നിലനില്‍പിനായൊരു ഹരിത വികസന പ്രകടനപത്രിക
text_fieldsകഠിനമായ ചൂടില്‍ നമ്മുടെ നാട് ചുട്ടുപൊള്ളുന്നു. സൂര്യന്‍െറ പൊള്ളലേല്‍ക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന് നിത്യസംഭവങ്ങളാകുകയാണ്. കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത രീതിയില്‍ ദുസ്സഹമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഓര്‍ക്കുക, ഇത് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. വികസനത്തിന്‍െറ പേരു പറഞ്ഞാണല്ളോ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഇപ്പോള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്. ആ പദംതന്നെ തെറ്റിദ്ധരിക്കപ്പെട്ട് യഥാര്‍ഥ ദിശയില്‍നിന്ന് വ്യതിചലിക്കുന്നതിന്‍െറ ഫലമായി പ്രകൃതി നല്‍കുന്ന താക്കീതുതന്നെയാണ് ഈ ദുരന്തങ്ങള്‍. അതിനെ അവഗണിച്ച് ഇനിയും വരാനിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. കൂടുതല്‍ അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളും ഷോപ്പിങ് മാളുകളും ആഡംബരവാഹനങ്ങളും വിമാനത്താവളങ്ങളും തുടങ്ങി മെഗാപ്രോജക്ടുകളാണ് വികസനത്തിന്‍െറ പ്രത്യക്ഷ മാനദണ്ഡങ്ങള്‍ എന്ന് നിര്‍ഭാഗ്യവശാല്‍ വലിയൊരു വിഭാഗം ജനങ്ങളും ഭരണകൂടവും ധരിച്ചുവെച്ചിരിക്കുന്നു. സ്വാഭാവിക പരിസ്ഥിതിബോധത്തെ ഹനിക്കുന്ന, ഉപഭോഗസംസ്കാരത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥയിലേക്കാണ് ഇത്തരത്തിലുള്ള വികസന സങ്കല്‍പങ്ങള്‍ നമ്മെ കൊണ്ടത്തെിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രകടനപത്രികകളില്‍ പ്രഖ്യാപിക്കുന്ന പല വാഗ്ദാനങ്ങളും ഇത്തരത്തിലുള്ളതുതന്നെ. കേരളത്തിന്‍െറ നിലനില്‍പുതന്നെ ചോദ്യംചെയ്യുന്ന, പരിസ്ഥിതി സന്തുലനം തകിടംമറിക്കുന്ന, ധനികരെ കൂടുതല്‍ ധനികരും ദരിദ്രരെ കൂടുതല്‍ ദുരിതത്തിലാക്കുകയുംചെയ്യുന്ന ഈ വികസനസങ്കല്‍പം ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് കടകവിരുദ്ധമാണ് എന്ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നതിനാധാരമായ പ്രകൃതിവിഭവങ്ങളെല്ലാം അപകടകരമാംവിധം ശോഷണോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് സുസ്ഥിരമായ വികസനത്തിന് ദിശാബോധം നല്‍കാന്‍ സഹായിക്കുന്ന ഒരു ഹരിത വികസന അജണ്ട ഇവിടെ അവതരിപ്പിക്കുന്നത്.
