Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭരണപക്ഷത്തും...

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സ്ത്രീ സംഘടനകള്‍ക്ക് ഒരു തുറന്ന കത്ത്

text_fields
bookmark_border
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സ്ത്രീ സംഘടനകള്‍ക്ക്  ഒരു തുറന്ന കത്ത്
cancel

പ്രിയരേ,
പരസ്പരം അറിയുന്നവരാണ് നമ്മള്‍. വിയോജിക്കുമ്പോള്‍പോലും സാഹോദര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും ചങ്ങലകള്‍ അദൃശ്യമായും എന്നാല്‍ ശക്തമായും നമ്മെ ബന്ധിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഒരുപക്ഷേ പരസ്യമായി എന്നെ തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുമായിരിക്കാം. എന്നാല്‍, ഞാനത് കണക്കിലെടുക്കുന്നില്ല.  കാരണം എന്നില്‍ ഞാനുള്ളതുപോലെ നിങ്ങളുമുണ്ട്. എന്‍െറ ചെലവില്‍ നിങ്ങളും നിങ്ങളുടെ ചെലവില്‍ ഞാനും പെണ്‍ സമൂഹത്തിന്‍െറ ചരിത്രം/പാരമ്പര്യം കുഴിച്ചു കൊണ്ടിരിക്കയാണ്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീ പീഡനങ്ങളെപ്പറ്റി നിങ്ങള്‍ക്കും അറിവുണ്ട്. എന്നാല്‍, കാലാകാലമായി ആവിഷയത്തില്‍  നിങ്ങളില്‍നിന്നുള്ള  പരസ്യപ്രതികരണങ്ങള്‍ തുലോം ദയനീയമായിരുന്നു. ഞാന്‍ ഉന്നയിക്കുന്ന ഇക്കാര്യം സത്യസന്ധമായ ഒരാത്മപരിശോധനയിലൂടെ നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. എതിര്‍കക്ഷികള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ ദുര്‍ബലമായിട്ടെങ്കിലും പ്രതികരിച്ചത്. ഐസ്ക്രീം പാര്‍ലര്‍, സൂര്യനെല്ലി, വിതുര കേസുകള്‍ യു.ഡി.എഫില്‍പെട്ട മഹിളാ സംഘടനകള്‍ അറിഞ്ഞതായിപോലും ഭാവിച്ചിട്ടില്ല. മാത്രമല്ല സ്വന്തം കക്ഷിയില്‍പെട്ട ആരോപണവിധേയര്‍ക്കുവേണ്ടി മഹിളാ സംഘടനക്കാര്‍ പരസ്യ വക്കാലത്തുമായി വരുന്ന സന്ദര്‍ഭങ്ങള്‍വരെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. ഇതില്‍നിന്നൊട്ടും വ്യത്യസ്തമല്ല എല്‍.ഡി.എഫ് മഹിളകളുടെ പ്രതികരണരീതി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ആദ്യം ആവേശത്തോടെ മുന്നോട്ടുവന്നവര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ പിന്‍വലിയുന്നു. കവിയൂര്‍-കിളിരൂര്‍ കേസില്‍ അവരില്‍ നിന്നുണ്ടായ വിചിത്ര പരാമര്‍ശങ്ങളും പെരുമാറ്റങ്ങളും ഓര്‍ക്കുന്നു. ചരിത്രപരമായ കന്യകാത്വ പ്രസ്താവനയും വി.ഐ.പി വിവാദവുമൊക്കെ സ്ത്രീ പീഡന കേസുകളുടെ അക്കാദമികപഠനങ്ങളില്‍പോലും നാഴികക്കല്ലായി മാറുകയായിരുന്നുവല്ളോ.

