വെള്ളംകുടിപ്പിച്ച പൊമ്പിളൈ സമരം
text_fieldsതൊഴില്‍മേഖലയുടെ പരിഷ്കരണത്തിനുള്ള പുതിയ സംരംഭങ്ങള്‍ നേട്ടമായി എണ്ണുമ്പോഴും അടിസ്ഥാന വിഷയങ്ങളില്‍ പരിഹാരമില്ലാത്തതിന്‍െറ നിറംമങ്ങലിലാണ് തൊഴില്‍വകുപ്പ്. നോക്കുകൂലി നിയമംമൂലം നിര്‍ത്തലാക്കിയത് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെിയ 25 ലക്ഷത്തോളം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വമടക്കം ജലരേഖയായി തുടരുന്നു. സംസ്ഥാനത്തെ തൊഴില്‍രംഗം ഇതരസംസ്ഥാനക്കാരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്ന വസ്തുത നിലനില്‍ക്കെ ഇത് ഏറെ ഗൗരവമര്‍ഹിക്കുന്ന വിഷയവുമാണ്. ‘തൊഴിലും പുനരധിവാസവും’ എന്ന വകുപ്പിന്‍െറ മേല്‍വിലാസം തൊഴിലും നൈപുണ്യവും എന്നാക്കി മാറ്റിയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
തോട്ടംമേഖലയിലെ സമരങ്ങള്‍ വകുപ്പിനെ വെള്ളം കുടിപ്പിച്ചു. വ്യവസ്ഥാപിത ട്രേഡ് യൂനിയനുകളുടെ പിന്തുണയില്ലാതെ മൂന്നാറില്‍ സെപ്റ്റംബറില്‍ ഒമ്പതുദിവസം റോഡ് ഉപരോധിച്ചു. തൊഴിലാളിസ്ത്രീകള്‍ സംഘടിച്ചത് ഉടമകളെയും സര്‍ക്കാറിനെയും ഒരുപോലെ ഞെട്ടിച്ചു. കണ്ണന്‍ദേവന്‍ പ്ളാന്‍േറഷനെതിരെയാണ് സ്ത്രീകള്‍ സമരരംഗത്തിറങ്ങിയത്. തൊഴിലാളിജീവിതം ദുസ്സഹമാണെന്ന തിരിച്ചറിവില്‍ പ്രശ്നമവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 500 രൂപ മിനിമംകൂലി ആവശ്യപ്പെട്ടുള്ള തൊഴില്‍ സമരങ്ങള്‍ പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റികളെ (പി.എല്‍.സി) ഇളക്കിമറിച്ചു. ആര്‍ക്കും കേടില്ലാതെ ഒരു പരിധിവരെ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാറിനായി. തോട്ടംതൊഴിലാളികള്‍ ഇന്നും ദുസ്സഹമായ ജീവിതാവസ്ഥയിലാണെന്നത് വസ്തുതയായി ശേഷിക്കുന്നു. രണ്ടു തവണയാണ് തോട്ടംമേഖലയിലെ വേതനപരിഷ്കരണം നടന്നത്. ഏകദേശം 10 ലക്ഷം തോട്ടംതൊഴിലാളികളെയും 2.5 ലക്ഷം കയര്‍ തൊഴിലാളികളെയും ആം ആദ്മി ബീമ യോജനയില്‍ ഉള്‍പ്പെടുത്തി.
യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യവും വൈദഗ്ധ്യ വികസനവും ലഭ്യമാക്കി. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഷകളില്‍ പ്രാപ്തരാക്കുന്നതിന് ‘കൗശല്‍ കേന്ദ്ര’ങ്ങളും തുടങ്ങി. മിനിമം വേതനം ഉറപ്പാക്കുന്നതിന് ഇ-പേമെന്‍റ് സംവിധാനം ഏര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളുടെ നിസ്സഹകരണംകൊണ്ട് ലക്ഷ്യത്തിലത്തൊന്‍ കഴിയാതെപോയ സംരംഭങ്ങളിലൊന്നാണ് കുടുംബങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്. ഏറെ പ്രയോജനം ചെയ്യുമായിരുന്ന പരിപാടി മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്‍ മിക്കവയും പുറംതിരിഞ്ഞതോടെ അവതാളത്തിലായി. അസംഘടിത മേഖലയില്‍ തൊഴിലാളികള്‍ക്ക് ഫ്ളാറ്റ് വളരെ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്നതിന് ‘ജനനി’പദ്ധതിക്കുവേണ്ടി 25 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല. എല്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളിലും കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കി. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എംപ്ളോയ്ബിലിറ്റി സെന്‍റര്‍ എന്ന പദ്ധതിക്കും തുടക്കമിട്ടു.