ധവളപത്രം
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നു മാസത്തിനകം പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് ഒരു ധവളപത്രം പുറത്തിറക്കുക. ഒപ്പം പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുന$പരിശോധിക്കുകയും വേണ്ടി വന്നാല്‍ റദ്ദാക്കുകയും ചെയ്യുക. വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പാരിസ്ഥിതിക മേഖലകളില്‍ ഇടപെട്ടതും, വന്‍ നികത്തലുകളും ഖനനങ്ങളും ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നത് നിയമാനുസൃതമായിട്ടാണോ എന്ന് വിലയിരുത്താന്‍ ഒരു പാരിസ്ഥിതിക ഓഡിറ്റ് കമീഷനെ നിയമിക്കുക.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പുനരവലോകനം ചെയ്ത് അവയില്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമായതും പശ്ചിമഘട്ടത്തിന്‍െറ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതുമായ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപടികള്‍ സ്വീകരിക്കുക. പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസികളുടെ ജീവിതഗുണത വര്‍ധിപ്പിക്കുന്നതിനുള്ള സംയോജിത സുസ്ഥിര വികസനപരിപാടികള്‍ നടപ്പാക്കുക. വനസംരക്ഷണത്തിനുവേണ്ടിയുള്ള സേവനങ്ങളെ മാനിച്ച് വനത്തില്‍നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന പാരിസ്ഥിതിക സേവനമൂല്യത്തിന്‍െറ നിശ്ചിതശതമാനം തുക വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് പ്രതിമാസം പെന്‍ഷന്‍പോലെ നല്‍കുക.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം (2008) ഉപഗ്രഹ ഭൂപടത്തിന്‍െറ സഹായത്തോടെ ഉണ്ടാക്കിയ പഞ്ചായത്തുതല ഡാറ്റാബാങ്ക് ഉടന്‍ പ്രസിദ്ധീകരിക്കുകയും ജനങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ആറുമാസത്തിനകം അന്തിമ രൂപംനല്‍കി ഗസറ്റില്‍ പുന$പ്രസിദ്ധീകരിക്കുകയും ചെയ്യുക. അതുവരെ പ്രസ്തുത ഭൂമികളില്‍ ഒരുവിധ ക്രയവിക്രയങ്ങളും അനുവദിക്കരുത്. കൂടാതെ, 2008നുശേഷം നികത്തിയ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തിരിച്ചുപിടിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യുക.
എല്ലാ പഞ്ചായത്തുകളിലും തണ്ണീര്‍ത്തടങ്ങള്‍, കുളം, കനാലുകള്‍, നീര്‍ച്ചാലുകള്‍, അരുവികള്‍, തോടുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു തണ്ണീര്‍ത്തട രജിസ്റ്റര്‍ തയാറാക്കി അവയുടെ പരിപാലന ഉത്തരവാദിത്തം പഞ്ചായത്തുകളില്‍ അധിഷ്ഠിതമാക്കുക. കൂടാതെ, എല്ലാ കുളങ്ങളും അരുവികളും പുഴയും പുനരുദ്ധാരണം ചെയ്യാന്‍ തണ്ണീര്‍ത്തട പുനരുദ്ധാരണ മിഷനെ നിയമിക്കുക.
2009ല്‍ രൂപംകൊടുത്ത ഭൂവിനിയോഗനയം പൂര്‍ണമായി നടപ്പാക്കുക. വനേതര പ്രദേശങ്ങളിലുള്ള കുന്നുകള്‍ സംരക്ഷിക്കാന്‍ വേണ്ട ഒരു നിയമം ആറുമാസത്തിനകം യാഥാര്‍ഥ്യമാക്കുക. ക്വാറികള്‍ക്ക് നിയമപരമായി അനുമതി നല്‍കുന്നതിനുമുമ്പ് ജില്ലാതല പാരിസ്ഥിതികാഘാത പഠനം നടത്തുകയും അവയുടെ പ്രവര്‍ത്തനം ജില്ലാതലങ്ങളില്‍ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രകൃതിവിഭവങ്ങളുടെ ഖനനങ്ങള്‍ പ്രാദേശികമായ അത്യാവശ്യ ആവശ്യങ്ങളിലൂന്നി പഠനം നടത്തിയശേഷം പൊതു ഉടമസ്ഥതയില്‍ മാത്രം അനുവദിക്കുക.
വിഴിഞ്ഞം, മെട്രോ-മോണോ പാതകള്‍, വല്ലാര്‍പാടം തുടങ്ങിയ പദ്ധതികളുടെ പാരിസ്ഥിതിക-സാമ്പത്തിക- സാമൂഹിക-സാംസ്കാരിക പഠനത്തിനും ആഘാതനിര്‍ണയത്തിനും ഒരു കമീഷനെ നിയമിക്കുക.
