കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍
text_fieldsഇന്ത്യന്‍ പീനല്‍ കോഡ് 499 അനുസരിച്ച് വാക്കിലൂടെയോ ചിഹ്നങ്ങളിലൂടെയോ ദൃശ്യപ്രതിനിധാനങ്ങളിലൂടെയോ ഒരു വ്യക്തിയുടെ മാന്യതയെ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ആരോപണം ആ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തലാണ്, അത് കുറ്റകരമാണ്. ഒരു സമൂഹത്തിലെ ജനങ്ങളെയാകെ സമാനമായ ആരോപണത്തിനു വിധേയരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഐക്യരാഷ്ട്രസഭ കേരളത്തെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തെ ദരിദ്രരാഷ്ട്രമായ സോമാലിയയോട് താരതമ്യപ്പെടുത്തുന്നു. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍, മാനവവികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ, കേരളത്തിന്‍േറതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളുള്ള സോമാലിയ എന്ന ദരിദ്രരാഷ്ട്രവുമായി താരതമ്യപ്പെടുത്തിയതില്‍ അനൗചിത്യമുണ്ടെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി, കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ക്കിടയിലെ ശിശുമരണനിരക്കിനെയാണ് സോമാലിയയുടേതുമായി താരതമ്യപ്പെടുത്തിയതെന്നും അതുകൊണ്ട് കേരളത്തെയല്ല ഉദ്ദേശിച്ചതെന്നും മറ്റൊരു വാദവുമുണ്ട്. കേരള ജനതയുടെ ഭാഗമാണ് ഇവിടത്തെ പട്ടികവര്‍ഗവിഭാഗമെന്നിരിക്കെ, പട്ടികവര്‍ഗത്തെക്കുറിച്ചുള്ള പരാമര്‍ശം കേരളത്തെക്കുറിച്ചുള്ളതല്ല എന്നു പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്. പട്ടികവര്‍ഗത്തെക്കുറിച്ചുള്ള പരാമര്‍ശം എന്ന നിലയില്‍ മാത്രമായി സ്വീകരിച്ചാല്‍പോലും ആ താരതമ്യം വസ്തുതാപരമല്ല.
അതേസമയം, കേരളത്തിലെ പട്ടികവര്‍ഗത്തിനിടയിലെ ശിശുമരണനിരക്ക് സോമാലിയയിലെ ശിശുമരണനിരക്കിനെക്കാള്‍ കൂടുതലാണെന്നും അതുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. പ്രധാനമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പ്രസ്താവനകള്‍ യാഥാര്‍ഥ്യമെന്ത് എന്നു പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം (ഏറ്റവുമധികം രേഖപ്പെടുത്തുന്ന സംസ്ഥാനം രാജസ്ഥാനാണ്, ആയിരത്തിന് 110). 2015-16ലെ ഇക്കണോമിക് സര്‍വേ അനുസരിച്ച് ശിശുമരണനിരക്കില്‍ ഇന്ത്യയിലെ ദേശീയ ശരാശരി ആയിരത്തിന് 40 ആണെന്നിരിക്കേ, കേരളത്തിലിത്, ആയിരത്തിന് 12ഉം കേരളത്തിലെ പട്ടികവര്‍ഗത്തിനിടയില്‍ ഇത്, ആയിരത്തിന്ന് 60ഉം ആണ്. ലോകബാങ്കിന്‍െറ കണക്കനുസരിച്ച് സോമാലിയയില്‍ ഇത് 1000ന് 85 ആണ്.!! മാത്രമല്ല, പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ ശിശുമരണനിരക്ക് ആയിരത്തിന് 36 ആണെന്നതും ശ്രദ്ധേയമാണ്. ദേശീയ ശരാശരി(40)യോട് അടുത്തുനില്‍ക്കുന്നതാണല്ളോ ഈ കണക്ക്. വസ്തുത ഇതായിരിക്കേ, കേരളത്തെ ലോകത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന രാജ്യത്തിന്‍െറ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുകയും കേന്ദ്ര ആരോഗ്യമന്ത്രി അതു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇവിടെ, കേന്ദ്ര സര്‍ക്കാറിന് പട്ടികവര്‍ഗത്തിന്‍െറ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലുള്ള താല്‍പര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗക്ഷേമത്തിനായി നീക്കിവെക്കുന്ന തുകയുടെ നാലിലൊന്നുപോലും വിനിയോഗിക്കപ്പെടുന്നില്ളെന്നതാണ് വസ്തുത. 2014-15ല്‍ അനുവദിക്കേണ്ടിയിരുന്നത് 49450 കോടി രൂപയാണ്. എന്നാല്‍, അനുവദിച്ചത് 32,184 കോടി രൂപയാണ്. അതേസമയം, ചെലവഴിച്ചത്, കേവലം 8517 കോടി മാത്രമാണ്. 2015-16ല്‍ 77,236 കോടി രൂപയാണ് വകയിരുത്തേണ്ടതെങ്കില്‍ 30,851 കോടി മാത്രമാണ് വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ, 8793 കോടി രൂപ മാത്രം. വകയിരുത്തുന്ന തുക പൂര്‍ണമായി അനുവദിക്കാനും അത് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രി കേരളത്തെ സംബന്ധിക്കുന്ന പ്രസ്താവന നടത്തിയത്.
കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെയുള്ള പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ അനീതിയും വിവേചനവും അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ പട്ടികവര്‍ഗത്തിനിടയില്‍ ശിശുമരണത്തിന്‍െറ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. സോമാലിയയിലാകട്ടെ, പോഷകാഹാരക്കുറവ് മാത്രമല്ല, പട്ടിണിയും ദാരിദ്ര്യവും കാരണമാണ്. അവ പരിഹരിക്കാനുള്ള പദ്ധതികള്‍പോലും ആസൂത്രണം ചെയ്യാന്‍ ആ രാജ്യത്തിനു കഴിയുന്നില്ളെന്നെതാണ് സാഹചര്യം. അതേസമയം, കേരളത്തില്‍ പട്ടികവര്‍ഗ-പട്ടികജാതി ക്ഷേമത്തിനായി നിരവധി പദ്ധതികളുണ്ട്. എന്നാല്‍, അവയുടെ നടത്തിപ്പ് അശാസ്ത്രീയമാണ്. കക്കൂസ് നിര്‍മാണത്തിനും കുടിവെള്ള സംവിധാനത്തിനും ഉള്‍പ്പെടെ ഫണ്ട് വകയിരുത്താറുണ്ട്. എന്നാല്‍, ഗുണഭോക്താക്കളായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ സ്വയം പണം കണ്ടത്തെി പൂര്‍ത്തീകരിച്ചതിനുശേഷം സര്‍ക്കാറിനെ സമീപിക്കുമ്പോഴാണ് ചെലവായ തുക സര്‍ക്കാര്‍ നല്‍കുന്നത്. അതിനാവട്ടെ, ദിവസങ്ങളോളം അവര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്നു. പലപ്പോഴും ഈ ബുദ്ധിമുട്ടു കണക്കിലെടുത്ത് കക്കൂസും കുടിവെള്ള സംവിധാനവുമടക്കം വേണ്ടെന്നുവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴിലില്ലായ്മ രൂക്ഷമായ പട്ടികവര്‍ഗവിഭാഗത്തിനിടയില്‍ അവരുടെ പ്രധാന ആശയം ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍, തൊഴിലുറപ്പു പദ്ധതി 2500 ബ്ളോക്കുകളിലായി പരിമിതപ്പെടുത്തിയതും വേതനം മുടങ്ങുന്നതും സാഹചര്യത്തെ കൂടുതല്‍ മോശമാക്കുന്നു.
ഒരു സര്‍ക്കാറിന്‍െറ ഇച്ഛാശക്തി സമൂഹത്തിന്‍െറ ഗതിനിര്‍ണയിക്കുന്ന പ്രധാനഘടകമാണ്. ഇന്ത്യയെ സംബന്ധിച്ച് ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തികനയവും ദലിതരോടും ആദിവാസികളോടുമുള്ള വിവേചനവും ജനോപകാരപ്രദമായ ഏതു പദ്ധതിയെയും അട്ടിമറിക്കും. അത്തരം യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, കേരളത്തിനുള്ളിലെ പട്ടികവര്‍ഗത്തിന്‍െറ ജീവിതാവസ്ഥയെ സംബന്ധിക്കുന്ന തെറ്റായ വസ്തുത പ്രചരിപ്പിക്കുകവഴി കേരളത്തെയും കേരളം ഇന്ത്യയുടെ ഭാഗമാണെന്നതുകൊണ്ടുതന്നെ കേരളീയരെന്ന ഇന്ത്യന്‍ പൗരരെയും രാജ്യത്തിന്‍െറ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കുറ്റം ഇക്കാര്യത്തില്‍ ബാധകമല്ളേ.?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.