ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളപ്പെരുമ പഴങ്കഥ
text_fieldsവിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ മാറ്റം പ്രകടമാണ്. സാങ്കേതിക വിദ്യയുടെ കാര്യമായാലും നൂതന സങ്കേതങ്ങളായാലും ഉല്‍പാദന രംഗത്തായാലും സേവന മേഖലയിലായാലും ഇന്ത്യ ആരുടെയും പിന്നിലല്ളെന്ന് സമീപകാലനേട്ടങ്ങള്‍ തെളിയിക്കുന്നു. ഈയവസരത്തിലാണ് വിദ്യാഭ്യാസ മേഖലയിലും മാനവ വിഭവശേഷിരംഗത്തും മുന്നിലാണെന്ന് അഹങ്കരിക്കുന്ന കേരളീയര്‍ ഉന്നതവിദ്യാഭ്യാസ ഭൂപടത്തിലെവിടെ എന്ന് ചികഞ്ഞുനോക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. ആഗോളരംഗത്തും ദേശീയരംഗത്തുമുണ്ടായ അതിശയിപ്പിക്കുന്ന ചുവടുവെപ്പുകളും മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ കേരളം വൈകിപ്പോയോ എന്ന സന്ദേഹം ഇവിടെ പങ്കുവെക്കേണ്ടതുണ്ട്.
സര്‍വകലാശാലകളുടെയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ എണ്ണത്തില്‍ കേരളം പിന്നിലല്ല. ജില്ലക്ക് ഒന്ന് എന്ന തോതില്‍ 15ല്‍പരം സര്‍വകലാശാലകള്‍ സംസ്ഥാനത്തുണ്ട്. മുക്കിലും മൂലയിലും എന്‍ജിനീയറിങ് കോളജുകളുണ്ട്. മെഡിക്കല്‍ കോളജുകളുടെ എണ്ണവും കൂടിവരുന്നു. ആര്‍ട്സ്-സയന്‍സ് കോളജുകളാല്‍ സമ്പന്നമാണ് കേരളം. 38,863 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള കേരളത്തില്‍ കോട്ടയം, കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സര്‍വകലാശാലയും മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ടുവീതവും തൃശ്ശൂര്‍ മൂന്നും എറണാകുളത്ത് നാലും സര്‍വകലാശാലകളുണ്ട്. സാങ്കേതികം, ആരോഗ്യം, മത്സ്യസമുദ്ര പഠനം, കാര്‍ഷികം, നിയമം, മലയാളം, സംസ്കൃതം, കല, വെറ്ററിനറി, എന്നീ വിഭാഗങ്ങള്‍ക്കും സര്‍വകലാശാലകളുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യ ഡീംഡ് സര്‍വകലാശാലയും ഡീംഡ് പദവിയുള്ള നിരവധി സ്ഥാപനങ്ങളും ഈ കൊച്ചു സംസ്ഥാനത്തിലുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രീമിയര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ റിസര്‍ച് (ഐ.ഐ.എസ്.ഇ.ആര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി (ഐ.ഐ.എസ്.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് (ഐ.ഐ.എം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) എന്നിവയെല്ലാം കേരളത്തിലുണ്ട്.
സിവില്‍ സര്‍വിസ് രംഗം
ഏതൊരു ഉദ്യോഗാര്‍ഥിയുടെ സ്വപ്നമേഖലയും ഏറ്റവും ആകര്‍ഷകവും പ്രധാനവുമായ സിവില്‍ സര്‍വിസിലെ മലയാളി സാന്നിധ്യം കാലത്തിനനുസരിച്ച് പുരോഗമിച്ചില്ളെന്ന് കാണാം. 2015ല്‍ യു.പി.എസ്.സി 1164 പേരെ തെരഞ്ഞെടുത്തതില്‍ മലയാളികള്‍ 33 പേര്‍ മാത്രമായിരുന്നു. അതായത്, 2.8 ശതമാനം. വിദ്യാഭ്യാസപരമായി പിന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കുപോലും കൂടുതല്‍ പേരെ സിവില്‍ സര്‍വിസ് മേഖലയിലത്തെിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണുമ്പോഴാണ് നമ്മുടെ പിന്നാക്കാവസ്ഥ ഭീകരമാണെന്ന് കാണുന്നത്. ബിഹാറില്‍നിന്ന് 62 പേരെയും (5.4 ശതമാനം) ഉത്തര്‍പ്രദേശില്‍ 177 പേരെയും (15.7) രാജസ്ഥാനില്‍നിന്ന് 126 പേരെയും (11) ഹരിയാനയില്‍നിന്ന് 71 പേരെയും (7) ഒഡിഷയില്‍നിന്ന് 11 പേരെയും (ഒരു ശതമാനം) സംഭാവന ചെയ്തിട്ടുണ്ട്. നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക നാലു ശതമാനവും (47 പേര്‍), തമിഴ്നാട് ആറു ശതമാനവുമായി (75) നമുക്കു മുന്നില്‍തന്നെയാണ്.
