യാദവ പിതാമഹന്‍െറ കുടുംബ ദു:ഖങ്ങൾ
text_fieldsഉത്തര്‍പ്രദേശ് ജനസംഖ്യയിലും വിസ്തൃതിയിലും രാഷ്ട്രീയ പ്രാധാന്യത്തിലും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമാണ്. ഇന്നിപ്പോള്‍ ഒരു കുടുംബത്തിന് അധികാര ശ്രേണിയിലുള്ള പങ്കാളിത്തത്തിന്‍െറ കാര്യമെടുത്താലും യു.പി നമ്പര്‍ വണ്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ തുടങ്ങി മതനിരപേക്ഷ ചേരി വളക്കൂറാക്കി യാദവകുലത്തിന് പ്രതീക്ഷ നല്‍കിയൊക്കെയാണ് മുലായംസിങ് സ്വന്തം കുടുംബം യു.പിയിലെ മഹാവൃക്ഷമാക്കി മാറ്റിയത്. സോഷ്യലിസവും മതേതരത്വവും പിന്നാക്ക-ന്യൂനപക്ഷ സ്നേഹവുമൊക്കെ അവസരവാദമാക്കി, കുടുംബവാഴ്ചക്കാരനായി അധ$പതിച്ചുപോയ വടവൃക്ഷമാണ് 76ാം വയസ്സിലെ മുലായംസിങ് എന്നും ചുരുക്കാം. സോഷ്യലിസ്റ്റ്, മതേതര മുന്നേറ്റത്തിന്‍െറ ഭാഗമെന്നോണം കോണ്‍ഗ്രസിനോടും ബി.എസ്.പിയോടുമൊക്കെ മുലായം പരസ്യമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തരംപോലെ അതു കൊണ്ടുനടക്കുകയും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, വര്‍ഗീയകക്ഷിയെന്ന നിലയില്‍ ബി.ജെ.പി എന്നും സമാജ്വാദി പാര്‍ട്ടിയുടെ ശത്രുവാണ്.
അയോധ്യാ പ്രക്ഷോഭ കാലത്തെ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ കളത്തിലിറങ്ങിയ രണ്ടു സോഷ്യലിസ്റ്റ് സിംഹങ്ങളെന്ന നിലയിലാണ് യു.പിയില്‍ മുലായമിനും ബിഹാറില്‍ ലാലുപ്രസാദിനും ചരിത്രത്തില്‍ സ്ഥാനം. ചരിത്രത്തെ പഴങ്കഥയാക്കി ബി.ജെ.പിയുമായി മുലായമിന് ഒരൊത്തുകളി പിന്നീട് ഉണ്ടായിട്ടുണ്ടെന്നാണ് സമീപകാല രാഷ്ട്രീയം പറഞ്ഞുതന്നിട്ടുള്ളത്. ഒന്നും രേഖാപരമല്ല; തരംപോലെയാണ്. അമ്പലം-പള്ളി രാഷ്ട്രീയത്തിന്‍െറ എരിതീയില്‍ കോണ്‍ഗ്രസ് വെന്തുരുകിപ്പോയ നേരത്താണ് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ബി.ജെ.പി തന്നെയും യു.പിയില്‍ കരുത്താര്‍ജിച്ചത്. ഏതു തെരഞ്ഞെടുപ്പു വന്നാലും ഇന്നിപ്പോള്‍ യു.പിയില്‍ ചതുഷ്ക്കോണ മത്സരമാണ്. ഏറ്റവും ദുര്‍ബലര്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി.എസ്.പി സംസ്ഥാനത്ത് വട്ടപ്പൂജ്യമായെങ്കില്‍, ബി.ജെ.പിയുടെ മോദിത്തിരയില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് സമാജ്വാദി പാര്‍ട്ടിക്കാണ്. കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ മുലായമിന്‍െറ കുടുംബത്തിനാണ്. മുലായവും കുടുംബാംഗങ്ങളായ മറ്റു നാലു പേരും തട്ടുകേടില്ലാതെ ലോക്സഭയിലത്തെി.
ഇനിയൊരു ആറുമാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ട, സാമുദായിക ധ്രുവീകരണത്തിലൂന്നിയ മോദിത്തിരയിളക്കം ഇപ്പോഴില്ല. പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയില്ളെങ്കിലും ഇപ്പോഴത്തെ ശക്തി നിലനിര്‍ത്തിക്കിട്ടാന്‍ തന്ത്രവും മരുന്നുമായി പരിക്ഷീണിക്കുന്നുണ്ട് കോണ്‍ഗ്രസ്. പിന്നാക്ക-ദലിത് കൂട്ടായ്മയും ന്യൂനപക്ഷ പിന്തുണയും സാധ്യമാക്കി തിരിച്ചുവരവിന് തീവ്രശ്രമം നടത്തുകയാണ് മായാവതി. സമാജ്വാദി പാര്‍ട്ടിക്ക് വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത ഒന്നിനൊന്നു കുറഞ്ഞുവരുന്നുവെന്നാണ് ഇതിനെല്ലാമിടയില്‍ ഉറപ്പിച്ചുപറയാവുന്ന ഒരു കാര്യം. അവസരവാദ രാഷ്ട്രീയം തെളിഞ്ഞുവന്നിരിക്കുന്നതും ഭരണം കുളമായതും മാത്രമല്ല, യാദവ കുടുംബത്തിലെ കലഹവും സമാജ്വാദി പാര്‍ട്ടിയുടെ വെല്ലുവിളിയാണ്.