അതില്‍നിന്നൊക്കെ വ്യത്യസ്തമായി സൗമ്യയുടെ കാര്യത്തില്‍ ഒന്നിച്ച് തെരുവിലിറങ്ങാന്‍ സ്ത്രീസംഘടനകള്‍ തയാറായിട്ടുണ്ടെന്നും ഞാന്‍ മറക്കുന്നില്ല. ഗോവിന്ദച്ചാമി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമല്ലാത്തതുകൊണ്ടാവാം നിങ്ങള്‍ പരസ്യമായി ഐക്യപ്പെട്ടതെന്ന് തോന്നുന്നു. പക്ഷേ, നിങ്ങള്‍ ജിഷയുടെ കാര്യത്തില്‍ എന്ത് സമീപനമെടുത്തുവെന്നാലോചിച്ചുനോക്കൂ. തെരഞ്ഞെടുപ്പിനുമുമ്പ് പ്രചാരണാര്‍ഥം കേരളത്തിലത്തെിയ ദേശീയ നേതാക്കള്‍ മിക്കവരും ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. എന്നാല്‍, സോണിയ ഗാന്ധിയോ? അവര്‍ക്ക് ജിഷയുടെ അമ്മയെ കാണുന്നതില്‍ എന്തായിരുന്നു തടസ്സം? സത്യം പറയണം, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും സോണിയ ഗാന്ധിയോട് ഇക്കാര്യം സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടോ? ആലോചിച്ചുനോക്കൂ. അവരെ ആരാണ്, എന്തുതരം താല്‍പര്യങ്ങളാണ് തടസ്സപ്പെടുത്തിയത്?  തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സ്ത്രീ സംഘടനകള്‍ ജിഷ എന്നുപോലും ഉച്ചരിച്ചതായി കേട്ടില്ല.

നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ അമീറുല്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളിയാണ് ജിഷയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്? ആര്‍ക്കുവേണ്ടിയാണ് പൊലീസ് തെളിവുകള്‍ നശിപ്പിച്ചതെന്ന് ഭരണമുള്ള സ്ത്രീകള്‍ സ്വന്തം അധികാരികളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവോ? പ്രതിപക്ഷത്തുള്ള സ്ത്രീകള്‍ക്ക് പൊലീസിന്‍െറ കെട്ടുകഥയില്‍ വിശ്വാസം വന്നതുകൊണ്ടാണോ ഒന്നും പറയാത്തത്? ഞങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയുന്നുണ്ട്, അത് പുറത്തുള്ള നിങ്ങളെ അറിയിക്കുന്നതെന്തിനെന്ന് അഹങ്കാരപൂര്‍വം  ചോദിച്ച് തല വെട്ടിത്തിരിച്ച് തിരിഞ്ഞുനടക്കരുതേ. എന്നെപ്പോലെ പുറത്തുനിന്ന് നിങ്ങളുടെ അധികാരികളോട്,  നിങ്ങളും ഞങ്ങളുമായ നമ്മള്‍ സ്ത്രീകള്‍ക്കുവേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നവരെ ഇനിയെങ്കിലും കേള്‍ക്കാന്‍ തയാറാകൂ.

ഇത്രയും കാര്യങ്ങള്‍ ഈ കത്തിന്‍െറ ആമുഖം മാത്രമാണ് കൂട്ടുകാരികളേ.
ഞാന്‍ നിങ്ങളോട് പറയാനുദ്ദേശിക്കുന്നത് ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ കൃഷ്ണ കുമാറിന്‍െറ ആത്മഹത്യയെക്കുറിച്ചാണ്. ആത്മഹത്യ ചെയ്തത് പുരുഷനായതു കൊണ്ട് അത് സ്ത്രീകളുടെ കാര്യമല്ളെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടാവില്ളെന്ന് എനിക്കറിയാം. അദ്ദേഹം എന്തിനാണ് ആത്മഹത്യ ചെയ്തത്? തന്‍െറ മകന്‍െറ ഭാര്യയെ, മകള്‍ എന്നുതന്നെ പറയാമെന്നു കരുതുന്നു, ഒരുവന്‍ നിരന്തരമായി ശല്യം ചെയ്തപ്പോള്‍ അതിനെതിരെ പരാതി നല്‍കി. അതും അവസാനഘട്ടത്തില്‍ മാത്രമാണ് പരാതിപ്പെട്ടത്. എങ്ങനെയെന്നാല്‍, അവളെ ശല്യപ്പെടുത്തരുതെന്ന് അവളും ഭര്‍ത്താവും കൃഷ്ണകുമാറും ശല്യക്കാരനോട് നേരിട്ട് പറഞ്ഞു. അത് വകവെച്ചില്ളെന്ന് മാത്രമല്ല, തന്‍െറ ഇംഗിതത്തിന് വഴങ്ങിയില്ളെങ്കില്‍ അവളുടെ ഫേസ്ബുക്കിലെ ഫോട്ടോ മോര്‍ഫിങ് ചെയ്ത് നാണംകെടുത്തുമെന്ന് അയാള്‍ അവളെ ഭീഷണിപ്പെടുത്തി. അത്രയുമായപ്പോഴാണ് കൃഷ്ണകുമാര്‍ എന്ന പാവപ്പെട്ട രക്ഷാകര്‍ത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. അത് തെറ്റായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ സഹോദരിമാരേ?

