നിതീഷ്കുമാറിന്‍െറ ഡി.എന്‍.എയും കേരളം എന്ന സോമാലിയയും
text_fieldsപ്രധാനമന്ത്രിപദവിയില്‍ ഇരിക്കുന്നവര്‍ക്ക് ആരോടും ഒരു മറുപടിയും പറയേണ്ടതില്ലാത്ത അപ്രമാദിത്വമുണ്ടോ എന്നൊരു സംശയം. ‘തിരുവായ’യെ എതിര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഭക്തര്‍ക്ക് വല്ലാതെ പൊള്ളുന്നു. എന്നല്ല, ജനാധിപത്യത്തിന്‍െറ ചില പഴുതുകള്‍ അനുവദിച്ചുതരുന്നതുകൊണ്ടാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് ‘ഭംഗ്യന്തരേണ’ സൂചിപ്പിക്കാനും ഈയിടെ ഒരു സുഹൃത്ത് മുതിര്‍ന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് അറസ്റ്റ് ചെയ്യാന്‍ കാരണമായേക്കുന്ന കുറ്റമാണെന്നാണ് അദ്ദേഹത്തിന്‍െറ ധ്വനി. പക്ഷേ, വിമര്‍ശത്തിന് അതീതനാണോ നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി? നേട്ടങ്ങളെ ചൊല്ലി ജനം പൊറുത്തുകൊടുക്കുകയോ കണ്ണടക്കുകയോ ചെയ്യേണ്ട എന്തുണ്ട് ഇദ്ദേഹത്തില്‍? നിരന്തരമായി പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും സ്ഥലകാലദേശമന്യേ ഇന്ത്യക്കാരനെ മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാക്കുന്ന പ്രധാനമന്ത്രിയെ എന്തിനിങ്ങനെ സ്വന്തം അന്തസ്സിന്‍െറ ചെലവില്‍ ചുമന്ന് നടക്കണമെന്ന ചോദ്യവും ഉയരില്ളേ? മോദി പ്രധാനമന്ത്രി ആയതുകൊണ്ടല്ല പ്രധാനമന്ത്രി മോദി ആയതുകൊണ്ടാണ് അദ്ദേഹത്തെ പഞ്ചപുച്ഛമടക്കി വാഴ്ത്തിപ്പാടേണ്ടതെന്നാണ് പലപ്പോഴും സ്തുതിപാഠകരുടെ നിലപാടുകളില്‍നിന്ന് വ്യക്തമാവുന്നത്. മോദിയെ ആരാധിക്കുന്നതാകട്ടെ, ഗുജറാത്തുമായി ബന്ധപ്പെട്ട മറ്റേത് വികസന കെട്ടുകഥകളേക്കാളും അകമേകൊണ്ടാടുന്ന ചില ‘അപദാനങ്ങളുടെ’ ഭാഗമാണെന്ന് നാള്‍ ചെല്ലുന്തോറും കൂടുതല്‍ തെളിഞ്ഞുവരുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ അവനവന്‍െറ ഉള്ളിലുള്ള മലിനമായ വര്‍ഗീയവികാരങ്ങളുടെ പ്രതീകമെന്ന നിലയിലും പൊള്ളയായ ദേശീയതയുടെ പ്രതിരൂപമായിട്ടുമാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത്. യുക്തിസഹമായ മറ്റൊരു കാരണങ്ങളെച്ചൊല്ലിയും ഈ പ്രധാനമന്ത്രി അതിമാനുഷനാവേണ്ട കാര്യമില്ളെന്നും ക്രിയാത്മക വിമര്‍ശങ്ങള്‍പോലും ആവശ്യമില്ളെന്നും ഇക്കൂട്ടര്‍ കരുതുന്നു.
