Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉയിര്‍പ്പ് ദൈവം...

ഉയിര്‍പ്പ് ദൈവം മനുഷ്യനു നല്‍കിയ മഹത്ത്വം

text_fields
bookmark_border

ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ ചിന്തിച്ചു, അവിടത്തെ കഥ കഴിഞ്ഞുവെന്ന്. എന്നാല്‍, കഥയുടെ രണ്ടാംഭാഗം തുടങ്ങുകയാണ് ചെയ്തത്. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവിടുന്ന് പറഞ്ഞിരുന്നു. പടയാളികള്‍ ക്രിസ്തുവിന്‍െറ കല്ലറ  മുദ്രവെക്കുകയും ചെയ്തു. എന്നാല്‍, മൂന്നാംനാള്‍ എല്ലാം അദ്ഭുതകരമായി സംഭവിച്ചു; കല്ലറ തുറക്കപ്പെട്ടു. കര്‍ത്താവ് ഉത്ഥിതനായി. മരണത്തിനുശേഷവും മനുഷ്യന് ജീവന്‍കൊടുക്കാന്‍ കഴിയുമെന്ന് ലാസറിനെയും നായിമിലെ വിധവയുടെ മകനെയും പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഈശോ തെളിയിച്ചിരുന്നു. മലയിലെ രൂപാന്തരീകരണത്തില്‍ തനിക്ക് ഈ ലോകജീവിതാനന്തരം വരാനിരുന്ന മഹത്ത്വത്തെ അവിടുന്നു പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വെളിപാടുകളെ പൂര്‍ത്തീകരിച്ചുകൊണ്ട് ഇതാ കര്‍ത്താവ്, മരണത്തില്‍നിന്ന് ജീവനിലേക്ക് പ്രവേശിക്കുന്നു.
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് ഉത്ഥാനത്തില്‍ സംഭവിച്ചത്. മരണത്തിന് വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുന$പ്രവേശിക്കുന്നു എന്നതാണ് ക്രിസ്തുവിന്‍െറ ഉത്ഥാനത്തിന്‍െറ അര്‍ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്‍െറ നാശംപോലെ കാണുന്നു. എന്നാല്‍, ക്രിസ്തുവില്‍ മരണം ജീവന്‍െറ പുനര്‍ജനനത്തിന് നിദാനംമാത്രമാകുന്നു. മനുഷ്യന് വൈരുധ്യമെന്നുതോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ഥ്യങ്ങളാകുന്നു. ദൈവത്തില്‍ ഒന്നിനും മാറ്റമില്ല; എല്ലാം നിലനില്‍ക്കുന്നു. യേശുവിന്‍െറ മാനുഷികമായ മരണത്തില്‍ ദൈവികമായ ജീവന്‍െറ നിലനില്‍പ് അന്വര്‍ഥമാകുന്നു. ദൈവത്വം മനുഷ്യത്വത്തോടൊപ്പം മഹത്ത്വം പ്രാപിക്കുന്നു. ‘എബ്രഹാമിനുമുമ്പേ ദൈവത്തോടൊപ്പം ഉണ്ടായിരുന്നവന്‍ മരണത്തിനുശേഷവും ദൈവത്തോടൊപ്പം ആയിരിക്കുന്നു. ഈ ഉത്ഥാനമഹത്ത്വം മനുഷ്യന് നല്‍കാനാണ് കര്‍ത്താവായ ക്രിസ്തു മനുഷ്യനായതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. ഇനിമുതല്‍ മരണത്തിന് അന്തിമമായ വിജയമില്ല’. വിശുദ്ധ പൗലോസ് ചോദിക്കുന്നു; ‘മരണമേ നിന്‍െറ വിജയം എവിടെ? നിന്‍െറ ദംശനം എവിടെ’? ക്രിസ്തുവിന്‍െറ മരണത്തില്‍ സംഭവിക്കുന്നത് ജീവന്‍െറ വിജയമാണ്.
എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും എന്ന് ഈശോ പറഞ്ഞപ്പോള്‍ യഹൂദര്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എന്‍െറ ശരീരം ഭക്ഷിക്കണമെന്നും രക്തം പാനം ചെയ്യണമെന്നും പറഞ്ഞപ്പോഴും അവര്‍ക്കതിന്‍െറ അര്‍ഥം മനസ്സിലായില്ല. എന്നാല്‍, അവയെല്ലാം ചരിത്രയാഥാര്‍ഥ്യങ്ങളായി തീര്‍ന്നിരിക്കുന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ മരണംപ്രാപിച്ചാലും വിശുദ്ധരായി അംഗീകരിക്കപ്പെടും, ദൈവഹത്വം പ്രാപിക്കും. അവിടത്തെ തിരുശരീര രക്തങ്ങള്‍ അപ്പത്തിന്‍െറയും വീഞ്ഞിന്‍െറയും രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ അവിടത്തെ ഉത്ഥാനജീവനില്‍ പങ്കാളികളാവും. അവര്‍ മരിച്ചാല്‍ അവിടത്തോടൊപ്പം ഉയിര്‍ക്കും.
