Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജാതിയുണ്ടോ, ജാതി?

ജാതിയുണ്ടോ, ജാതി?

text_fields
bookmark_border
ജാതിയുണ്ടോ, ജാതി?
cancel

‘ഈഴവ സമുദായത്തിന് ഉല്‍കര്‍ഷമുണ്ടാക്കിയ ഈഴവ മഹാചാര്യനാണ് നാരായണഗുരു എന്ന ധാരണയാണ് ഈഴവരല്ലാത്ത എല്ലാ കേരളീയര്‍ക്കും ഇന്നുള്ളത് എന്ന ഒരു ബോധം മനസ്സില്‍വെച്ചുകൊണ്ടാണ് ഞാനീ പുസ്തകം തയാറാക്കിയത്. ആ ബോധനില മന$പൂര്‍വമായ സ്പര്‍ധകൊണ്ടല്ളെന്നും നാരായണഗുരുവിന് ചരിത്രപ്രാധാന്യം കൈവരുത്തുന്ന ശപ്തമായ നമ്മുടെ സാമൂഹികസംവിധാനത്തിന്‍െറ സൃഷ്ടിയാണെന്നും ഞാന്‍ ധരിച്ചിരുന്നു. ഭക്തിയും ആരാധനയും ഏറെയില്ലാത്ത മനസ്സുകളില്‍ നിലവിലുള്ള അപദാന വിവരണരീതി വൈരസ്യമോ പുച്ഛമോ ജനിപ്പിക്കുന്നു എന്നാണെന്‍െറ അനുഭവം. ഈഴവരുടെ ഇന്നത്തെ മുഴുവന്‍ സാമുദായിക സംരംഭങ്ങളുടെയും പ്രഭവകേന്ദ്രമായി നാരായണഗുരുവിനെ അവതരിപ്പിക്കുന്നത് ചരിത്രപരമായി മുഴുവനും ശരിയല്ല; അവനവനോടും നീതി കാണിക്കുന്ന പ്രവണതയുമല്ല. പക്ഷേ, ഈഴവ സമുദായത്തിന്‍െറ സത്യമായ ഈ തെറ്റിദ്ധാരണ അവരുടെ ഭക്തിയില്‍ തീവ്രതയും ആരാധനയില്‍ കടുത്ത വര്‍ണപ്പകിട്ടുകളും ആരോപിക്കുന്നു. അപദാനവര്‍ണനകള്‍ക്കുവേണ്ടി ത്രസിക്കുന്ന ഭക്തജനങ്ങള്‍ ആരാധനാമൂര്‍ത്തിയെപ്പറ്റിയുള്ള പുതിയ വിവരങ്ങളോട് വൈരസ്യമുള്ള മനസ്സുള്ളവരാണ്. അങ്ങനെ സ്വാമിയെപ്പറ്റിയുള്ള കൃതികള്‍ മിക്കതും അന്വേഷണാസക്തിയുടെ കവാടം തഴുതിട്ടുപൂട്ടിയ ആ ഭക്തിയുടെ വിഭാഗീയാന്തരീക്ഷം അറിഞ്ഞും അറിയാതെയും ശ്വസിക്കുന്നവരായിത്തീരുന്നു.’

മുന്‍വിധിയേതുമില്ലാതെ, ഗുരുവിന്‍െറ ജീവചരിത്രരചന നടത്തിയ പി.കെ. ബാലകൃഷ്ണന്‍ ‘നാരായണഗുരു’ എന്ന പുസ്തകത്തിന്‍െറ ആമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. ഗുരുവിന്‍െറ നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്‍െറ ശതാബ്ദിയാഘോഷങ്ങള്‍ തകൃതികൊള്ളുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഗുരുവിന്‍െറ യഥാര്‍ഥ വ്യക്തിത്വം പഠനവിധേയമാക്കപ്പെടണം. ഈഴവ സമുദായത്തിനുണ്ടായ പല അഭ്യുന്നതിക്കും കാരണം പലതാണ്. നാരായണഗുരുവും ആ പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അയ്യപ്പനും അതില്‍ തന്‍േറതായ പങ്ക് അവകാശപ്പെടാനുണ്ട്. എന്നാല്‍, മഹാത്മാവായ നാരായണഗുരുവിന്‍െറ മഹത്തായ മാനുഷികാദര്‍ശതയിലേക്ക് ഏതു പരിധിവരെ ഈഴവസമുദായത്തിനും കേരളത്തിനും നീങ്ങാന്‍ കഴിഞ്ഞിട്ടുണ്ടോ, അതിനുള്ള പ്രധാന കാരണക്കാരന്‍ സഹോദരന്‍ അയ്യപ്പനാണ്. അതുകൊണ്ടാണ് അയ്യപ്പന് സ്വാമിയുടെ മറ്റു ശിഷ്യന്മാരില്‍നിന്ന്  പ്രത്യേകതയും പ്രാധാന്യവുമുള്ളത്.