കുടുംബത്തില്‍ ഒട്ടെല്ലാവര്‍ക്കും തന്നെ രാഷ്ട്രീയത്തില്‍ ഓരോ പദവി നല്‍കിയിട്ടുണ്ട് യാദവ പിതാമഹന്‍. സ്വന്തം ഇച്ഛാഭംഗം ബാക്കിനിര്‍ത്തിയാണ് മകന്‍ അഖിലേഷിനെ അഞ്ചു കൊല്ലം മുമ്പ് മുഖ്യമന്ത്രിയാക്കി ലോക്സഭാംഗമായി ഡല്‍ഹിക്ക് വണ്ടികയറിയത്. ചെറുപ്പക്കാരനായ മുഖ്യമന്ത്രിയില്‍ കുടുംബം മാത്രമല്ല, ഇന്ത്യയാകത്തെന്നെ പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ, യുവമുഖ്യമന്ത്രി എല്ലാവരെയും നിരാശപ്പെടുത്തിക്കളഞ്ഞു. ഭരിക്കാന്‍ അറിയില്ല. പിന്‍സീറ്റ് ഡ്രൈവിങ്കൊണ്ട് ഭരിക്കാന്‍ സമ്മതിച്ചതുമില്ല. രണ്ടു വിഷമതകളും ചുമക്കുമ്പോള്‍ തന്നെ, എല്ലാം കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്താനുള്ള വ്യഗ്രതക്ക് കുറവൊന്നും ഉണ്ടായില്ല. അവസരങ്ങള്‍ക്കു വേണ്ടി മറ്റുള്ളവര്‍ നടത്തുന്ന കരുനീക്കങ്ങള്‍ കൂടിയായപ്പോള്‍ ഓരോ ഘട്ടത്തിലും കുടുംബവഴക്ക് മുറുകിവന്നു. ഇന്നിപ്പോള്‍ എല്ലാവരെയും വാരിപ്പിടിക്കാനും ആജ്ഞാപിച്ചുനിര്‍ത്താനുമുള്ള ശേഷി മുലായമിന് നഷ്ടപ്പെട്ടുവരുന്നു. ഏറ്റവുമൊടുവിലെ കലഹം തല്‍ക്കാലം പറഞ്ഞൊതുക്കിയപ്പോള്‍ മുലായം കാണികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒന്നും സംഭവിക്കില്ല.’ യഥാര്‍ഥത്തില്‍ അതൊരു ദുര്‍ബല പ്രതീക്ഷയാണ്.
മുലായമിനെ പിതൃതുല്യം കണ്ട് രാഷ്ട്രീയച്ചുവടുവെച്ച ഇളയ സഹോദരന്‍ ശിവ്പാല്‍ യാദവും, മുഖ്യമന്ത്രിയായ മകന്‍ അഖിലേഷും തമ്മിലാണ് പൊരിഞ്ഞ പോര്.
മുലായവുമായി 15 വയസ്സിന്‍െറ പ്രായവ്യത്യാസം ഇളയ സഹോദരനുണ്ട്. അത്രത്തോളംതന്നെ പ്രായവ്യത്യാസം അഖിലേഷും ശിവ്പാലുമായുണ്ട്. രണ്ടുപേരും മുലായമിന് പ്രിയപ്പെട്ടവര്‍. അഖിലേഷിനേക്കാള്‍ മുമ്പേ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് താനാണ് എന്ന ചിന്തയാണ് ശിവ്പാല്‍ യാദവിനെ ഭരിക്കുന്നത്. എന്നാല്‍, രാഷ്ട്രീയത്തിലായാലും സഹോദരനേക്കാള്‍ പിന്തുടര്‍ച്ചാവകാശം മകനു തന്നെ. അങ്ങനെ വിധികല്‍പിച്ചപ്പോള്‍ തന്നെ, സമരസപ്പെടാനുള്ള ഉപായമെന്ന നിലയില്‍ സഹോദരന് പി.ഡബ്ള്യു.ഡി മന്ത്രിപദവും സമാജ്വാദി പാര്‍ട്ടിയുടെ ഇന്‍-ചാര്‍ജ് സ്ഥാനവും സഹോദരന് മുലായം നല്‍കി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ആര്‍ക്കാണ് കൂടുതല്‍ അധികാരം വേണ്ടതെന്ന വിഷയത്തിലാണ് ഇന്നിപ്പോള്‍ അഖിലേഷും ഇളയച്ഛനുമായി ഉടക്ക്. സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനും ജയിപ്പിക്കാനും സാധിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടിയുടെ അമരക്കാരനായി മുലായം പ്രതിഷ്ഠിച്ച ശിവ്പാല്‍ കരുനീക്കുന്നതും അതേ ലക്ഷ്യത്തോടെ തന്നെ. ഭാവി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള കളമൊരുക്കല്‍ കൂടിയാണത്. മുലായമിന് പ്രായമായിവരുന്നു. ഇന്നുതന്നെ നില ഭദ്രമാക്കാതെ നാളെ ദു$ഖിച്ചിട്ടു കാര്യമില്ല.
