Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദുര്‍ബോധത്തിന്‍െറ...

ദുര്‍ബോധത്തിന്‍െറ പടുകുഴികള്‍

text_fields
bookmark_border
ദുര്‍ബോധത്തിന്‍െറ പടുകുഴികള്‍
cancel

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ടു വിഷയങ്ങളാണ് കൈരളി ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ ഒരു ‘ബലാത്സംഗ തമാശ’യും  (rape joke) പ്രശസ്ത കവയിത്രിയും പരിസ്ഥിതിവാദിയുമായ സുഗതകുമാരി ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ‘ജന്മഭൂമി’യില്‍  നടത്തിയ ചില പരാമര്‍ശങ്ങളും. കൈരളി ചാനല്‍ ഇടതുപക്ഷത്തിന്‍േറതായി മനസ്സിലാക്കപ്പെടുമ്പോള്‍ ‘ജന്മഭൂമി’ കൃത്യമായും തീവ്രഹിന്ദുത്വത്തിന്‍െറ രാഷ്ട്രീയജിഹ്വയായി അറിയപ്പെടുന്നു. സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ പൊതുവേ ഈ രണ്ടു കാര്യങ്ങളിലും തീര്‍ത്തും  വിമര്‍ശാത്മകമായ നിലയില്‍ തന്നെയാണ് മുന്നോട്ടുപോയത്. വിമര്‍ശങ്ങളത്തെുടര്‍ന്ന് ബ്രിട്ടാസും സുഗതകുമാരിയും അവരുടെ ഭാഗങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഇരുവരുടെയും വിശദീകരണങ്ങളുടെ പൊതുദൗര്‍ബല്യം വിമര്‍ശത്തിന്‍െറ കാതലായ വശത്തോട് നിശ്ശബ്ദത പാലിക്കുന്നു എന്നതാണ്.

ബ്രിട്ടാസിന്‍െറ പരിപാടിയില്‍ ഇന്നത്തെ ടെലിവിഷന്‍പരിപാടികളുടെ പൊതുപശ്ചാത്തലം വെച്ചുനോക്കുമ്പോള്‍ സവിശേഷമായി വിമര്‍ശിക്കപ്പെടേണ്ട ഒന്നും ഉണ്ടായിരുന്നില്ല.  യാഥാസ്ഥിതിക ഇടതുപക്ഷത്തിന് ഒരുകാലത്തും സാംസ്കാരികമായ വലതുബോധങ്ങളെ ഉപേക്ഷിക്കാനോ അവയെ തിരിച്ചറിയാന്‍ പോലുമോ കഴിഞ്ഞിട്ടില്ല എന്നത് നിരവധി ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന വിമര്‍ശമാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളും ചില ഉത്തരാധുനികസമീപനങ്ങളും ഭാഷയിലെയും സംസ്കാരത്തിലെയും ദൈനംദിന വ്യവഹാരങ്ങളിലെയും മുഖ്യധാരാ സിനിമയിലെയും കലയിലെയും സാഹിത്യത്തിലെയുമെല്ലാം സ്ത്രീവിരുദ്ധ, ദലിത്വിരുദ്ധ, മനുഷ്യാവകാശവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ, സവര്‍ണാഭിമുഖ്യ  ഉള്ളടക്കങ്ങളെ വിശ്ളേഷിച്ചും വിമര്‍ശിച്ചും രംഗത്തത്തെി.  നിരന്തരമായി ഇവര്‍ നടത്തിയ സാംസ്കാരിക രാഷ്ട്രീയമുന്നേറ്റമാണ് കുറെ ഇടതുബുദ്ധിജീവികളെയെങ്കിലും ഈ വ്യവഹാരങ്ങളിലെ വര്‍ഗപ്രതിനിധാനത്തിന്‍െറ തലത്തിന് പുറത്തേക്കു സ്വന്തം വിമര്‍ശ പ്രയോഗം വികസിപ്പിക്കുന്നതിനും ജാതിയും മതവും ലിംഗവും അടക്കമുള്ള സ്വത്വസംവര്‍ഗങ്ങളെ കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുന്നതിനും  തയാറാക്കിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനവും ദലിത് പ്രസ്ഥാനവും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല.

