Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവലതന്‍

വലതന്‍

text_fields
bookmark_border
വലതന്‍
cancel

‘ആളിപ്പടരുന്ന ചുവന്ന തീനാളങ്ങള്‍, ചുവന്ന ചുണ്ടുകള്‍കൊണ്ടു ചിരിക്കുന്ന തേജോമയമായ കണ്ണുകള്‍, അഗ്നി എന്നില്‍ പിടിമുറുക്കുന്നു. എന്‍െറ മനസ്സിനെ കീഴ്പ്പെടുത്തുന്നു; ആത്മാവിനെയും. എന്‍േറതായ എല്ലാം ചുട്ടുപൊള്ളുന്നു. എന്‍െറ ഉടലിനു തീപിടിച്ചിരിക്കുന്നു. അത് നക്കിത്തുടച്ച് ബാക്കിയാക്കിയത് ഇത്തിരി ചാരം മാത്രം’ -ചുവപ്പിനെ പേടിക്കുന്ന ബ്രസീലുകാരന്‍ മിഷേല്‍ ടമറിന്‍െറ കവിതയാണിത്. ചുവപ്പിനെ പേടിയാണെങ്കിലും ഇടതുപക്ഷത്തിന്‍െറ രക്തപതാകയെ പേടിയില്ല. അതുകൊണ്ടാണല്ളോ ഇടതന്മാര്‍ക്കൊപ്പം കൂട്ടുകൂടിയത്. മാര്‍ക്സിസ്റ്റ് ഒളിപ്പോരാളിയായി ബ്രസീലിയന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറി പ്രസിഡന്‍റുപദം വരെ എത്തി ചരിത്രം കുറിച്ച ദില്‍മ റൂസഫിനെ കുറ്റവിചാരണ നടത്തി പുറത്താക്കിയപ്പോള്‍ നറുക്കുവീണത് മുന്‍ വൈസ് പ്രസിഡന്‍റായ വലതുപക്ഷക്കാരന്‍ കവിക്ക്. വയസ്സിപ്പോള്‍ 75. ഇനി രണ്ടുകൊല്ലം കവി മിഷേല്‍ ടമറായിരിക്കും ബ്രസീലിന്‍െറ 37ാം പ്രസിഡന്‍റ്. കാലാവധി തീരുംവരെ കാവ്യാസ്വാദകര്‍ക്ക് ആശ്വാസത്തിനു വകയുണ്ട്. ഇപ്പോള്‍ ദിനംപ്രതി മൂന്നു കവിതകള്‍ വെച്ചാണ് ‘കവി ടമര്‍’ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നത്. ജി. സുധാകരന്‍ പൂച്ചേ പൂച്ചേ എന്നുപറഞ്ഞ് എഴുതുന്ന കവിതകളുടെ നിലവാരമാണ് ഇവക്കുള്ളതെന്ന് അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്.

രാഷ്ട്രീയത്തില്‍ എക്കാലവും കിങ്മേക്കര്‍ എന്ന് അറിയപ്പെട്ടിരുന്നയാളാണ്. ഇപ്പോഴാണ് കിങ് ആവാന്‍ യോഗം തെളിഞ്ഞത്. ഈയടുത്ത കാലം വരെ ഫോട്ടോ കാണിച്ചുകൊടുത്താല്‍ പോലും ബ്രസീലുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. നിഴലുകള്‍ക്കു പിന്നില്‍ മറിഞ്ഞിരിക്കുന്നതായിരുന്നു പതിവ്. അധികാരത്തിന്‍െറ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്നതില്‍ താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബ്രസീലിയന്‍ രാഷ്ട്രീയത്തിലെ പല ഇടപാടുകളും കൂടിയാലോചനകളുമെല്ലാം പിന്നില്‍നിന്ന് നയിച്ചിരുന്നത് ടമര്‍ ആണ്. സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്തുകൊണ്ട് സ്വകാര്യവത്കരണത്തിനും ഉദാരീകരണത്തിനും ചുവന്ന പരവതാനി വിരിച്ച ഫെര്‍ണാണ്ടോ കാര്‍ദോസ സര്‍ക്കാറിന്‍െറ കാലത്ത് (1995-2002) ബ്രസീല്‍ കോണ്‍ഗ്രസിന്‍െറ അധോസഭയുടെ അധ്യക്ഷനായിരുന്നു. ലുലാ ഡ സില്‍വയുടെ (2002-10) കാലത്ത് ഭരണകൂട നിയന്ത്രണത്തിലുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച അവരുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ അജണ്ട നടപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും ടമര്‍ തന്നെ.

