Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈ കേരള മോഡലിനെ...

ഈ കേരള മോഡലിനെ പെണ്ണുങ്ങള്‍ ബഹിഷ്കരിക്കുക

text_fields
bookmark_border
ഈ കേരള മോഡലിനെ പെണ്ണുങ്ങള്‍ ബഹിഷ്കരിക്കുക
cancel

പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇങ്ങനെയൊരു വാര്‍ത്തക്ക് കേരളത്തെ ഞെട്ടിക്കാന്‍ കഴിയാതായിരിക്കുന്നു. പെണ്ണുള്ളിടത്തൊക്കെ സ്ത്രീപീഡനമുണ്ടാകുമെന്ന് തമാശക്കെങ്കിലും പറയാന്‍ സാധിച്ച ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു. അതും കഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയിലെ മുഖ്യമന്ത്രി പ്രതികരിച്ചത് രാത്രിയില്‍ പുറത്തിറങ്ങിയിട്ടല്ളേ നിര്‍ഭയക്ക് ഇത്തരത്തില്‍ സംഭവിച്ചതെന്നായിരുന്നു. ഇത്തരം പ്രതികരണങ്ങളും സന്ദേഹങ്ങളും ചില സവിശേഷ മനോഭാവങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത്. ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ സംഘടനകള്‍ സ്ത്രീപ്രശ്നങ്ങളില്‍ അവരുടെ ആത്മാര്‍ഥതക്കുറവും ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടും തെളിയിച്ചുകഴിഞ്ഞു.
പെരുമ്പാവൂരില്‍ ജിഷയെന്ന നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ ഒട്ടേറെ ആശങ്കകള്‍ എനിക്കനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് ജിഷയുടെ ദുരന്തം ഇത്രയേറെ വൈകിമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു? സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ വന്നതിനുശേഷമാണ് ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതുതന്നെ. ബലാത്സംഗങ്ങളും കൊലപാതകങ്ങളും നമ്മുടെ സ്ഥിരം അനുഭവമായി മാറിക്കഴിഞ്ഞതുകൊണ്ടായിരിക്കും.

ജിഷയുടെ പ്രശ്നത്തെ രണ്ടുതരത്തില്‍ സമീപിക്കേണ്ടതുണ്ട്. ഒന്നാമത് അതൊരു പെണ്‍കുട്ടിയാണ്. രണ്ടാമത് ദലിത് വിഭാഗത്തില്‍പ്പെട്ടവളുമാണ്. ക്രൂരമായ രീതിയില്‍ അവളുടെ ശരീരത്തെ മുറിവേല്‍പിച്ചുകൊണ്ടാണ് ബലാത്സംഗവും കൊലപാതകവും നടന്നത്. അവളുടെ ജനനേന്ദ്രിയത്തിലൂടെ കൂര്‍ത്ത ആയുധം കയറ്റിയത് നട്ടെല്ലിനേല്‍പിച്ച ആഘാതം മരണകാരണങ്ങളില്‍ പ്രധാനമായിത്തീര്‍ന്നു. അതോടെ ഡല്‍ഹിയിലെ നിര്‍ഭയ മട്ടിലുള്ള ഒന്നായി ഇതു വിലയിരുത്തപ്പെട്ടു. ഈയൊരു കാര്യത്തിലൊഴിച്ച് മറ്റൊന്നിലും ജിഷയുടെ ദുരന്തം നിര്‍ഭയയുടേതുമായി താരതമ്യം ചെയ്യാനാവില്ല. ജിഷയെ ഒരാളാണോ ഒരുകൂട്ടം ആളുകളാണോ ബലാത്സംഗം ചെയ്തതെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതെന്തായാലും അവള്‍ ആക്രമിക്കപ്പെട്ടത് സ്വന്തം വീട്ടിനുള്ളില്‍വെച്ചായിരുന്നു. പട്ടാപ്പകല്‍ അവളോടൊപ്പം കൂട്ടുകാരന്‍ ഉണ്ടായിരുന്നില്ല. ഇതിനര്‍ഥം ഡല്‍ഹി നിര്‍ഭയയെക്കാള്‍ അപകടകരമാണ് പെരുമ്പാവൂരിലെ ജിഷയുടെ സ്ഥിതി എന്നതാണ്. താരതമ്യം ജിഷാ സംഭവത്തിന്‍െറ ആഘാതത്തെ കുറക്കാന്‍ മാത്രമുതകുന്നു.

