Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅശരണരുടെ അമ്മ...

അശരണരുടെ അമ്മ വിശുദ്ധരുടെ പുസ്തകത്തില്‍

text_fields
bookmark_border
അശരണരുടെ അമ്മ വിശുദ്ധരുടെ പുസ്തകത്തില്‍
cancel
camera_alt????? ?????

യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജെയില്‍ പിറന്ന് ഇന്ത്യയിലത്തെി അശരണര്‍ക്കും അഗതികള്‍ക്കും വേണ്ടി ആയുസ്സ് മാറ്റിവെച്ച മദര്‍ തെരേസയുടെ നാമം ഇന്ന് വിശുദ്ധരുടെ പുസ്തകത്തില്‍ ഇടംപിടിക്കുന്നു. ഇന്ന് പ്രഭാതത്തില്‍ പത്തരക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടക്കുന്ന ദിവ്യബലിയോടെ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും. കര്‍ദിനാള്‍ അമാതോവിനാണ് നാമകരണ നടപടികളുടെ പ്രധാന ചുമതല. മദര്‍ തെരേസയുടെ നാമം വിശുദ്ധരുടെ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കര്‍ദിനാള്‍ മാര്‍പാപ്പയുടെ അനുമതി തേടും. ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്‍കുന്നതോടെ അമിതോ മദറിനെ ‘സെന്‍റ് തെരേസ’ എന്ന സംജ്ഞയില്‍ നാമകരണം ചെയ്യും.

കൊല്‍ക്കത്ത കേന്ദ്രമായി മദര്‍ തെരേസ സ്ഥാപിച്ച മിഷനറിസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭക്ക് ഇപ്പോള്‍ ലോകത്തുടനീളം ശാഖകളുണ്ട്. സേവന സന്നദ്ധരായ കന്യാസ്ത്രീകളുടെ ആ സഭ ഇതിനകം കാഴ്ചവെച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകാംഗീകാരം നേടുകയുണ്ടായി. കാരുണ്യത്തിന്‍െറ പ്രതീകവും അഗതികളുടെ അമ്മയുമായ മദര്‍ തെരേസക്കൊപ്പം കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സന്ദര്‍ഭത്തില്‍ മദറിന്‍െറ നിസ്സീമമായ ദയാവായ്പും നിസ്വാര്‍ഥ സ്നേഹവും അനുഭവിക്കാന്‍ സാധിച്ചത് കൃതജ്ഞതാപൂര്‍വം ഓര്‍മിക്കുകയാണ് ഞാന്‍.

1910 ആഗസ്റ്റ് 26ന് കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ അല്‍ബേനിയന്‍ വംശജന്‍ നികോളാസ് ബെജാക്സ്യൂവിന്‍െറയും ഡ്രാണഫിലെ ബര്‍ണായിയുടെയും പുത്രിയായി ജനിച്ച തെരേസക്ക് ആഗ്നസ് ഗോങ്ഷ ബൊജാക്സ്യൂ (പരിശുദ്ധ റോസാപൂമൊട്ട്) എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. 1929 ജനുവരിയില്‍ 19ാം വയസ്സിലായിരുന്നു ഇന്ത്യന്‍ മണ്ണിലത്തെിയത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന് ജന്മം നല്‍കിയ കൊല്‍ക്കത്ത നഗരത്തിലത്തെിയ ആഗ്നസ് സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്കൂളില്‍ അധ്യാപികയായി സേവനം തുടങ്ങി. ഒപ്പം സമീപത്തെ ചേരിപ്രദേശം തന്‍െറ സ്നേഹകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മണ്ഡലമായി തെരഞ്ഞെടുക്കുകയും ചെയ്തു.

ചേരിപ്രദേശങ്ങളിലെ അഗതികള്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടി നിസ്വാര്‍ഥ സേവനങ്ങളര്‍പ്പിച്ച തെരേസ കൈയുറകളോ മുഖാവരണം പോലുമോ ധരിക്കാതെയായിരുന്നു പരിചരണശുശ്രൂഷകള്‍ നടത്തിയിരുന്നത്. ‘നിര്‍മല്‍ ഹൃദയ്’ എന്ന അഗതിമന്ദിരം സ്ഥാപിച്ച മദറിന് 1948ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. 1962ല്‍ പത്മശ്രീയും 1980ല്‍ ഭാരത്രത്നയും നേടിയ തെരേസയെ 1979ല്‍ സമാധാന നെബേല്‍ പുരസ്കാരവും തേടിയത്തെി.

മദര്‍തെരേസ വാഴ്ത്തപ്പെടുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍ മഹാത്മാഗാന്ധിജിയെ സംബന്ധിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളാണ് അഗതികളുടെ അമ്മയെ സംബന്ധിച്ചും ഞാന്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നത്. ‘ഇത്തരം മഹത്വമാര്‍ന്ന ഒരു വ്യക്തി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നുപറഞ്ഞാല്‍ ഭാവിതലമുറ അത് വിശ്വസിക്കാന്‍ ഇടയില്ല’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mother teresaCanonization
Next Story