Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേണ്ടത് സ്ത്രീ-പുരുഷ...

വേണ്ടത് സ്ത്രീ-പുരുഷ ശാക്തീകരണം

text_fields
bookmark_border
വേണ്ടത് സ്ത്രീ-പുരുഷ ശാക്തീകരണം
cancel

അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടവള്‍; അവഗണനകള്‍ ഏറ്റുവാങ്ങുന്നവള്‍; അനീതിയാല്‍ വീര്‍പ്പുമുട്ടുന്നവള്‍; ശാരീരിക മാനസിക പീഡനങ്ങളാല്‍ പ്രയാസപ്പെടുന്നവള്‍; അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവള്‍; സ്വന്തം താല്‍പര്യങ്ങളില്‍ പലതും സഫലീകരിക്കപ്പെടാത്ത മോഹങ്ങളായി അവശേഷിപ്പിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചുതീര്‍ക്കുന്നവള്‍; കാലഭേദമന്യേ സമൂഹംകണ്ട സ്ത്രീയുടെ ഈ വിഭിന്നമുഖങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വന്നുവെങ്കിലും അവളിന്നും പൂര്‍ണാര്‍ഥത്തില്‍ സ്വാസ്ഥ്യവും സംതൃപ്തിയും അനുഭവിക്കുന്നില്ല. പിതാവിന്‍െറ വിരല്‍തുമ്പില്‍പോലും പെണ്‍കുഞ്ഞിന്‍െറ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നികൃഷ്ട സംഭവങ്ങള്‍ കേള്‍ക്കേണ്ടിവരുന്ന കാലം. കലാലയമുറ്റത്തും തെരുവോരങ്ങളിലും വീടിന്‍െറ ഉള്ളറകളിലുംവരെ പെണ്ണിന്‍െറ ചാരിത്ര്യം പിച്ചിച്ചീന്തി വിലപറയുമ്പോള്‍ മൃഗീയമായ അനീതിയുടെ നോവനുഭവിക്കുന്ന പീഡിതസ്ത്രീയുടെ ദയനീയ മുഖംകൊണ്ട് വികൃതമാക്കപ്പെട്ട സാമൂഹികാന്തരീക്ഷം. കോടതിമുറികളില്‍ ചോദ്യങ്ങളും ഉപചോദ്യങ്ങളും കൊണ്ട് അവളുടെ മനസ്സിലെ വ്രണങ്ങളെ കുത്തിനോവിച്ചുകൊണ്ട് പീഡനത്തെ വിശദീകരിക്കേണ്ട ദു$സ്ഥിതി. സ്ത്രീയുടെ നോവും വേദനയും അനുസ്യൂതം തുടരുകയാണിന്നും.

വിദ്യാഭ്യാസ പരിഷ്കരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീവിഭാഗത്തെ സമുദ്ധരിച്ച് ശക്തരാക്കാന്‍ വിവിധ സംഘങ്ങളും സംഘടനകളും നടത്തിയ ശ്രമഫലമായി ചരിത്രത്തിന്‍െറ ഇടനാഴിയില്‍ പലപ്പോഴായി അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. അക്ഷരലോകത്തിന്‍െറ കവാടം അവള്‍ക്കായി തുറന്നുകിട്ടിയപ്പോള്‍ അറിവിന്‍െറയും കാര്യശേഷിയുടേയും ഒന്നൊന്നായി പിടിച്ചുകയറിയ അവള്‍ സ്വാതന്ത്ര്യത്തിന്‍െറയും അവകാശസംരക്ഷണത്തിന്‍െറയും മാധുര്യം ആസ്വദിച്ചുതുടങ്ങി. വിദ്യാഭ്യാസ -തൊഴില്‍ സ്വാതന്ത്ര്യത്തിന് പുറമെ സാമ്പത്തിക സ്ഥിരതയും കൈവരിച്ച് പുരുഷനോടൊപ്പമോ ചിലപ്പോഴെങ്കിലും അവനെ മറികടന്നോ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഗൃഹാന്തരീക്ഷത്തിലും സാമൂഹിക ഘടനയിലും കൃത്യമായ സ്ഥാനം ഉറപ്പിച്ചതുവഴി സമൂഹത്തിന് അവളോടുള്ള സമീപനത്തില്‍ കാതലായമാറ്റങ്ങള്‍ സംഭവിച്ചു. എന്നാല്‍, അതിന്‍െറ ഗുണഫലങ്ങള്‍ ഇപ്പോഴും ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

