കേരളത്തില്‍ ആത്മഹത്യാ പെരുപ്പം എന്തുകൊണ്ട്?
text_fieldsകഴിഞ്ഞ 50 വര്‍ഷമായി ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭൗതിക സംസ്കാരത്തില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് സംസ്കാരികമായ മന്ദതയാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. അതിവേഗത്തിലുള്ള അപൂര്‍ണമായ ആധുനികവത്കരണവും പരമ്പരാഗത ജീവിത രീതിയില്‍നിന്നുള്ള ചുവടുമാറ്റവും കേരളീയ ജീവിതരീതിയെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. കുടുംബഘടനയില്‍, സമ്പദ് വ്യവസ്ഥയില്‍, ജീവിതശൈലിയില്‍, വിദ്യാഭ്യാസമേഖലയില്‍ എന്നിങ്ങനെ നിരവധി രംഗങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയതിനോടൊപ്പം കോട്ടങ്ങളും ഉണ്ടാക്കിയെന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് പെരുകുന്ന ആത്മഹത്യകള്‍. ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.
കുടുംബഘടനയിലെ മാറ്റങ്ങള്‍
കേരളസമൂഹത്തിലെ സുപ്രധാന സമൂഹസ്ഥാപനമാണ് കുടുംബം. 1950കളുടെ അവസാനം നടപ്പാക്കിയ ഭൂപരിഷ്കരണ നയങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയെ പ്രതികൂലമായാണ് ബാധിച്ചത്. പൂര്‍ണമായും കാര്‍ഷിക സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ ഇതോടെ തകര്‍ന്നു. പുതുതലമുറ ഉന്നതവിദ്യാഭ്യാസത്തിലൂടെ നേടിയ സ്വാതന്ത്ര്യം പുതിയ ദര്‍ശനങ്ങള്‍ക്കും കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ചക്കും ആക്കം കൂട്ടി, പകരം അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തിന് തുടക്കം കുറിച്ചു.
കാര്‍ഷിക വൃത്തിയില്‍നിന്ന് ജോലിതേടി പുറംലോകത്തേക്ക് ചേക്കേറുന്നതും കേരളത്തില്‍ത്തന്നെ ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലെ ഫ്ളാറ്റുകളിലേക്കും, വില്ലകളിലേക്കും ചേക്കേറിയതും പുതിയൊരു അണുകുടുംബ സംസ്കാരത്തിന് തുടക്കം കുറിച്ചു. ഇന്ന് കേരളത്തില്‍ 86.5 ശതമാനത്തോളം അണുകുടുംബങ്ങളാണ്. കുടുംബങ്ങളിലെ സംഘര്‍ഷവും ശൈഥില്യവും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നത് അണുകുടുംബങ്ങളുടെ പൊതുസ്വഭാവമായി തീര്‍ന്നിരിക്കുന്നു.
സാമൂഹിക സംവിധാനങ്ങളുടെ അഭാവം
കേരളത്തിലെ വലിയൊരു വിഭാഗം പ്രതീക്ഷയോടെ കണ്ടിരുന്ന പല പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും മൂല്യത്തകര്‍ച്ചയില്‍പ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരം പല സമൂഹ പിന്തുണാപ്രസ്ഥാനങ്ങളും വ്യക്തികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ വിമുഖത കാണിച്ചതോടെ വ്യക്തികള്‍ അവരവരിലേക്ക് ചുരുങ്ങുകയും തന്മൂലം കുടുംബവും അതിനുള്ളിലെ വ്യക്തികളും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മാറുകയും ചെയ്തു.
വിദ്യാഭ്യാസരീതിയും നിലവാരവും
പ്രാചീനകാലം മുതല്‍ വിദ്യാഭ്യാസത്തിന് പ്രഥമ സ്ഥാനം കൊടുത്തിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന സാക്ഷരതാനിരക്കും, വിദ്യാഭ്യാസനിരക്കും സൂചിപ്പിക്കുന്നത് ഇതാണ്. എന്നാല്‍, സമീപകാലത്ത് രൂപംകൊണ്ട മത്സരബുദ്ധിയും അയഥാര്‍ഥമായ ജോലിമോഹങ്ങളും, മോഹഭംഗങ്ങളും വൈകാരികമായ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. വിദ്യാഭ്യാസത്തിന് സമൂഹത്തിലുള്ള പ്രാധാന്യംമൂലം ഉയര്‍ന്ന വിദ്യാഭ്യാസം, കുടുംബത്തിന്‍െറ അഭിമാനം നിലനിര്‍ത്താനുള്ള മാര്‍ഗമായി മാറി. മൊത്തം കുടുംബത്തിന്‍െറ ഏക ഉത്തരവാദിത്തം കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് കേന്ദ്രീകരിക്കുകയും തന്മൂലം കുടുംബത്തിന്‍െറ മൊത്തം പ്രതീക്ഷ ചുമലിലേറ്റിവരേണ്ടിവന്ന കുട്ടി സമ്മര്‍ദത്തിലാകുകയും ചെയ്തു. പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ സമ്മര്‍ദം വര്‍ധിച്ചതോടെ ഈ മേഖലയിലും വൈകാരികസംഘര്‍ഷങ്ങള്‍ രൂക്ഷമായി. പരീക്ഷാഫല പ്രഖ്യാപനവേളയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ഈ സന്ദര്‍ഭങ്ങളുടെ ഉത്തമോദാഹരണമാണ്.
