Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൗഹൃദ കേരളത്തിന്...

സൗഹൃദ കേരളത്തിന് സ്ഥിരം കൂട്ടായ്മകള്‍

text_fields
bookmark_border
സൗഹൃദ കേരളത്തിന് സ്ഥിരം കൂട്ടായ്മകള്‍
cancel

ധാരാളം ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം സഹോദരങ്ങള്‍ ഒത്തുകൂടിയ ഒരു സൗഹൃദസംഗമത്തില്‍ സംസാരിക്കവെ പറഞ്ഞു: ‘നമസ്കാരം ഉള്‍പ്പെടെ ഇസ്ലാമിലെ അതിപ്രധാനമായ ആരാധനാകര്‍മങ്ങളുടെ വിശദാംശങ്ങളില്ലാത്ത ഖുര്‍ആനില്‍ ഒരു ജൂതന്‍െറ നീതിക്കുവേണ്ടി അവതീര്‍ണമായ ഒമ്പത് സൂക്തങ്ങളുണ്ട്’. തുടര്‍ന്ന് നാലാം അധ്യായത്തിലെ 105 മുതല്‍ 113 വരെയുള്ള വാക്യങ്ങളുടെ അവതരണ പശ്ചാത്തലം വിശദീകരിച്ചു. പ്രവാചക അനുയായിയായ ത്വഅ്മത്ബ്നു ഉബൈറബ് എന്നയാള്‍ രിഫാഅയുടെ പടയങ്കി മോഷ്ടിച്ചു. അതിന്‍െറ ഉടമ പ്രവാചകസന്നിധിയില്‍ വന്ന് ത്വഅ്മതിനെതിരെ പരാതി പറഞ്ഞു. വിവരമറിഞ്ഞ മോഷ്ടാവ് പടയങ്കി സൈദ്ബ്നുസമീന്‍ എന്ന ജൂതന്‍െറ വീട്ടില്‍ കൊണ്ടുപോയിട്ടു. തുടര്‍ന്ന് തന്‍െറ ബന്ധുക്കളോട് പടയങ്കി ജൂതന്‍െറ വീട്ടില്‍നിന്ന് കണ്ടെടുക്കാനും പ്രവാചകനെ സമീപിച്ച് കുറ്റം ജൂതന്‍െറ മേല്‍ ചുമത്താനും ആവശ്യപ്പെട്ടു. അവരങ്ങനെ ചെയ്തു. പടയങ്കി ജൂതന്‍െറ വീട്ടില്‍നിന്ന് കണ്ടെടുക്കപ്പെട്ട സാഹചര്യത്തില്‍ പ്രവാചകന്‍ ത്വഅ്മതിനെ കുറ്റമുക്തനാക്കി. അതോടെ ജൂതന്‍ മോഷ്ടാവായി മുദ്രകുത്തപ്പെട്ടു. ഇതിലിടപെട്ട് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ജൂതന്‍ കുറ്റമുക്തനാക്കപ്പെട്ടതോടൊപ്പം കുറ്റാരോപണം നടത്തിയവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രവാചകന് കര്‍ശനമായ നിര്‍ദേശം നല്‍കുകയും സംഭവിച്ച അബദ്ധത്തില്‍ പാപമോചനം തേടാനാവശ്യപ്പെടുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന ഹൈന്ദവ-ക്രൈസ്തവ സഹോദരങ്ങള്‍ക്ക് ഇത് തീര്‍ത്തും അവിശ്വസനീയമായി തോന്നി. അതിനാലവര്‍ ഖുര്‍ആനില്‍ അങ്ങനെയുണ്ടോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഈ അവസരമുപയോഗിച്ച് യുദ്ധം അനുവദിക്കപ്പെട്ടതിന്‍െറ മുഖ്യലക്ഷ്യങ്ങളിലൊന്ന് ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും ക്രൈസ്തവ ചര്‍ച്ചുകളും ജൂത സിനഗോഗുകളും സന്യാസിമഠങ്ങളും സംരക്ഷിക്കപ്പെടലാണെന്ന് ഖുര്‍ആനിലുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെടുത്തി. അതോടെ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുന്നയിക്കപ്പെട്ടു.

