നാരദന്‍െറ കാമറയും മമതയുടെ ഭാവിയും
text_fieldsപാര്‍ലമെന്‍റ്, നിയമസഭ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാതലത്തിലും തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിനൊടുവിലാണ് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസും സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഇടതുമുന്നണിയും സീറ്റുധാരണയിലത്തെിയത്. ചരിത്രപരമായി നോക്കിയാല്‍ അസാധ്യമായതിനെ സാധ്യമാക്കുന്ന രാഷ്ട്രീയമാണത്. കോണ്‍ഗ്രസുമായുള്ള ബന്ധം രാഷ്ട്രീയതലത്തിലും ആശയപരമായും സി.പി.എമ്മിന് പ്രശ്നമാണ്. കേരളത്തില്‍ പോരടിച്ചും പശ്ചിമബംഗാളില്‍ തോളില്‍ കൈയിട്ടും പോകുമ്പോഴത്തെ വിവരണാതീതസ്ഥിതി പറഞ്ഞുബോധ്യപ്പെടുത്താന്‍ ഒരുവിഭാഗം പാര്‍ട്ടിക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. വ്യത്യസ്തമായ ഓരോ രാഷ്ട്രീയസാഹചര്യങ്ങള്‍ ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലും ഉണ്ടായപ്പോള്‍ വിശാലമുന്നണികള്‍ക്ക് സി.പി.എം ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പൊതുമിനിമം പരിപാടിയില്ലാതെതന്നെ സി.പി.എം മറ്റു പാര്‍ട്ടികളുമായി സീറ്റുപങ്കിടല്‍ ക്രമീകരണമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കടുത്ത ആശയഭിന്നതയുള്ളതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി ചേരാന്‍ പറ്റില്ളെന്ന് 2015ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രഖ്യാപനമാണ് മമതയെ നേരിടുകയെന്ന പ്രതികാരലക്ഷ്യം മുന്‍നിര്‍ത്തി വെട്ടിത്തിരുത്തിയത്.
പ്രസക്തി നിലനിര്‍ത്താനും തെളിയിക്കാനുമുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ സി.പി.എം നടത്തിവരുന്നത്. ഇടതുമുന്നണിക്ക് അടിത്തറപാകിയ അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്നങ്ങള്‍ പെരുകിവരുമ്പോള്‍തന്നെ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4.8 ശതമാനമെന്ന വോട്ടുവിഹിതം മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ ലഭിച്ചത്-ചരിത്രത്തിലെ ഏറ്റവും മോശമായ നിരക്ക്. പശ്ചിമബംഗാളില്‍ മാത്രമല്ല, ഒരിക്കല്‍ സ്വാധീനമേഖലകളായിരുന്ന ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ വോട്ടുവിഹിതം 2014ല്‍ ഒരു ശതമാനമായി കുറഞ്ഞു. പരമ്പരാഗത വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിടുന്നുവെന്നതാണ് ചിത്രം. 2006ല്‍ 25 വയസ്സില്‍ താഴെയുള്ളവരില്‍ പകുതിപ്പേരുടെ പിന്തുണനേടാന്‍ കഴിഞ്ഞ ഇടതുപാര്‍ട്ടികള്‍ക്ക് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോള്‍, ഈ ഗണത്തില്‍ വരുന്നവരുടെ പിന്തുണ മൂന്നിലൊന്നായി കുറഞ്ഞു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് അഞ്ചിലൊന്നുമാത്രമായി. തൊഴിലാളിവര്‍ഗ രാഷ്ട്രീയം നാമമാത്രമായി, സംഘടിതശേഷി കുറഞ്ഞുവരുന്നു. ജാതി-മത സ്വാധീനം സമൂഹത്തില്‍ വര്‍ധിക്കുന്നു, ഉള്‍പാര്‍ട്ടി തലത്തിലും പ്രവര്‍ത്തകരിലുമുള്ള ചോദ്യം ചെയ്യേണ്ടുന്ന ദൗര്‍ബല്യങ്ങള്‍ പെരുകുന്നു എന്നിങ്ങനെ ഇതിനെല്ലാം കാരണങ്ങള്‍ പലതുണ്ട്.
