Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅപ്പ റാവുവിന്‍െറ...

അപ്പ റാവുവിന്‍െറ പ്രതികാരബുദ്ധി

text_fields
bookmark_border
അപ്പ റാവുവിന്‍െറ പ്രതികാരബുദ്ധി
cancel

രോഹിത് വെമുല മരിച്ചിട്ട്  രണ്ടു മാസത്തിലേറെയായിട്ടും ഇതുവരെ പൊലീസ് ഒരു നിയമനടപടിയും എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലേക്ക് വൈസ് ചാന്‍സലര്‍ അപ്പ റാവു തിരിച്ചത്തെി എന്ന വാര്‍ത്ത മാര്‍ച്ച് 22ന് വിദ്യാര്‍ഥികള്‍  അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ രോഹിത് വെമുല സ്തൂപത്തില്‍ മീറ്റിങ് കൂടി വൈസ് ചാന്‍സലറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ 11 മണിയായി. അപ്പോഴേക്കും സ്കൂള്‍ ഓഫ് ലൈഫ്സയന്‍സില്‍നിന്നുള്ള എ.ബി.വി.പി വിദ്യാര്‍ഥികളും നോണ്‍ടീച്ചിങ് സ്റ്റാഫ് യൂനിയന്‍ നേതാക്കളും ചീഫ് പ്രോക്ടര്‍ അലോക് പാണ്ഡെയും വി.സി യെ പിന്തുണക്കുന്ന കുറെ അധ്യാപകരും അവിടെ എത്തിച്ചേര്‍ന്നിരുന്നു. 11.30ന് അപ്പ റാവു പ്രസ് റിലീസ് നടത്തുകയും ചെയ്തു.
ഞങ്ങള്‍ മുദ്രാവാക്യം മുഴക്കി വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എ.ബി.വി.പിക്കാര്‍ വാതിലിന് മറുവശത്തായി മതില്‍പോലെ നിന്ന് അപ്പ റാവു സിന്ദാബാദ് എന്നും ഭാരത് മാതാ കീ ജയ് എന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അപ്പ റാവുവിനെ സംരക്ഷിക്കുകയായിരുന്നു. മീഡിയ വളരെ വേഗം അവിടേക്ക് വന്നു. അതിനുംശേഷമാണ് പൊലീസ് എത്തിയത്. പൊലീസ് സംരക്ഷണം ഇല്ലാതെ അപ്പ റാവു യൂനിവേഴ്സിറ്റിയിലേക്ക് വന്നതുതന്നെ കരുതിക്കൂട്ടി നടത്തിയ ഒരു അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. ഇത് വെളിപ്പെടുത്തുന്ന രേഖകള്‍ അപ്പ റാവുവിന്‍െറ വസതിയില്‍നിന്ന് ഞങ്ങള്‍ക്ക് കിട്ടി. അതില്‍ പറയുന്നപ്രകാരം അപ്പ റാവുവിനെ പിന്തുണക്കുന്നവര്‍ ആ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ അഥവാ task lists ആയിരുന്നു അതിന്‍െറ ഉള്ളടക്കം. അതനുസരിച്ചായിരുന്നു അവര്‍ അവിടെ എത്തിയത്.
എന്തൊക്കെ ജോലികള്‍ ചെയ്യണമെന്നതിന്‍െറ ഒരു പ്രിന്‍റൗട്ട്  ഞങ്ങള്‍ക്ക് കിട്ടി.  
വിദ്യാര്‍ഥികള്‍ രാവിലെ  മുതല്‍ വൈകീട്ട് അഞ്ചു മണി വരെ വി.സിയുടെ  വസതിക്കു  മുന്നില്‍ ധര്‍ണയിരിക്കുകയും  മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമാണ് ചെയ്തത്. വൈകീട്ട് അഞ്ചു മണിയോടെ വളരെ ക്രൂരമായിത്തന്നെ  പൊലീസ് വിദ്യാര്‍ഥികളെ  തല്ലിച്ചതച്ചു. പെണ്‍കുട്ടികളുടെ വസ്ത്രം  മുകളിലേക്ക് പൊക്കുകയും  ഭീഷണിപ്പെടുത്തുകയും മുടിക്ക്  കുത്തിപ്പിടിച്ച് ലാത്തികൊണ്ടടിക്കുകയും മോളസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അഞ്ച് വനിതാ പൊലീസ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ  പൊലീസ് വിദ്യാര്‍ഥികളെ ഓടിച്ചിട്ട് ലാത്തികൊണ്ടടിച്ചു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രോഹിത് വെമുല  മൂവ്മെന്‍റിനെ പിന്തുണക്കുന്ന അധ്യാപകരും പൊലീസിന്‍െറ ആക്രമണം നേരിടേണ്ടിവന്നു. വി.സിയുടെ ബംഗ്ളാവില്‍ നിന്ന് സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് വരെ (500 മീറ്ററോളം ദൂരം) പൊലീസ് ലാത്തി ച്ചാര്‍ജ് നടത്തി. ആറുപേരെ ഗുരുതരമായ അവസ്ഥയില്‍ പുറത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും നിരവധി പേരെ യൂനിവേഴ്സിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടിവന്നു.
