ലജ്ജിച്ച് തലതാഴ്ത്തണം കേരളം
text_fieldsപെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളം നാണിച്ച് തലകുനിക്കട്ടെ. സാംസ്കാരികമായും സാമൂഹികമായും വിദ്യാഭ്യാസ പരമായും ഉന്നതിയില്‍ നില്‍ക്കുന്നവരാണ് എന്നാണ് മലയാളികളുടെ അവകാശവാദം. ഈ അവകാശവാദത്തിനുനേര്‍ക്ക് ഉയര്‍ന്ന ചോദ്യചിഹ്നമാണ് പെരുമ്പാവൂര്‍ സംഭവം. കേരളീയ സമൂഹത്തിന്‍െറ മൗനവും ഇവിടെ ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് ആറു ദിവസത്തോളം പൊതുസമൂഹം മൗനം പാലിച്ചുവെന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഒടുവില്‍ മാധ്യമങ്ങള്‍ രംഗത്തിറങ്ങിയപ്പോഴാണ് ഒന്ന് പ്രതിഷേധിക്കണമെന്ന് പൊതുസമൂഹത്തിനും തോന്നിയത്.
ജിഷ ഒരു ദലിത് പെണ്‍കുട്ടിയാണ്. പൊതുസമൂഹത്തിന്‍െറ മൗനത്തിന് ഒരു പരിധിവരെ ഇതും കാരണമായിട്ടുണ്ട്. ഒരു മുന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടിക്കായിരുന്നു ഈ ദുര്‍ഗതിയെങ്കില്‍ ഇതാവുമായിരുന്നില്ല സമൂഹത്തിന്‍െറ പ്രതികരണം. ദലിതുകള്‍ ഇപ്പോഴും വിവേചനം നേരിടുന്നു എന്നതിന് ഇതും തെളിവായി മാറുകയാണ്. ഇത്രയും ദരിദ്രമായ സാഹചര്യത്തില്‍നിന്ന് ദലിത് വിഭാഗത്തില്‍പെട്ട ഒരുപെണ്‍കുട്ടി പഠിച്ച് ഉയര്‍ന്ന് അഭിഭാഷകയായി മാറിയതിനെ ഉയര്‍ത്തിക്കാട്ടുകയും മാനിക്കുകയുമായിരുന്നു പൊതുസമൂഹം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അവള്‍ ക്രൂര പീഡനത്തിന് ഇരയാവുകയും ഒടുവില്‍ ജീവിതം പാതിവഴിയില്‍ നിന്ന് ഈ ലോകത്തുനിന്ന് മടക്കിയയക്കപ്പെടുകയുമാണ് ചെയ്തത്. 40 ലക്ഷംവരുന്ന ആദിവാസികള്‍ക്കും ദലിതുകള്‍ക്കും ഇന്നും നീതി ലഭ്യമായിട്ടില്ല. പെരുമ്പാവൂരില്‍ അറുകൊലചെയ്യപ്പെട്ട ജിഷയുടെ വീട് കണ്ടാല്‍ അറിയാം ആ കുട്ടി എത്രമാത്രം അരക്ഷിതത്വമാണ് അനുഭവിച്ചിരുന്നത് എന്ന്. കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം വര്‍ധിച്ചുവരുകയാണ്. പെണ്‍കുട്ടികള്‍ മുതല്‍ അമ്മമാരും മുത്തശ്ശിമാരുംവരെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. വീടിനകത്തുപോലും കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് പെരുമ്പാവൂര്‍ സംഭവം തെളിയിക്കുന്നത്.
സ്വന്തം പിതാവിനെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത സാമൂഹിക സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. സ്ത്രീ ഒരു ലൈംഗിക ഉപഭോഗ വസ്തു മാത്രമാണ് എന്നതാണ് കേരളത്തില്‍ പലരുടെയും കാഴ്ചപ്പാട്. ജിഷയെ പിച്ചിച്ചീന്തിയ കാമഭ്രാന്തന്‍ അവളുടെ ശരീരത്തോട് കാട്ടിയ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അമ്മ, പെങ്ങള്‍, മകള്‍ എന്നിങ്ങനെയുള്ള നല്ല വികാരങ്ങളും സങ്കല്‍പങ്ങളുമില്ലാത്തവരാണ് ഇത്തരം കാമഭ്രാന്തന്മാര്‍.
സ്ത്രീകള്‍ക്ക് ഭരണഘടന തുല്യത അനുവദിക്കുന്നുണ്ടെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, ഏതു രംഗത്താണ് ഏതു തലത്തിലാണ് ഈ തുല്യത ലഭിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുതലത്തിലും ഒരു രംഗത്തും അവള്‍ക്ക് തുല്യത ലഭിക്കുന്നില്ല. ജോലിക്കായി പുറത്തുപോകാന്‍പോലും ഇന്ന് സ്ത്രീകള്‍ ഭയപ്പെടുകയാണ്. പുറത്തുപോയാല്‍, ബസിലോ ട്രെയിനിലോ വെച്ചും റോഡില്‍വെച്ചുമൊക്കെ അവള്‍ അപമാനിക്കപ്പെടാം. പുറത്തുപോകാതെ അകത്തിരുന്നാലും അവള്‍ സുരക്ഷിതയല്ല എന്നാണ് പെരുമ്പാവൂര്‍ സംഭവം നല്‍കുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.