ഗൃഹഭരണത്തിലും തൊഴിലിടങ്ങളിലും ഒരുപോലെ നീതിപുലര്‍ത്താനാകാതെ പ്രയാസപ്പെടുന്ന ഉദ്യോഗസ്ഥവനിതകള്‍ തങ്ങളുടെ കര്‍മഭാരത്തിന്‍െറ ഒരു പങ്ക് ഏറ്റെടുത്ത് താങ്ങും തണലുമാകാന്‍ കഴിയാതെപോകുന്ന ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള പരാതിയും ഉയര്‍ന്നുകേള്‍ക്കുന്നു. ചാരുബെഞ്ചിലിരുന്ന് ചായകുടിച്ചുകൊണ്ടൊരു പ്രഭാത പത്രവായനക്കുശേഷം ഭര്‍ത്താവും കൂടിച്ചേര്‍ന്ന് തയാറാക്കിയ പ്രാതല്‍ കഴിച്ച് ഓഫിസിലേക്ക് ഒരു യാത്ര. ശാക്തീകരിക്കപ്പെട്ട പെണ്‍മനസ്സ് ഈ ആഗ്രഹം പങ്കുവെക്കുമ്പോള്‍ ഉദ്യോഗം കിട്ടിയതില്‍പിന്നെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കാനും അയണ്‍ ചെയ്യാനും ഭാര്യയെ കിട്ടുന്നില്ളെന്ന് പരിതപിക്കുന്ന ഭര്‍ത്താവ് മറുവശത്തുണ്ട്. ഇരുകൂട്ടരും അസ്വസ്ഥരാണെന്ന് ചുരുക്കം.

സ്ത്രീയുടെ  പ്രകൃതിപരമായ ശാരീരിക-മാനസിക സവിശേഷതകളും പരിമിതികളും ഉള്‍ക്കൊള്ളാതെയുള്ള ഉപരിപ്ളവപരമായ ശാക്തീകരണമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 50 ശതമാനം സംവരണവും തൊഴിലും സാമ്പത്തിക അസ്തിത്വവും നേടിയപ്പോഴും സ്ത്രീ തന്‍െറ യഥാര്‍ഥ കര്‍മധര്‍മങ്ങളെ നിസ്സാരവത്കരിച്ച് ഇരട്ടിജോലിഭാരം തോളിലേറ്റി ഒന്നിനോടും നീതിപുലര്‍ത്താനാകാതെ പ്രയാസപ്പെടുന്ന ചിത്രം സ്ത്രീസമൂഹത്തിന്‍െറ പുരോഗതിയായി കാണാന്‍ കഴിയുമോ? ബാഹ്യവും ഉപരിപ്ളവപരവുമായ സ്വാതന്ത്ര്യത്തിനപ്പുറം ആന്തരികവും മാനസികവുമായ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും നേടാന്‍ ഇനിയും എത്രകാതം അവള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു?.

