നിശ്ശബ്ദരാക്കപ്പെടുന്ന സ്ത്രീ സ്ഥാനാര്‍ഥികള്‍
text_fieldsഇന്ത്യ ഇപ്പോഴും ജനാധിപത്യരാഷ്ട്രമാണ്. ഇവിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. സ്വാഭാവികമായും ചിലര്‍ ജയിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു തോല്‍ക്കേണ്ടി വരുന്നു. ജയിച്ചവര്‍ക്ക്, തോല്‍ക്കുന്നവരുടെമേല്‍ കടന്നുകയറാനുള്ള അനുവാദമല്ല ഇത്. ഇക്കാര്യം പ്രസക്തമായിരിക്കുമ്പോള്‍ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പൊതുമണ്ഡലത്തിലേക്കു കടന്നുവരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍കൂടി പരിഗണിക്കേണ്ടിവരുന്നു.
2016 കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടു സ്ത്രീകളുടെ അനുഭവങ്ങളാണ് ഈയെഴുത്തിന് നിര്‍ബന്ധിച്ചത്. ആര്‍. എം.പി സ്ഥാനാര്‍ഥി കെ.കെ. രമയുടെ അനുഭവത്തില്‍നിന്നു തുടങ്ങാം. നിഷ്ഠുരമായി കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍െറ ഭാര്യയാണ് അവര്‍. ചന്ദ്രശേഖരന്‍െറ കൊലപാതകത്തിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. വടകരയില്‍ അവര്‍ സ്ഥാനാര്‍ഥിയായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടങ്ങി. ‘ചുരിദാറിട്ട് രാവിലെ ഫാഷന്‍ പരേഡിന്’ ഇറങ്ങലായാണ് അവരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തെ അപഹസിച്ചത്. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളായ സ്ത്രീകളെ സാരിയില്‍ വടിവൊത്തവരായിട്ടാണ് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു കണ്ടത്. അതില്‍നിന്നു വ്യത്യസ്തമായ ഈ ‘ചുരിദാര്‍’ ആണ് ആദ്യം പരാമര്‍ശിക്കപ്പെട്ടത് എന്നത് രസകരമാണ്. പുരുഷന്മാര്‍ എന്തു വസ്ത്രമാണ് ധരിക്കുന്നതെന്നത് ഒരിക്കലും വിഷയമായില്ല- അവര്‍ പാന്‍റ്സിടുന്നോ മുണ്ടുടുക്കുന്നോ എന്നൊന്നും ആരും ശ്രദ്ധിച്ചില്ല. പക്ഷേ, സ്ത്രീകളുടെ വസ്ത്രധാരണരീതി പ്രശ്നമാണ്.
‘ചുരിദാര്‍’ കൊണ്ടുവന്നത് മുഗള്‍ഭരണം ആയതുകൊണ്ടാണോ അതിന് ഈ അസ്പൃശ്യത എന്നറിയില്ല. അധ്യാപികമാരുടെ വസ്ത്രധാരണം സാരി മാത്രമായിരിക്കണമെന്ന ശാഠ്യം കഷ്ടിച്ച് അവസാനിച്ച ഘട്ടത്തിലാണ്, തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ഒരു സ്ഥാനാര്‍ഥിയുടെ വസ്ത്രം ചുരിദാറായത് എതിരാളി പുരുഷന്മാര്‍ക്ക് ആയുധമായി മാറുന്നത്.
മറ്റൊന്ന് രമയുടെ വൈധവ്യമാണ്. വിധവകള്‍ വെള്ള ധരിച്ച് അകത്തിരിക്കേണ്ടവരാണ്. അങ്ങനെ ഇരുന്നില്ളെങ്കില്‍പോലും തെരഞ്ഞെടുപ്പുരംഗത്ത് വാശിയോടെ പ്രത്യക്ഷപ്പെടരുത്. സുശീലാഗോപാലനും കെ.