തന്നെ നാട്ടില്‍നിന്ന് പുറത്താക്കുകയും തനിക്കും അനുയായികള്‍ക്കുമെതിരെ ഒന്നിലേറെ യുദ്ധം നയിക്കുകയും ആയുധപ്രയോഗത്തിലൂടെ തനിക്ക് മുറിവേല്‍പിക്കുകയും തന്‍െറ പിതൃവ്യനുള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത മക്കയിലെ ശത്രുക്കള്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമകപ്പെട്ടപ്പോള്‍ പ്രവാചകന്‍ മദീനയിലെ തന്‍െറ അനുയായികളില്‍നിന്ന് ധാരാളം ധാന്യം ശേഖരിച്ച് മക്കയിലത്തെിച്ചുകൊടുത്ത സംഭവവും ശ്രോതാക്കള്‍ക്ക് ഏറെ വിസ്മയകരമായാണ് അനുഭവപ്പെട്ടത്. നമ്മുടെ നാടിന്‍െറ പ്രധാന സവിശേഷതകളിലൊന്ന് ബഹുസ്വരതയാണ്. മതവൈവിധ്യത്തിന്‍െറയും സാംസ്കാരിക വൈജാത്യത്തിന്‍െറയും ഭാഷാബഹുത്വത്തിന്‍െറയും സംഗമഭൂമിയാണ് ഇന്ത്യ. അതിനാല്‍ രാജ്യത്തിന്‍െറയും ജനതയുടെയും ആരോഗ്യകരമായ നിലനില്‍പ്പും പുരോഗതിയും സാധ്യമാകണമെങ്കില്‍ വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും സഹകരണവും സഹിഷ്ണുതയും അനിവാര്യമാണ്. അന്യോന്യം അടുത്തറിയുന്നതിലൂടെയും ഒന്നിച്ചിരിക്കുന്നതിലൂടെയും മാത്രമേ ഇത് പ്രായോഗികമാവുകയുള്ളൂ.

വസ്തുനിഷ്ഠമായ അറിവിന്‍െറ അഭാവത്തില്‍ അബദ്ധധാരണകളാണ് ആധിപത്യമുറപ്പിക്കുക. അത് വന്‍ വിപത്തുകള്‍ക്ക് നിമിത്തമായെന്നുംവരാം.
നമ്മുടെ സംസ്ഥാനം സാക്ഷരതയിലും സാംസ്കാരിക പ്രബുദ്ധതയിലുംരാഷ്ട്രീയ അവബോധത്തിലും വളരെ മികച്ചുനില്‍ക്കുന്ന പ്രദേശമാണല്ളോ. അതുകൊണ്ടുതന്നെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ വിപുലമായ ഒത്തുചേരലുകളും ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. എന്നാല്‍, മതസമൂഹങ്ങള്‍ക്കിടയില്‍ സംഗമിക്കാനും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ അത്യപൂര്‍വമത്രെ. വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ വലിയ അകല്‍ച്ചയും തികഞ്ഞ അജ്ഞതയും ഗുരുതരമായ തെറ്റിദ്ധാരണകളും നിലനില്‍ക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്.

നമ്മുടെ സംസ്ഥാനത്തും സാമുദായിക ധ്രുവീകരണവും മതസ്പര്‍ധയും വര്‍ഗീതയും വളര്‍ത്താനുള്ള ബോധപൂര്‍വശ്രമം നടത്തപ്പെടുന്ന സാഹചര്യത്തില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്താന്‍ സുമനസ്സുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിവിധ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സ്ഥിരം സൗഹൃദവേദികള്‍ എല്ലാ പ്രദേശത്തും രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത് ഏറെ ഫലപ്രദമായിരിക്കുമെന്ന് പാലക്കാട്ടെ അനുഭവം വ്യക്തമാക്കുന്നു. 1991 ഡിസംബറില്‍ മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലെ ഏകതാ യാത്രയത്തെുടര്‍ന്ന് പാലക്കാട്ട് രൂക്ഷമായ വര്‍ഗീയകലാപമുണ്ടായി. പൊലീസ് വെടിവെപ്പില്‍ കേവലം പതിനൊന്നു വയസ്സുള്ള സിറാജുന്നിസ എന്ന ബാലിക മരണപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ഉണ്ടായി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇടക്കിടെ സാമുദായിക സംഘര്‍ഷങ്ങളും വര്‍ഗീയ പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഇത് പാലക്കാടിന്‍െറ സൈ്വരംകെടുത്തി.

ആര്‍ക്കും സുരക്ഷിതത്വബോധമില്ലാതായി. വ്യാപാരികള്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് 2002ല്‍ സൗഹൃദവേദി രൂപംകൊള്ളുന്നത്. പ്രമുഖ ഗാന്ധിയനും മുന്‍ എം.പിയുമായ സുന്നാ സാഹിബ്, പ്രഫ. മഹാദേവന്‍പിള്ള, അഡ്വ. മാത്യു തോമസ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, ഫാ. ജോസ്പോള്‍, ടി.എ. മുഹമ്മദ് മൗലവി, അഡ്വ. സുല്‍ഫിക്കര്‍ തുടങ്ങി നിരവധി പേര്‍ ഇതിന് നേതൃത്വം നല്‍കി. 2002 നവംബറില്‍ ചേര്‍ന്ന പാലക്കാട്ടെ പ്രധാനികളുടെ യോഗത്തില്‍ പ്രഫ. മഹാദേവന്‍ പിള്ള ചെയര്‍മാനും മാത്യു തോമസ് സെക്രട്ടറിയുമായി സൗഹൃദവേദി രൂപം കൊണ്ടു. അന്നുതൊട്ടിന്നോളം അത് പാലക്കാടിന്‍െറ സജീവസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാല് വര്‍ഷമായി അവിടെ സാമുദായിക സംഘര്‍ഷങ്ങളോ വര്‍ഗീയ കലാപങ്ങളോ ഉണ്ടായിട്ടില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് തോന്നുമ്പോഴെല്ലാം സൗഹൃദവേദി ഇടപെടുകയും സമാധാനം സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് പതിവ്.