അന്നുതന്നെ രണ്ട് അധ്യാപകരും 25 വിദ്യാര്‍ഥികളും അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതുവരെ പൊലീസ് വാനിലിട്ട് അവരെ ക്രൂരമായി മര്‍ദിച്ചു.  ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ കാമ്പസിനുള്ളിലെ വിദ്യാര്‍ഥികളുടെ അവസ്ഥ അടിസ്ഥാനസൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടതായിരുന്നു. 22ന് രാവിലെ മെസ് പൂട്ടുകയും ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. വൈകുന്നേരമായപ്പോള്‍ കുടിവെള്ളവും നിര്‍ത്തി. അര്‍ധരാത്രി ഒരു മണിക്കൂറോളം വൈദ്യുതിയും മുടക്കി. വി.സിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെല്ലാം.
അന്ന് രാവിലെ ഹോസ്റ്റല്‍ മെസുകള്‍ അടച്ചുപൂട്ടിയതിനാല്‍ 23ന് ഷോപ്പിങ് കോംപ്ളക്സില്‍ ഭക്ഷണമുണ്ടാക്കാന്‍ തീരുമാനിച്ചു. ഭക്ഷണമുണ്ടാക്കാന്‍ ഞങ്ങള്‍ റോഡില്‍ അടുപ്പ് കൂട്ടി. അത് പൊലീസുകാര്‍ തടയുകയും വിദ്യാര്‍ഥികളെ  മര്‍ദിക്കുകയും ചെയ്തു. ഉദയഭാനു എന്ന ദലിത് ഗവേഷക വിദ്യാര്‍ഥിയെ റോഡില്‍ക്കൂടി വലിച്ചിഴച്ചു കൊണ്ട് പൊലീസ് വാനിലുള്ളിലാക്കി നിരവധി പൊലീസുകാര്‍ ചേര്‍ന്ന് ക്രൂമായി മര്‍ദിച്ചു. തുടര്‍ന്ന് ഉദയഭാനുവിനെ വിട്ടയക്കണമെന്ന വിദ്യാര്‍ഥികളുടെ ശക്തമായ ആവശ്യത്തിനൊടുവില്‍ അരമണിക്കര്‍ കഴിഞ്ഞ് പൊലീസ് വിട്ടയച്ചു. ഉദയഭാനു ഇപ്പോഴും ഐ.സി.യുവില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഷോപ്പിങ് കോംപ്ളക്സിനു പിറകിലായി ഭക്ഷണം പാകംചെയ്തു. ഭക്ഷണം പാകംചെയ്തുകൊണ്ടിരിക്കുമ്പോള്‍ പലതവണ പൊലീസ് വന്ന് പാത്രത്തിന്‍െറ അടപ്പ് നീക്കി നോക്കുകയും ചെയ്തിരുന്നു. ബീഫ് ഉണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഈ പരിശോധന.  
മാര്‍ച്ച് 22ന് വൈകീട്ടുതന്നെ 23 മുതല്‍ 26 വരെ ക്ളാസുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന വി.സിയുടെ അറിയിപ്പ്  എല്ലാ ഡിപ്പാര്‍ട്മെന്‍റുകള്‍ക്കും കിട്ടിയിരുന്നു. 23ന് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍പ്രകാരം മീഡിയ, പുറത്തുനിന്നുള്ള ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി രോഹിത്  വെമുല  മൂവ്മെന്‍റിനെ പിന്തുണക്കുന്നവര്‍ക്ക് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കാനുള്ള  അനുമതി നിഷേധിച്ചിരുന്നു. 23ന് രാത്രി  രോഹിതിന്‍െറ അമ്മ രാധിക വെമുലക്കും സഹോദരന്‍  രാജക്കും പ്രവേശാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അവര്‍ വിദ്യാര്‍ഥികളോടൊപ്പം യുനിവേഴ്സിറ്റി മെയ്ന്‍ ഗേറ്റിനു  മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചിട്ടുപോലും അനുവാദം നിഷേധിച്ചു. 23ന് വൈകീട്ട് ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ മൂവ്മെന്‍റിനു പിന്തുണയുമായി  എത്തി. പക്ഷേ, അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് കനയ്യ കുമാറിന്, ഗേറ്റിനു പുറത്ത് പ്രസംഗിച്ചതിനുശേഷം മടങ്ങിപ്പോകേണ്ടിവന്നു.
