Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചരിത്രത്തിന്‍െറ...

ചരിത്രത്തിന്‍െറ ചികിത്സ

text_fields
bookmark_border
ചരിത്രത്തിന്‍െറ ചികിത്സ
cancel


വോട്ട് പ്രതീ ക്ഷയില്‍ നിന്നാണ് വരുന്നത്. അപൂര്‍വമായി അത് ഭയത്തില്‍നിന്നും വരാറുണ്ട്. പ്രതീക്ഷ അറ്റുപോകുന്ന ജനത ഭരിക്കുന്നവര്‍ക്കെതിരെ വോട്ടുചെയ്യുന്നതുപോലെ ചില കക്ഷികള്‍ ജയിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരവസ്ഥ മുന്നില്‍കണ്ടും അതില്‍ ഭയന്നും അത്തരം ശക്തികള്‍ക്കെതിരെ അവര്‍ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കുന്നു. ഇത് രണ്ടും ഒരു പോലെ സമ്മേളിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിലെ ജനവിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുകയാണ്.

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാഴ്ചവെച്ച പ്രതീക്ഷയറ്റ ഭരണത്തിനും സംഘ്പരിവാര്‍ ശക്തികളുടെ വളര്‍ച്ച ഉയര്‍ത്തിയ ആശങ്കക്കും നടുവിലാണല്ളോ മലയാളികള്‍ ഇത്തവണ വോട്ട് ചെയ്യാന്‍ പോയത്. യഥാക്രമം ഭരണത്തുടര്‍ച്ചയും രാഷ്ട്രീയ മാറ്റവുമാണ് ഇരുവരും ആഗ്രഹിച്ചത്. ഇതില്‍ ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ ജനങ്ങള്‍ കാവ്യാത്മകമായിത്തന്നെ പ്രതികരിച്ചു. ‘തുടരേണ്ടതില്ല ഈ ഭരണം.’ മറുവശത്ത്, ബി.ജെ.പിയുടെ ആവശ്യത്തിന് രണ്ടു രീതിയിലാണ് ജനങ്ങള്‍ പ്രതികരിച്ചത്. അവര്‍ ഉയര്‍ത്തുന്ന വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ ഇടതുപക്ഷത്തെ ബലപ്പിച്ചുനിര്‍ത്തി ബി.ജെ.പി സ്വപ്നംകണ്ട രാഷ്ട്രീയ മാറ്റത്തെ നിരാകരിച്ചു. രണ്ടാമതായി, ഒരു സീറ്റും കുറച്ചുകൂടുതല്‍ വോട്ടും നല്‍കി കേരള രാഷ്ട്രീയത്തില്‍ അവരുടെ സ്ഥാനം കൃത്യമായി കാണിച്ചുകൊടുത്തു. സ്വന്തം വളര്‍ച്ചയുടെ പരിമിതി ബി.ജെ.പിയെ ബോധ്യപ്പെടുത്തി. അവര്‍ ആവശ്യപ്പെട്ടതുപോലെ രാഷ്ട്രീയ മാറ്റം വേണമെങ്കില്‍ ആദ്യം സ്വന്തം രാഷ്ട്രീയം മാറ്റുകയാണ് വേണ്ടതെന്ന ലളിതമായ സത്യമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സബ് ടെക്സ്റ്റുകള്‍ വേറെ പലതും ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിന്‍െറ മുഖ്യമായ ഉള്ളടക്കം ഇതാണ്.

പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി എന്ന് പറയുംപോലെയാണ് ഇടതുമുന്നണിയുടെ വിജയം. 91 സീറ്റും 43 ശതമാനം വോട്ടും നല്‍കി അവരുടെ വിജയത്തെ ഗംഭീരമാക്കി- ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറിനെ ചരിത്രത്തിന്‍െറ ചികിത്സക്ക് വിധേയമാക്കിയതിന്‍െറ സബ് ടെക്സ്റ്റ്. രാഷ്ട്രീയത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് അദ്ഭുതലോകമൊന്നും അല്ല. ആരും ‘തോട്ടിന്‍കരയില്‍ വിമാനം ഇറക്കാന്‍’ താവളങ്ങളൊന്നും പണിയേണ്ടതില്ല. ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നങ്ങള്‍ക്ക് കഴിയുന്നിടത്തോളം പരിഹാരമാര്‍ഗങ്ങള്‍, അത് സാധ്യമല്ളെങ്കില്‍ അനുഭാവപൂര്‍വമായ സമീപനമെങ്കിലും -ഇതാണ് അവര്‍ പ്രതീക്ഷിക്കുന്നത്. റേഷന്‍ പച്ചരി, കുടിവെള്ളം, അഴിമതിക്ക് കടിഞ്ഞാണ്‍, തൊഴില്‍ചെയ്ത് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം -ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളാണ് അവരുടെ സ്വപ്നങ്ങളിലുള്ളത്. ഭരണഘടന നിര്‍മാണസമിതിയില്‍ തന്‍െറ അവസാനത്തെ പ്രസംഗം ഉപസംഹരിച്ച് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞതാണ് വാസ്തവം: ജനങ്ങള്‍ക്കു വേണ്ടത് അവരുടെ ഗവണ്‍മെന്‍റിനെക്കാള്‍ അവര്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്‍റാണ്. ഇതിന്‍െറ സ്ഥാനത്ത് അന്തസ്സാരശൂന്യമായ വാചകക്കസര്‍ത്തും സത്യസന്ധമല്ലാത്ത അവകാശ വാദങ്ങളും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണവുമായാല്‍ അവര്‍ വല്ലാതെ പ്രതികരിക്കും. കേരളത്തില്‍ നടന്ന ഓരോ തെരഞ്ഞെടുപ്പിന്‍െറയും പിന്നിലെ തിരക്കഥ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഇത് ബോധ്യപ്പെടും. ഈ തെരഞ്ഞെടുപ്പ് ഇതിനൊരപവാദമാകുന്നില്ല.

പരസ്യക്കമ്പനികള്‍ തീര്‍ത്ത മുദ്രാവാക്യങ്ങളുടെ കാവ്യാത്മകതയിലും അത് നല്‍കിയ ആത്മവിശ്വാസത്തിലും ഭരണ വീഴ്ചകള്‍ മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സമൂഹവും ശ്രമിച്ചത്. ഇതിനു പുറമെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കൈവരിച്ച വികസനത്തെക്കുറിച്ചുള്ള വാഗ്ധോരണിയും അകമ്പടിയായത്തെി. കണ്ണൂര്‍ വിമാനത്താവളവും സ്മാര്‍ട്സിറ്റിയും വിഴിഞ്ഞം തുറമുഖവുമൊക്കെ ഇതിന്‍െറ ഉദാഹരണങ്ങളായി അണിനിരത്തപ്പെട്ടു. ഭരണത്തിന്‍െറ അവസാന നാളുകളില്‍ നടപ്പാക്കിയ സൗജന്യ റേഷനെക്കുറിച്ചും ക്ഷേമപെന്‍ഷന്‍ വര്‍ധനയെക്കുറിച്ചും പ്രസംഗ പരമ്പരകളുണ്ടായി. എന്നാല്‍, ഈവിധം പറഞ്ഞു നടന്നവര്‍ ചില കാര്യങ്ങള്‍ സൗകര്യപൂര്‍വം മറന്നു- വിലവര്‍ധനയെക്കുറിച്ച്, ഒഴിഞ്ഞുകിടന്ന റേഷന്‍ കടകളെക്കുറിച്ച്, കിട്ടാത്ത കുടിവെള്ളത്തെക്കുറിച്ച്, കര്‍ഷകരുടെ ദുരന്തജീവിതത്തെക്കുറിച്ച്, കിട്ടാത്ത ക്ഷേമപെന്‍ഷനെക്കുറിച്ച്, ഏറ്റവും ഒടുവില്‍ ജിഷ എന്ന പെണ്‍കുട്ടിയുടെ അറു കൊലപാതകത്തെക്കുറിച്ച്.