എന്നിട്ടെന്തുണ്ടായി എന്നുകൂടി നിങ്ങള്‍ അറിയണം. പരാതിക്ക്  പിറകെ പൊലീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാറിന്‍െറ വീട്ടിലത്തെി. പരാതിയെക്കുറിച്ചന്വേഷിച്ച് മൊഴിയെടുക്കാന്‍ വന്നതായിരുന്നില്ല.  പരാതി കൊടുത്തതിന്‍െറ പേരില്‍ കൃഷ്ണ കുമാറിനെ ഭീഷണിപ്പെടുത്താന്‍ വന്നതായിരുന്നു. കൃഷ്ണകുമാറിന്‍െറ മകന്‍ മനുവിന്‍െറ എല്ല് തകര്‍ക്കുമെന്നയാള്‍ കൃഷ്ണകുമാറിനുനേരെ സിനിമാ സ്റ്റൈലില്‍ ആക്രോശിച്ചു. അതീവ സാധാരണക്കാരനായ കൃഷ്ണകുമാറിനെപ്പോലൊരാള്‍ സ്വാഭാവികമായും ആ പൊലീസ് ഭീഷണിക്കുമുന്നില്‍ വിറച്ചുപോയി. അതിന്‍െറ തുടര്‍ച്ചയില്‍ ഒരു ബൈക്കില്‍ വന്ന രണ്ടു പേര്‍ കൃഷ്ണകുമാറിനെ ഭീഷണിപ്പെടുത്തി. എന്തായിരുന്നു കൃഷ്ണകുമാര്‍ ചെയ്ത തെറ്റ്? ഒരു പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമം പൊലീസില്‍ പരാതിപ്പെട്ടു. അത്രമാത്രം! ഒരു രക്ഷിതാവെന്നരീതിയില്‍ താന്‍ ചെയ്യേണ്ടതായി തോന്നിയ കാര്യം അദ്ദേഹം ചെയ്തു. മകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസ് സംവിധാനത്തെ ആശ്രയിച്ചു. ഫലമോ? മകന്‍െറ ജീവന് അത് ഭീഷണിയായി.
കൃഷ്ണകുമാറിനെപ്പോലെ ഒരു ഓട്ടോറിക്ഷക്കാരന്‍ ഈ സന്ദര്‍ഭത്തെ എങ്ങനെയാവും അനുഭവിച്ചിരിക്കുക എന്ന് നിങ്ങള്‍തന്നെ ചിന്തിക്കൂ. വൈകാരികമായി മാത്രമല്ല ഭൗതികമായും അദ്ദേഹം എത്രമാത്രം അരക്ഷിതനായിത്തീര്‍ന്നിട്ടുണ്ടാവും? പണമോ രാഷ്ട്രീയസ്വാധീനമോ ഇല്ലാത്ത ഒരച്ഛന് മകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റെന്ത് വഴിയായിരുന്നു ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയുമോ?

കാരണങ്ങളും കാരണക്കാരെയും വ്യക്തമായി എഴുതിവെച്ചിട്ടാണ് കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്തത്. വെറുതേ ഒരു ആത്മഹത്യാക്കുറിപ്പായിരുന്നില്ല കൃഷ്ണകുമാറിന്‍േറത്. മുഖ്യമന്ത്രിക്കുള്ളതായിരുന്നു ആ കത്ത്. ഏറ്റവും ഉത്തരവാദപ്പെട്ടയാള്‍ക്ക്. ഇപ്പോള്‍ ആ കുറിപ്പ് പാര്‍ട്ടിക്കാരുടെ കൈയിലാണെന്ന് പൊലീസുകാരും പൊലീസുകാര്‍ ചോദിച്ചില്ളെന്ന് പാര്‍ട്ടിക്കാരും! കേട്ടുകേള്‍വി പോലുമില്ലാത്ത കളികള്‍. ആ കുറിപ്പിനെ നിശിതമായ ഒരു രാഷ്ട്രീയ തിസീസ് ആയി മനസ്സിലാക്കുന്നതില്‍ ഭരണാധികാരികള്‍ തികച്ചും പരാജയപ്പെട്ടെന്നുവേണം മനസ്സിലാക്കാന്‍.
ഭരണപക്ഷത്തുള്ള സ്ത്രീ സംഘടനകള്‍ ഇതന്വേഷിച്ചുവോ? നിങ്ങളുടെ നേതാവ്  കെ.കെ. ശൈലജ ടീച്ചര്‍ എന്തുകൊണ്ടാണ് കൃഷ്ണകുമാറിന്‍െറ വീട് സന്ദര്‍ശിക്കുകയെങ്കിലും ചെയ്യാത്തത്? മറ്റൊരു കാര്യവും പ്രധാനമാണ്. പ്രതിപക്ഷനേതാവിന്‍െറ മണ്ഡലത്തിലാണ് ഈ സംഭവം. മുഖ്യമന്ത്രിയെക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല  ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിനുള്ളത്. ഏത് പെണ്‍കുട്ടിയും എങ്ങനെ വേണമെങ്കില്‍ ശല്യം ചെയ്യപ്പെടാം, അതില്‍ പരാതിപ്പെടുന്നവര്‍ ജീവിച്ചിരിക്കാന്‍ പാടില്ളെന്ന സന്ദേശം കിട്ടിയിരിക്കുന്നത് പ്രതിപക്ഷ നേതാവിന്‍െറ മണ്ഡലത്തില്‍ നിന്നുമാണ്. അപ്പോള്‍ പ്രതിപക്ഷത്തുള്ള സ്ത്രീകള്‍  ഇക്കാര്യത്തില്‍ ഇതുവരെ എന്ത് നിലപാടെടുത്തു? സങ്കടമുണ്ട്, നിങ്ങള്‍ ഇരുകൂട്ടരും പതിവുപോലെ അവിടെയില്ല. ആരുടെ ആജ്ഞ കാത്തുനില്‍ക്കുകയാണ് നിങ്ങള്‍?

