മായാതെ ആ പുഞ്ചിരി
text_fieldsജിഷ്ണുവിന് അസുഖമാണെന്ന് വൈകിയാണ് അറിഞ്ഞത്്. അസുഖം പ്രകടമായശേഷം രണ്ടുമൂന്ന് മാസം കഴിഞ്ഞായിരുന്നു ആ വിവരം അറിഞ്ഞത്. അന്ന് തിരുവനന്തപുരത്തത്തെി ഞാനും ഭാര്യയും ജിഷ്ണുവിനെ കണ്ടു. എന്‍െറ കുടുംബവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ജിഷ്ണുവിനെ അസുഖത്തിന്‍െറ തീവ്രത എത്രത്തോളം ബാധിച്ചിരിക്കുമെന്ന കാര്യത്തിലുള്ള ആശങ്കയായിരുന്നു അന്ന് ഞങ്ങളെ അലട്ടിയത്. അവന്‍ കാഴ്ചയില്‍ അവശനായിരിക്കുമോയെന്നും ആകുലപ്പെട്ടിരുന്നു.
സ്വീകരണമുറിയില്‍ രാഘവേട്ടനുമായി സംസാരിച്ചിരിക്കുമ്പോള്‍ മുകളില്‍നിന്ന് ഇറങ്ങി വന്ന ജിഷ്ണുവില്‍ അന്ന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കണ്ടില്ല. പക്ഷേ, അടുത്തു വന്നപ്പോള്‍ കഴുത്തില്‍ ഒരു കുഴല്‍ ഇട്ടിരിക്കുന്നത് കണ്ടു. ആഹാരവും മരുന്നും കഴിക്കുന്നത് ഈ കുഴലിലൂടെയായിരുന്നു. കുഴലിട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ളെന്ന് ജിഷ്ണു ആംഗ്യഭാഷയില്‍ അറിയിച്ചു. ആ കാഴ്ച ഞങ്ങള്‍ക്ക് കടുത്ത ആഘാതമായി തോന്നി. ഞങ്ങള്‍ രണ്ടുപേരും അല്‍പസമയത്തേക്ക് നിശ്ശബ്ദരായി. ജിഷ്ണു അന്നും വളരെ പ്രസന്നവദനനായാണ് അഭിമുഖീകരിച്ചത്. പിന്നീട് കൈയിലിരുന്ന ഡയറിയില്‍ പേന കൊണ്ട് കുറിച്ചു. സാറിന് സുഖമാണോ?, പുതിയ പടം ഏതാണ് ?. രോഗത്തെ കുറിച്ചൊന്നും അവന്‍ ആദ്യം ഡയറിയില്‍ എഴുതിയിരുന്നില്ല. രണ്ടുമാസം കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നും ചില തമിഴ് സിനിമയില്‍ ക്ഷണമുണ്ടെന്നും മലയാളത്തില്‍ ഒരു നല്ല തിരിച്ചുവരവിന് കാത്തിരിക്കുകയാണെന്നും ആ കൂടിക്കാഴ്ചയില്‍ ജിഷ്ണു പറഞ്ഞിരുന്നു. നിനക്ക് എന്ത് തോന്നുന്നുവെന്ന് ഞാന്‍ ചോദിച്ചു. കുഴപ്പമില്ല സാര്‍, ഞാന്‍ അതിജീവിക്കും എന്നായിരുന്നു ജിഷ്ണു അതിന് ഡയറിയില്‍ മറുപടി കുറിച്ചത്. ഇതിനിടെ ആഹാരം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞതനുസരിച്ച് അകത്തേക്ക് പോയി. ട്യൂബിലൂടെ ആഹാരം കഴിക്കേണ്ടിവരുന്ന ജിഷ്ണുവിനെ കാണാനുള്ള കരുത്തില്ലാത്തതിനാല്‍ ഞങ്ങള്‍ മടങ്ങി.