ഇരിങ്ങോള്‍ കനാലിനടുത്തുള്ള പുറമ്പോക്കിലെ ഒരു സെന്‍റിലാണ് ജിഷയും അമ്മയും താമസിക്കുന്നത്. അച്ഛന്‍െറ സംരക്ഷണത്തിലല്ലാത്തതുകൊണ്ടുതന്നെയാവാം കൂലിപ്പണിക്കാരിയായ അമ്മ തന്‍െറ മകളുടെ കാര്യത്തില്‍ അതീവ ജാഗ്രതയുള്ളവളായിരുന്നു. ചുറ്റുപാടുമുള്ളവരില്‍നിന്ന്, ഒരുപക്ഷേ ബന്ധുക്കള്‍ എന്നു പറയുന്നവരില്‍ നിന്നുപോലുമുള്ള ആക്രമണങ്ങളില്‍നിന്ന് മകളെ കാത്തുപോരുക അങ്ങനെയൊരു സ്ത്രീക്ക് അത്ര എളുപ്പമല്ളെന്നു നമുക്കറിയാം. ഈ ഉത്കണ്ഠയാണ് ‘ഭ്രാന്ത്’ എന്നു വിളിക്കപ്പെട്ടത്. അവരുടെ മനസ്സ് സദാ അസ്വസ്ഥമായിരുന്നിരിക്കണമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. ഈ കെട്ടകാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ ഈ ‘അസ്വാസ്ഥ്യ’ത്തെ ‘ഭ്രാന്ത്’ എന്നുവിളിക്കുന്നത് സൗകര്യപ്രദമാണ്. കാരണം സ്വന്തം ആക്രമണോത്സുകതക്കുള്ള പ്രോത്സാഹനമായി ഈ ഭ്രാന്തിനെ ആക്രമികള്‍ക്ക് വിലയിരുത്താന്‍ സാധിക്കുന്നു. അങ്ങനെ ആക്രമികളുടെ ഹിംസക്കും അയല്‍ക്കാരുടെ നിസ്സംഗതക്കും ന്യായീകരണമായി ഈ ‘ഭ്രാന്ത്’ മാറുന്നു. ഇത്തരത്തില്‍ ‘ഭ്രാന്തി’കളായ അമ്മമാരുടെ പെണ്‍മക്കള്‍ കൂടുതല്‍ അനാഥരും അരക്ഷിതരുമാകുന്നു. ആ നിലക്ക് പെരുമ്പാവൂര്‍ സംഭവം ഒരേസമയം പെണ്‍മക്കളുടെയും അമ്മമാരുടെയും ദുരന്തമാണ്.

