Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു.എസ്–ക്യൂബ...

യു.എസ്–ക്യൂബ ബന്ധങ്ങളില്‍ പുതിയ പ്രത്യാശകള്‍

text_fields
bookmark_border
യു.എസ്–ക്യൂബ ബന്ധങ്ങളില്‍ പുതിയ പ്രത്യാശകള്‍
cancel

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം ആഗോള തലത്തില്‍ വന്‍പ്രാധാന്യം നേടിയത് സ്വാഭാവികം. 1928 നുശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായാണ് ഒബാമ ക്യൂബയിലത്തെിയത്. പഴയ ഹവാനയില്‍ സവാരിക്കിറങ്ങിയ ഒബാമയെ കാണാന്‍ ആയിരക്കണക്കിനു  ജനങ്ങളാണ് പാതയുടെ ഇരുവശത്തും തടിച്ചുകൂടിയത്.
1950കളുടെ അവസാനം മുതല്‍ അമേരിക്കയുടെ ശത്രുരാജ്യങ്ങളിലൊന്നായിരുന്നു ക്യൂബ. സോവിയറ്റ് യൂനിയനോടുള്ള രാഷ്ട്രീയശത്രുത മുഖ്യ അജണ്ടയായി രൂപം കൊടുത്ത വിദേശ നയത്തിന്‍െറ ഭാഗമായിട്ടായിരുന്നു ക്യൂബയോടും അമേരിക്ക ശത്രുത പുലര്‍ത്തിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ശീതയുദ്ധം യു.എസ് വിദേശനയത്തിനു രൂപം കൊടുക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു. എന്നാല്‍, 1989ല്‍ സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചയോടെ യു.എസിന്‍െറ വിദേശനയത്തിനും മാറ്റം സംഭവിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളോട് പുലര്‍ത്തിയിരുന്ന ശത്രുതക്ക് അവസാനമായി. സെപ്റ്റംബര്‍ 11ന് യു.എസിന്‍െറ വിദേശനയത്തിലും മൗലികമാറ്റം വന്നു. ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം മാറി അമേരിക്കന്‍ വിദേശനയത്തിന്‍െറ മുഖ്യ അജണ്ടയായി.
പതിറ്റാണ്ടുകളോളം അമേരിക്ക ശത്രുത പുലര്‍ത്തിയിരുന്ന ക്യൂബ, ചൈന, ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സൗഹാര്‍ദം സ്ഥാപിക്കുക എന്നതായിരുന്നു ഒബാമ രൂപപ്പെടുത്തിയ വിദേശനയത്തിന്‍െറ അടിസ്ഥാനം.  തിന്മയുടെ അച്ചുതണ്ടായി അമേരിക്ക മുദ്രകുത്തിയ ഇറാനുമായി സൗഹാര്‍ദത്തിന്‍െറ പുതിയ അധ്യായം രചിക്കുന്നതില്‍ ഒബാമയുടെ വിദേശനയം ലക്ഷ്യം കൈവരിച്ചു. ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനവും ഈ വിദേശനയത്തിന്‍െറ ഭാഗമായിട്ടായിരുന്നു.
കരീബിയന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ക്യൂബന്‍ റിപ്പബ്ളിക് എല്ലാ നിലയിലും പ്രത്യേകതയുള്ള ഒരു ദ്വീപ്സമൂഹമാണ്. കരീബിയന്‍ മേഖലയിലെ വലിയ രാഷ്ട്രവും ഇതാണ്. സ്പെയിന്‍ നാലു നൂറ്റാണ്ടുകാലം ക്യൂബയെ കോളനിയാക്കി അവരുടെ ഭരണം അനുസ്യൂതം നടത്തിയിട്ടുണ്ട്.
1959ലാണ് ഡോ. ഫിദല്‍ കാസ്ട്രോ സ്പെയിനിന്‍െറ പാവസര്‍ക്കാറിന്‍െറ പ്രസിഡന്‍റായിരുന്ന ജനറല്‍ ബാറ്റിസ്റ്റയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശശക്തികള്‍ 1961ല്‍ ക്യൂബയെ ആക്രമിച്ചെങ്കിലും അവരെ ആട്ടിപ്പായിക്കാന്‍ ഫിദല്‍ കാസ്ട്രോയുടെ സര്‍ക്കാറിനു കഴിഞ്ഞു. 1962ല്‍ സോവിയറ്റ് റഷ്യ ക്യൂബയില്‍ സ്ഥാപിച്ച ന്യൂക്ളിയര്‍ മിസൈലുകള്‍ നീക്കം ചെയ്തില്ളെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്‍റ് കെന്നഡിയുടെ മുന്നറിയിപ്പിനെ മാനിച്ച് ഈ മിസൈലുകള്‍ നീക്കം ചെയ്യാന്‍ റഷ്യയും ക്യൂബയും തയാറായി. എന്തായാലും ഇതുകൊണ്ട് ഒരു ലോകയുദ്ധം ഒഴിവായി എന്നതാണ് യാഥാര്‍ഥ്യം. ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണഘടന 1976ല്‍ നിലവില്‍വന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നിലവില്‍ വന്നതാകട്ടെ, 1992ലും. 2006ല്‍ ഫിദല്‍ കാസ്ട്രോ രോഗങ്ങളെ തുടര്‍ന്ന് അണിയറയിലേക്ക് മാറുകയും, സഹോദരന്‍ റാഉള്‍ അധികാരത്തിന്‍െറ മുന്‍നിരയിലേക്ക് വരികയും ചെയ്തു.