പിന്നീട് ഒരിക്കല്‍ ജിഷ്ണുവിനെ കാണാന്‍ ചെന്നപ്പോള്‍ അവന്‍ തന്നെ വന്ന് ഗേറ്റ് തുറന്നു. സോഷ്യല്‍ മീഡിയയില്‍ ജിഷ്ണു രോഗബാധിതനാണെന്ന് പ്രചാരണം വന്ന സമയമായിരുന്നു അത്. അന്നും ഊര്‍ജ സ്വലനായാണ് പെരുമാറിയത്. സംസാരിക്കാന്‍ പ്രയാസമുള്ളതിനാല്‍ വാട്സാപ്പിലായിരുന്നു കൂടുതലും ആശയവിനിമയങ്ങള്‍ നടത്താറ്. ആയുര്‍വേദ ചികിത്സ പരീക്ഷിച്ചപ്പോഴും ഇക്കാര്യമെല്ലാം വാട്സാപ്പ് വഴി ജിഷ്ണു അറിയിക്കുമായിരുന്നു. ഇങ്ങനെയൊരു രോഗമുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും കണ്ണുനിറഞ്ഞ അവസ്ഥയില്‍ കണ്ടിരുന്നില്ല. ഇത്ര ചെറുപ്പത്തിലേ മാരകരോഗത്തിന് അടിപ്പെടേണ്ടി വന്നിട്ടും ജിഷ്ണുവിന്‍െറ ശാന്തത പലപ്പോഴും അദ്ഭുതപ്പെടുത്തി. ഒരിക്കല്‍ ഇക്കാര്യം വാട്സാപ്പിലൂടെ ഞാന്‍ ചോദിക്കുകയുണ്ടായി. ജിഷ്ണു അതിന് നല്‍കിയ മറുപടി ‘ഒറ്റക്കിരിക്കുമ്പോള്‍ എനിക്ക് കരയാന്‍ ഇഷ്ടംപോലെ സമയമുണ്ടല്ളോ. നിങ്ങളെപ്പോലുള്ളവരെ കാണുമ്പോള്‍ ഞാന്‍ എന്തിന് എന്‍െറ വിഷമം പ്രകടിപ്പിക്കണം. നിങ്ങളുടെ സമയം വിലപ്പെട്ടതാണ്’. നടന്‍ ഇന്നസെന്‍റ്, മമ്ത മോഹന്‍ദാസ് എന്നിവരെല്ലാം ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ ജിഷ്ണു അവരെ വിളിച്ച് ധൈര്യം കൊടുക്കുമായിരുന്നു. ഇത്രയും ഹൃദയ വിശുദ്ധിയുള്ള കുലീനമായ പെരുമാറ്റമുള്ള ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടിട്ടില്ല. രാഘവേട്ടന്‍െറ മകനെന്ന പിന്തുടര്‍ച്ച ജിഷ്ണുവിന്‍െറ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മാസം മുമ്പാണ് ജിഷ്ണുവിനെ അവസാനമായി വിളിച്ചത്. രാഘവേട്ടനെ കുറച്ചുനാള്‍ മുമ്പ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കുഴപ്പമില്ളെന്നായിരുന്നു അദ്ദേഹം അന്ന് മറുപടി നല്‍കിയത്.