ഇതെല്ലാം ജനങ്ങള്‍ ഒരുപക്ഷേ, പൊറുക്കുമായിരുന്നു, അഴിമതി ഒട്ടൊന്ന് നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍. ഒരു സംസ്കാരസമ്പന്നമായ സമൂഹം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ലൈംഗികാപവാദങ്ങളെങ്കിലും ഉയരാതിരുന്നെങ്കില്‍. ഇതെല്ലാം സംഭവിച്ചു എന്നു മാത്രമല്ല ഇതിലെല്ലാം ആരോപണ വിധേയരായവര്‍ ഭരണത്തിന്‍െറ തലപ്പത്ത് ഇരിക്കുന്നവരും- മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും. സരിതനായര്‍ പറയുന്ന വസ്തുതാപരമായ കാര്യങ്ങളെക്കാള്‍ മലയാളികളെ രോഷാകുലരാക്കിയത്, ഇത്തരക്കാര്‍ക്ക് ഭരണ സിരാകേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകാര്യതയാണ്. ഇത്രയും അഴിമതി ആരോപണങ്ങളുടെ ചളിക്കുണ്ടില്‍ നില്‍ക്കുമ്പോഴാണ് ഭരണത്തിന്‍െറ അവസാനനാളുകളില്‍ വീണ്ടും വിവാദ തീരുമാനങ്ങള്‍ എടുക്കുന്നതും അതില്‍പുരണ്ട അഴിമതിയും. ഉമ്മന്‍ ചാണ്ടിയും സഹപ്രവര്‍ത്തകരും കാണിച്ച ഈ ‘ചങ്കൂറ്റവും’ അതിനെ പൊതുജനമധ്യത്തില്‍ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങളും ചൊടിപ്പിച്ചത് ഒരു ശരാശരി മലയാളിയുടെ സെന്‍സിബിലിറ്റിയെയാണ്.

മറുവശത്ത്, ബി.ജെ.പിയുടെ ഹൈപര്‍ പ്രചാരണവും കേരള രാഷ്ട്രീയത്തില്‍ മറ്റൊരു ബദലാവാന്‍ പോവുകയാണെന്ന അവകാശവാദവും ഇടതുപക്ഷത്തിന് അനുകൂലമായ ന്യൂനപക്ഷധ്രുവീകരണത്തിന് വഴിതെളിക്കുകയും ചെയ്തു. ഇത് പ്രത്യക്ഷമായി കാണാന്‍ കഴിഞ്ഞത് മുസ്ലിം, പിന്നാക്ക ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയിലാണ്. ‘കേരളത്തിലെ പല മണ്ഡലങ്ങളിലും മത്സരം ഐക്യമുന്നണിയും ബി.ജെ.പിയും തമ്മിലാണെ’ന്ന് ഉമ്മന്‍ചാണ്ടിയുടെ അനവസരത്തിലുള്ള പ്രസ്താവന ഇത്തരമൊരു നീക്കത്തിന്‍െറ ശക്തി വീണ്ടും വര്‍ധിപ്പിച്ചു. ചില ക്രൈസ്തവ സഭകള്‍ ഇക്കുറി സ്വീകരിച്ച ‘സമദൂര, ശരിദൂര’ നിലപാടും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. പല മണ്ഡലങ്ങളിലും പ്രത്യേകിച്ചും മലബാര്‍ മധ്യതിരുവിതാകൂര്‍ മേഖലകളില്‍ ഇത് ഇടതുപക്ഷത്തെ വന്‍തോതില്‍ തുണച്ചു എന്നുവേണം കരുതാന്‍.

മാത്രമല്ല, ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം ഇടതുപക്ഷ വോട്ടിനെക്കാള്‍ പിടിച്ചത് യു.ഡി.എഫ് വോട്ടാണെന്ന വസ്തുതയും അവശേഷിക്കുന്നു. യു.ഡി.എഫില്‍തന്നെ കോണ്‍ഗ്രസിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കോണ്‍ഗ്രസിന്‍െറ കനത്ത പരാജയത്തിന്‍െറ ഒരു സുപ്രധാന കാരണം അതിന്‍െറ ഹൈന്ദവ വോട്ടില്‍- നായര്‍, ഈഴവ വോട്ടര്‍മാരില്‍- എന്‍.ഡി.എ വീഴ്ത്തിയ ഈ വിള്ളലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്‍.ഡി.എയുടെ സ്പോയിലര്‍ ഇഫക്ടിന്‍െറ ഏറ്റവും വലിയ ബലിയാട് ഇത്തവണ ഐക്യമുന്നണിയാണ്.
മുകളില്‍പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം മറ്റുചില കാര്യങ്ങള്‍കൂടി ചേര്‍ന്നതോടെ ഇടതുമുന്നണിയുടെ വിജയവും ഐക്യമുന്നണിയുടെ പരാജയവും സുനിശ്ചിതമായി. ഐക്യമുന്നണിയുടെ നായകനായി ഉമ്മന്‍ ചാണ്ടിയെ (മാത്രം) ഉയര്‍ത്തിക്കാണിച്ചതും പ്രധാനമന്ത്രിയുടെ ‘സോമാലിയ’ പ്രയോഗവും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും കോണ്‍ഗ്രസിലെ ഗ്രൂപ് പോരും യു.ഡി.എഫിലെ വിമത ശല്യവും എല്ലാം-ഇക്കാര്യത്തില്‍ അവയുടേതായ സംഭാവനകള്‍ നല്‍കി.

