ഭീഷണിയുയര്‍ത്തി കയറ്റുമതി ഇടിയുന്നു
text_fieldsകയറ്റുമതിക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസ്ഥാനമാണ് കല്‍പിക്കപ്പെടുന്നത്. സാമ്പത്തികവളര്‍ച്ചക്കൊപ്പം രാജ്യത്ത് അടിസ്ഥാനമേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിലും കയറ്റുമതിക്ക് നിര്‍ണായകപങ്കാണുള്ളത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി ആശങ്കജനകമാംവിധം ഇന്ത്യയുടെ കയറ്റുമതി കുറയുകയാണ്. ലോകത്തിന്‍െറ എല്ലാ മേഖലകളിലേക്കും ഇന്ത്യയുടെ എല്ലായിനം കയറ്റുമതികളും കുത്തനെ ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതിയില്‍ ആകെ 27 ശതമാനത്തോളം ഇടിവുണ്ടായി.
എന്നാല്‍, സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ പ്രതിസന്ധി കയറ്റുമതിമേഖലയില്‍ സംജാതമാകുമ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഇന്ത്യക്ക് ഇപ്പോഴും സ്വാധീനമുള്ള കയറ്റുമതിമേഖലകള്‍ സംരക്ഷിക്കാനോ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഈ വീഴ്ച വിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക ഗവേഷണസ്ഥാപനമായ ആംബിറ്റ് കാപ്പിറ്റല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച മുരടിക്കുകയാണെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
2015 നവംബറില്‍ കയറ്റുമതി സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നവംബറില്‍ വെറും 1900 കോടി ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ കയറ്റുമതി. 2014 നവംബറിനെ അപേക്ഷിച്ച് 27 ശതമാനത്തോളം കുറവാണ് 2015 നവംബറില്‍ ഉണ്ടായിരിക്കുന്നത്. 2010 നവംബറില്‍ ഉണ്ടായിരുന്ന കയറ്റുമതി വരുമാനത്തിലേക്കാണ് കൂപ്പുകുത്തിയതെന്നുകൂടി അറിയുമ്പോഴേ തകര്‍ച്ചയുടെ ആഴം ബോധ്യമാവുകയുള്ളൂ.
ഇക്കാലയളവില്‍ നല്ല സ്വാധീനമുണ്ടായിരുന്ന എല്ലാ കയറ്റുമതി വിപണികളിലും കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. സമീപകാലത്ത് വളര്‍ച്ചരാഷ്ട്രം കാര്യമായി ലക്ഷ്യംവെച്ചിരുന്ന ആഫ്രിക്കന്‍വിപണികളില്‍ നിന്നാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 25 ശതമാനത്തോളം ഇടിവാണ് ഇവിടെയുണ്ടായത്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിവിപണിയായ ഏഷ്യയിലും കനത്ത തിരിച്ചടിയാണ് കയറ്റുമതിരംഗത്ത് ഉണ്ടാവുന്നത്. ആസിയാന്‍ രാജ്യങ്ങളിലേക്കടക്കം കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 20 ശതമാനം കുറവുണ്ടായി. ഏറ്റവും കൂടുതല്‍ കയറ്റുമതി വരുമാനം ലഭ്യമാക്കിയിരുന്ന ഈ മേഖലയിലെ തിരിച്ചടിയാണ് ആകെ കയറ്റുമതി വരുമാനം കുത്തനെ ഇടിയാന്‍ കാരണമായത്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വ്യാപാര പങ്കാളികളില്‍ ഒന്നായ ചൈനയിലേക്കുള്ള കയറ്റുമതി 22 ശതമാനത്തോളം കുറഞ്ഞു. ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞത്. ഇത് ചൈനയുമായുള്ള വ്യാപാരക്കമ്മി വര്‍ധിക്കാനും ഇടയാക്കിയി.
പരമ്പരാഗതമായി ഇന്ത്യക്ക് കനത്ത കയറ്റുമതിവരുമാനം ലഭ്യമാക്കിയിരുന്ന പല ഉല്‍പന്നങ്ങളുടെയും കയറ്റുമതി ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ ആകെ കയറ്റുമതി വരുമാനത്തില്‍ 35 ശതമാനവും ലഭ്യമാക്കിയിരുന്നത്.
2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന് ലഭിച്ച കയറ്റുമതിവരുമാനത്തില്‍ 50 ശതമാനം കുറവാണുണ്ടായത്. സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയില്‍നിന്നുള്ള വരുമാനത്തില്‍ ഒമ്പതു ശതമാനം ഇടിവുമുണ്ടായി. തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കമുള്ള യന്ത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിരുന്ന ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 50 ശതമാനത്തോളം കുറവുണ്ടായി.