1984ലെ കെട്ടിട നിര്‍മാണച്ചട്ടം പ്രകാരം ഓരോ സ്ഥലത്തും നിര്‍ദിഷ്ട കെട്ടിടങ്ങളുടെയും നിര്‍മിക്കുന്ന സ്ഥലത്തിന്‍െറയും വിസ്തീര്‍ണം അനുസരിച്ച് ഫ്ളോര്‍ ഏരിയ റേഷ്യോ പ്രകാരം നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍, 1999നുശേഷം ഇത് ഉദാരമാക്കി. നിശ്ചിതസംഖ്യ പിഴയടച്ചാല്‍ അത് എത്രയും താഴാം എന്ന് വ്യവസ്ഥ ചെയ്യുകയുണ്ടായി. ഇതുമൂലം കൂടുതല്‍ പണം ഫീസായി അടക്കാന്‍ തയാറുള്ളവര്‍ക്ക് ചെറിയ സ്ഥലത്തുപോലും വന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാം എന്ന അവസ്ഥ വന്നു. ഈ ഉദാരവത്കരണനയം മൂലം കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വേണ്ട പാര്‍ക്കിങ് സ്പേസ്, ഓപണ്‍ സ്പേസ്, റിക്രിയേഷന്‍ സ്പേസ് എന്നിവക്കൊക്കെ ഇളവുകള്‍ വരുത്തി. ഇതിന്‍െറ ഫലമായി കെട്ടിടനിര്‍മാണ നിയമംപോലും ലംഘിച്ചുകൊണ്ട് കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ക്ക് നിശ്ചിത ഫീസൊടുക്കി ക്രമവത്കരിച്ചാല്‍ നിയമസാധുത കൈവരിക്കാം എന്നായി മാറി. അതുകൊണ്ടുതന്നെ ശക്തമായ ഒരു കെട്ടിടനിര്‍മാണ നിയമസംഹിത രണ്ടു വര്‍ഷത്തിനകം നിലവില്‍ വരുത്തേണ്ടിയിരിക്കുന്നു. ഇതില്‍ കെട്ടിടത്തിന്‍െറ വലുപ്പം കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പരിമിതപ്പെടുത്തുക. എല്ലാ നിര്‍മാണവും പ്രകൃതിസൗഹൃദപരമാക്കുകയും സ്റ്റീല്‍, മണല്‍, കരിങ്കല്ല് മുതലായ പുനരുല്‍പാദനം സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കുകയും ചെയ്യുക. 30 ലക്ഷത്തിലേറെ ചെലവ് വരുന്ന കെട്ടിടങ്ങള്‍ക്ക് സൗരോര്‍ജ സംവിധാനവും മാലിന്യനിര്‍മാര്‍ജന പദ്ധതിയും ഉറപ്പാക്കിയതിനുശേഷം മാത്രം അനുമതി നല്‍കുക.
പ്ളാസ്റ്റിക് നിരോധം
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 50 മൈക്രോണില്‍ കുറഞ്ഞ പ്ളാസ്റ്റിക് സഞ്ചികളുടെ നിരോധം കര്‍ശനമായി സംസ്ഥാനത്ത് നടപ്പാക്കുക. എല്ലാതരത്തിലുള്ള പ്ളാസ്റ്റിക് മാലിന്യവും കത്തിക്കുന്നത് നിയമപരമായി തടയുക. പ്ളാസ്റ്റിക്്, ഇലക്ട്രോണിക്സ് മാലിന്യത്തിന്‍െറ സംസ്കരണത്തിനുവേണ്ടി ഒരു കര്‍മപദ്ധതി സമയബന്ധിതമായി നടപ്പാക്കുക. കേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് പകരം ഉറവിട മാലിന്യ സംസ്കരണത്തിലൂന്നി ശുചിത്വമിഷന്‍ മുഖേന വീടുകളില്‍ കുഴിക്കമ്പോസ്റ്റ്, പൈപ്പ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ്്, ഏറോബിക് അഥവാ കിച്ചണ്‍ ബിന്‍ എന്നിവയിലേതെങ്കിലും ഒന്ന് സ്ഥാപിക്കാനുള്ള നടപടി എടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ളാന്‍ ഫണ്ടില്‍ 10 ശതമാനം തുകയെങ്കിലും ഉറവിട മാലിന്യ സംസ്കരണത്തിനും ജലസംരക്ഷണ പദ്ധതികള്‍ക്കും നീക്കിവെക്കാന്‍ നടപടി സ്വീകരിക്കുക.