സാമ്പത്തികപരിഷ്കാരത്തിന്‍െറ പാതയിലാണിപ്പോള്‍ ക്യൂബ. ഈയവസരത്തില്‍ ഒബാമയുടെ സന്ദര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നു. ഊര്‍ജം, ടെലികോം, ടൂറിസം രംഗത്ത് വിദേശനിക്ഷേപം ഉറപ്പുവരുത്തുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധം നിലവിലുള്ളതിനാല്‍ കൂടുതല്‍ വിദേശ നിക്ഷേപം സാധ്യമല്ല. എന്നാല്‍, ചില കാര്യങ്ങളില്‍ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പ്രസ്തുത രംഗത്ത് നിക്ഷേപം സാധ്യമാക്കും.
യാത്ര, വാണിജ്യമേഖലകളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പ്രസിഡന്‍റിന്‍െറ പ്രത്യേക അധികാരം ഉപയോഗിച്ച് ഒബാമ നീക്കം ചെയ്തതോടെ ക്യൂബയിലേക്ക് അമേരിക്കന്‍ സന്ദര്‍ശകരുടെ കുത്തൊഴുക്കാണ്. 2015ല്‍  ക്യൂബയിലേക്കത്തെിയ അമേരിക്കന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായി. ടൂറിസം പ്രധാന വരുമാനമായ ക്യൂബക്ക് ഇത് വന്‍തോതില്‍ ഗുണം ചെയ്തു. കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്തു മാത്രം മൂവായിരത്തിലേറെ റസ്റ്റാറന്‍റുകളും വൈന്‍ പാര്‍ലറുകളും ആരംഭിച്ചു.
ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ക്യൂബയില്‍ വ്യാപകമാക്കുമെന്ന് ക്യൂബന്‍ സന്ദര്‍ശനത്തിനിടെ എ.ബി.സി ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ ഒബാമ അറിയിച്ചു. ക്യൂബന്‍ ജനസംഖ്യയുടെ അഞ്ചു ശതമാനം പേര്‍ക്കും മാത്രമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നത്.
അമേരിക്കയും ക്യൂബയും വാണിജ്യബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുമ്പോഴും ചില മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. മനുഷ്യാവകാശപ്രശ്നം, അമേരിക്ക കൈയടക്കിയ ക്യൂബയിലെ ദ്വീപായ ഗ്വണ്ടാനമോ തിരികെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയില്‍ ഇനിയും വ്യക്തത കൈവരിച്ചിട്ടില്ല. ഗ്വണ്ടാനമോ എന്ന 116 ച.കി.മീ. പ്രദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ കരടായി അവശേഷിക്കുകയാണ്. 1903 ല്‍ അമേരിക്ക ശാശ്വതമായി പാട്ടത്തിനെടുത്ത ഇത് തിരിച്ചുകൊടുക്കണമെന്നാണ് ക്യൂബയുടെ ആവശ്യം. അമേരിക്ക അതിനു വിസമ്മതിക്കുന്നു.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തില്‍ വാഗ്വാദങ്ങള്‍ക്ക്  കാരണമായി. ഒബാമയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി നടന്ന മാധ്യമസമ്മേളത്തിനിടെ ക്യൂബയില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉണ്ടല്ളോ എന്ന  ചോദ്യത്തിനു പ്രസിഡന്‍റ് റാഉള്‍  കാസ്ട്രോ രൂക്ഷമായിട്ടാണ്  മറുപടി പറഞ്ഞത്. മനുഷ്യാവകാശം പൂര്‍ണമായും സംരക്ഷിക്കുന്ന ഒരു രാജ്യത്തിന്‍െറ പേര് പറയാമോ എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ക്യൂബയില്‍ രാഷ്ട്രീയ തടവുകാരില്ളെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്യൂബന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ സേവനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റാഉള്‍ കാസ്ട്രോ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. സാമ്രാജ്യത്വ ഉപരോധങ്ങളുടേയും ഒറ്റപ്പെടുത്തലിന്‍േറയും പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഹവാനയിലത്തെിയത്. ക്യൂബയുടെ വിജയമായിത്തന്നെയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ മുന്നില്‍ മുട്ടിലിഴയുന്ന രാജ്യങ്ങള്‍ക്ക് പാഠമായി ഒബാമക്ക് ക്യൂബ നല്‍കിയ വമ്പിച്ച സ്വീകരണം.  എല്ലാവിധ ആതിഥ്യ മര്യാദകളോടെയും അമേരിക്കന്‍ പ്രസിഡന്‍റിനെ സ്വീകരിക്കുമ്പോഴും സ്വന്തം നിലപാടില്‍ ക്യൂബ ഉറച്ചുനിന്നു.  സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആ നിലപാടിനെ സധൈര്യം, സുവ്യക്തം അവതരിപ്പിക്കാനും ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍  കാസ്ട്രോ തയാറായി.