2005ല്‍ സിവില്‍ സര്‍വിസ് മേഖലയിലേക്ക് തെരഞ്ഞെടുത്ത 457 പേരില്‍ കേരളത്തില്‍നിന്ന് ഏഴുപേരേ ഉണ്ടായുള്ളൂ. ഒന്നര ശതമാനം മാത്രം. 2006ല്‍ 2.8 ശതമാനവും 2007ല്‍ 2.1 ശതമാനവും 2008ല്‍ 2.7 ശതമാനവും 2009ല്‍ 1.1 ശതമാനവും 2010ല്‍ 3.6 ശതമാനവും വിജയമാണ് സര്‍വിസില്‍ കേരളത്തിന് നേടാനായത്. 2011ലാകട്ടെ യു.പി.എസ്.സി 1000 പേരെ തെരഞ്ഞെടുത്തപ്പോള്‍ കേരളത്തില്‍നിന്ന് 45 പേര്‍ ഈ പട്ടികയില്‍പെട്ടു. 2012 ല്‍ 1088 പേരില്‍നിന്ന് 49 മലയാളികള്‍ (4.5 ശതമാനം) ഇടം കണ്ടു. 2013ല്‍ 3.8 ശതമാനവും 2014ല്‍ മൂന്നു ശതമാനവും പേരാണ് സിവില്‍ സര്‍വിസില്‍ കടന്നുകൂടിയത്. ഏറ്റവും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത 2014ല്‍ കേരളത്തില്‍നിന്ന് 41 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആകെ സെലക്ട് ചെയ്ത 1362ന്‍െറ മൂന്നു ശതമാനമാണിത്. ബിഹാര്‍-5 ശതമാനം, കര്‍ണാടക-5, തമിഴ്നാട്-9, യു.പി-14.2 ശതമാനം എന്നിങ്ങനെയായിരുന്നു സിവില്‍ സര്‍വിസുകാരുടെ 2014ലെ സാന്നിധ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ട കേരളത്തിന്‍െറ വളര്‍ച്ച ആശാവഹമല്ളെന്ന് മാത്രമല്ല നിരാശജനകവുമാണ്. ബിഹാര്‍, ഹരിയാന, ഛത്തിസ്ഗഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ നിലമെച്ചപ്പെടുത്തുമ്പോള്‍ കേരളത്തിന്‍െറ പോക്ക് പിന്നിലേക്കെന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗം
നാടിന്‍െറ മുന്നേറ്റത്തിന് സാങ്കേതിക മേഖലയുടെ പങ്ക് നിര്‍ണായകമാണ്. ടെക്നോളജി രംഗത്ത് കേരളത്തിന്‍െറ വളര്‍ച്ച പ്രതീക്ഷയേകുന്നതല്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കേരളം പിന്നിലല്ല. സ്ഥാപനങ്ങളുടെ എണ്ണം പെരുകിയെങ്കിലും ഗുണനിലവാരത്തില്‍ ഇടിവ് സംഭവിക്കുകയാണ് ചെയ്ത്. രാജ്യത്തെ പ്രീമിയര്‍ സാങ്കേതിക സ്ഥാപനങ്ങളൊക്കെ കേരളത്തിലുണ്ടെങ്കിലും ഇതിലെ മലയാളി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഏറെ സമ്മര്‍ദങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ നേടിയെടുത്ത പാലക്കാട് ഐ.ഐ.ടിയില്‍ 10 ശതമാനം കേരളീയരേ ഉള്ളൂ. ആകെയുള്ള 120 സീറ്റില്‍ കഴിഞ്ഞ അധ്യയനവര്‍ഷം 14 മലയാളികള്‍ക്കാണ് പ്രവേശം ലഭിച്ചതെങ്കില്‍ ഈ അധ്യയനവര്‍ഷം അത് 11 ആയി ചുരുങ്ങി.
ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് തിരുവനന്തപുരത്തുള്ള വി.എസ്.എസ്.സിയും എല്‍.പി.എസ്.സിയുമാണ് പിന്നില്‍. ബഹിരാകാശ പഠനത്തിന് മാത്രമായി ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ രാജ്യത്ത് ആദ്യമായി ഒരു പ്രീമിയര്‍ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് തിരുവനന്തപുരത്തെ വലിയമലയിലാണ്. 2007ല്‍ സ്ഥാപിതമായ ഐ.ഐ.എസ്ടിയില്‍ ഇതുവരെ പ്രവേശം നേടിയത് 12 ശതമാനത്തില്‍ താഴെ മലയാളികള്‍ മാത്രമാണ്. സയന്‍സ് മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംകൊണ്ട ഐസറിന്‍െറ (IISER) കേരള കാമ്പസിലുള്ളത് നാലു ശതമാനം കേരളീയ വിദ്യാര്‍ഥികള്‍ മാത്രമാണ്. കഴിഞ്ഞവര്‍ഷം കോട്ടയത്ത് ആരംഭിച്ച ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും നമ്മുടെ വിദ്യാര്‍ഥികളുടെ എണ്ണം നാമമാത്രമാണ്.