കീറിമുറിക്കപ്പെട്ട അവളുടെ ശരീരം ഇരയാകലിന്‍െറ മാത്രമല്ല, ചെറുത്തുനില്‍പിന്‍െറയും അടയാളങ്ങള്‍ വഹിക്കുന്നു. തന്‍െറ നേരെയുള്ള ആക്രമണത്തോട് പൊരുതിനില്‍ക്കാനുള്ള ശ്രമമായിരിക്കാം അവളെ കൂടുതല്‍ മുറിവേല്‍പിച്ചത്. ചാരിത്ര്യസംരക്ഷണശ്രമം എന്നതല്ല ഇവിടെ ജിഷയെ മഹത്ത്വവത്കരിക്കുന്നത്. തന്‍െറ നേരെയുള്ള ഏകപക്ഷീയമായ ഹിംസയോട് അതു ഏതുവിധമുള്ളതോ ആകട്ടെ, ഒറ്റക്കൊരുവള്‍ തടുത്തുനിന്നുവെന്നതാണ്. അതുകൊണ്ടുതന്നെ അവള്‍ ഒരു പോരാളിയാണ്. ഇത്തരത്തില്‍ മുറിവേറ്റ പെണ്‍കുട്ടികളെല്ലാം പോരാളികളാണ്. ചാനല്‍ പ്രഭയില്‍ അവരുടെ മുഖവും ശരീരവും തിളങ്ങുകയില്ല. മരിച്ചുപോയാല്‍ മാത്രം ദൃശ്യരാകുന്നവരാണിവര്‍. അതിനാല്‍ സ്ത്രീമുന്നേറ്റത്തില്‍ ശഹീദായവള്‍ എന്ന് ഇവരുടെ രക്തസാക്ഷിത്വം ആദരിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

കേരളത്തില്‍ കൃഷ്ണപ്രിയ മുതലുള്ളവരുടെ ഒരു നീണ്ടനിരയുണ്ട്. പരിചയക്കാരാലും അപരിചിതരാലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവര്‍. ഒരുപക്ഷേ, കൃഷ്ണപ്രിയക്കു മാത്രമായിരിക്കാം നീതി ലഭിച്ചത്. സൗമ്യയുടെ അമ്മയുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. ഗോവിന്ദച്ചാമി ആരുടെ ഏജന്‍റായിരുന്നു? തീവണ്ടിയിലെ ഒരു തമിഴന്‍ ഭിക്ഷാടനക്കാരന്‍ മാത്രമായിരുന്നു അയാളെന്നു വിശ്വസിക്കാന്‍ ഏറെ വിഷമമുണ്ട്. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇത്രയേറെ ദുരൂഹതകള്‍ സംഭവിച്ചതെന്തുകൊണ്ടായിരുന്നു? ഒരുപക്ഷേ, ഷെര്‍ളി വാസു എന്ന ഡോക്ടറുണ്ടായിരുന്നില്ളെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സൗമ്യക്ക് നീതികിട്ടുമായിരുന്നോ? ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഒരു പ്രസിദ്ധ വക്കീല്‍ ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയില്‍ വാദിക്കുന്നു. അപ്പോള്‍ ആരാണ് ഈ കുറ്റവാളിയുടെ യഥാര്‍ഥ ‘സ്പോണ്‍സര്‍’ എന്ന് സംശയിച്ചുപോകുന്നു. സൗമ്യ സഞ്ചരിച്ച പാസഞ്ചറിലെ യാത്രക്കാരല്ലല്ളോ ജിഷയുടെ അയല്‍വാസികള്‍. എന്നിട്ടും എന്തുകൊണ്ട് ഈ പ്രതികരണ സമാനത?

ജിഷയുടെ സംഭവത്തില്‍ ദുരൂഹതയുള്ളത് അവളുടെ മരണത്തിനും വാര്‍ത്തകള്‍ പുറത്തുവന്നതിനുമിടക്കുള്ള നിശ്ശബ്ദകാലത്തെ സംബന്ധിച്ചാണ്. ആരെങ്കിലും അതു പുറത്തുവരാതിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടുപോയതാണോ അതോ വളരെ ആസൂത്രിതമായി ഈ സമയത്ത് പുറത്തുകൊണ്ടുവരുകയായിരുന്നോ അതോ സ്വാഭാവികമായിത്തന്നെ സംഭവിച്ച കാലതാമസമാണോ?