ഓരോരുത്തരെ ഓരോ സ്ഥാനങ്ങളില്‍ കുടിയിരുത്തുക വഴി, കുടുംബത്തിലെ ഓരോരുത്തര്‍ക്കും ഭരണത്തിലും പാര്‍ട്ടിയിലുമുള്ള സ്വാധീനമാകട്ടെ, വര്‍ധിച്ചുവരുന്നു. മുലായമിന്‍െറയും അതിലേറെ, ശിവ്പാലിന്‍െറയും പിന്‍സീറ്റ് ഡ്രൈവിങ് മറികടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന അഖിലേഷ് ഇത്തവണ കണ്ടത്തെിയ ഉപായം, ഇനിയും വൈകാതെ ഇളയച്ഛനെ ഒതുക്കുകയാണ്. അദ്ദേഹത്തെ മന്ത്രിസഭയിലെ അപ്രധാന വകുപ്പിലേക്ക് ഒതുക്കി. ശിവ്പാലിന്‍െറ ചാരന്മാരായി നിന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി. ചില ചെറു പാര്‍ട്ടികളുമായി താന്‍ ഉണ്ടാക്കിയ നീക്കുപോക്കുകള്‍ പൊളിച്ചതിന്‍െറ ദേഷ്യത്തില്‍ നിന്നിരുന്ന ശിവ്പാല്‍ ഇതുകൂടിയായതോടെ പൊട്ടിത്തെറിച്ചു. മന്ത്രിസ്ഥാനവും പാര്‍ട്ടി ചുമതലയും രാജിവെച്ചു. അഞ്ചു ദിവസത്തെ നാടകത്തിനൊടുവില്‍ യാദവ പിതാമഹന്‍, മകനെ പിന്തിരിപ്പിച്ചും അനിയന്‍െറ രാജി പിന്‍വലിപ്പിച്ചും പ്രശ്നം തല്‍ക്കാലം ഒതുക്കിയിട്ടുണ്ട്.
എന്നാല്‍, മുലായമിന്‍െറ പിതൃസഹോദരന്‍ രാംഗോപാല്‍ അഖിലേഷിന്‍െറ പക്ഷത്തും സമാജ്വാദി പാര്‍ട്ടിയിലെ സ്വാധീനശക്തിയായ അഅ്സംഖാന്‍ ശിവ്പാലിന്‍െറ പക്ഷത്തുമായി നില്‍ക്കുന്ന ഈ പോരാട്ടം പാര്‍ട്ടിയുടെയും കുടുംബത്തിന്‍െറയും മൂലക്കല്ലിളക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലും ഭരണത്തിലും ആധിപത്യം നേടുക എന്നതല്ലാതെ തത്ത്വാധിഷ്ഠിത പോരാട്ടമൊന്നും യാദവ കുടുംബാംഗങ്ങള്‍ നടത്തുന്നില്ല. വന്ദ്യവയോധികനായി മാറുന്ന മുലായം വിശ്വാസവും പിന്തുണയും ആര്‍ജിച്ച രാഷ്ട്രീയ പശ്ചാത്തലമൊന്നും പിന്മുറക്കാരാകാന്‍ മത്സരിക്കുന്നവര്‍ക്ക് അവകാശപ്പെടാനുമില്ല. യുവാക്കള്‍ക്കാകെ പ്രതീക്ഷ നല്‍കിയതിനപ്പുറം, അഖിലേഷ് യാദവിനു കീഴില്‍ യു.പിയില്‍ വികസനോന്മുഖ ഭരണം ഉണ്ടായില്ല. പിന്നാക്കാവസ്ഥയുടെ കെടുതികള്‍ക്കിടയില്‍ മുസഫര്‍നഗറിലും മഥുരയിലും ദാദ്രിയിലും ചെറുചെറു നാട്ടിന്‍പുറങ്ങളിലുമെല്ലാം വര്‍ഗീയ ധ്രുവീകരണത്തിന്‍െറ വിത്തെറിഞ്ഞ് ബി.ജെ.പി വിളവെടുത്തു.