വ്യത്യസ്ത പ്രകൃതിയും വ്യതിരിക്തമായ വൈശിഷ്ട്യങ്ങളുമുള്ള രണ്ടു സ്വതന്ത്ര വ്യക്തികളാണ് സ്ത്രീയും പുരുഷനും. കുടുംബത്തോടും സമൂഹത്തോടുമുള്ള അവരുടെ കര്‍മധര്‍മങ്ങളും വ്യത്യസ്തമാണ്. എല്ലാം എല്ലാവരും ചെയ്യുക എന്നതല്ല, എല്ലാം എല്ലാവരുംകൂടി ചെയ്യുക എന്നതാണ് വേണ്ടത്. അതുകൊണ്ടുതന്നെ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല. പകരം ഏറ്റെടുക്കേണ്ടവരാണ്. സ്ത്രീയെ മാറ്റിനിര്‍ത്തിക്കൊണ്ട് പുരുഷനോ പുരുഷനെ അവഗണിച്ച് സ്ത്രീക്കോ ജീവിക്കുക സാധ്യമല്ല. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ കേവലം സ്ത്രീകേന്ദ്രീകൃതവും പുരുഷവിരുദ്ധവുമായി കാണുന്നതിനാല്‍ വ്യക്തിപരമായ ശാക്തീകരണത്തിനപ്പുറം ഇരുകൂട്ടരുടേയും കൂട്ടായയജ്ഞം അന്യമാവുകയാണ് പലപ്പോഴും. സ്ത്രീയെ ശാക്തീകരിക്കുക എന്നാല്‍ പുരുഷനെ അടിച്ചമര്‍ത്തുക എന്നോ അവനോട് മത്സരിച്ച് മുന്നേറുക എന്നോ അര്‍ഥമാക്കേണ്ടതില്ല. തെങ്ങില്‍ കയറുകയും വിമാനം പറത്തുകയും ചെയ്യുന്ന അപൂര്‍വം സ്ത്രീകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീശക്തിയെ സാമാന്യവത്കരിക്കുന്നത് ബുദ്ധിയല്ല. കുടുംബ-സാമൂഹിക മണ്ഡലങ്ങളിലെ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാന്‍ പാകത്തില്‍ കരുത്താര്‍ജിക്കുകയാണ് വേണ്ടത്.

അവിടെ സ്ത്രീയുടെ അസ്തിത്വ വ്യക്തിത്വ സവിശേഷതകളെ വിസ്മരിച്ചുകൂടാ. ആത്യന്തികമായി അവള്‍ ഭാര്യയും അമ്മയുമാണ്. പുരുഷന് ഇണയും മക്കള്‍ക്ക് തുണയുമാകേണ്ടവള്‍ അവളുടെ വിദ്യാഭ്യാസം കേവലം തൊഴിലധിഷ്ഠിതമോ വിവാഹ മാര്‍ക്കറ്റിലെ ഡിമാന്‍ഡിന് അനുസൃതമോ ആകാന്‍ പാടില്ല. നല്ളൊരു കുടുംബസംവിധാനത്തിനും സാമൂഹിക ജീവിതത്തിനും പര്യാപ്തമായ അറിവും കഴിവും യോഗ്യതയും അവള്‍ക്ക് ലഭിക്കേണ്ടതുണ്ട്.
എവിടെയും പുരുഷനോടൊപ്പം നില്‍ക്കലാണ് ശാക്തീകരണമെന്ന വികലമായ ചിന്ത വളരുന്നതോടെ കുടുംബനാഥനായും സംരക്ഷകനായും പുരുഷനെ അംഗീകരിക്കാന്‍ സ്ത്രീശക്തിയുടെ ഈഗോ അനുവദിക്കുകയില്ല. ശാക്തീകരിക്കപ്പെട്ട സ്ത്രീക്ക് പുരുഷന്‍െറ തുണ ആവശ്യമില്ളെന്ന് അവനും ചിന്തിച്ചുതുടങ്ങിയാല്‍ കുടുംബത്തിലും സമൂഹത്തിലും താളപ്പിഴകള്‍ എളുപ്പമാകും.

കുടുംബത്തിന്‍െറ കേന്ദ്രബിന്ദുവായ സ്ത്രീയും സംരക്ഷകനായ പുരുഷനും ഇന്ന് സാമ്പത്തികസുസ്ഥിരത കൈവരിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനായി മത്സരിച്ചുപായുകയാണ്. ഇതിനിടയില്‍ കുടുംബത്തോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ പലപ്പോഴും ഇരുകൂട്ടരും പരാജയപ്പെടുന്നു. അതോടെ സമൂഹത്തിന്‍െറ ശക്തികേന്ദ്രമായ കുടുംബങ്ങള്‍ ശിഥിലമാവുകയോ അസ്വസ്ഥപൂര്‍ണമാവുകയോ ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിന്‍െറ പൂര്‍ണതക്ക് പുരുഷശാക്തീകരണം അനിവാര്യമാണ് എന്നതുപോലെ ഇരുകൂട്ടരുടേയും കൂട്ടായ ശാക്തീകരണത്തിന് പരസ്പര ബഹുമാനവും അംഗീകാരവും പരിഗണനയും പങ്കുവെക്കലും കൂടിയേ തീരൂ. വിദ്യാസമ്പന്നയായ സ്ത്രീക്ക് സ്വന്തമായ അഭിപ്രായവും കൃത്യമായ നിലപാടുകളും ഉണ്ടാവുക സ്വാഭാവികമാണ്. അവളുടെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനും അനുചിതമായവയെ സ്നേഹബുദ്ധ്യാ തിരുത്താനും കഴിയുന്ന മാനസികപക്വതയും വിവേകവുമാണ് പുരുഷന്‍ നേടേണ്ട ശാക്തീകരണം.  