സംഭവം ചര്‍ച്ചയായതോടെ പ്രതിപക്ഷം ഊര്‍ജസ്വലമായി മുന്നോട്ടുവന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ക്കും അക്കാര്യത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് നേര്. സ്ത്രീപീഡകരെ കൈയാമംവെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വീമ്പുപറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ കവിയൂരും കിളിരൂരും കൊട്ടിയവുമൊക്കെ തേച്ചുമാച്ചു കളയുന്നതാണ് കണ്ടത്. സൂര്യനെല്ലി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരൊറ്റ കേസിലും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. നിയമത്തിനു മുമ്പാകെ എത്തിയ പ്രതികളാകട്ടെ, ജാമ്യം കിട്ടി പൊതുസമൂഹത്തില്‍ വിലസുന്നു. പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തുന്നു. ജാമ്യം കിട്ടാത്ത ഗോവിന്ദച്ചാമിമാരാകട്ടെ, ജയിലില്‍ സുരക്ഷിതമായി സുഖജീവിതം നയിക്കുന്നു. എന്താണ് ഇതിനര്‍ഥം? സ്ത്രീപീഡനങ്ങള്‍ നിയന്ത്രിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇവിടെ മാറിമാറി അധികാരത്തിലേറിയ സര്‍ക്കാറുകള്‍ ദയനീയമായി പരാജയപ്പെട്ടു. അവര്‍ക്ക് ഇച്ഛാശക്തിയോ ആത്മാര്‍ഥതയോ തെളിയിക്കാന്‍ സാധിച്ചില്ല.

തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയസംഘടനകള്‍ക്ക് എടുത്തുപയോഗിക്കാനുള്ള ഒരായുധം മാത്രമായി ഈ പെണ്‍കുട്ടികള്‍ മാറി. രാഷ്ട്രീയം പറയാനില്ലാതെ വരുമ്പോള്‍ പരസ്പരം പഴിചാരാനുള്ള എളുപ്പവഴികളായി സ്ത്രീപ്രശ്നങ്ങളെ അവര്‍ നിലനിര്‍ത്തുകയാണോ എന്നുപോലും സംശയിക്കാവുന്ന മട്ടിലാണ് കാര്യങ്ങള്‍. ഒരു കാര്യം വ്യക്തമാണ്, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവിടത്തെ സ്ത്രീമുന്നേറ്റം ഭരണകര്‍ത്താക്കളോട് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ഒരക്ഷരംപോലും വിലമതിക്കപ്പെടുകയുണ്ടായില്ല. കുറെ നിയമങ്ങള്‍, നിയമഭേദഗതികള്‍, പണം വാരിയെറിയുന്ന പദ്ധതികള്‍, കമീഷനുകള്‍... ആര്‍ക്കു വേണ്ടിയായിരുന്നു ഇവയൊക്കെയും? ഭരണനേട്ടമായി എണ്ണിക്കാണിച്ച് സ്വന്തം പ്രശസ്തി ഉയര്‍ത്തിപ്പിടിക്കാനോ? നാണമാവുന്നില്ളേ ഇവര്‍ക്ക് പരിക്കേറ്റ പെണ്ണിന്‍െറ ചെലവില്‍ ഇനിയും വോട്ടുപിടിക്കാനും വോട്ടുമറിക്കാനും അധികാരത്തിലേറാനും?

ജിഷയുടെ കാര്യത്തില്‍ എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമങ്ങളെ അവളുടെ നീതിക്കുവേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്. അവളെ മുറിയാക്കിയവന്‍, കരയിപ്പിച്ചവന്‍ കഠിനമായ ജീവപരന്ത്യമുള്ള ഏകാന്തതടവിന് വിധിക്കപ്പെടട്ടെ. ഇതു സംബന്ധിച്ച മുഴുവന്‍ വാര്‍ത്തകളും സുതാര്യമായി പൊതുജനമധ്യത്തില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. ഈ എഴുത്ത് അപൂര്‍ണമായി അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ഭയക്കുന്നു, അടുത്ത കരച്ചിലിന്‍െറ ശബ്ദവും മുറിവിന്‍െറ നനവും എവിടെനിന്നാണ് പടര്‍ന്നുകയറുന്നത്? 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder
Next Story