ആര്‍. ഗൗരിയമ്മയുമൊക്കെ വിധവകളായതിനുശേഷവും തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായിരുന്നുവല്ളോ. പക്ഷേ, അവരാരും ‘രക്തസാക്ഷികളുടെ’ ഭാര്യമാരായിരുന്നില്ല. രക്തസാക്ഷികളുടെ ഭാര്യമാര്‍ പൊതുമണ്ഡലത്തില്‍ ദൃശ്യരായിക്കൂടാ എന്ന വിധി ആരുടേതാണ്? അഥവാ രമയുടെ ദൃശ്യത ചന്ദ്രശേഖരന്‍െറ കൊലപാതകത്തെ മായ്ച്ചുകളയാന്‍ സമ്മതിക്കുന്നില്ല എന്നതാവുമോ കൂടുതല്‍ പകക്ക് കാരണം? രമയുടെ പൊതുമണ്ഡല പ്രവേശത്തിന്‍െറ ആദ്യഘട്ടം മുതലുള്ള പ്രതിരോധ യുക്തികളില്‍ ഏറ്റവും ശക്തമായത് ഈ വൈധവ്യാരോപണമായിരുന്നു എന്നുകാണാം. ചന്ദ്രശേഖരനെ കൊന്നുകളഞ്ഞ ആണുങ്ങള്‍ തന്നെ അയാളുടെ ഭാര്യയുടെ വൈധവ്യത്തെ ആക്രമിച്ചു. ഇത് പ്രത്യക്ഷത്തില്‍ ഒരു വൈരുധ്യമായി തോന്നാമെങ്കിലും പ്രയോഗത്തില്‍ ഒരേ പ്രവൃത്തിയാണെന്നര്‍ഥം.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് രമ ഏറെ മുന്നിലായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തായിപ്പോയി. അതേതുടര്‍ന്ന് സ്ത്രീവേഷത്തില്‍ രമയുടെ മുഖംമൂടിയണിഞ്ഞ് ഒരു പുരുഷന്‍ കഴുത്തില്‍ തുടലോടെ പ്രത്യക്ഷപ്പെടുകയും അയാള്‍ ക്കുചുറ്റും ചെങ്കൊടികള്‍ വീശി ആഹ്ളാദപ്രകടനം നടത്തുകയും ചെയ്ത ഒരാണ്‍കൂട്ടം വടകരയില്‍ പ്രത്യക്ഷപ്പെട്ടു. ഇവര്‍ കേട്ടാലറക്കുന്ന തെറികള്‍ രമക്കുനേരെ വിളിച്ചു. അവിടെ മത്സരിച്ച മറ്റൊരു സ്ഥാനാര്‍ഥിയുടെ പേരിനോടുചേര്‍ത്ത് അശ്ളീല മുദ്രാവാക്യങ്ങള്‍ വിളിച്ചു. പോസ്റ്ററുകള്‍ കീറുക, തെരഞ്ഞെടുപ്പ്കമ്മിറ്റി ഓഫിസുകള്‍ തകര്‍ക്കുക, വീടുകള്‍ ആക്രമിക്കുക, കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുക തുടങ്ങിയ പതിവ് വിജയാഘോഷങ്ങള്‍ക്ക് പുറമെയായിരുന്നു രമയെന്ന സ്ത്രീയെ വ്യക്തിഹത്യചെയ്യുന്ന വിധമുള്ള ഇത്തരം പ്രകടനങ്ങള്‍.
അടുത്ത പെണ്ണിന്‍െറ കഥ മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ഥി രാജേശ്വരിയുടേതാണ്. അവരും ചെയ്ത കുറ്റം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി എന്നതാണ്. 1000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് കിട്ടിയത്. അവരുടെ ഒരു പ്രവര്‍ത്തക എന്നോട് പറഞ്ഞത് ‘ഞങ്ങള്‍ക്ക് കുറച്ചു വോട്ടേ കിട്ടിയുള്ളൂ. നേരാണ്. പക്ഷേ, ആ വോട്ടുകള്‍ക്ക് ഞങ്ങടെ ചോരയുടെ വിലയുണ്ട്’ എന്നാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ പൊലീസുകാര്‍ക്ക് മുമ്പാകെയാണ് രാജേശ്വരിയും സഹപ്രവര്‍ത്തകയും ആക്രമിക്കപ്പെട്ടത്. പരസ്യമായി അവരെ വസ്ത്രാക്ഷേപം ചെയ്തു. വിജയിച്ച പുരുഷന്മാര്‍ ചെങ്കൊടികളുമേന്തി ആഭാസനൃത്തം നടത്തി. തെറിവിളികള്‍. അരിശം തീരാഞ്ഞ് മര്‍ദനം. ദിവസങ്ങളോളം രാജേശ്വരിയും കൂട്ടുകാരിയും ആശുപത്രിയിലായിരുന്നു. ചന്ദ്രശേഖരന്‍െറ കൊലപാതകവും പെമ്പിളൈ ഒരുമൈയുടെ സമരവും കൊണ്ടാടിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് രമക്കും രാജേശ്വരിക്കും നേരെ നടന്ന കൈയേറ്റങ്ങള്‍ അവഗണിച്ചു? ഈ സ്ത്രീകള്‍ മദാലസരായ ഇരകള്‍, അല്ലാത്തതു കൊണ്ടാവുമോ? അതോ, മറ്റാരെയെങ്കിലും ഭയക്കുന്നതു കൊണ്ടാവുമോ? ഒരുകാര്യം വ്യക്തമാണ്.