ഭിന്നതകള്‍ക്കിടയിലും സഹകരണത്തിന്‍െറ പുതിയ പാതകള്‍ കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തലാണ് കാസ്ട്രോ-ഒബാമ സംയുക്ത വാര്‍ത്താസമ്മേളനം നല്‍കിയത്. രണ്ടു രാഷ്ട്രത്തലവന്മാരുടെ  സംയുക്ത വാര്‍ത്താസമ്മേളനത്തിന്‍െറ പതിവ് വിരസത ഒന്നും റൗളും ഒബാമയും കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായില്ല. ഇത്രയേറെ ആകാംക്ഷാഭരിതമായ വാര്‍ത്താസമ്മേളനം  ഇതാദ്യമാണെന്നാണ്  ഹവാനയിലത്തെിയ മാധ്യമ പ്രതിനിധികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കാലമത്രയും ക്യൂബയോട് അമേരിക്ക ചെയ്തത് തെറ്റായിപ്പോയെന്നും ഒബാമക്ക് സമ്മതിക്കേണ്ടിവന്നു. ‘50 വര്‍ഷമായി ഞങ്ങള്‍ സ്വന്തം താല്‍പര്യങ്ങളോ, ക്യൂബന്‍ജനതയുടെ താല്‍പര്യങ്ങളോ സംരക്ഷിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.  ക്യൂബയുടെ വിധിനിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ളെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ഉഭയകക്ഷിബന്ധം സാധാരണ നിലയിലാകണമെങ്കില്‍ ഉപരോധം പൂര്‍ണമായി നീക്കണമെന്ന ക്യൂബയുടെ ഉപാധിയും അദ്ദേഹം അംഗീകരിച്ചു. ക്യൂബക്കെതിരായ വ്യാപാര ഉപരോധം പൂര്‍ണമായും നീക്കേണ്ടത് അതിനാവശ്യമാണെങ്കിലും ഇത് എപ്പോള്‍ സാധ്യമാകുമെന്ന് കൃത്യമായും പറയാനാകില്ളെന്ന് ഒബാമ പറഞ്ഞു. പ്രസിഡന്‍റിന്‍െറ അധികാരം ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതൊക്കെ ഒബാമ ചെയ്തു. ഉപരോധം പൂര്‍ണമായും നീക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍െറ സമ്മതം വേണം.  ഒബാമയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്ക് യു.എസ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍  സര്‍ക്കാര്‍ വിമര്‍ശകരുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഒബാമ മടങ്ങിയത്. റഉള്‍ കാസ്ട്രോക്കൊപ്പം ബേസ്ബാള്‍ മത്സരവും അദ്ദേഹം വീക്ഷിച്ചു. ഒബാമക്കും കുടുംബത്തിനും, അമേരിക്കന്‍  പ്രതിനിധിസംഘത്തിനും ഹവാനയില്‍ വിപുലമായ സല്‍ക്കാരം ക്യൂബന്‍ സര്‍ക്കാര്‍ നല്‍കി. പഴയ പ്രത്യയശാസ്ത്രങ്ങളില്‍ ചിലതെല്ലാം ഉപേക്ഷിക്കാന്‍ പുതിയ ക്യൂബന്‍ ഭരണകര്‍ത്താക്കള്‍ തയാറായിട്ടുമുണ്ട്.
‘ഭൂതകാലത്തെ മാറ്റിവെച്ച് സുഹൃത്തുക്കളായും നല്ല അയല്‍ക്കാരായും ഒരു കുടുംബമായും ഭാവിയിലേക്ക് നമുക്കൊന്നിച്ചു മുന്നേറാം’ എന്ന ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം എന്തുകൊണ്ടും വലിയ പ്രതീക്ഷക്ക് വക നല്‍കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamaraul castrocubacuba-us relations
Next Story