ഓരോ വാക്കിന്‍െറയും വാചകത്തിന്‍െറയും ആശയത്തിന്‍െറയും പിന്നാലെ അവര്‍ നടത്തിയ സൂക്ഷ്മാന്വേഷണങ്ങള്‍ പുതിയ സാംസ്കാരിക-മാധ്യമ അവബോധംതന്നെ സൃഷ്ടിച്ചു. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പും ‘മാധ്യമം’ ആഴ്ചപ്പതിപ്പും പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അത്തരം ചര്‍ച്ചകള്‍ക്ക് നല്‍കിയ പ്രാധാന്യം ഈ പുതിയ രാഷ്ട്രീയാവബോധം പങ്കുവെക്കുന്ന വായനക്കാരുടെയും എഴുത്തുകാരുടെയും ഒരു വ്യവഹാര സമൂഹത്തെ സൃഷ്ടിക്കുന്നതിന് സഹായകമായി. എന്നാല്‍, ഇതെപ്പോഴും സമൂഹത്തിലെ എല്ലാ തലങ്ങളിലും എത്തുന്നില്ല. കൈരളിയിലെ ചര്‍ച്ച  ഒരു വിനോദപരിപാടി ആയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു യുവാവിന്‍െറ ചില കവിതാസംരംഭങ്ങളും അതുണ്ടാക്കിയ വിവാദങ്ങളും ആയിരുന്നു ആ പരിപാടിയിലെ വിഷയം. അദ്ദേഹത്തിന്‍െറ ഒരു കവിത സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജയിലില്‍ പോയ വിദ്യാര്‍ഥിനേതാവിനെ ഓര്‍ത്തു വിലപിക്കുന്ന കലാലയത്തിലെ ഒരു മരം അടുത്ത ജന്മത്തില്‍ ഈ വിദ്യാര്‍ഥിനേതാവുമായി ഒരുമിക്കാന്‍ ഇടവരണമെന്നോ മറ്റോ ആഗ്രഹിക്കുന്നതായിരുന്നു കവിതയുടെ പ്രമേയം. ഇടതുപക്ഷം പൊതുവില്‍ പിന്‍പറ്റുന്ന ഒരു സാഹിത്യ-സംവേദന നിലവാരത്തിലുള്ള കവിതയായിരുന്നു അതെന്ന് സി.പി.എം എം.എല്‍.എയായ എം. സ്വരാജിനെ പോലുള്ള നേതാക്കള്‍ അതിനെ അംഗീകരിച്ചതില്‍നിന്ന് മനസ്സിലാക്കാം. അപ്പോള്‍ അത് കൈരളി ചാനലില്‍ ചര്‍ച്ചക്ക് വന്നതില്‍ അദ്ഭുതമില്ല.

