍ തൃശൂര്‍ പൊലീസ് കമീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്‍െറ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തു. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്‍െറ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടില്ല. പക്ഷേ, ജേക്കബ് ജോബിനെതിരെ അച്ചടക്കനടപടിയുണ്ടായി.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ് ഒൗട്ട് പരേഡിനത്തെിയ മന്ത്രി രമേശ് ചെന്നിത്തലയെ അന്നത്തെ ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് അപമാനിച്ചെന്ന ആരോപണം ഏറെനാള്‍ നിറഞ്ഞുനിന്നു. മന്ത്രി വേദിയിലേക്ക് വരുമ്പോള്‍ സിങ് കാലിന്മേല്‍കാല്‍ കയറ്റി പരേഡ് വീക്ഷിച്ചിരിക്കുകയായിരുന്നു. ഇതുവിവാദമായതോടെ സിങ് വിശദീകരണംനല്‍കി. തന്‍െറ ഭാഗത്ത് തെറ്റില്ളെന്ന നിലപാടില്‍ സിങ് ഉറച്ചുനിന്നു. സംഭവത്തില്‍ പരാതിയില്ളെന്ന് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി പ്രതികരിച്ചു. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അച്ചടക്കത്തിന്‍െറ വാളുമായി സിങ്ങിനെതിരെ ആഞ്ഞടിച്ചത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഈ സംഭവത്തോടെയാണ് സെന്‍കുമാറും പൊലീസ് ഉന്നതരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നത്.

വിജിലന്‍സ് എ.ഡി.ജി.പി ആയിരുന്ന ഡോ. ജേക്കബ് തോമസ് ഡി.ജി.പി ആയതോടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് മേധാവി ആയി. മാനദണ്ഡങ്ങള്‍ മറികടന്ന് പണിതുയര്‍ത്തിയ ബഹുനിലകെട്ടിടങ്ങള്‍ക്ക് മൂക്കുകയറിടാനായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യശ്രമം. നാഷനല്‍ ബില്‍ഡിങ് കോഡ് നടപ്പാക്കാതെ മുന്നോട്ടുപോകാനാകില്ളെന്ന് അദ്ദേഹം വാശിപിടിച്ചു. ഇതുസംബന്ധിച്ചിറക്കിയ സര്‍ക്കുലര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറികള്‍ക്ക് വഴിമരുന്നിട്ടു. ഇതോടെ സര്‍ക്കാറും ജേക്കബ് തോമസും ഇരുധ്രുവങ്ങളിലായി. ജേക്കബ് തോമസ് നടത്തിയ പരസ്യപ്രതികരണങ്ങള്‍ പലതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. ഇതിനിടെ, ജേക്കബ് തോമസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. ഇതിന്‍െറ പേരില്‍ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, പകരക്കാരനായി എത്തിയ എ.ഡി.ജി.പി അനില്‍കാന്തിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതിനല്‍കിയാല്‍ കുടുങ്ങുമെന്ന് ബോധ്യമായ അനില്‍കാന്ത് തന്‍െറ നിസ്സഹായവസ്ഥ സര്‍ക്കാറിനെ ധരിപ്പിച്ചു. പിന്നീട് വ്യവസ്ഥകള്‍ ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി.

ഡി.ജി.പി വിന്‍സന്‍ എം. പോള്‍ വിരമിച്ച ഒഴിവിലേക്ക് എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിയെ കൊണ്ടുവന്നത് പൊട്ടിത്തെറികള്‍ക്കിടയാക്കി. ഡി.ജി.പിമാരായ ഡോ. ജേക്കബ് തോമസ്, ലോകനാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരെ ഒഴിവാക്കിയാണ് റെഡ്ഡിയെ നിയമിച്ചത്. ബഹ്റയെയും സിങ്ങിനെയും കാഡര്‍പോസ്റ്റില്‍ നിയമിക്കാത്തതിനെ തുടര്‍ന്ന് അവര്‍ക്കര്‍ഹമായ ശമ്പളം നിഷേധിക്കപ്പെട്ടു. അവര്‍ സര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വിജിലന്‍സ് ഡയറക്ടറുടെ കസേരയില്‍ എന്തിനാണ് എ.ഡി.ജി.പിയെ നിയമിച്ചതെന്ന ചോദ്യത്തിന് ഇപ്പോഴും സര്‍ക്കാറിന് ഉത്തരമില്ല. ഡി.ജി.പിമാരുടെ പുതിയ നാല് തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് മാത്രമാണ് സര്‍ക്കാര്‍ വിശദീകരണം.