സമുദ്ര മത്സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കാനും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഒരു നയതന്ത്ര കര്‍മപരിപാടി ആസൂത്രണം ചെയ്യുക. ഈ നയത്തില്‍ മുന്‍ഗണന നല്‍കേണ്ടത് അനധികൃത മീന്‍പിടിത്തം തടയല്‍, രാത്രികാല ട്രോളിങ്ങും നിരോധിക്കപ്പെട്ട വലകള്‍ ഉപയോഗിച്ചുള്ള ട്രോളിങ്ങും, മത്സ്യബന്ധന ബോട്ടുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍ എന്നിവയാണ്. ഉല്‍പാദനവര്‍ധന ലക്ഷ്യമാക്കി ഒരു സമഗ്ര തീരദേശ മത്സ്യബന്ധന നയവും നമുക്ക് അത്യാവശ്യമാണ്.
പാഠ്യപദ്ധതി പരിഷ്കരണം
എല്ലാ ഒൗപചാരിക-അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും സുസ്ഥിര വികസനവും പരിസ്ഥിതിസംരക്ഷണവും പ്രോത്സാഹിപ്പിക്കുക. അതിനനുസരിച്ച് പാഠ്യപദ്ധതികളില്‍ വേണ്ട മാറ്റംവരുത്തുക. സംസ്ഥാനത്തെ ഗവേഷണസ്ഥാപനങ്ങള്‍ കേരളത്തിന്‍െറ അടിസ്ഥാന ആവശ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മുന്‍ഗണനാലിസ്റ്റ് ഉണ്ടാക്കുകയും അതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍, തദ്ദേശ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ഭക്ഷ്യ-ആരോഗ്യ- സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.
പൊതുഗതാഗതം കര്‍ശനമായി പ്രോത്സാഹിപ്പിക്കുക. ഒരു ഓഫിസര്‍ക്ക് ഒരു കാര്‍ എന്ന സംവിധാനം നിര്‍ത്തലാക്കി ഷെയര്‍ ചെയ്യുന്ന സംവിധാനത്തിന് രൂപംനല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പ്രധാനപ്പെട്ട നഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തെ ബാധിക്കാത്ത രീതിയില്‍ കടല്‍മാര്‍ഗ ജലഗതാഗതം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവക്ക് ഏറ്റവും മുന്‍ഗണന നല്‍കുക.
പരിസ്ഥിതിസംരക്ഷണത്തിന് എക്കാലവും മുന്തിയ പരിഗണന നല്‍കിവരുന്ന പൊതുസമൂഹമാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിലില്ലാത്ത ഒട്ടേറെ നിയമങ്ങള്‍ ഇവിടെ രൂപപ്പെട്ടുവന്നതും. ഇതിനെ പിന്‍പറ്റിക്കൊണ്ടാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പരിസ്ഥിതിമേഖലയില്‍ മാതൃകാപരമായ ഇടപെടലുകള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. മാറിമാറിവന്ന സര്‍ക്കാറുകള്‍ വികസനപദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും കേരളത്തിന്‍െറ പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും ശ്രദ്ധിക്കുകയും ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷം ഇതിന് തിരിച്ചടിയുണ്ടായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്‍െറ പരിസ്ഥിതിരംഗത്ത് നമ്മുടെ ഭരണ കര്‍ത്താക്കള്‍തന്നെ ഉണ്ടാക്കിയ ആഘാതം പരിസ്ഥിതിസ്നേഹികളെ ലജ്ജിപ്പിക്കുന്നതും നാടിനെ നാശത്തിലേക്ക് നയിക്കുന്നതുമാണ്. ഈ തെരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാര്‍, ഓരോ പൗരനും ശുദ്ധവായു, ജലം, മണ്ണ്, പാര്‍പ്പിടം, തൊഴില്‍സുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങള്‍, പ്രാഥമിക ചികിത്സ, പൊതു ഗതാഗതസംവിധാനം, മാലിന്യനിര്‍മാര്‍ജനം, ഊര്‍ജസുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വികസന അജണ്ടതന്നെയാകണം നടപ്പാക്കേണ്ടത്. വൈകുന്ന ഓരോ നിമിഷവും നമ്മള്‍ക്ക് തിരിച്ചുപിടിക്കാന്‍ പറ്റാത്ത കൂടുതല്‍ ദുരിക്കയത്തിലേക്കാവും പോവുക. മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള അത്തരം അപകടമണിമുഴക്കങ്ങളാണ് പ്രകൃതി നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇനിയും നമുക്ക് വൈകിക്കൂടാ.
(കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗമാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.