ഐ.ഐ.ടിപോലുള്ള സ്ഥാപനത്തിലേക്കുള്ള ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷ കടന്നുകൂടുന്നവരുടെ എണ്ണത്തിലും കേരളം പിന്നില്‍തന്നെ.
ആരോഗ്യ മേഖല
ആതുരസേവന രംഗത്ത് കേരളീയരുടെ പെരുമ ലോകമെമ്പാടുമുണ്ട്. നമ്മുടെ നഴ്സിങ് മേഖലയാണ് ഈ പ്രശസ്തിക്കു പിന്നില്‍. 2000ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് 2016ഓടെ 29 മെഡിക്കല്‍ കോളജുകളും 24 ഡെന്‍റല്‍ കോളജുകളുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഫാര്‍മസി, നഴ്സിങ് രംഗത്തും ധാരാളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ദേശീയതലത്തിലെ മികച്ച സ്ഥാപനങ്ങളായ എയിംസ്, ജിപ്മെര്‍, പി.ജി.ഐ തുടങ്ങിയവയിലൊക്കെ മികച്ച മലയാളി സാന്നിധ്യമുണ്ട്.
മറ്റ് മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ കേരളീയ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണിവിടെ. ഇവിടങ്ങളിലായി ആകെ 19 ശതമാനത്തോളം മലയാളികളുണ്ട്. ഒരുപക്ഷേ, ഡോക്ടറാകാനുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അതിയായ പ്രയത്നവും താല്‍പര്യവുമാണ് ഈ നേട്ടങ്ങളുടെ പിന്നില്‍. മാനേജ്മെന്‍റ്, ഗവേഷണം, നിയമം, കാര്‍ഷികം എന്നീ മേഖലകളിലും എടുത്തുകാട്ടാനുള്ള ഉയര്‍ച്ചയുണ്ടായിട്ടില്ല. സോഷ്യല്‍ സയന്‍സിലും സാമ്പത്തിക ശാസ്ത്രത്തിലും ഇനിയുമേറെ മുന്നേറാനുണ്ട്.
പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്ക്
വിദ്യാഭ്യാസമേഖലയിലുണ്ടാക്കിയ നേട്ടങ്ങളാണ് കേരളത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞുപോയ ആ പ്രതാപകാലം നാം വീണ്ടും തിരിച്ചുപിടിക്കേണ്ടതുണ്ട്. എന്‍.എസ്.എസ്, എം.ഇ.എസ്, എസ്.എന്‍.ഡി.പി, ക്രിസ്ത്യന്‍ മിഷനറി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍െറ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഈ സാമുദായിക പ്രസ്ഥാനങ്ങളിലൂടെയാണ് വിദ്യാഭ്യാസ പുരോഗതികൈവരിച്ചത് എന്നുവേണമെങ്കില്‍ പറയാവുന്നതുമാണ്. പക്ഷേ, സമ്പന്നമായ ഈ ഭൂതകാലം പിന്നീട് കച്ചവടതാല്‍പര്യത്തിനു വഴിമാറിയതാണ് കേരളം കണ്ടത്.
സ്വകാര്യവത്കരണത്തോടെ ഉന്നത വിദ്യാഭ്യാസമേഖല വിപുലീകരിക്കപ്പെടുകയും കൂടുതല്‍ സ്ഥാപനങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വളര്‍ച്ച ഗുണനിലവാരത്തില്‍ കണ്ടതേയില്ല. ഇതുതന്നെയാണ് തകര്‍ച്ചക്കുള്ള മൂലകാരണവും. പ്രശ്നാധിഷ്ഠിത സമീപനമുണ്ടാവുന്നില്ല എന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ വൈമനസ്യമുള്ളതും പ്രതികൂലമായി ഭവിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവാതെ കേവല ചൂഷണങ്ങള്‍ക്ക് സമൂഹം വിധേയമാകുകയാണിവിടെ. കേവലം ബിരുദം ആര്‍ജിക്കുന്ന യന്ത്രപ്പാവകളെപ്പോലെ യുവസമൂഹം മാറിയ ദയനീയതാണ് ഉന്നതവിദ്യാഭ്യാസം വഴി നേടേണ്ട അനന്തസാധ്യതകളെ ഇല്ലാതാക്കിയത്. സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ പഴയകാലഘട്ടത്തില്‍നിന്ന് ബിസിനസ് എന്ന സങ്കല്‍പത്തിലേക്ക് മേഖല മാറിയിട്ടുണ്ട്. മെച്ചപ്പെട്ടതെന്ന് നമ്മള്‍ അവകാശപ്പെടുന്ന ‘ഹ്യൂമന്‍ റിസോഴ്സിനെ’ വേണ്ടവിധം പ്രയോജനപ്പെടുത്താനും പുതിയ പാതകളിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടാനും സമൂഹവും ഭരണകൂടവും മുന്നോട്ടുവരേണ്ടതുണ്ട്.
(എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.