കീഴ്ത്തട്ടിലെ ഒരാളെക്കുറിച്ച് പറയാന്‍ നിയോഗിതരാകുന്ന മഹാന്മാര്‍ ‘ഈ ആന കേവലം ഒരു ആനയല്ല, ദേവേന്ദ്രന്‍െറ ഐരാവതം തന്നെ’ എന്നു പറഞ്ഞ് ദൗത്യനിര്‍വഹണം കഴിക്കുന്നത് ധാരാളം കേള്‍ക്കാമല്ളോ. ഇതുതന്നെയാണ് നാരായണഗുരുവിന്‍െറ കാര്യത്തിലും പലപ്പോഴും സംഭവിച്ചത്. 1888 മുതല്‍ 1928 വരെ കേരളത്തിലെ വലിയൊരു സാമൂഹികശക്തിയായിരുന്നു നാരായണഗുരുവെന്ന വ്യക്തി. പത്തിരുപത് ലക്ഷം ജനങ്ങളുടെ കേവലവിശ്വാസം ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്ന് ആരും സമ്മതിക്കും. ഇദ്ദേഹത്തെക്കുറിച്ച് ഒന്ന് പ്രസംഗിക്കുകയോ എന്തെങ്കിലുമൊന്ന് എഴുതുകയോ ചെയ്യാന്‍ നിര്‍ബന്ധിതരാകാത്തവരായി പണ്ഡിതസമൂഹത്തില്‍ ആരും അന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഈ എഴുത്തും പ്രസംഗവുമൊക്കെ നടന്നത് ഈഴവരാദിയായവര്‍  ഒരുക്കിയ വേദികളിലോ അവരുടെ പ്രസിദ്ധീകരണങ്ങളിലോ മാത്രമായി ചുരുങ്ങി. അവരുടെ ഈ അഭിപ്രായങ്ങള്‍ ഒരുമാതിരി വിരുന്നുവര്‍ത്തമാനത്തേക്കാള്‍ കൂടുതല്‍ ഗൗരവമായി കാണേണ്ടതില്ല. ഉദാഹരണമായി, അവരില്‍ ചിലര്‍ എഴുതിയിട്ടുള്ള ആത്മകഥകളോ ജീവചരിത്രങ്ങളോ പരതുകയാണെങ്കില്‍  നാം അദ്ഭുതപ്പെട്ടുപോകും. സ്വാമികളുടെ ജീവിതകാലഘട്ടത്തില്‍ത്തന്നെ സാമൂഹിക-രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന അകൃത്രിമപരമായ അത്തരം ഗ്രന്ഥങ്ങളില്‍ ഒരെണ്ണത്തില്‍പോലും ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതായിപ്പോലും യാതൊന്നും കാണുകയില്ല. നാം ഇനിയെങ്കിലും ഏറ്റുപറഞ്ഞു നിവാരണം ചെയ്യേണ്ട അടിസ്ഥാനപരമായ ചില ക്രമക്കേടുകള്‍ നമ്മുടെ സാമൂഹിക ജീവിതത്തിലുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്.

ശ്രീനാരായണന്‍ ആരാണെന്ന് തികച്ചും മനസ്സിലാക്കണമെങ്കില്‍ ഹിന്ദുമതത്തെപ്പറ്റി ഒരു സാമാന്യ ജ്ഞാനമെങ്കിലും ആവശ്യമുണ്ട്. ഹിന്ദുവായി ജനിച്ച്, ഹിന്ദുവായി ജീവിച്ച്, ഹിന്ദുവായി ദേഹവിയോഗം ചെയ്ത ഒരു സന്യാസിവര്യനാണ് അദ്ദേഹം. ഹിന്ദുമതത്തോളം വളരുക -ഒരു സാധാരണ മനുഷ്യന് ക്ഷിപ്രസാധ്യമായ ഒന്നല്ലത്. അതുകൊണ്ടുതന്നെയാണ് 1098ല്‍ വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ ചെന്ന് ശ്രീനാരായണനുമായി അഭിമുഖ സംഭാഷണം നടത്തിയശേഷം ‘ഭാരതത്തില്‍ ഇന്നു ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളില്ല’ എന്ന് തുറന്നുപറഞ്ഞത്.   