നിങ്ങള്‍ ഇരുകൂട്ടരും അനവസരങ്ങളില്‍ അതത് സംഘടനകള്‍ക്കുള്ളില്‍ പൊരുതുന്നുണ്ടെന്ന് എനിക്ക് നന്നായറിയാം. അതിന് പുറത്തുള്ള ഞങ്ങളെപ്പോലുള്ളവര്‍ യാതൊരു കര്‍മഫലവും പ്രതീക്ഷിക്കാതെ  ശക്തമായ സമ്മര്‍ദഗ്രൂപ്പായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ നേതാക്കളുടെ വിരോധം സമ്പാദിക്കുന്നവരായി മാറുകയും ചെയ്തിട്ടുണ്ട് എന്ന് നിങ്ങള്‍ക്കുമറിയാം. നിങ്ങളുടെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പരസ്യമായി മുറവിളികൂട്ടിയവര്‍ ഞങ്ങള്‍ കൂടിയായിരുന്നു എന്ന് നിങ്ങളോര്‍ക്കുക. പലതരം പെണ്ണുങ്ങളുടെ പലതലത്തിലും തരത്തിലുമുള്ള ഇടപെടലുകളാണ് ഏതൊരു സംവിധാനത്തെയും ജെന്‍ഡര്‍ സെന്‍സിറ്റിവ് ആക്കുക.
അതുകൊണ്ടുതന്നെ ഒരു കാര്യം നിങ്ങളെ വിനീതമായി ഓര്‍മിപ്പിച്ചുകൊള്ളട്ടെ; നിങ്ങള്‍ ഇരുകൂട്ടരും അതത് സംഘടനകളില്‍ നില്‍ക്കുന്നതോടൊപ്പംതന്നെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പരസ്യവും സംഘടിതവുമായി ഇടപെടണം. അത് നിങ്ങളുടെ പിതാക്കളെ സ്ത്രീപക്ഷതയുള്ളവരാകാന്‍ സഹായിക്കുകയേ ഉള്ളൂ. അതിനാല്‍ പ്രിയരേ,  കൃഷ്ണകുമാറിന്‍െറ ആത്മഹത്യക്ക് ആസ്പദമായ പ്രശ്നങ്ങളില്‍ നിങ്ങള്‍ ഇരുകൂട്ടരും നേരിട്ട് ഇടപെടുക. രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടക്കോ മാനിഫെസ്റ്റോകള്‍ക്കോ വിരുദ്ധമല്ല ഇത്.  ലജ്ജാകരമായ ഈ നിശ്ശബ്ദത ഒരുതരം വര്‍ഗവഞ്ചനയാണെന്ന് നിങ്ങള്‍ അറിയുന്നില്ളേ? സഹോദരിമാരേ,  നിങ്ങള്‍ സംഘടിതശക്തിയായി ഞങ്ങളോട് കണ്ണി ചേര്‍ന്നുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കുക.
എന്ന് സ്വന്തം സഹോദരി ഗീത

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala Women's Commission
Next Story