ബിരിയാണിയും ഒരു ഭീകരപ്രവര്‍ത്തനമാണ്!
text_fieldsനാടകം കളിക്കുന്നതും പുസ്തകമെഴുതുന്നതും സിനിമ പിടിക്കുന്നതുമെല്ലാം കുറ്റകൃത്യമായി എണ്ണി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണത്തെ എങ്ങനെ ഒഴിവാക്കും. ഗോമാംസം കഴിച്ചെന്ന് പറഞ്ഞ് പോയവര്‍ഷം ബലിപെരുന്നാളിന്‍െറ പിറ്റേന്ന് ആയുധങ്ങളുമായി വീട്ടില്‍ ഇരച്ചുകയറി വയോധികനെ അടിച്ചുകൊല്ലാനും മാംസവുമായി ട്രെയിനില്‍ യാത്ര ചെയ്ത സ്ത്രീകളെ അക്രമിക്കാനും കേരള ഹൗസ് കാന്‍റീനില്‍ കയറി തോന്ന്യാസം കാണിക്കാനും ഭരണകൂടത്തിന്‍െറ ഹരഹര വിളിക്കാര്‍ക്ക് തോന്നുംപടിയായിരുന്നല്ളോ അനുമതി. കാലികളുമായി പോയ ചെറുപ്പക്കാരെ കഴുമരമേറ്റിക്കൊന്നതിനു മുകളില്‍ മറവിയുടെ മരപ്പലക വെച്ച് നാം മണ്ണിട്ടുമൂടിയെങ്കിലും അവരുടെ വീട്ടകങ്ങളിലെ സാമ്പ്രാണിപ്പുകമണം മാറിയിട്ടില്ല, തേങ്ങലൊടുങ്ങിയിട്ടില്ല. ഈ ബലിപെരുന്നാളിനും ബിരിയാണി ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുകയുണ്ടായി. കാവിക്കുറിയിട്ട സ്വയംസേവകരായിരുന്നു ദാദ്രിയിലും ഭോപാലിലും ഝാര്‍ഖണ്ഡിലും ഉനയിലും ഗോസംരക്ഷകര്‍ ചമഞ്ഞതെങ്കില്‍ ബിരിയാണിയില്‍ പശുവിറച്ചി ചേര്‍ക്കുന്നോടാ എന്നു ചോദിച്ച് കച്ചവടക്കാരുടെ കൊങ്ങക്ക് പിടിക്കുന്നത് കാക്കി കുപ്പായമിട്ട പൊലീസുകാരാണ്.
നമ്മുടെ നാട്ടിലെ തട്ടുദോശക്കടകള്‍ പോലെയാണ് ഉത്തരേന്ത്യന്‍ വഴിയോരങ്ങളിലെ ബിരിയാണി കച്ചവടം. ഉന്തുവണ്ടികളിലോ പീടികത്തിണ്ണകളിലോ വലിയ ചെമ്പില്‍ പാകം ചെയ്തു ചൂടോടെ സൂക്ഷിക്കുന്ന ബിരിയാണി തലസ്ഥാനത്തെ പേരുകേട്ട രുചിശാലകളില്‍ കിട്ടാത്ത മുഹബ്ബത്ത് ചേര്‍ത്ത് വിളമ്പിത്തരും. ഓള്‍ഡ് ഡല്‍ഹിയിലെ ചെറിയ കടകളിലിരുന്ന് എത്രയോ വലിയ സൗഹൃദവലയങ്ങളാണ് നെയ്തെടുത്തിരിക്കുന്നത്. ഇവിടെ നിന്ന് വാങ്ങിക്കൊണ്ടുപോകുന്ന നാല്‍പതു രൂപയുടെ ബിരിയാണി എത്രയോ പിണക്കങ്ങളാണ് തീര്‍ത്തുതന്നിരിക്കുന്നത്. ബിരിയാണി തൂക്കി നല്‍കുന്നതിനിടെ അബദ്ധത്തില്‍ വീണുപോയ ഒരു ഇറച്ചിക്കഷണത്തിന്‍െറ പേരില്‍ ഒരു ചെറുപ്പക്കാരനോട് നിറകണ്ണുകളോടെ മാപ്പു പറഞ്ഞ നെറിവിന്‍െറ ആള്‍രൂപമായ ബംഗാളി ചാച്ചയെക്കുറിച്ച് മുമ്പൊരിടത്ത് ഞാന്‍ എഴുതിയിരുന്നു. ഇനി അതെല്ലാം ഓര്‍മയാവാനും മതി. ഡല്‍ഹിയോട് തൊട്ടടുത്തു കിടക്കുന്ന ഹരിയാനയിലെ ഫിറോസ്പുര്‍ ഝിര്‍ഖയില്‍ ഒരു മാസം മുമ്പുവരെ 25 വഴിയോര ബിരിയാണി കടകളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആറെണ്ണം മാത്രം. ഏതു സമയവും പൊലീസ് ഇരച്ചുകയറി വരും, സാമ്പ്ള്‍ ശേഖരിക്കാന്‍ എന്ന പേരില്‍ പാത്രങ്ങളില്‍ കൈയിട്ടിളക്കും. ചിലപ്പോള്‍ ചെമ്പോടെ മറിച്ചിടും. പോത്തിറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാകം ചെയ്യുന്നതെന്ന് പലവട്ടം പറഞ്ഞാലും ചെവിക്കൊള്ളില്ല പൊലീസ്. പലയിടങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. ബിരിയാണിയില്‍ നിന്ന് ലഭിച്ച ചില ഇറച്ചി സാമ്പ്ളുകള്‍ പരിശോധിച്ചപ്പോള്‍ പശുവിന്‍േറതാണെന്ന് തെളിഞ്ഞതായി ഹിസാറിലെ ലാലാ ലജ്പത് റായ് വെറ്ററിനറി സര്‍വകലാശാലാ മേധാവിയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ നല്‍കി സംഭവത്തിന് കൊഴുപ്പു പകരുകയും ചെയ്തു മാധ്യമങ്ങള്‍. പരിശോധനാ സാമ്പ്ളുകള്‍ ശേഖരിക്കുന്നതിനുള്ള മാനദണ്ഡം പാലിക്കപ്പെട്ടിരുന്നോ എന്നും പരിശോധിച്ചത് ഏത് ലാബിലെന്നും ചോദിച്ചാല്‍ ഉത്തരമില്ല. ബീഫ് കണ്ടത്തെുകയല്ല ഭീതി വളര്‍ത്തുകയാണല്ളോ ലക്ഷ്യം. അതിന് അംഗീകൃത ലാബ് വേണമെന്ന് ആരു പറഞ്ഞു.
സംഘ്പരിവാര്‍ ഭരണകൂടം ബിരിയാണിയെ ഒരു കുറ്റകരമായ ഭക്ഷണമായി മുദ്രകുത്താന്‍ ശ്രമിക്കുന്നത് യാദൃച്ഛികമല്ല, അലീഗഢ് സര്‍വകലാശാല അടച്ചുപൂട്ടിക്കുമെന്നും താജ്മഹല്‍ പിടിച്ചെടുക്കുമെന്നും മുഴക്കുന്ന ഭീഷണി പോലെ ഒരു സമൂഹത്തിന്‍െറ പേരില്‍ അറിയപ്പെടുന്ന സാംസ്കാരിക ചിഹ്നങ്ങളെ വേട്ടയാടാനുള്ള ആസൂത്രിത നീക്കം തന്നെയാണത്. വ്യത്യസ്ത ഗന്ധവും രുചിയുമെങ്കിലും ബിരിയാണിയിലെ ചേരുവകള്‍ പോലെ ഒന്നുചേര്‍ന്നു നില്‍ക്കുന്ന രാജ്യത്തെ ജനതയെ വേര്‍പെടുത്തി തമ്മിലടിപ്പിക്കാനുള്ള ശ്രമം. ബോംബുകള്‍ സൂക്ഷിച്ചെന്നാരോപിച്ചാണ് മുസ്ലിം ചെറുപ്പക്കാരെ ഇന്നലെ വരെ പിടിച്ചുകൊണ്ടുപോയിരുന്നതെങ്കില്‍ ഇനി കാര്യങ്ങള്‍ അതിലേറെ എളുപ്പം -വീട്ടില്‍ നിന്ന് ബീഫ് ബിരിയാണി പിടിച്ചെടുത്തെന്ന് കഥയുണ്ടാക്കിയാല്‍ ഹരിയാനയിലെ നിയമങ്ങള്‍ പ്രകാരം പത്തു വര്‍ഷം അകത്തിടാം. വിദേശ കമ്പനികളെ നിക്ഷേപമിറക്കാന്‍ മത്സരിച്ചു ശ്രമിക്കുന്ന സംസ്ഥാനമാണ് ഹരിയാന. വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ ബീഫ് വിളമ്പാം എന്ന് അനുമതി നല്‍കിയ ആളാണ് ഇവിടം ഭരിക്കുന്ന ആര്‍.എസ്.എസുകാരനായ മുഖ്യന്‍. പക്ഷേ, നാട്ടിലെ ഉന്തുവണ്ടിക്കാരനും ലോറിപ്പണിക്കാര്‍ക്കും ശരീരം ഉയര്‍ത്തി നില്‍ക്കാന്‍ സഹായിക്കുന്ന ബിരിയാണി വില്‍ക്കുന്നത് അദ്ദേഹത്തിന്‍െറ നാട്ടില്‍ കൊടുംപാപവും. പാവങ്ങളുടെ ബിരിയാണിചെമ്പില്‍ മണ്ണുവാരിയിടുമ്പോഴും സര്‍ക്കാറിന്‍െറ മുദ്രാവാക്യം പഴയതു തന്നെ- സബ് കാ സാത്ത്, സബ്കാ വികാസ്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.