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാര്‍ട്ടിയുടെ (പി.എം.ഡി.ബി) പ്രസിഡന്‍റാണ്. കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഇല്ലാത്ത പാര്‍ട്ടിയെയാണ് നയിക്കുന്നത്. അത് ഒരു തരത്തില്‍ സൗകര്യമാണ്. ആരുമായും കൂട്ടുകൂടാം. അവസരവാദം എന്ന് ആരും പറയില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അധികാരത്തിലേറുന്ന എല്ലാ പ്രസിഡന്‍റുമാരുമായും സഖ്യംചേരുന്ന പതിവുണ്ട്. പാര്‍ട്ടിയെപ്പോലെ തന്നെയാണ് ടമറും. ആള്‍ വലതനാണ്. എന്നുവെച്ചാല്‍ ഇടതുപക്ഷബോധം തീണ്ടിയിട്ടില്ളെന്നു മാത്രം. ഇടതന്മാരുമായി കൂട്ടുകൂടുന്നതില്‍ ഒരു കാലത്തും അയിത്തം കാണിച്ചിട്ടുമില്ല. കഴിഞ്ഞ ഒരു കൊല്ലമായി ദില്‍മ റൂസഫിന്‍െറ പേരില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവസരം മുതലാക്കി ഭരണംപിടിക്കുകയായിരുന്നു ടമര്‍. ദില്‍മ റൂസഫിന് എതിരായ കുറ്റവിചാരണ നടപടികളുടെ ചുക്കാന്‍പിടിച്ചത് ടമര്‍ ആണ്. നേരിട്ട് അധികാരം കൈയാളാതെ പിന്നണിയില്‍നിന്ന് ചരടുവലിച്ച ആള്‍ അങ്ങനെ ജീവിതസായാഹ്നത്തില്‍ കസേരയില്‍ ഉപവിഷ്ടനാവുകയാണ്.

ബ്രസീലുകാര്‍ക്ക് പ്രിയപ്പെട്ടവനൊന്നുമല്ല മിഷേല്‍. കഴിഞ്ഞ ഏപ്രിലില്‍ ഒരു പത്രം നടത്തിയ സര്‍വേ അനുസരിച്ച് അറുപതു ശതമാനം പേര്‍ ദില്‍മയെ പുറത്താക്കണമെന്നു വാദിച്ചപ്പോള്‍ 58 ശതമാനംപേരും മിഷേല്‍ ടമര്‍ ആ സ്ഥാനത്തേക്കു വരുന്നതിന് എതിരായിരുന്നു. സാമ്പത്തിക മാന്ദ്യവും അഴിമതിയും അവര്‍ക്ക് എല്ലാ രാഷ്ട്രീയ നേതാക്കളിലുമുള്ള വിശ്വാസം പാടെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ദില്‍മ റൂസഫ് വ്യക്തിപരമായി കൈക്കൂലി വാങ്ങിയിട്ടില്ല. പക്ഷേ, ടമര്‍ കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്തിയതിനും ആരോപണം നേരിട്ടയാളാണ്.