ഗുജറാത്തിലെ ആരുംകാണാത്ത പട്ടിന്‍െറ നേര്‍മകള്‍ കൊട്ടിപ്പാടി നടന്ന കാലത്ത് മോദിയെ ജനം ദൂരത്തുനിന്നാണ് വലിയ ആദരവോടെ അനുഭവിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയായതോടെ ഓരോ ഇന്ത്യക്കാരന്‍െറ ജീവിതവും ഈ രാജാവിന്‍െറ നഗ്നത തൊട്ടറിയാന്‍ തുടങ്ങി. അടുത്തു പരിചയപ്പെടാതെ ദൂരെനിന്ന് നോക്കിക്കണ്ട് ആദരിച്ച മോദിയല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി മോദി. ഈ തിരിച്ചറിവ് മോദിക്ക് നഷ്ടപ്പെടുന്നു എന്നതാണ് പുതിയകാലത്തെ ഗുണവും ദോഷവും. ഗുജറാത്തിലെ അതേ തന്ത്രങ്ങളെ ഇങ്ങ് കേരളത്തില്‍പോലും വില്‍ക്കാന്‍ ശ്രമിക്കുന്നതിലെ അപകടം ഡല്‍ഹിയിലെയും ബിഹാറിലെയും അസംബ്ളി തിരിച്ചടികള്‍ക്കു ശേഷവും ബി.ജെ.പി ഉള്‍ക്കൊണ്ടിട്ടില്ല. നിരക്ഷരതയെയും രാഷ്ട്രീയബോധമില്ലായ്മയെയും സാമാന്യവത്കരിച്ച പ്രചാരണമായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ കണ്ടത്.
അങ്ങെവിടെയോ ഉള്ള, ഇതുവരെ ആരും തൊഴിലന്വേഷിച്ചുപോലും പോയിട്ടില്ലാത്ത ഗുജറാത്തിന്‍െറ വാഗ്ദത്തഭൂമിയിലെ ‘മന്നായും സല്‍വാ’യും ബിഹാറിലും ബംഗാളിലും ഒഡിഷയിലുമൊക്കെ വന്നത്തെുമെന്ന് പാമരന്മാരായ വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. അതേ വോട്ടര്‍മാര്‍ ക്ഷണനേരംകൊണ്ട് മോദിയുടെ കാപട്യം തിരിച്ചറിയുന്നതും ഇന്ത്യ പിന്നീട് കണ്ടു. രാഷ്ട്രീയബോധമുള്ളവര്‍ക്ക് ഈ തിരിച്ചറിവിന് നൂറു ദിവസം ധാരാളം മതിയെന്നതിന്‍െറ മികച്ച ഉദാഹരണമായിരുന്നു മധ്യവര്‍ഗക്കാരുടെ ആവാസകേന്ദ്രമായ ന്യൂഡല്‍ഹി. അരവിന്ദ് കെജ്രിവാളിനെ വ്യക്തിപരമായി അപഹസിക്കുന്നതായിരുന്നു മോദിയുടെ നാലു റാലികളിലെയും പ്രസംഗങ്ങള്‍. പക്ഷേ, മോദിയുടെ നൂറു ദിവസവും കെജ്രിവാളിന്‍െറ നൂറു ദിവസവും തമ്മിലുള്ള വ്യത്യാസം അതിനകം ബോധ്യപ്പെട്ടുകഴിഞ്ഞ ജനങ്ങളായിരുന്നു ബൂത്തുകളിലത്തെിയത്. കോണ്‍ഗ്രസിന്‍െറ രണ്ടു മുസ്ലിം സ്ഥാനാര്‍ഥികളും ഒരു വിമതനും സൃഷ്ടിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നില്ളെങ്കില്‍ ഇപ്പോള്‍ കിട്ടിയ മൂന്നു സീറ്റുപോലും ബി.ജെ.പിക്ക് ഡല്‍ഹിയില്‍ കിട്ടുമായിരുന്നില്ല.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ നരേന്ദ്ര മോദി എന്ന വിഗ്രഹം പരമദയനീയമായി ഉടഞ്ഞുതകര്‍ന്നു. അസമില്‍ സര്‍ബാനന്ദ് സൊനോവാളിനെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നയിക്കാനുള്ള തീരുമാനമുണ്ടാവുന്നത് അങ്ങനെയാണ്. ബിഹാറില്‍ മോദി 31 റാലികളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ചത്. സംസ്ഥാനത്തെ പ്രചാരണ പരസ്യങ്ങളിലെവിടെയും അന്നാട്ടുകാരായ നേതാക്കളുടെ മുഖമോ അപദാനങ്ങളോ പ്രാധാന്യപൂര്‍വം ഉണ്ടായിരുന്നില്ല. മോദിയും അമിത് ഷായും മാത്രമായിരുന്നു നിറഞ്ഞുനിന്നത്. എന്നാല്‍, ഓരോഘട്ടവും പരിശോധിച്ചാലറിയാം, എങ്ങനെയായിരുന്നു മോദി സ്വന്തം പാര്‍ട്ടിയെ ഈ സംസ്ഥാനത്ത് പരാജയത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നതെന്ന്. നിതീഷ്കുമാറിന്‍െറ ഡി.എന്‍.എയെ കുറിച്ച് മോദി നടത്തിയ പരാമര്‍ശമായിരുന്നു ആറു ഘട്ടങ്ങളിലും മഹാസഖ്യം കത്തിച്ചു നിര്‍ത്തിയ പ്രധാന പ്രചാരണവിഷയം.