കാര്‍ഷികമേഖലയില്‍നിന്ന് ഇന്ത്യ ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ഒന്ന് അരിയാണ്. ഇതിന്‍െറ കയറ്റുമതിയില്‍ 2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 25 ശതമാനം കുറവുണ്ടായി. കയറ്റുമതിരംഗത്തെ ഈ പ്രതിസന്ധി വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാക്കുന്നത്. അസംസ്കൃത എണ്ണ ഉള്‍പ്പെടെ സാമ്പത്തികവളര്‍ച്ചക്ക് അതിപ്രധാനമുള്ള പല വസ്തുക്കളും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കയറ്റുമതിയിലുണ്ടാവുന്ന കുറവ് രൂപയുടെ മൂല്യത്തെ ഗുരുതരമായി ബാധിക്കും. ഇവിടെ പുതിയ പ്രശ്നത്തിന് തുടക്കമാവുകയും ചെയ്യും.
കയറ്റുമതിമേഖലയുടെ തളര്‍ച്ച ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി ഭീമമായി വര്‍ധിക്കാനിടയാക്കും. ഇതോടെ രൂപയുടെ മൂല്യം സംരക്ഷിക്കാനും പ്രതിസന്ധി കൂടുതല്‍ വഷളാവാതിരിക്കാനും ഇറക്കുമതിക്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇത് വ്യവസായിക ഉല്‍പാദനത്തെയും സാമ്പത്തികവളര്‍ച്ചയെയും സാരമായി ബാധിക്കുകയും ചെയ്യും. ഇന്ത്യക്ക് ഏറ്റവുമധികം വിദേശനാണയം നേടിത്തന്നിരുന്ന സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് തിരിച്ചടിയായത് വിദേശ വ്യാപാരക്കമ്മി നിയന്ത്രിക്കുന്നതിന് സ്വര്‍ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണെന്ന് ഈ മേഖലയിലുള്ളവര്‍ വാദിക്കുന്നുണ്ട്. ഇതില്‍ ഒരുപരിധിവരെ ശരിയുമുണ്ട്. ഇറക്കുമതി നിയന്ത്രണങ്ങള്‍ കൂടുതല്‍ വ്യാപകമായാല്‍ അത് മറ്റ് വ്യവസായമേഖലകളുടെ വളര്‍ച്ചയെയും സാരമായി ബാധിക്കും. അടിസ്ഥാനമേഖലയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മേഖലകളില്‍ ഒന്നാണ് തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണ മേഖലകള്‍. ഈ വ്യവസായമേഖലയുടെ നിലനില്‍പില്‍ നിര്‍ണായകപങ്കാണ് കയറ്റുമതി വഹിച്ചിരുന്നത്. ബംഗ്ളാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ മുന്നിലാണ് സമീപകാലത്ത് ഇന്ത്യക്ക് വിദേശവിപണികള്‍ അടിയറവുവെക്കേണ്ടിവന്നത്.
രാസവസ്തുക്കള്‍, ഉപകരണ നിര്‍മാണമേഖല എന്നിവയും പരമ്പരാഗതമായി ഇന്ത്യയില്‍ ഉയര്‍ന്ന അളവില്‍ തൊഴില്‍ ലഭ്യമാക്കുന്ന മേഖലകളാണ്. മറ്റൊരു സുപ്രധാന തൊഴില്‍മേഖലയായ ഓട്ടോമൊബൈല്‍ രംഗം കയറ്റുമതിയുടെ കാര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് സൂചന. കയറ്റുമതിരംഗത്തെ തിരിച്ചടി ഈ മേഖലകളുടെ വളര്‍ച്ചയെയും സാരമായി ബാധിക്കും.
തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിരുന്ന മേഖലകളെല്ലാം വളര്‍ച്ചാമുരടിപ്പിലേക്ക് നീങ്ങുന്നത് തൊഴില്‍രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇതും സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.
എന്നാല്‍, അതീവ ഗുരുതരമായ പ്രശ്നങ്ങളുയര്‍ത്തി കയറ്റുമതി കുത്തനെ ഇടിയുമ്പോഴും പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവുന്നില്ല എന്നത് കൂടുതല്‍ ആശങ്കയുയര്‍ത്തുന്നു. മുമ്പ് യു.പി.എ ഭരണകാലത്ത് ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് നികുതിയിനത്തിലും മറ്റും സുപ്രധാന വ്യവസായമേഖലകള്‍ക്ക് ലഭ്യമാക്കിയ ഇളവുകളായിരുന്നു. പിന്നീട് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ ഇവ പിന്‍വലിക്കപ്പെട്ടു. ഇപ്പോഴത്തെ കയറ്റുമതിപ്രതിസന്ധിക്ക് സര്‍ക്കാറിന്‍െറ ഈ പിന്മാറ്റങ്ങളും കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുകൂടി പരിഗണിച്ചുള്ള പരിഹാരമാര്‍ഗങ്ങളാണ് ആവശ്യം. ഇതോടൊപ്പം ഇപ്പോഴത്തെ കയറ്റുമതി പ്രതിസന്ധിക്കിടയിലും കയറ്റുമതിവളര്‍ച്ച പ്രകടമാക്കുന്ന ചില മേഖലകളുണ്ട്. ഈ മേഖലകളില്‍നിന്നുള്ള കയറ്റുമതി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.