മാധ്യമനീതി ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്‍െറ തെളിവാണ് ഇക്കാര്യത്തിലെ നിശ്ശബ്ദത. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് അധികാരത്തില്‍ വരാന്‍ സാധ്യത എന്നതുകൊണ്ട് അവര്‍ക്കുമാത്രം തെരഞ്ഞെടുപ്പില്‍ പ്രാധാന്യംനല്‍കുക എന്ന നിലപാട് നാലാം തൂണായ മാധ്യമങ്ങള്‍ സ്വയം വിമര്‍ശപരമായി പുന$പരിശോധിക്കേണ്ടതാണ്. മാധ്യമങ്ങള്‍ നിശ്ശബ്ദീകരിക്കപ്പെടുകയെന്നാല്‍ അനീതി സംഭവിക്കുക എന്നുതന്നെയാണ് അര്‍ഥം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത്. അതിന് തടസ്സം നില്‍ക്കുന്നവര്‍ ആരായാലും അവര്‍ ശിക്ഷാര്‍ഹരാണ്. രമയും രാജേശ്വരിയും അവമതിക്കപ്പെട്ടതിനും അവഗണിക്കപ്പെട്ടതിനും പ്രധാന കാരണം അവര്‍ ചെറുപാര്‍ട്ടികളെ പ്രതിനിധാനംചെയ്യുന്ന സ്ത്രീകളാണെന്നതുതന്നെയാണ്. രമയുടെ ചുരിദാറായിരുന്നു പ്രശ്നമെങ്കില്‍ രാജേശ്വരിയുടെ സാരി പരസ്യമായി വലിച്ചഴിക്കുകയായിരുന്നു.
ഏതു മതമാണ്, രാഷ്ട്രീയ പാര്‍ട്ടിയാണ് സ്വന്തം അണികളെ ഇതു പഠിപ്പിക്കുന്നത്? ഇവര്‍ ദുര്‍ബലരും പരാജിതരുമാണ്. ‘ദുര്‍ബലര്‍’ എന്ന് ഞാന്‍ പറഞ്ഞത് പരസ്യമായി ഉപയോഗിക്കപ്പെട്ട ആണ്‍കൂട്ടത്തിന്‍െറ കായിക ശേഷിയുമായി താരതമ്യപ്പെടുത്തി മാത്രമാണ്. അതുകൊണ്ട് ഇവരെ ഈവിധം ആക്രമിക്കാന്‍ എന്തവകാശം? കൈയൂക്കും സംഘബലവും എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി മാറുന്ന ഒരു സമൂഹം പെണ്ണിനുമാത്രമല്ല, ആണിനും സുരക്ഷിതമായിരിക്കില്ല. മതത്തിന്‍െറയും മുതലാളിത്തത്തിന്‍െറയും വരേണ്യമൂല്യങ്ങളാണ് ഈ ഏകപക്ഷീയമായ ആക്രമണത്തിന് ശക്തി പകരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയോട് മുസ്ലിംലീഗ് അണികള്‍ കാണിച്ചതിനെ അപലപിച്ച് രംഗത്തുവന്ന ഇടതുപക്ഷമാണ് ഇപ്പോള്‍ ഇത് ചെയ്തിരിക്കുന്നത്.
പുതിയ ഭരണാധികാരികള്‍ക്ക് മുമ്പാകെ ഈ വിഷയത്തില്‍ ചില നിര്‍ദേശങ്ങള്‍ വെക്കുന്നു:
1. സ്ത്രീകളോട് കുറെക്കൂടി മാന്യതയോടെ പെരുമാറാനുള്ള പ്രായോഗികപാഠമെന്ന നിലക്ക് അക്രമകാരികളായ അണികളെ സംഘടനാതലത്തില്‍ ശിക്ഷിക്കണം. ഈ അതിക്രമത്തിന്‍െറ വിഡിയോ ക്ളിപ്പിങ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
2. കെ.കെ. രമയുടെ പരാതിക്ക് എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല എന്നറിയുന്നു. ആ പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണംനടത്തി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.
3. രാജേശ്വരിയെയും സഹപ്രവര്‍ത്തകയെയും ആക്രമിച്ചത് സംബന്ധിച്ച കേസ് നിലവിലുണ്ട്. അതിക്രമം കണ്ടുനിന്ന പൊലീസുകാരെക്കൂടി കേസിലുള്‍പ്പെടുത്തിക്കൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കാന്‍ സാഹചര്യമൊരുക്കണം.
നിയമസഭയിലേക്ക് ജയിച്ചുകയറിയ സ്ത്രീകളോട് ഒരപേക്ഷ. നിങ്ങളെട്ടുപേരും ഒരുമിച്ച് കെ.കെ. രമയെയും രാജേശ്വരിയെയും സന്ദര്‍ശിക്കുകയും അവര്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലേക്ക് സര്‍ക്കാറിന്‍െറ സത്വര ശ്രദ്ധ ക്ഷണിക്കുകയും വേണം. ഇല്ളെങ്കില്‍ ഈ യുക്തികള്‍ നിങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കാം. ഭാവിയില്‍ നിങ്ങളുടെ പൊതുജീവിതവും അപകടത്തിലാവാം. സ്ത്രീസുരക്ഷ, ജനാധിപത്യം എന്നൊക്കെയുള്ളത് പ്രകടനപത്രികകളുടെ കനംകൂട്ടാനും മോടിപിടിപ്പിക്കാനും മാത്രമുള്ള ഭംഗിവാക്കുകളല്ലല്ളോ. അത് ജനതക്ക് അനുഭവിക്കാനുള്ളതല്ളേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.