ശ്രീനാരായണന്‍ ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യത്യാസം ഇല്ലാതാക്കി ഒന്നിപ്പിക്കാന്‍ ശ്രമിച്ച ഒരു ഹിന്ദുമത പരിഷ്കാരിയായിരുന്നുവെന്ന് പലരും പലയിടത്തും പരാമര്‍ശിച്ചുകാണുന്നുണ്ട്. അതില്‍ കുറെ പരമാര്‍ഥവുമുണ്ട്. ശ്രീനാരായണന്‍ അംഗീകരിച്ച തത്ത്വശാസ്ത്രം ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദൈ്വതംതന്നെയാണ്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം ഹിന്ദുക്കളായ ഈഴവര്‍ക്കിടയിലാണ് തുടങ്ങിയത്. അങ്ങനെ അദ്ദേഹത്തിന്‍െറ സമുദായപരിഷ്കാരവും മതപരിഷ്കരണവും ഒരു ഹൈന്ദവനവീകരണമായി തോന്നാന്‍ അവകാശവുമുണ്ട് (സഹോദരന്‍ അയ്യപ്പന്‍). അതുകൊണ്ട്  ശ്രീനാരായണന്‍െറ ഏകജാതി സന്ദേശം ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായി ചുരുക്കിക്കെട്ടാന്‍ നോക്കുന്നത് സങ്കുചിതത്വമാണ്. മനുഷ്യത്വത്തെ ജാതികൊണ്ടും മതംകൊണ്ടും തുണ്ടുവത്കരിക്കരുത് (ഫ്രാഗ്മെന്‍േറഷന്‍) എന്നാണ് അതിന്‍െറ പൊരുള്‍. ആ പൊരുള്‍ ശ്രീനാരായണ സന്ദേശത്തിന്‍െറ പേരിലായാലും അല്ളെങ്കിലും സര്‍വസ്വീകാര്യമായെങ്കിലേ വര്‍ത്തമാനകാല വ്യതിയാന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യസമൂഹത്തിനാവൂ.

ശ്രീനാരായണനെ തിരിച്ചറിയുക
ശ്രീനാരായണ ഗുരുവിന്‍െറ വ്യക്തിസംസ്കരണവും സമുദായപരിഷ്കരണവും പല പ്രായോഗിക പരീക്ഷണങ്ങള്‍ പിന്നിട്ട് അവയില്‍ നിഷ്പ്രയോജനമെന്നുകണ്ടവയെ ത്യജിക്കുകയും പ്രയോഗക്ഷമമായവയെ സ്വീകരിക്കുകയും ചെയ്തതായി കാണാം. തപസ്സും യോഗാഭ്യാസവും കൂടിയ സന്യാസിജീവിതം ഹിന്ദുമതസംസ്കാരത്തിന്‍െറ ആണിക്കല്ലായി പണ്ടുപണ്ടേ കരുതിവന്നതാണ്. അതൊന്നു പരീക്ഷിക്കാന്‍ അദ്ദേഹം മരുത്വാമല കേറി വളരെക്കാലം തപോവനത്തില്‍ കഴിഞ്ഞു. തപസ്സും യോഗാഭ്യാസവുംകൊണ്ട് ഒരുവന് ശാരീരികവും മാനസികവുമായ പല സിദ്ധികള്‍ കൈവരുമെന്നതു ശരിതന്നെ. എന്നാല്‍, അതുകൊണ്ട് കായികാഭ്യാസിയുടെയും ജാലവിദ്യക്കാരന്‍െറയും സിദ്ധികള്‍പോലെ മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന പ്രകടനതന്ത്രങ്ങളായി ഉപകരിക്കുമെന്നുള്ളതില്‍ക്കവിഞ്ഞ് യാതൊരു ദിവ്യത്വവും കൈവരുന്നില്ല. സമുദായത്തിനും ജനതക്കും അതുകൊണ്ട് ഒരു ഉപകാരവും ഇല്ളെന്ന വസ്തുത ഗുരുവിന് ബോധ്യപ്പെട്ടു. അങ്ങനെ പച്ചമനുഷ്യനായിത്തന്നെ സ്വസമുദായ സേവനത്തിനിറങ്ങിയതാണ് അദ്ദേഹത്തിന്‍െറ പ്രഥമധീരത.