എല്ലാ പ്രദേശത്തും ഇത്തരം കൂട്ടായ്മകളുണ്ടാകുന്നത് സൗഹൃദകേരളം സാധ്യമാക്കാതിരിക്കില്ല. അതിപ്രധാനമായ ചില കാര്യങ്ങള്‍ സൗഹൃദവേദികള്‍ക്ക് ചെയ്യാവുന്നതാണ്. വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുള്ള വേദികള്‍ ഇടക്കിടെ ഒത്തുകൂടുക. ഇങ്ങനെ ഒരുമിച്ചിരിക്കുന്നതുതന്നെ പരസ്പര സ്നേഹവും അടുപ്പവും വര്‍ധിക്കാനുപകരിക്കും. മുമ്പ് ഇത് സാധ്യമായിരുന്നത് ഗ്രാമീണ വായനശാലകളിലൂടെയും ചായക്കടകളിലൂടെയും കളിക്കളങ്ങളിലൂടെയും കുളക്കടവിലൂടെയുമൊക്കെയായിരുന്നു. ഇവയൊക്കെ അന്യംനിന്ന സാഹചര്യത്തില്‍ ജാതി, മത, സമുദായഭേദമന്യേ നാട്ടുകാരുടെ ഒത്തുകൂടലുകള്‍ സാധ്യമാക്കുന്ന സംവിധാനങ്ങള്‍ അനിവാര്യമത്രെ.

വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസാദര്‍ശങ്ങളും ആരാധനാനുഷ്ഠാനങ്ങളും ആചാരരീതികളും ജീവിതമൂല്യങ്ങളും പരസ്പരം മനസ്സിലാക്കാന്‍ സൗഹൃദവേദികള്‍ അവസരമൊരുക്കണം. അതിനായി പഠനക്ളാസുകളും ചര്‍ച്ചാസമ്മേളനങ്ങളുംഉള്‍പ്പെടെ വ്യത്യസ്ത ആശയവിനിമയ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. പ്രദേശങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന സൂചന ലഭിച്ചാല്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തകര്‍ ഉടനെതന്നെ അതിലിടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കണം. പ്രശ്നങ്ങളുണ്ടായശേഷം ഇടപെടുന്നതിനുപകരം പ്രശ്നസാധ്യത ഉണ്ടാകുമ്പോള്‍തന്നെ അതൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കില്‍ ഇതിന് മത-സമുദായ നേതാക്കളെ ഉപയോഗപ്പെടുത്താവുന്നതാണ്.

അതോടൊപ്പം അസുഖകരമായ അവസ്ഥയെ സംബന്ധിച്ച് സൂചന ലഭിച്ചാല്‍ സൗഹൃദവേദിയുടെ നേതാക്കള്‍ ബന്ധപ്പെട്ട നിയമപാലകരെയും മേലുദ്യോഗസ്ഥരെയും കണ്ട് കാര്യം ധരിപ്പിക്കുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയുംവേണം. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഉത്തരവാദപ്പെട്ട നിയമപാലകരെ ഉപയോഗപ്പെടുത്തേണ്ടത്. ഓണം, ക്രിസ്മസ്, പെരുന്നാള്‍പോലെയുള്ള വിശേഷദിവസങ്ങളില്‍ സുഹൃദ്സമ്മേളനങ്ങള്‍ നടത്തുകയും എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ വിനോദപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് പരസ്പരബന്ധം ശക്തിപ്പെടാനും നാട്ടുകാരുടെയൊക്കെ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും സഹായകമായിരിക്കും.

പ്രദേശത്തെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക, പരമ ദരിദ്രരായ രോഗികള്‍ക്ക് സഹായമത്തെിക്കുക പോലുള്ള സേവനപ്രവര്‍ത്തനങ്ങളും സാധ്യതയനുസരിച്ച് സംഘടിപ്പിക്കാവുന്നതാണ്. പരസ്പരം കൂടിയാലോചിച്ച് എല്ലാവര്‍ക്കും സ്വീകാര്യമായ മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് നന്നായിരിക്കും. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ മതസംഘടനകള്‍ക്കോ തങ്ങളുടെ കര്‍മമേഖലകളിലേക്ക് കടന്നുകയറുകയാണെന്ന ധാരണ ഉണ്ടാകാനിടവരുത്തരുത്. അങ്ങനെ സംഭവിച്ചാല്‍ കൂട്ടായ്മയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമങ്ങളുണ്ടാവുകയും നാട്ടില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും പരസ്പര സ്നേഹവും വിശ്വാസവും വളര്‍ത്തുകയെന്ന യാഥാര്‍ഥ ലക്ഷം സാധ്യമാകാതെ വരികയും ചെയ്യും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious harmony
Next Story