നയം വന്നെങ്കിലും കൃഷി കുറഞ്ഞു
കൃഷിവകുപ്പിന്‍െറ പ്രധാനനേട്ടം കാര്‍ഷികനയം രൂപവത്കരിച്ചതാണ്. കേരളത്തിന്‍െറ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിക്കാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ട്. മണ്ണ്, ജലസംരക്ഷണം, നീര്‍മറി വികസനം തുടങ്ങിയ വിഷയങ്ങളെല്ലാം നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ നയം കടലാസിലൊതുങ്ങി. കൃഷിഭൂമി സംരക്ഷിക്കണമെന്നും അത് കൃഷിക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നുമായിരുന്നു കാര്‍ഷികനയം. എന്നാല്‍, വികസനപദ്ധതികള്‍ക്കുവേണ്ടി കൃഷിഭൂമിയും ഏറ്റെടുക്കാമെന്നാണ് റവന്യൂവകുപ്പ് വിജ്ഞാപനമിറക്കിയത്.
കാര്‍ഷികമേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. കൃഷിഭവന്‍വഴി കര്‍ഷകര്‍ക്ക് നിരവധി സഹായങ്ങള്‍ വിതരണം ചെയ്തു. കാര്‍ഷികമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്തു. പച്ചക്കറി ഉല്‍പാദനത്തിലെ സ്വയംപര്യാപ്തത, ജൈവകൃഷി, കേരസമൃദ്ധി, കേരഗ്രാമം, നീരയുല്‍പാദനം, പച്ചത്തേങ്ങ സംഭരണം, ഹൈടെക് കൃഷി, ഹെല്‍ത്ത് കാര്‍ഡ് വിതരണം, നിറവ്, കാര്‍ഷിക കര്‍മസേന, ഡെയറിഫാം തുടങ്ങിയവയാണ് നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
കൃഷികള്‍ക്ക് ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടായെങ്കിലും ഉല്‍പാദനമേഖലയില്‍ അതിനാനുപാതിക വര്‍ധന ഉണ്ടാക്കാനായിട്ടില്ല. നെല്ലുല്‍പാദനത്തിന്‍െറ കണക്ക് ഇത് വ്യക്തമാക്കുന്നു. നെല്‍കൃഷി വികസനത്തിന് ചെലവഴിച്ച തുക 66 കോടിയില്‍നിന്ന് 112 കോടിയായി ഉയര്‍ന്നു. എന്നാല്‍, 2009ലെ 2.34 ലക്ഷം ഹെക്ടറില്‍നിന്ന് നെല്‍പ്പാടത്തിന്‍െറ വിസ്തീര്‍ണം 1.99 ലക്ഷമായി ചുരുങ്ങി.
അഞ്ചേകാല്‍ കോടി ചെലവഴിച്ച് മഹിള കിസാന്‍ ശാക്തീകരണ പരിയോജന നടപ്പാക്കി. തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് യന്ത്രവത്കൃത നെല്‍കൃഷിയില്‍ പരിശീലനവും കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ ലഭ്യമാക്കലുമാണ് വിഭാവന ചെയ്തത്. 3233 വനികളെ ഗുണഭോക്താക്കളാക്കി ലേബര്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കോടികള്‍ ചെലവഴിച്ചിട്ടും നീര ഉല്‍പാദനം കേരകര്‍ഷകര്‍ക്ക് താങ്ങായില്ല. നീര ഉല്‍പാദനത്തെ സംബന്ധിച്ച കൃഷിവകുപ്പിന്‍െറ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പദ്ധതി കാര്യമായി മുന്നോട്ടുപോയില്ളെന്ന് വ്യക്തമാക്കുന്നു.
പച്ചക്കറി കൃഷിവികസനത്തില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ക്ളസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറികൃഷി, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പച്ചക്കറിത്തോട്ടം എന്നിവ വിജയംകണ്ടു. ഹൈടെക് ഫാമിങ് പദ്ധതി നടപ്പാക്കിത്തുടങ്ങി. പോളിഹൗസ് കൃഷിക്ക് നല്‍കിയ സബ്സിഡി 75 ശതമാനമാണ്. കുട്ടനാട് ഉള്‍പ്പെടെ കാര്‍ഷിക പാക്കേജുകള്‍ നടത്തിപ്പിലെ കെടുകാര്യസ്ഥതമൂലം വെള്ളത്തിലായി. അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണി പരിഹരിക്കാന്‍ പാരമ്പര്യകൃഷിക്ക് മൂന്നുകോടി ചെവഴിച്ചെങ്കിലും കൃഷിമാത്രമുണ്ടായില്ല. 2016 വര്‍ഷത്തോടെ സംസ്ഥാനം ജൈവകൃഷി സംസ്ഥാനമായി മാറുമെന്നാണ് മറ്റൊരു പ്രഖ്യാപനം. എന്നാല്‍, കീടനാശിനികളുടെ ഉപയോഗം കൂടുകയാണ്.
(നാളെ: ആശങ്ക ഉയര്‍ത്തിയ നിതാഖാത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.