ഈഴവ സമുദായത്തിന്‍െറ ബ്രാഹ്മണാശ്രയത്വവും പണച്ചോര്‍ച്ചയും അവസാനിപ്പിച്ച് അതിനെ തനതായ ഒരു സ്വതന്ത്ര സമുദായമാക്കാന്‍ മാത്രമാണ് ഈഴവക്ഷേത്ര പ്രസ്ഥാനം അദ്ദേഹം രൂപവത്കരിച്ചത്. അദ്ദേഹം ചെയ്ത പ്രതിഷ്ഠാകര്‍മങ്ങള്‍ മുഴുവന്‍ സനാതന ഹിന്ദുനിയമങ്ങള്‍ക്കും വേദവിധികള്‍ക്കും തന്ത്രസൂത്രങ്ങള്‍ക്കും വിരുദ്ധമായിരുന്നെന്നു മാത്രമല്ല അവയെയെല്ലാം നിന്ദിച്ചു ധിക്കരിക്കുന്നവയുമായിരുന്നു. ചണ്ഡാലനായ അദ്ദേഹം ബ്രാഹ്മണ്യവും വൈദികത്വവും അനധികൃതമായി അഭിനയിച്ചുകൊണ്ട് പ്രതിഷ്ഠകള്‍ നടത്തി. ഈഴവന് ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശത്തെ ചോദ്യംചെയ്ത ഒരു ബ്രാഹ്മണനോട് താന്‍ പ്രതിഷ്ഠിച്ചത് ഒരു ഈഴവശിവനെയാണെന്നു പറഞ്ഞ് നിശ്ശബ്ദനാക്കി. മുഹൂര്‍ത്തംപോലും നോക്കാതെ മറ്റൊരു ക്ഷേത്രപ്രതിഷ്ഠ നടത്തിയപ്പോള്‍ ആ പ്രതിഷ്ഠക്കു മുഹൂര്‍ത്തമില്ളെന്ന് കണ്ടുപിടിച്ച ഒരു ബ്രാഹ്മണജ്യോതിഷി അതേപ്പറ്റി പറഞ്ഞപ്പോള്‍ ‘കുട്ടി ജനിക്കുന്നതിനുമുമ്പല്ല, ജനിച്ചതിനുശേഷമാണ് മുഹൂര്‍ത്തം നോക്കുന്നതെന്ന മറുപടി ജ്യോതിഷിയെ ഇരുത്തിക്കളഞ്ഞു.

ശ്രീനാരായണന്‍െറ നിലപാടുകള്‍ ആദ്യന്തം പരിശോധിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങള്‍ കാലാനുസൃതമാക്കി നവീകരിക്കുന്നതും ചിലവ ആമൂലം തിരുത്തുന്നതുമായി കാണാം. ജാതിജടിലമായ ഹിന്ദുമത ആചാരങ്ങളോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്ന ഗുരുവിന്‍െറ സ്ഥായീഭാവമാണ് പലപ്പോഴും പ്രകടമായിട്ടുള്ളത്. മതംപോകാതെ ജാതി നശിക്കില്ളെന്നു വാദിച്ച ഗുരു മതനിരപേക്ഷ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ജാതിമതദൈവങ്ങളും അന്ധവിശ്വാസനിര്‍മിതികളും സ്വയംകൃതാനര്‍ഥങ്ങളാണെന്നും അവയെ ത്യജിക്കണമെന്ന ആഹ്വാനവും അദ്ദേഹത്തിന്‍െറ പ്രബോധനങ്ങളുടെ കാതലായിരുന്നു. ഇതിന്‍െറ ദൃഷ്ടാന്തമാണ്  ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സൂക്തം. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ആപ്തവാക്യത്തിന്‍െറ ആഴങ്ങളില്‍ ഊളിയിട്ടിറങ്ങാന്‍ കഴിയുന്നവര്‍ക്കേ ശ്രീനാരായണ ദര്‍ശനത്തിന്‍െറ അകംപൊരുള്‍ കണ്ടത്തൊനാകൂ. ഇതിനു കഴിയാത്തവര്‍ കാട്ടിക്കൂട്ടുന്നതൊന്നും ശ്രീനാരായണധര്‍മമായി പരിഗണിക്കാനാവില്ല. കാരണം, അവരിപ്പോഴും തീയുണ്ടാക്കാന്‍ തീപ്പെട്ടിക്കുപകരം ഉണക്കമരക്കഷണങ്ങളും വയ്ക്കോലും കൊണ്ടുനടക്കുന്നവരാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste systemsree narayana guru
Next Story