ഗുജറാത്തിന് മാത്രമാണ് അന്തസ്സും ‘അസ്മിത’യുമെന്നും മറ്റുള്ളവരൊക്കെ തനി വിഡ്ഢികളാണെന്നുമുള്ള മോദിയുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. ബിഹാറിലെ ആ ഡി.എന്‍.എ പ്രയോഗത്തിന്‍െറ അതേ ഫലമാണ് ഒരര്‍ഥത്തില്‍ സോമാലിയയെ കുറിച്ച പരാമര്‍ശം കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് കിട്ടുമായിരുന്ന ലക്ഷക്കണക്കിന് വോട്ടുകളെ അത് ഇല്ലാതാക്കിയിട്ടുണ്ട്. പട്നക്കാരന്‍െറ അഭിമാനബോധം മോദിക്ക് തിരിച്ചറിയാന്‍ വൈകിപ്പോയെങ്കിലും അക്കാര്യത്തില്‍ ഒരു തിരുത്തുവരുത്താന്‍ പാര്‍ട്ടി തയാറായില്ല. മോദി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന കടുംപിടിത്തമായിരുന്നു ഛോട്ടാനേതാക്കളുടേത്. പാകിസ്താനിലെ പടക്കംപൊട്ടലുമായി മഹാസഖ്യത്തിന്‍െറ വിജയത്തെ ചേര്‍ത്തുപറഞ്ഞ അമിത് ഷായുടെ പ്രസ്താവനയോടെ ഇത് പൂര്‍ണമായി.
ഗുജറാത്ത് എന്ന പരമാബദ്ധ സാമ്പിളിനെ ദരിദ്രനാരായണന്മാരുടെ സംസ്ഥാനമായി അറിയപ്പെട്ട ബിഹാറില്‍പോലും ബി.ജെ.പിക്ക് വിറ്റഴിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് വൈദ്യുതി കിട്ടുന്നുണ്ടോ, റോഡുണ്ടോ എന്നൊക്കെ പരസ്യമായി ജനത്തോടു ചോദിക്കാന്‍ മോദി ചിലപ്പോഴൊക്കെ ധൈര്യം കാണിച്ചു. ബിഹാറിലെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാതെ വെറുതെ മൈക്കിനു പിന്നില്‍നിന്ന് നടത്തിയ വാചാടോപം. ഉണ്ടെന്ന് തിരികെവിളിച്ച് കൂവിയ ജനക്കൂട്ടത്തെയാണ് മോദിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഒരു റാലിയില്‍ സംഭവിച്ച ആ തെറ്റ് എന്നിട്ടും രണ്ടാമതൊരിടത്ത് ആവര്‍ത്തിച്ചു. വികസനം ഇതല്ല എന്നു പറയുമ്പോള്‍ പിന്നെ എന്താണെന്ന ഉത്തരമായി ഗുജറാത്ത് എന്ന അങ്ങെവിടെയോ കിടക്കുന്ന സംസ്ഥാനത്തെയാണ് ബി.ജെ.പി ഇപ്പോഴും അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയില്‍നിന്ന് പ്രധാനമന്ത്രിയായ കാലത്ത് സ്വന്തം നേട്ടങ്ങളെക്കുറിച്ച് പറയാനാവാതെ ഇപ്പോഴും 60 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് പറയേണ്ടിവരുന്ന ആ ഗതികെട്ട സൂത്രവാക്യം കേരളത്തിലും കാണാനുണ്ടായിരുന്നു. കേരളത്തില്‍ വികസനമേ ഉണ്ടായിട്ടില്ളെന്നും സോമാലിയയിലേക്കാളും കഷ്ടമാണ് സംസ്ഥാനത്തെ ഗിരിവര്‍ഗക്കാരുടെ കാര്യമെന്നും വെച്ചു കാച്ചുമ്പോള്‍ 94 ശതമാനം സാക്ഷരതയും 2.77 