കോണ്‍ഗ്രസാകട്ടെ, സഖ്യങ്ങളില്ലാതെ ഇനി പാര്‍ട്ടിക്ക് രക്ഷയില്ളെന്ന യാഥാര്‍ഥ്യമാണ് അഭിമുഖീകരിക്കുന്നത്. ഒൗദ്യോഗികമായി സഖ്യമില്ലാതെ, ധാരണയില്‍ നീങ്ങാനുള്ള രണ്ടു പാര്‍ട്ടികളുടെയും നീക്കുപോക്ക് നഷ്ടബോധത്തില്‍നിന്നാണ്. പശ്ചിമബംഗാളില്‍ രണ്ടു പാര്‍ട്ടികളും തൃണമൂലിന് ഉത്തരവാദപ്പെട്ട ബദല്‍ എന്നനിലയിലാണ് അവതരിക്കുന്നത്. ഏതാനും ഗ്രാമീണജില്ലകളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരുകളുണ്ട്. പരസ്പരധാരണയില്‍ മുന്നോട്ടുപോയാല്‍ ഇതു മുതലാക്കാമെന്ന് സി.പി.എം കരുതുന്നു. എന്നാല്‍, അഞ്ചുവര്‍ഷമായി ഭരണത്തിന്‍െറ പുറത്തുനില്‍ക്കുന്ന സി.പി.എമ്മിനെ വീണ്ടും സ്നേഹിച്ചുതുടങ്ങാന്‍ സമയമായെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുന്നുണ്ടോ എന്നതാണ് കാതലായചോദ്യം. ഭൂമി ഏറ്റെടുക്കല്‍, വഴിവിട്ട വ്യവസായി പ്രണയനയങ്ങള്‍ എന്നിവയെല്ലാം വഴി ബംഗാളിലെ ബഹുഭൂരിപക്ഷത്തെ വെറുപ്പിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് ഒട്ടൊക്കെ വേരോടെതന്നെ സി.പി.എം പിഴുതെറിയപ്പെട്ടുപോയത്; തൃണമൂലിനെ ബദലായി കാണാന്‍ വോട്ടര്‍മാര്‍ നിര്‍ബന്ധിതമായത്. അതേസമയം, പശ്ചിമബംഗാളില്‍ ഒന്നിച്ചുനില്‍ക്കുന്ന പരമ്പരാഗത ശത്രുക്കള്‍ക്ക് സ്വന്തം വോട്ടുബാങ്ക് പരസ്പരം കൈമാറ്റം ചെയ്യാന്‍ കഴിയുമോ എന്നതാണ് കാതലായചോദ്യം.
ഇതിനെല്ലാമിടയിലാണ്, നാരദവേഷത്തിലത്തെിയ മാത്യു സാമുവല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ അങ്കത്തട്ടിലേക്ക് കോഴബോംബ് എടുത്തെറിഞ്ഞത്. അതിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വിയര്‍പ്പിക്കുകയാണ്. ഒളിസേവയിലൂടെ നാരദാ ഡോട് കോമിന്‍െറ കാമറ പകര്‍ത്തിയെടുത്ത നോട്ടുകെട്ടുകൈമാറ്റം പുറംലോകത്ത് എത്തുന്നതിനുമുമ്പ് തെരഞ്ഞെടുപ്പുചിത്രം മറ്റൊന്നായിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും പിന്നാമ്പുറ ഒളിസേവയിലൂടെ ധാരണ രൂപപ്പെടുത്തിയെങ്കിലും, മമതയെ മറിച്ചിടാന്‍ അതുകൊണ്ടൊന്നും ഇക്കുറി കഴിയില്ളെന്ന് വ്യക്തമായിരുന്നു. തരക്കേടില്ലാത്ത പോരാട്ടം മമതക്കെതിരെ നടത്തിക്കൊണ്ട് പ്രതിച്ഛായ കൂടുതല്‍ മോശമാകാതിരിക്കാനാണ് കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചത്. നാരദന്‍െറ ഒളികാമറ പ്രയോഗത്തില്‍ മറിഞ്ഞു വീഴാന്‍ പോകുന്നുവെന്ന് ഇപ്പോഴും അര്‍ഥമില്ല. എന്നാല്‍, അത് മമതക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഏല്‍പിച്ച പരിക്ക് ചെറുതല്ല. സുതാര്യതയും ലാളിത്യവുമൊക്കെ പറഞ്ഞ് സി.പി.എമ്മിനെ മലര്‍ത്തിയടിച്ച പാര്‍ട്ടി ഇന്ന് പറഞ്ഞുനില്‍ക്കാന്‍ വല്ലാതെ വിഷമിക്കുകയാണ്.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസിനേക്കാള്‍ ഗുരുതരമായൊരു പ്രതിസന്ധിയിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കടന്നുപോകുന്നത്. ഗ്രാമീണവോട്ടര്‍മാര്‍ മാറിച്ചിന്തിക്കുന്നതിന്‍െറ ലക്ഷണമൊന്നുമില്ളെങ്കിലും, തൃണമൂലിന്‍െറ ധാര്‍മികശക്തി കുറഞ്ഞു; പ്രതിച്ഛായ ഇടിഞ്ഞു. റബര്‍ ചെരിപ്പിട്ട്, വിലകുറഞ്ഞ സാരിയുടുത്ത് കെട്ടിപ്പൊക്കിയ ലളിതജീവിതത്തിലാണ് കരിനിഴല്‍. 2001ല്‍ തെഹല്‍ക്ക പ്രതിരോധവകുപ്പിലെ അഴിമതി പുറത്തുവിട്ടപ്പോള്‍, അഴിമതിക്കാരുടെ മന്ത്രിസഭയില്‍ ഇരിക്കാന്‍ കഴിയാതെ, പടവാളുയര്‍ത്തി എന്‍.ഡി.എ സഖ്യം വിട്ട നേതാവാണ് മമത. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒളികാമറ തൃണമൂല്‍ നേതാക്കളെയാണ് പിടികൂടിയത്. ഒളികാമറ പ്രയോഗം രണ്ടു വര്‍ഷംമുമ്പ് നടന്നതാണെന്നും, ഇപ്പോള്‍ പുറത്തുവിട്ടത് രാഷ്ട്രീയതാല്‍പര്യങ്ങള്‍ കൊണ്ടാണെന്നും തൃണമൂല്‍ വിശദീകരിക്കുന്നുണ്ട്. മാത്യു സാമുവലിന്‍െറ താല്‍പര്യങ്ങളും ജീവിതപശ്ചാത്തലവുമൊക്കെ സംശയാസ്പദമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടിനുമിടയില്‍, പണം കൈമാറ്റം നിഷേധിക്കാനാവാത്ത സത്യമായി വോട്ടര്‍മാര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഡിയോ ചിത്രത്തെക്കുറിച്ച് അന്വേഷണം, ഫോറന്‍സിക് പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍പോലും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഉയരാത്തതിന്‍െറ പൊരുള്‍ എന്താണെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. സി.പി.എമ്മിന്‍െറ പ്രസക്തി, കോണ്‍ഗ്രസിന്‍െറ ക്ഷയം എന്നിവയെല്ലാം വിട്ട്, തെരഞ്ഞെടുപ്പുരംഗത്തെ ചര്‍ച്ച നാരദനും കാമറയുമാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിരിക്കുന്നു.
മറുവശത്ത്, മമതയെ വശത്താക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളും തെളിഞ്ഞുകിടക്കുന്നു. തൃണമൂല്‍നേതാക്കളെ കുരുക്കിയ ഒളികാമറ പ്രയോഗത്തിന്‍െറ കാര്യത്തില്‍ മോദിസര്‍ക്കാറിന്‍െറ പ്രതികരണത്തിന് അര്‍ദ്ധമനസ്സാണ്. ലോക്സഭയിലെ അഞ്ചംഗങ്ങള്‍ ഉള്‍പ്പെട്ട ആരോപണം സദാചാര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തീരുമാനിച്ചു. എന്നാല്‍, ഒരു രാജ്യസഭാംഗവും ഈ കേസില്‍ പ്രതിക്കൂട്ടിലുണ്ട്. സര്‍ക്കാര്‍ ന്യൂനപക്ഷമായ സഭയില്‍, ഒളികാമറ വിഷയം സദാചാരസമിതിക്ക് വിടണമെന്ന നിര്‍ദേശത്തിന് വഴങ്ങാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തയാറായില്ല. യഥാര്‍ഥത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയെക്കൊണ്ട് (ജെ.പി.സി) അന്വേഷിപ്പിക്കേണ്ട ആരോപണമാണിത്. തൃണമൂല്‍ നേതാക്കളുടെ സാമൂഹികപ്രതിബദ്ധത എത്രത്തോളമെന്നതു മാത്രമല്ല കാര്യം. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന്‍െറ യഥാര്‍ഥമുഖം വീണ്ടും അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, രാഷ്ട്രീയമായ മനക്കോട്ടകള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍തീരുമാനം. പാര്‍ലമെന്‍റില്‍ തൃണമൂലിന്‍െറ പിന്തുണ ബി.ജെ.പിക്ക് വേണം-സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ പ്രത്യേകിച്ചും. മുതിര്‍ന്ന തൃണമൂല്‍നേതാക്കള്‍ ഉള്‍പ്പെട്ട ശാരദ കേസിന്‍െറ അന്വേഷണവും മെല്ലപ്പോക്കിലായത് എന്തുകൊണ്ടാണെന്ന് നാരദസേവ വ്യക്തമാക്കുന്നു. സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന വംഗനാട്ടില്‍ തന്‍െറ പഴയബന്ധങ്ങള്‍ക്ക് ഊഷ്മളത പകര്‍ന്ന് ബി.ജെ.പി-തൃണമൂല്‍ നീക്കുപോക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് മമത ചിന്തിക്കുന്നുണ്ടാവാം. ന്യൂനപക്ഷ വോട്ടിനെക്കുറിച്ച ആശങ്കകള്‍ പിന്നാക്കം വലിച്ചുനിര്‍ത്തുന്നുണ്ടാവാം. രണ്ടായാലും, നാരദയില്‍ മമതയെ വെട്ടിലാക്കാതിരിക്കുന്ന ബി.ജെ.പിക്ക്, അവരുമായുള്ള ബാന്ധവത്തിന് ഇന്നലെയും ഇന്നും നാളെയും താല്‍പര്യമുണ്ട്. അഴിമതിക്കെതിരെ മോദിസര്‍ക്കാര്‍ നടത്തുന്നതായി പറയുന്ന ‘പോരാട്ട’ത്തിന്‍െറ വീര്യംകൂടിയാണ് നാരദയില്‍ പ്രകടമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.