അപ്പ റാവു വീണ്ടും ചാര്‍ജെടുത്തത് മുതല്‍ കാമ്പസിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായി പ്ളാന്‍ ചെയ്തായിരുന്നു അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. അതും പൊലീസ് ഇല്ലാതെ. വിദ്യാര്‍ഥികളെ പ്രകോപനംകൊള്ളിക്കുക തുടര്‍ന്ന് അവരെ ടാര്‍ഗറ്റ് ചെയ്ത് അറസ്റ്റ് ചെയ്യുക എന്ന പ്രതികാരബുദ്ധിയോടെ ആസൂത്രണം ചെയ്ത പദ്ധതിയുമായാണ് അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. കാരണം, തുടര്‍ന്നുള്ള ദിവസങ്ങള്‍ അവധിദിവസങ്ങളായതിനാല്‍ കോടതി അവധിയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം കിട്ടില്ല എന്നും ഉറപ്പുള്ളതിനാലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായതെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 30 പേരില്‍ മലയാളികളും ഉള്‍പ്പെടുന്നു. കൂടാതെ 20 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്. മൂവ്മെന്‍റിന്‍െറ മുന്‍നിരയിലുള്ളവരെ, പ്രത്യേകിച്ചും ദലിതരെയും മുസ്ലിംകളെയും തിരഞ്ഞുപിടിച്ച് ലിസ്റ്റുണ്ടാക്കിയാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. വിദ്യാര്‍ഥികളില്‍ ഭയം നിറച്ച് രോഹിത് വെമുല മൂവ്മെന്‍റിനെ ഇല്ലാതാക്കാന്‍ എല്ലാതരത്തിലുമുള്ള നീക്കങ്ങളാണ് വി.സി ഗവണ്‍മെന്‍റിന്‍െറ പിന്തുണയോടടെ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി കെ.സി.ആറിന്‍െറ നിലപാട് വി.സിയെ പിന്തുണക്കുംവിധമാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അത്യാചാരം നിരോധിക്കുന്ന ആക്ട്പ്രകാരം അതിക്രമം ആരോപിക്കപ്പെട്ടയാള്‍ നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പാടില്ല എന്നാണ്. പക്ഷേ, രോഹിതിന്‍െറ മരണത്തിനുത്തരവാദിയായ അപ്പ റാവു കാമ്പസില്‍ തിരിച്ചത്തെുകയും ഗവണ്‍മെന്‍റിന്‍െറ പൂര്‍ണ പിന്തുണയോടെ കാമ്പസ് ഭരിക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുക മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാതാക്കിക്കൊണ്ടുള്ള പൊലീസിന്‍െറ നിഷ്ഠുര അക്രമങ്ങളാണ് കാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിക്ക് വളരെ ശക്തമായ അംബേദ്കറൈറ്റ് മൂവ്മെന്‍റിന്‍െറ ചരിത്രമുണ്ട്. വി. സി അപ്പ റാവു മുമ്പും പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിട്ടുമുണ്ട്. എന്നിരുന്നാല്‍പോലും അപ്പ റാവുവിനെതിരെ പൊലീസ് ഒരുവിധ നടപടിയും ഇതേവരെ എടുത്തിട്ടില്ല. കേട്ടുകേള്‍വി മാത്രമുള്ള അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ കാമ്പസില്‍ നിലനില്‍ക്കുന്നത്. ഏതൊക്കെവിധത്തില്‍  ഈ പ്രസ്ഥാനത്തെ തടയാന്‍ നോക്കിയാലും രോഹിതിനു നീതികിട്ടുംവരെ സമരം മുന്നോട്ടുകൊണ്ടുപോകും എന്നുതന്നെയാണ് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെയും മൂവ്മെന്‍റിനെ പിന്തുണക്കുന്ന വിദ്യാര്‍ഥികളുടെയും   തീരുമാനം.

(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിനിയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articlehyderabad universityhcuAppa Rao
Next Story