ഉത്ഥാനമഹത്ത്വം മനുഷ്യന് മരണശേഷം മാത്രമുള്ള അനുഭവമല്ല. ഈ ലോകജീവിതത്തിലും അതു സ്വായത്തമാക്കാന്‍ അവനു കഴിയും. ആ അനുഭവം മറ്റുള്ളവര്‍ക്കു നല്‍കാനും അവന് കടമയുണ്ട്. ജീവിതത്തില്‍ ശൈഥില്യത്തിന്‍െറയും നാശത്തിന്‍െറയും അനുഭവങ്ങള്‍ പലതുണ്ടല്ളോ. രോഗമായും വാര്‍ധക്യമായും പീഡനമായും ക്രൂരതയായുമൊക്കെ മനുഷ്യന്‍ നാശത്തിന്‍െറ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. അതവനെ മരണത്തിലത്തെിച്ചെന്നുംവരാം. ഈ അനുഭവങ്ങളുടെ പാതയിലും ദൈവത്തിലുള്ള വിശ്വാസം, അവിടത്തെ സംരക്ഷണത്തിലുള്ള പ്രതീക്ഷ മനുഷ്യനെ മഹത്ത്വചിന്തകളിലേക്കു നയിക്കും. നാശത്തിന്‍െറ നാളുകളെ പ്രതീക്ഷയുടെ ദിനങ്ങളാക്കി മാറ്റാന്‍ അവന് കഴിയും. ഉത്ഥാനമഹത്ത്വത്തിന്‍െറ അനുഭവം അന്യര്‍ക്കുപകരാന്‍ കഴിയുന്നതും മനുഷ്യജീവിതത്തിന്‍െറ മഹത്ത്വത്തെയാണ് സൂചിപ്പിക്കുന്നത്. വര്‍ത്തമാനകാല സഭയിലെ കാരുണ്യവര്‍ഷാചരണം, ഓരോരോ കാരണങ്ങളാല്‍ മനസ്സിടിഞ്ഞ് മരണത്തിന്‍െറ വഴിയേ വ്യാപരിക്കുന്നവര്‍ക്ക് പ്രത്യാശ പകരാനും അവരെ ജീവന്‍െറ അനുഭവത്തിലേക്ക് ആനയിക്കാനുമുള്ള അവസരമാണ് സൃഷ്ടിക്കുന്നത്.  
ആശുപത്രിക്കിടക്കകളിലും വഴിയോരശയ്യകളിലും അനാഥാലയങ്ങളിലും അവശതയും വേദനയും അനുഭവിക്കുന്നവര്‍ക്ക് ജീവന്‍െറ മഹത്ത്വം നല്‍കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ആവശ്യക്കാരെല്ലാം സംതൃപ്തരാകണം. മാനവികമൂല്യങ്ങള്‍ എവിടെയും സംരക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മതത്തിന്‍െറയും വര്‍ഗത്തിന്‍െറയും പേരിലുള്ള പീഡനങ്ങള്‍, മദ്യവും ലഹരിയും വരുത്തുന്ന നാശങ്ങള്‍, പരിസ്ഥിതിമലിനീകരണം, അഴിമതി, ആക്രമണം, ചൂഷണം ഇങ്ങനെ മനുഷ്യജീവന് ഹാനികരമാകുന്ന എല്ലാറ്റിനെയും പ്രതിരോധിക്കാന്‍ സമൂഹത്തിനും സര്‍ക്കാറുകള്‍ക്കും കഴിയണം. ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തില്‍ മാനവികമൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യമഹത്ത്വം സംസ്ഥാപിതമാകണം.
മനുഷ്യജീവന്‍ ഒരിക്കല്‍ ലഭിച്ചാല്‍ അതെന്നേക്കും നിലനിര്‍ത്തേണ്ട നിധിയാണെന്നും അതിനെ പരിപോഷിപ്പിച്ച് അതിന്‍െറ ഉറവിടമായ ദൈവത്തിലേക്ക് എത്തിക്കണമെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്നത്. മനുഷ്യജീവന്‍ മാതാവിന്‍െറ ഉദരത്തില്‍ സംജാതമാകുന്ന നിമിഷംമുതല്‍ മരണംവരെ സംരക്ഷിക്കപ്പെടണമെന്നും മരണശേഷം ഉത്ഥാനത്തിലേക്ക് പ്രവേശിക്കാന്‍ അതിനെ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും ഉത്ഥാനം നമ്മോട് ആവശ്യപ്പെടുന്നു.
സര്‍വമനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടിരിക്കുന്ന ഈ മഹത്ത്വം എല്ലാ മതവിശ്വാസികള്‍ക്കും ദൈവത്തിന്‍െറ കൃപയാല്‍ ഓരോരോ രീതികളില്‍ അനുഭവിക്കാന്‍ ഇടയാകട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. ഉത്ഥാന തിരുനാളിന്‍െറ മംഗളങ്ങള്‍ ഏവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. മനുഷ്യജീവിതം ദൈവമഹത്ത്വത്തില്‍ വിജയിക്കുമാറാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleeaster
Next Story