തെരഞ്ഞെടുപ്പുഫലം ഏറ്റവും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത് കോണ്‍ഗ്രസിലും ഐക്യമുന്നണിയിലുമാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ് പോരും നേതൃത്വത്തിനുവേണ്ടിയുള്ള വടംവലിയും ശക്തമാകും. ഉമ്മന്‍ ചാണ്ടി യുഗം കോണ്‍ഗ്രസില്‍ അവസാനിച്ചേക്കാവുന്ന അവസ്ഥയും സംജാതമായിരിക്കുന്നു. മുന്നണിയുടെ കെട്ടുറപ്പും ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ദേശീയ ജനാധിപത്യ സഖ്യത്തിന് ഇത്തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. ചരിത്രത്തില്‍ ആദ്യമായി അവര്‍ അസംബ്ളിയില്‍ അക്കൗണ്ട് തുറന്നു. ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമതും വരാനായി. എന്നാല്‍, ഇത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് കാഴ്ചവെച്ച പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്ര വലുതല്ളെന്നതാണ് വാസ്തവം. അന്ന് നാല് അസംബ്ളി മണ്ഡലങ്ങളില്‍ ഒന്നാമതും രണ്ടിടത്ത് രണ്ടാമതും അത് വന്നിരുന്നു. ഇത്തവണ അതില്‍നിന്ന് പിറകോട്ടു പോയത് പാര്‍ട്ടി നേതൃത്വത്തിന്‍െറ കണ്ണുതുറപ്പിക്കേണ്ടതാണ്. പറഞ്ഞുവരുന്നത്, സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ഒഴിഞ്ഞുപോയെന്നല്ല. അവരുടെ ശക്തി ക്ഷയിച്ചെന്നുമല്ല. അത് വളരാനാണ് സാധ്യതയും. എന്നാല്‍, കേരളത്തില്‍ അവര്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ എളുപ്പമാവില്ളെന്നാണ് ജനങ്ങള്‍ പറഞ്ഞുവെച്ചിരിക്കുന്നത്.

സംഘ്പരിവാറിനെ വളരാന്‍ അനുവദിക്കാതിരിക്കാനുള്ള ഉത്തരാവാദിത്തം മലയാളികള്‍ ഇടതുമുന്നണിയെ ഏല്‍പിച്ചിരിക്കുകയാണ്. ഇതാണ് ഈ തെരഞ്ഞെടുപ്പില്‍നിന്ന് അവര്‍ പഠിക്കേണ്ട പാഠം. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അവര്‍ക്കാവണം. പുതിയ നൂറ്റാണ്ടിന് ഉതകുന്ന രാഷ്ട്രീയത്തിന് ബീജാവാപം ചെയ്യാന്‍ കഴിയണം. പ്രത്യയശാസ്ത്രവും സാമൂഹികയാഥാര്‍ഥ്യവും തമ്മില്‍ ബന്ധിപ്പിക്കാന്‍ അവര്‍ക്കാവണം എന്നു സാരം. ഒരുകാര്യം ഓര്‍ക്കുന്നത് നന്ന്. നമ്മുടെ സംസ്ഥാനത്ത് വികസനത്തിന്‍െറയും മുഖ്യധാരാ സമൂഹത്തിന്‍െറയും പുറമ്പോക്കില്‍ കഴിയുന്ന അനേകശതം മനുഷ്യരുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളുന്നതാവണം ഇടതുപക്ഷത്തിന്‍െറ സാമ്പത്തിക വികസന നയങ്ങള്‍. അല്ളെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ചരിത്രത്തിന്‍െറ ചികിത്സ ഏറ്റുവാങ്ങേണ്ടിവരുന്നത് അവരായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story