‘നമ്മള്‍’ എന്ന സിനിമ ആലോചിക്കുമ്പോള്‍ പുതുമുഖങ്ങളെ തേടി പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഭരതേട്ടന്‍െറ മകന്‍ സിദ്ധാര്‍ഥിന്‍െറ കാര്യം നേരത്തേതന്നെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍, ജിഷ്ണുവിനെ പിന്നീടാണ് കണ്ടത്തെിയത്. പരസ്യം കണ്ട് ഒരിക്കല്‍ രാഘവേട്ടന്‍ തന്നെയാണ് ഫോണില്‍ വിളിച്ചത്. എന്‍െറ മകനുണ്ട്, കമല്‍ ഒന്നു കണ്ടുനോക്കൂ എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ജിഷ്ണുവിന്‍െറ ഫോട്ടോകളുമായാണ് രാഘവേട്ടന്‍ കാണാനത്തെിയത്. അന്ന് ജിഷ്ണു ഡല്‍ഹിയിലായിരുന്നു. കഥാപാത്രത്തിന് പറ്റിയ ആളെ കണ്ടത്തെിയെന്ന് ഫോട്ടോ കണ്ടപ്പോള്‍ തന്നെ ബോധ്യപ്പെട്ടു. ആദ്യം നേരില്‍ കണ്ടപ്പോള്‍ ജിഷ്ണുവിന് മുമ്പ് അഭിനയിച്ച് പരിചയമുണ്ടോ എന്ന് ചോദിച്ചു. ബാലതാരമായി അച്ഛന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചത് മാത്രമായിരുന്നു മുന്‍പരിചയമായി ജിഷ്ണു പറഞ്ഞത്. എന്നാല്‍, സിനിമ തുടങ്ങിയതോടെ സംവിധായകനാകാന്‍ താല്‍പര്യപ്പെട്ടിരുന്ന സിദ്ധാര്‍ഥ് മടികാണിച്ചപ്പോള്‍ ജിഷ്ണു വളരെ താല്‍പര്യപൂര്‍വം അഭിനയിക്കുന്നതാണ് കാണാനായത്. ഡയലോഗ് പഠിക്കുന്നത് പരീക്ഷക്കായി പഠിക്കുന്നത് പോലെയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഞാന്‍ ജിഷ്ണുവിനെ അന്ന് കളിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്ന താരങ്ങളായ ഇന്നസെന്‍റ്, സുഹാസിനി എന്നിവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയ പരിഭവവും ജിഷ്ണു കാണിച്ചതായി ഓര്‍ക്കുന്നു.
ചെറുപ്പക്കാര്‍ക്ക് പല ദുശ്ശീലങ്ങളും പതിവാണെങ്കിലും ഇങ്ങനെയൊന്നും ഇല്ലാതിരുന്ന ഒരാളായിരുന്നു ജിഷ്ണു. ഇത്രയും ശുദ്ധനായ നീ സിനിമക്ക് പറ്റിയതല്ളെന്ന് ഒരിക്കല്‍ കളിയായി പറഞ്ഞിട്ടുണ്ട്. രാഘവേട്ടന്‍െറ മകനെന്ന വ്യക്തിത്വം അവന്‍ എന്നും നിലനിര്‍ത്തി. കരിയറിനെ സംബന്ധിച്ച് വലിയ ആഗ്രഹങ്ങള്‍ ജിഷ്ണുവിന് ഉണ്ടായിരുന്നു. അവസാന ആറുമാസം മുമ്പുവരെ വളരെ പ്രതീക്ഷയോടെയായിരുന്നു ജിഷ്ണുവിന്‍െറ കാത്തിരിപ്പ്. ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അവന്‍ പറഞ്ഞിരുന്നു.
മകനെ രോഗവിമുക്തനാക്കാന്‍ ഒരു താപസനെപ്പോലെ ജീവിക്കുകയായിരുന്നു ഇക്കാലമത്രയും രാഘവേട്ടന്‍. ജിഷ്ണു രോഗത്തില്‍നിന്ന് മുക്തനായി തിരിച്ചുവരുമെന്ന് അദ്ദേഹം വിശ്വസിച്ചു. വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു ഡോക്ടറെപ്പോലെ കാര്യങ്ങള്‍ വിശദീകരിച്ച് തരുമായിരുന്നു.
നടനായിരുന്നപ്പോഴും വളരെ സൂക്ഷ്മതയോടെ അടുക്കും ചിട്ടയും ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന വ്യക്തിയാണ് രാഘവേട്ടന്‍. അദ്ദേഹത്തിന്‍െറ പിന്തുടര്‍ച്ച അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പകര്‍ന്നുകിട്ടിയ മകനായിരുന്നു ജിഷ്ണു.
തയാറാക്കിയത് ടി.അഭിജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.