ആശങ്ക ഉയര്‍ത്തിയ നിതാഖാത്
text_fieldsപ്രവാസി മലയാളികള്‍ തൊഴില്‍മേഖലയില്‍ മുമ്പെങ്ങും നേരിടാത്ത വെല്ലുവിളിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നേരിട്ടത്. സൗദി അറേബ്യയില്‍ നടപ്പാക്കിയ നിതാഖാത് നിയമം മലയാളി സമൂഹത്തിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കൂട്ടത്തോടെ പ്രവാസികള്‍ക്ക് മടങ്ങേണ്ടിവരുമെന്ന ആശങ്കയുയര്‍ന്നു. കേരളത്തിന്‍െറ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളുടെ മടക്കം വന്‍പ്രത്യാഘാതം വരുത്തുമെന്നായിരുന്നു ആശങ്കകള്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകള്‍ ആശ്വാസമായി. തൊഴില്‍/വിസാ രേഖകള്‍ ക്രമീകരിക്കുന്നതിനുള്ള ഇളവ് 2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ നേടിയെടുക്കാന്‍ കഴിഞ്ഞു. പ്രവാസി മലയാളികളുടെ വന്‍ തിരിച്ചുവരവ് നിയന്ത്രിക്കാനായി.
എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത് പുനരധിവാസപദ്ധതി വേണ്ടത്ര ഫലംചെയ്തില്ല. 22,634 പേര്‍ നിതാഖാത് മൂലം തിരിച്ചുവന്നെന്നാണ് കണക്ക്. ഇവരുടെ പുനരധിവാസത്തിന് നോര്‍ക്ക വകുപ്പ് ‘പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ്’ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപ വരെ മൂലധന ചെലവുവരുന്ന സംരംഭങ്ങള്‍ക്ക് ബാങ്കുകള്‍ വഴി ലോണും 15 ശതമാനം മൂലധന സബ്സിഡിയും ആദ്യ നാലുവര്‍ഷത്തേക്ക് മൂന്നുശതമാനം പലിശ സബ്സിഡിയും നല്‍കി. അപേക്ഷകരില്‍ 2841 പേര്‍ അര്‍ഹരാണെന്ന് കണ്ടത്തെിയെങ്കിലും 1072 പേര്‍ക്ക് മാത്രമാണ് ആനൂകൂല്യംലഭിച്ചത്. 6.68 കോടി രൂപ സബ്സിഡിയായി ബാങ്കുകള്‍ക്ക് കൈമാറി. 2015-16ല്‍ 8.75 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവെച്ചു. 2014-15ല്‍ അഞ്ചുകോടിയുള്‍പ്പെടെ 7.48 കോടി അനുവദിക്കുകയും അതില്‍ 6.68 രൂപ സബ്സിഡിയായി നല്‍കുകയും ചെയ്തു. 2015-16ല്‍ 8.75 കോടി രൂപ കൂടി പദ്ധതിക്കായി അനുവദിച്ചു.
ആഭ്യന്തര സംഘര്‍ഷമുണ്ടായ ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ മലയാളികളുടെ സുരക്ഷ ആശങ്കപ്പെടുത്തുന്നതായിരുന്നു. സര്‍ക്കാര്‍ 1.43 കോടി രൂപ ചെലവഴിച്ച് 3835 പേരെ തിരികെ നാട്ടിലത്തെിച്ചു. ജമ്മു കശ്മീരിലെയും ഉത്തരാഖണ്ഡിലെയും വെള്ളപ്പൊക്കത്തെതുടര്‍ന്ന് മലയാളികളെ തിരികെയത്തെിക്കാനും പ്രവാസിവകുപ്പ് മുന്‍കൈയെടുത്തു.
സാന്ത്വന പദ്ധതിയില്‍ 6552 പേര്‍ക്ക് 23.74 കോടി രൂപ വിതരണംചെയ്തു. ധനസഹായം ലഭിക്കുന്നതിനുള്ള വാര്‍ഷിക കുടുംബ വരുമാനപരിധി 25,000 രൂപയില്‍നിന്ന് ലക്ഷം രൂപയായും മരണാനന്തര ധനഹായം പരമാവധി 10,000 രൂപയില്‍നിന്ന് ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി 10,000 രൂപ യില്‍നിന്ന് 50,000 രൂപയായും വിവാഹ ധനസഹായം 5000 രൂപയില്‍നിന്ന് 15,000 രൂപയായും കൂട്ടി.
ഓവര്‍സീസ് എംപ്ളോയ്മെന്‍റ് സ്കില്‍ ടെസ്റ്റിങ് സെന്‍റര്‍, പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍ നടത്തും, പ്രവാസികളുടെ ഡാറ്റാ ബാങ്ക് തയാറാക്കും, പ്രവാസി നിക്ഷേപ/വ്യവസായ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശത്തിന് ബിസിനസ് സെന്‍റര്‍ തുടങ്ങിയവയെല്ലാം ബജറ്റില്‍ ഒതുങ്ങിയ പ്രഖ്യാപനങ്ങളായി.