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുമുള്ള സംസ്ഥാനത്താണ് താനെന്ന് അദ്ദേഹം മറന്നു. സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ കേരളത്തിന്‍െറ അവസ്ഥ ഇന്നത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് പറയുമ്പോള്‍ എന്തായിരുന്നു പ്രധാനമന്ത്രി ഉദ്ദേശിച്ചത്? രാജഭരണമായിരുന്നു നല്ലതെന്നോ? തിരുവനന്തപുരത്തെ ഏതാനും ഒറ്റപ്പെട്ട ജനങ്ങള്‍ക്ക് ഇന്നും അങ്ങനെയൊരു വിചാരം ഉണ്ടെന്നും അത് മൊത്തം കേരളത്തിലും വോട്ടായി മാറുന്ന പരാമര്‍ശമാണെന്നും ആരാണാവോ ഈ പ്രധാനമന്ത്രിക്ക് ബുദ്ധി ഉപദേശിച്ചത്?
ഡോ. മന്‍മോഹന്‍ സിങ് നാടുഭരിച്ച കാലത്ത് അദ്ദേഹത്തെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവ, വിമര്‍ശിച്ച രീതിയുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ ഒഴികെ മറ്റൊരിടത്തും ഗൗരവപൂര്‍ണമായ ഒരു വിമര്‍ശവും ഉയരുന്നില്ല. എന്നല്ല ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ കേരളത്തില്‍ കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായിതന്നെ മാധ്യമങ്ങള്‍ വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിക്കുന്നുമുണ്ട്. അതിലൊന്നും അസ്വാഭാവികത കാണാത്ത ബി.ജെ.പിയാണ് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനെതിരെ അസ്വസ്ഥരാവുന്നത്. ഇതേകൂട്ടര്‍ നടത്തുന്ന ചില ഗ്രൂപ്പുകളിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ ഉല്‍പാദിപ്പിക്കപ്പെടുന്ന മങ്ങാട്ടച്ചന്‍ കഥകളിലുമുണ്ട് ഒരുതരം അശ്ളീലത്തോളം മുറ്റുന്ന വൈരനിര്യാതന ബുദ്ധി. എന്നിട്ടും മോദിയോട് നിരന്തരമായി പൊറുത്തുകൊടുക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്ന മട്ടിലാണ് അദ്ദേഹത്തിന്‍െറ വീഴ്ചകള്‍ ദേശീയമാധ്യമങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. തിരുത്തേണ്ടതുണ്ടെന്ന് നേതാവിന്‍െറ കാര്യത്തിലടക്കം പറയുമ്പോഴും ഒരുതരം നിസ്സഹായതയാണ് ബി.ജെ.പിക്കകത്തുപോലും കാണാനുള്ളത്. അധികാരം ഏറ്റെടുത്ത് രണ്ടു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴും പ്രധാനമന്ത്രി പദവിയുടെ ഇനിയും അവസാനിക്കാത്ത ‘പ്രബേഷന്‍’ കാലത്തിന്‍െറ ഒൗദാര്യപൂര്‍ണമായ വിളംബരം ആഘോഷിക്കുകയാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി.