വീണ്ടും വിഷകൃഷിയിറക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടുപോയ സമാജ്വാദി പാര്‍ട്ടി പിന്നാക്ക, ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതബോധമാണ് നല്‍കുന്നത്. മറ്റു പാര്‍ട്ടികളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ അതവരെ പ്രേരിപ്പിക്കും. പാത്തും പതുങ്ങിയും ബി.ജെ.പി ബന്ധം കൊണ്ടുനടക്കുക വഴി ചെമ്പുതെളിഞ്ഞ മുലായമിനോ, കലഹിച്ചു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കുടുംബക്കാര്‍ക്കോ അത് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.
മുലായം കുടുംബത്തിന്‍െറ അധികാര വേരുകള്‍
മുലായംസിങ് യാദവ്: സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍, 1967 മുതല്‍ എട്ടുതവണ യു.പി നിയമസഭാംഗം, മൂന്നുവട്ടം മുഖ്യമന്ത്രി, മുന്‍ പ്രതിരോധമന്ത്രി, ഇപ്പോള്‍ അഅ്സംഗഢ് എം.പി
അഖിലേഷ് യാദവ്: മുലായമിന് മാലതി ദേവിയിലുള്ള മകന്‍, മുഖ്യമന്ത്രി
പ്രതീക് യാദവ്: മുലായമിന് സാധന ഗുപ്തയിലുള്ള മകന്‍, കുടുംബ ഭൂസ്വത്ത് കൈകാര്യം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്
ഡിമ്പ്ള്‍ യാദവ്: മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ, കനൗജ് എം.പി
അപര്‍ണ യാദവ്: പ്രതീക് യാദവിന്‍െറ ഭാര്യ, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു
ശിവ്പാല്‍ യാദവ്: മുലായമിന്‍െറ ഇളയ സഹോദരന്‍, പൊതുമരാമത്തു മന്ത്രി, സമാജ്വാദി പാര്‍ട്ടി സംസ്ഥാന
ചുമതലക്കാരന്‍
ആദിത്യ യാദവ്: ശിവ്പാല്‍ യാദവിന്‍െറ മകന്‍, പി.സി.എഫ് ചെയര്‍മാന്‍; ഇഫ്കോ ഡയറക്ടര്‍രാംഗോപാല്‍ യാദവ്: മുലായമിന്‍െറ പിതൃസഹോദര പുത്രന്‍, രാജ്യസഭാ എം.പി. ബിഹറിലെ മഹാസഖ്യ ബന്ധം ഉപേക്ഷിക്കാന്‍ മുലായമിനെ പ്രേരിപ്പിച്ചയാള്‍
അക്ഷയ് യാദവ്: രാംഗോപാല്‍ യാദവിന്‍െറ മകന്‍, ഫിറോസാബാദ് എം.പി
ധര്‍മേന്ദ്ര യാദവ്: മുലായമിന്‍െറ അനന്തിരവന്‍, ബദായൂന്‍ എം.പി
തേജ്പ്രതാപ് യാദവ്: മുലായമിന്‍െറ ചെറു അനന്തരവന്‍, ലാലുപ്രസാദിന്‍െറ മകളുടെ ഭര്‍ത്താവ്; മെയിന്‍പുരി എം.പി
അഭിഷേക് യാദവ്: മുലായമിന്‍െറ അനന്തരവന്‍, ഇറ്റാവ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍
സന്ധ്യ യാദവ്: മെയിന്‍പുരി ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍, മുലായമിന്‍െറ മരുമകള്‍
വന്ദന യാദവ്: ഹാമിര്‍പുര്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍, ധര്‍മേന്ദ്ര യാദവിന്‍െറ ജ്യേഷ്ഠത്തി
മൃദുല യാദവ്: തേജ്പ്രതാപ് യാദവിന്‍െറ അമ്മ, സൈഫല്‍ ബ്ളോക് വികസന സമിതിയംഗം
അജന്ത്സിങ് യാദവ്: മുലായമിന്‍െറ അളിയന്‍, ചൗബിയ ബ്ളോക് വികസന സമിതിയംഗം
ഷീലാ യാദവ്: മുലായമിന്‍െറ അനന്തരവള്‍, മെയിന്‍പുരി ജില്ലാ വികസന സമിതിയംഗം
ഇതിനൊപ്പം അമര്‍സിങ്, അഅ്സംഖാന്‍ എന്നിവര്‍ കൂടി ചേര്‍ന്നാല്‍ സമാജ്വാദി പാര്‍ട്ടിയുടെ അധികാരഘടന ഏതാണ്ട് പൂര്‍ത്തിയായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.