2012ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എണ്ണക്കമ്പനിയായ പെട്രോബ്രാസില്‍നിന്ന് നാലു ലക്ഷം ഡോളര്‍ സംഭാവന കൈപ്പറ്റിയതിന്‍െറ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ രേഖകളില്‍ ഒപ്പുവെച്ചതിന്‍െറ പേരില്‍ നിയമസഭാംഗങ്ങള്‍ തന്നെ ഒരിക്കല്‍ മിഷേല്‍ ടമര്‍ക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. റൂസഫിന്‍െറ മന്ത്രിസഭ ബ്രസീലിന്‍െറ ബഹുസ്വരതയും വൈവിധ്യവും ഉള്‍ക്കൊള്ളുന്നതായിരുന്നു. എന്നാല്‍, മിഷേലിന്‍െറ മന്ത്രിസഭയില്‍ മുഴുവനും വെള്ളക്കാരാണ്. 50 ശതമാനത്തിലേറെ ജനങ്ങള്‍ കറുത്തവര്‍ഗക്കാരായ നാട്ടിലെ മന്ത്രിസഭയുടെ കാര്യമാണിത് എന്നോര്‍ക്കണം. ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 13 വര്‍ഷത്തെ ഭരണത്തിനു വിരാമമിട്ട്, വര്‍ണവെറി കാട്ടുന്ന ഭരണകൂടമാണ് അധികാരത്തിലേറിയതെന്നു ചുരുക്കം. വംശീയത മാത്രമല്ല, കുറച്ച് സ്ത്രീവിരുദ്ധതയുമുണ്ട്. പുതിയ കാബിനറ്റില്‍ പെണ്ണുങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. 53 ശതമാനം പെണ്ണുങ്ങളുള്ള രാജ്യത്തെ ഭരിക്കാന്‍ ആണുങ്ങള്‍ മാത്രമുള്ള മന്ത്രിസഭ വരുന്നത് 1985ലെ പട്ടാള അട്ടിമറിയുടെ അന്ത്യത്തിനുശേഷം ഇതാദ്യമായാണ്. സാമ്പത്തിക സാമൂഹിക ഉദാരീകരണമാണ് തന്‍െറ  ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ടമര്‍. ഗര്‍ഭച്ഛിദ്രത്തെ നിയമവിധേയമാക്കണം എന്ന അഭിപ്രായക്കാരനാണ്. ലോകത്ത് ഗര്‍ഭച്ഛിദ്രത്തിനെതിരെ കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണ് ബ്രസീല്‍.

1925ല്‍ ലബനാനില്‍നിന്ന് ബ്രസീലിലേക്കു കുടിയേറിയ കുടുംബത്തില്‍ 1940 സെപ്റ്റംബര്‍ 23ന് ജനനം. അറബി ഒഴുക്കോടെ സംസാരിക്കാനറിയില്ളെങ്കിലും കേട്ടാല്‍ മനസ്സിലാവും. സാവോപോളോ സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ബിരുദം നേടി. സ്റ്റേറ്റ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 62 വയസ്സുള്ളപ്പോഴാണ് ഇരുപതുകാരിയായ മാര്‍സേലയെ വിവാഹം കഴിച്ചത്. ഒരു സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തപ്പോള്‍ കണ്ടു ഭ്രമിച്ചതാണ്. മുന്‍ മിസ് സാവോപോളോ ആയ മാര്‍സേലക്ക് ഇപ്പോള്‍ വയസ്സ് 33. ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുണ്ട്. മിഷേല്‍ സിന്‍ഹോ. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുമ്പോള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു മാര്‍സേല. അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നിട്ടും മകനെ നോക്കാന്‍ ഒരു ആയ, ഒരു പാചകക്കാരി, രണ്ടു വേലക്കാരികള്‍ എന്നിവരെ നിയമിച്ചതിന്‍െറ പേരില്‍ പഴികേട്ടിട്ടുണ്ട്. പതിവ്രതയാണെന്നു കാണിക്കാന്‍ മിഷേല്‍ ടമറിന്‍െറ പേര് പിന്‍കഴുത്തില്‍ പച്ചകുത്തിയിട്ടുണ്ട്. ‘ചുവപ്പ്’ എന്ന കവിത മാര്‍സേലയുടെ ആഗ്നേയ സാന്നിധ്യത്തെക്കുറിച്ച് എഴുതപ്പെട്ടതാണെന്ന് പരിഹസിക്കുന്ന മാധ്യമങ്ങളുണ്ട് ബ്രസീലില്‍. ‘അജ്ഞാതമായ അടുപ്പം’ എന്നാണ് കവിതാ സമാഹാരത്തിന്‍െറ പേര്. ട്വിറ്ററില്‍ മിഷേലിനെ പിന്തുടരുന്ന 33,000ത്തോളം പേര്‍ പലപ്പോഴും കവിതകളെ കണക്കറ്റു പരിഹസിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:michel temer
Next Story