പൊലീസിലെ ഫേസ്ബുക് വിപ്ളവം
പൊലീസില്‍ കഴിഞ്ഞ കുറേനാളുകളായി ഫേസ്ബുക് വിപ്ളവമാണ് നടക്കുന്നത്. സല്യൂട്ട് വിവാദത്തിലും ഫയര്‍ഫോഴ്സ് വിഷയത്തിലുമൊക്കെ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നടത്തിയ പോസ്റ്റുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബാര്‍ കോഴക്കേസിലെ വിധിയെ ‘നല്ലവിധി’ യെന്ന് വിശേഷിപ്പിച്ച ജേക്കബ് തോമസിനെ പെരുമാറ്റച്ചട്ടം ഓര്‍മിപ്പിക്കാന്‍ അദ്ദേഹം നടത്തിയ പോസ്റ്റ് ഏറെ വിവാദങ്ങളുയര്‍ത്തി.

പൊതുസമൂഹത്തില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. വിമര്‍ശങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വീണ്ടും പോസ്റ്റുകള്‍ ഇട്ടു. ഓരോന്നും പുതിയ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും കാരണമായി. ഫേസ്ബുക്കിന്‍െറ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നയാളാണ് സെന്‍കുമാര്‍. പക്ഷേ, മറ്റുള്ളവര്‍ ഇത് ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ഇതുസംബന്ധിച്ച അദ്ദേഹത്തിന്‍െറ സര്‍ക്കുലര്‍ സേനക്കുള്ളിലും പുറത്തും ആക്ഷേപങ്ങള്‍ക്കിടയാക്കി. സെന്‍കുമാറിനെ ഫേസ്ബുക് ഡി.ജി.പിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് പരിഹസിക്കുകയും ചെയ്തു. എ.ഡി.ജി.പിമാരായ ടോമിന്‍ തച്ചങ്കരിയും ആര്‍. ശ്രീലേഖയും തമ്മിലുണ്ടായ തമ്മില്‍തല്ലാണ് സേനയിലെ ഏറ്റവുംപുതിയ വിവാദം. തന്നെ വ്യക്തിഹത്യനടത്താനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ ശ്രീലേഖ ഫേസ്ബുക് പോസ്റ്റ് നടത്തി. 1987 മുതല്‍ തച്ചങ്കരി തന്നെ വേട്ടയാടുന്നു. സര്‍വിസ് കാലയളവില്‍ പലപ്പോഴും തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നില്‍ തച്ചങ്കരിയാണ്.

എന്തുപരാതി ലഭിച്ചാലും തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടും. ഇതുതിരിച്ചറിഞ്ഞാണ് തനിക്കെതിരെ പരാതി നല്‍കാന്‍ തച്ചങ്കരി ഒത്തുകളിച്ചത്. പരാതിയില്‍ ആരോപിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് ഋഷിരാജ് സിങ്ങിന്‍െറ കാലത്താണ്. അതുകഴിഞ്ഞാണ് താന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറാകുന്നത്. തച്ചങ്കരി കമീഷണറാകുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നത്. പരാതിക്കാരനെ സ്വാധീനിച്ച തച്ചങ്കരി തനിക്കെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തച്ചങ്കരിയുടെ വേട്ടയാടല്‍കാരണം താന്‍ നിത്യരോഗിയായെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

(നാളെ: വിവാദം പഠിക്കുന്ന വിദ്യാഭ്യാസം)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story