കുടിയേറ്റം
ഗള്‍ഫ് കുടിയേറ്റം സമൂഹത്തിന്‍െറ സര്‍വമേഖലകളിലും ചലനങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ, ഒരു തരത്തില്‍ ഇത് ധനികര്‍ കൂടുതല്‍ ധനികരാവാനും ദരിദ്രര്‍ ദരിദ്രരാവാനുമാണ് സഹായിച്ചത്. ഗള്‍ഫ് പണത്തിന്‍െറ ഒഴുക്കില്‍ ധാരാളം ഇടത്തരക്കാര്‍ സാമ്പത്തികമായി ഉയര്‍ച്ച പ്രാപിച്ചു. എന്നാല്‍, ഈ താല്‍ക്കാലിക ഉയര്‍ച്ച അധികനാള്‍ നീണ്ടുനിന്നില്ല. ഗള്‍ഫിലെ ജോലിസാധ്യത മങ്ങുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്ന സ്ഥിതിവന്നപ്പോള്‍ പുതുതായി സാമ്പത്തിക വളര്‍ച്ച നേടിയവര്‍ക്ക് ജീവിതനിലവാരം പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടായി.
ഉപഭോഗ സംസ്കാരം
സ്വന്തമായി അധ്വാനിക്കാതെ ഏതു സാധനവും എന്തുവിലയും കൊടുത്ത് വാങ്ങിക്കൂട്ടുക എന്നത് മലയാളിയുടെ ജീവിതശൈലിയായി മാറിക്കഴിഞ്ഞു. 80കളിലും 90കളിലുമായി സംഭവിച്ച മാധ്യമങ്ങളുടെ വ്യാപനവും ഇന്‍റര്‍നെറ്റിന്‍െറ സ്വാധീനവും ലോകത്തിലെവിടെയുമുള്ള ഉല്‍പന്നങ്ങളെ കേരളീയര്‍ക്ക് നിത്യപരിചിതമാക്കി. ഉയര്‍ന്ന ജീവിതനിലവാരം എത്തിപ്പിടിക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലാതായതോടെ മലയാളികള്‍ വീടുവിറ്റുപോലും ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടി. സ്വകാര്യ ധനസ്ഥാപനങ്ങളില്‍ ഉയര്‍ന്ന പലിശക്കുപോലും കടമെടുത്തു. അത് തിരിച്ചടക്കാനാകാതെ കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു. സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു എന്ന് പത്രമാധ്യമങ്ങളില്‍ ലളിതവത്കരിക്കപ്പെട്ട് നാം വായിക്കുന്ന ആത്മഹത്യകളുടെ പിന്നാമ്പുറ വിശേഷങ്ങള്‍ ഒരുപക്ഷേ ഇതൊക്കെയാവാം.
മദ്യാസക്തി
ഏറ്റവും ഉയര്‍ന്ന മദ്യാസക്തി പ്രകടിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ദൈവത്തിന്‍െറ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നതിനുപകരം കേരളത്തെ മദ്യത്തിന്‍െറ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നിലയിലത്തെിയിട്ടുണ്ട് നമ്മുടെ ജനതയുടെ മദ്യാസക്തി. ആല്‍കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആളോഹരി പ്രതിവര്‍ഷ മദ്യഉപയോഗം 8.3 ലിറ്ററാണ്. നമ്മുടെ സംസ്ഥാന ജനസംഖ്യയില്‍ 15% പേരെങ്കിലും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അമിത മദ്യപാനം ചികിത്സയര്‍ഹിക്കുന്ന രോഗമാണെന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇത്തരക്കാരില്‍ 100ല്‍ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം
വികസിത രാജ്യങ്ങളോട് കിടപിടിക്കുമാറ് കേരള ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 70 വയസ്സിന് മേലെയാണ്. എന്നാല്‍ വാര്‍ധക്യത്തില്‍ പിടിപെടുന്ന രോഗങ്ങളേയും മറ്റ് സാമൂഹിക മാനസിക പ്രശ്നങ്ങളേയും കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള വിഭവശേഷിയോ, പരിജ്ഞാനമോ ഇന്നും കേരളം ആര്‍ജിച്ചിട്ടില്ല. മാത്രമല്ല ഇവര്‍ക്ക് വേണ്ട ശുശ്രൂഷയും പരിരക്ഷയും ഇന്നത്തെ അണുകുടുംബങ്ങളില്‍നിന്നും ഇവര്‍ക്ക് കിട്ടുന്നില്ല. വൃദ്ധജനങ്ങളില്‍ ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നു.
1990കളോടെ കേരളത്തില്‍ ഉണ്ടായ സാമ്പത്തിക പരിഷ്കരണവും അത് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ആത്മഹത്യാ നിരക്കിലുള്ള വര്‍ധനയും തമ്മില്‍ പ്രകടമായ ബന്ധമുണ്ട്. കൃഷിമേഖലയിലും തോട്ടം മേഖലയിലും പരമ്പരാഗത വ്യവസായമേഖലകളിലും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ ചൂണ്ടിക്കാണിക്കുന്നത് ഈ മേഖലകളില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ നയങ്ങളുടെ പരാജയത്തെയാണ്.
കെ.എം.സി.ടി. മെഡിക്കല്‍ കോളജ്
സൈക്യാട്രി വിഭാഗം പ്രഫസറാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.