വായ തുറക്കുമ്പോഴും മൗനം പാലിക്കുമ്പോഴുമൊക്കെ പ്രധാനമന്ത്രി ആരെയാണ് അഭിമുഖീകരിക്കുന്നത് എന്ന കാതലായ പ്രശ്നമാണ് ഉയരുന്നത്. ദലിത് വിദ്യാര്‍ഥിനിയായ ജിഷയുടെ കൊലപാതകത്തിനുശേഷം മോദി പെരുമ്പാവൂര്‍ സന്ദര്‍ശിച്ചേക്കുമെന്നുപോലും തോന്നിപ്പിച്ചഘട്ടമുണ്ടായിരുന്നു. ദലിതന്‍െറ പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിക്കുന്ന സ്വന്തം പാര്‍ലമെന്‍റ് അംഗത്തെ മൗനംകൊണ്ട് ആശീര്‍വദിക്കുമ്പോള്‍ ജിഷക്കുവേണ്ടി നടത്തുന്ന പ്രസ്താവനക്ക് മുതലക്കണ്ണീരിന്‍െറ വൃത്തികെട്ട ചുവയുണ്ടെന്ന് ജനത്തിന് തിരിച്ചറിയാനാവുന്നു. എന്നല്ല, അതില്‍ അവസരവാദമുണ്ടെന്നും വരുന്നു. മൂക്കിനുതാഴെ ഹരിയാനയിലെ സ്വന്തം സര്‍ക്കാര്‍ നോക്കിയിരിക്കെ മൂന്നു ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നപ്പോള്‍ മോദി എന്തൊക്കെ ചെയ്യണമായിരുന്നു? ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യക്ഷത്തില്‍തന്നെ ഏത് നിയമവ്യവസ്ഥയിലും കുറ്റക്കാരായ സ്വന്തം മന്ത്രിമാരെ ഒന്നു ശാസിക്കാന്‍പോലും മോദി തയാറായിട്ടില്ല.
സോമാലിയയേക്കാളും കഷ്ടമാണ് കേരളമെന്ന് പറയുമ്പോള്‍ അദ്ദേഹം ഒന്നുകില്‍ തന്‍െറ നിയന്ത്രണത്തിലുള്ള മറ്റേതോ പ്രദേശത്തിന്‍െറ മേന്മയെക്കുറിച്ച്, അല്ളെങ്കില്‍ തന്‍െറ ഉത്തരവാദിത്തത്തിന് കീഴില്‍പെടാത്ത കേരളത്തെ കുറിച്ചാണ് സംസാരിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിനേക്കാള്‍ താഴ്ന്നനിലവാരത്തില്‍ മുമ്പാരെങ്കിലും ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനത്തെ താരതമ്യം ചെയ്തിട്ടുണ്ടോ? ഇങ്ങനെ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചാല്‍ രാഹുല്‍ ഗാന്ധി പിന്നീടെപ്പോഴെങ്കിലും കേരളത്തില്‍ കാലെടുത്തുവെക്കാന്‍ ധൈര്യം കാണിക്കുമോ? 1956നുമുമ്പുള്ള ദലിതനെ തീണ്ടാപ്പാടകലെ നിര്‍ത്തിയ, മുലക്കരം പിരിച്ച, ക്ഷേത്രപ്രവേശം വിലക്കിയ ആ കാലഘട്ടത്തെയാണോ പ്രധാനമന്ത്രി പ്രഘോഷിക്കുന്നത്? അതോ അതിനുംമുമ്പെ ബ്രിട്ടീഷുകാര്‍ ഇട്ടേച്ചു പോയ കാലത്തെ കേരളത്തെയോ? ഈ പ്രചാരണങ്ങളിലൂടെ സ്വന്തം നാടിനും പാര്‍ട്ടിക്കും നേടിക്കൊടുക്കുകയാണോ നഷ്ടപ്പെടുത്തുകയാണോ ചെയ്യുന്നതെന്ന് പിടികിട്ടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.