വിദ്യാഭ്യാസ-തൊഴില്‍ മേഘലകളിലുണ്ടായ ശാക്തീകരണംകൊണ്ട് സ്ത്രീയുടെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാന്‍ ഏറെയൊന്നും സാധിച്ചിട്ടില്ല എന്നതിന് അനുദിനം വര്‍ധിച്ചുവരുന്ന സ്ത്രീപീഡന ആക്രമണ സംഭവങ്ങള്‍ സാക്ഷിയാണ്. പുരുഷന്‍ കടന്നുചെല്ലുന്ന മേഘലകളിലെല്ലാം കാലെടുത്തുവെച്ച് കരുത്തുതെളിയിക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ, വേഷത്തിലും നടത്തത്തിലുംവരെ പുരുഷനെ അനുകരിച്ചുകൊണ്ട് സമത്വ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന ഒച്ചപ്പാടുകള്‍കൊണ്ടുമാത്രം സ്ത്രീക്ക് നീതി ലഭിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

കുടുംബത്തിലെന്നപോലെ സമൂഹത്തിലും സ്ത്രീ പുരുഷന്മാര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത് എന്നതിനാല്‍ സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടത് പുരുഷന്‍െറ കൂടി ആവശ്യമാണ്. പുരുഷനെപ്പോലെയാകാനുള്ള ശ്രമങ്ങളല്ല സ്ത്രീകള്‍ നടത്തേണ്ടത്. പകരം പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണ് തങ്ങളെന്ന ബോധ്യത്തോടെ സഹായികളും ഗുണകാംക്ഷികളുമായി പരസ്പരം ശാക്തീകരിക്കുമ്പോള്‍ ആണ് സ്ത്രീ പുരുഷ ബന്ധം ആരോഗ്യകരമാവുക. സ്ത്രീശാക്തീകരണം സ്ത്രീയുടെ വ്യക്തിപരമായ വളര്‍ച്ച മാത്രമാണെന്നും പുരുഷന് ഇതില്‍ ഒട്ടും പങ്കില്ളെന്നും സ്ത്രീസമൂഹത്തിന്‍െറ നിര്‍ണായകഭാഗമല്ളെന്നും. പ്രസവവും ശിശുപരിപാലനവും മാത്രമാണവരുടെ നിശ്ചിത ജോലിയെന്നുമൊക്കെ ചിന്തിക്കുന്നവര്‍ക്ക് സമൂഹത്തിന്‍െറ പൊതുധാരയിലേക്കുള്ള അവളുടെ പ്രവേശത്തെ ഉള്‍ക്കൊള്ളാനാവില്ല.

സ്ത്രീക്ക് വളരാനും ഉയരാനും പുരുഷന്‍െറ പിന്തുണ ആവശ്യമാണ് എന്നതുപോലെതന്നെ പ്രധാനമാണ് സ്ത്രീയുടെ വളര്‍ച്ചയും സുരക്ഷയും തന്‍െറകൂടി ദൗത്യവും കടമയുമാണെന്ന പുരുഷന്‍െറ തിരിച്ചറിവ്. പരസ്പരം അസഹിഷ്ണുതയോ അസഹനീയതയോ അനുഭവപ്പെടാത്ത വിധമുള്ള ഉള്ളുതുറന്ന പിന്തുണയും  പ്രോത്സാഹനവുമാകണം  ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ആധാരശില. വേണ്ടത് സ്ത്രീ-പുരുഷ ശാക്തീകരണമാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's day 16
Next Story