ന്യൂനപക്ഷ ക്ഷേമവകുപ്പ്
ന്യൂനപക്ഷ കമീഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഗുണഭോക്താക്കളില്‍ എത്തുന്നില്ളെന്നത് ഏറെക്കാലമായുള്ള പരാതിയാണ്. ഇതിന് പരിഹാരമായി ന്യൂനപക്ഷവകുപ്പ് ആവിഷ്കരിച്ച പദ്ധതിയെ സര്‍ക്കാര്‍തന്നെ സംശയ ദൃഷ്ടിയോടെ കാണുകയും പിന്നീടത് വിവാദങ്ങളിലത്തെുകയും ചെയ്തു. എസ്.സി/ എസ്.ടി പ്രമോട്ടര്‍ മാതൃകയില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിക്കാനുള്ള തീരുമാനമാണ് വിവാദമായത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം യു.പി.എ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. പൂര്‍ണമായും മുസ്ലിംകളുടെ ക്ഷേമത്തിനായാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടിയിരുന്നത്. കേരളത്തിലെ സാഹചര്യം പരിഗണിച്ച് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 80 ശതമാനം മുസ്ലിംകളും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങളും എന്നാക്കി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍. ഈ അനുപാതത്തിലായിരുന്നു ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനവും. സച്ചാര്‍ കമീഷന്‍ ശിപാര്‍ശ നടപ്പാക്കാന്‍ അനുവദിച്ച ഫണ്ടില്‍നിന്നായിരുന്നു പ്രമോട്ടര്‍മാരുടെ നിയമനം. യു.ഡി.എഫില്‍ ചിലര്‍തന്നെ ഇത് വിവാദമാക്കി. പ്രമോട്ടര്‍മാരുടെ നിയമനം മാസങ്ങളോളം മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല. ഓണറേറിയംപോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. എട്ടുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രമോട്ടര്‍മാരുടെ നിയമനം അംഗീകരിച്ചതും ഓണറേറിയം അനുവദിച്ചതും. എന്നാല്‍, പ്രമോട്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തെ ആയുസേ സര്‍ക്കാര്‍ വിധിച്ചിരുന്നുള്ളൂ. ന്യൂനപക്ഷ ക്ഷേമത്തിനായി സംസ്ഥാന ന്യൂനപക്ഷവകുപ്പ് രൂപവത്കരിച്ചു. ഒട്ടേറെ വേറിട്ട പദ്ധതികള്‍ ന്യൂനപക്ഷവകുപ്പ് ആവിഷ്കരിച്ചുനടപ്പാക്കി.
പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് സര്‍വിസ് പരീക്ഷകള്‍, ആര്‍.ആര്‍.ബി എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍, വിവിധ കോഴ്സുകള്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി ന്യൂനപക്ഷവകുപ്പിന് കീഴില്‍ 14 ജില്ലകളിലായി 16 പരിശീലനകേന്ദ്രങ്ങളും 23 ഉപകേന്ദ്രങ്ങളും തുടങ്ങി.
3000 ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 4000 രൂപ വീതവും 1000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവും പ്രഫഷനല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് 6000 രൂപ വീതവും 2000 പേര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപന്‍ഡായി 12,000 രൂപ വീതവും നല്‍കുന്നുണ്ട്. സംസ്ഥാനത്തെ മദ്റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി പലിശരഹിതമാക്കി. അഞ്ചുവര്‍ഷത്തില്‍ കുറയാത്തകാലം അംശദായം അടച്ച് അംഗത്വം നിലനിര്‍ത്തിയ 65 വയസ്സ് പൂര്‍ത്തിയായ ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്റസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍. കേന്ദ്രസര്‍ക്കാറിന്‍െറ എം.എസ്.ഡി.പി പദ്ധതിയില്‍ വയനാട് ജില്ലയാണ് ഉള്‍പ്പെട്ടത്. 30 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പദ്ധതി നിര്‍വഹണത്തിന്‍െറ കാര്യത്തില്‍ രാജ്യത്ത് 17ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്തത്തെി. 12ാം പദ്ധതിയില്‍ വയനാട് ജില്ലയിലെ പനമരം, കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ളോക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും ഉള്‍പ്പെടുത്തി. 30 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
1992ലെ നാഷനല്‍ കമീഷന്‍ ഫോര്‍ മൈനോറിറ്റീസ് ആക്ട് പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കേന്ദ്ര പൊതുമേഖല/ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പഠനത്തിനും ജോലിക്കുമായി സമീപിക്കുമ്പോള്‍ ഹാജരാക്കേണ്ട ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികൃതരില്‍നിന്ന് നല്‍കാന്‍ തീരുമാനം. ഇത് ഇ-സര്‍ട്ടിഫിക്കറ്റായി ലഭ്യമാക്കി.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.