ആ പരിപാടിയില്‍ യുവാവ് തന്‍െറ മറ്റൊരു കവിത ചൊല്ലി. അദ്ദേഹംതന്നെ വ്യാഖ്യാനിച്ചത് ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ആ കുറ്റകൃത്യം ചെയ്ത വ്യക്തിയോടു തോന്നുന്ന പ്രണയമാണ് കവിതയുടെ പ്രമേയം എന്നാണ്. ഈ വിശദീകരണത്തിനു ശേഷം ഇങ്ങനെ ഒരു കവിത ഒരാള്‍ ചൊല്ലാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും അത് വിലക്കാനും ആ പ്രമേയം കവിതയാക്കുന്നത് ശരിയാണോ എന്ന് ചോദിക്കാനും ബാധ്യതയുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് പക്ഷേ, അത് ഗൗരവമായി കണ്ടില്ല എന്നുമാത്രമല്ല, കവിയോട് ‘ഇതു വിചാരിച്ച് ബലാത്സംഗം ചെയ്യാനൊന്നും പോയേക്കരുത്’ എന്നൊരു തമാശ പറയുകയും ചെയ്തത് തീര്‍ത്തും  അവഗണിക്കാവുന്ന കാര്യമല്ല. അദ്ദേഹത്തിന്‍െറയോ ചില അഭ്യുദയകാംക്ഷികളുടെയോ മറുപടികളില്‍ ഇക്കാര്യം പക്ഷേ സൂചിപ്പിക്കപ്പെടുന്നില്ല എന്നത് ദു$ഖകരമാണ്. സി.പി.എം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ ഒരു ബലാത്സംഗ തമാശ അന്താരാഷ്ട്ര തലത്തില്‍വരെ വിമര്‍ശിക്കപ്പെട്ടത് മറക്കാന്‍ കാലമായിട്ടില്ല. ബലാത്സംഗ തമാശകളും വംശീയ തമാശകളും കേവലമായ തമാശകളായല്ല കണക്കാക്കപ്പെടുന്നത്.  ബലാത്സംഗംപോലെ അസ്വീകാര്യമാണ് ബലാത്സംഗ തമാശകളും എന്നാണ് ഈയിടെ മനുഷ്യാവകാശ പ്രവര്‍ത്തക ആമി ലോഗന്‍ എഴുതിയത്. അതുപോലെതന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക്  വിധേയരാവുന്ന വ്യക്തികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള വാര്‍പ്പുചിന്തകളോടുള്ള പ്രതികരണങ്ങളും.

ഒരു വിനോദപരിപാടിയില്‍ പോലും ജാതിതമാശകളും സ്ത്രീവിരുദ്ധതമാശകളും വിനോദമായി കണക്കാക്കപ്പെടാന്‍ കഴിയില്ളെന്ന ഉയര്‍ന്ന സമകാല രാഷ്ട്രീയബോധത്തോടൊപ്പം നില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. ഇത് പൊതുവില്‍ എല്ലാ മാധ്യമങ്ങളിലും കാണുന്ന സ്ത്രീവിരുദ്ധതയുടെ പ്രശ്നമല്ല. മറിച്ച്, കൂടുതല്‍ സവിശേഷമായ ഒരു പ്രശ്നത്തില്‍ രാഷ്ട്രീയമായി അംഗീകരിക്കപ്പെട്ടുവരുന്ന ഒരു സമീപനത്തോടുള്ള നിലപാടിന്‍െറ പ്രശ്നമാണ്. ഇത്തരം തമാശകള്‍ ഇരകളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള അറിവുകളുടെകൂടി വെളിച്ചത്തില്‍ ബോധപൂര്‍വം സ്വീകരിക്കേണ്ട സംയമനത്തിന്‍െറ പ്രശ്നമാണ്.    

ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് സുഗതകുമാരി നടത്തിയ പരാമര്‍ശവും രാഷ്ട്രീയമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും വംശീയസ്പര്‍ധയുടെ സ്പര്‍ശത്താല്‍ സമൂഹവിരുദ്ധവുമാണ്. സുഗതകുമാരി, സാമൂഹിക ഗവേഷകനും അധ്യാപകനുമായ കെ.ടി. രാംമോഹന്‍ തന്‍െറ ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിന്‍െറ പ്രിയപ്പെട്ട കവയിത്രിയും ഇടതു യാഥാസ്ഥിതികത്വത്തോടു പൊരുതി പാരിസ്ഥിതിക രാഷ്ട്രീയാവബോധം സൃഷ്ടിക്കുന്നതിനു പ്രതിബദ്ധതയോടെ നിലകൊണ്ട വ്യക്തിത്വവുമാണ്. സൈലന്‍റ് വാലി സമരവും ആണവനിലയവിരുദ്ധ സമരവും മുതല്‍ നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ പുതിയ രാഷ്ട്രീയത്തോടൊപ്പം ഈ കവയിത്രി നിന്നിട്ടുണ്ട്. അതിന്‍െറ പേരില്‍ ആക്രമണങ്ങള്‍ക്ക് വിധേയയായിട്ടുമുണ്ട്.

ഏറ്റവുമൊടുവില്‍ 2004ല്‍ ആണെന്നുതോന്നുന്നു ചേരംകുളം സ്കൂളില്‍ പാത്രക്കടവ് പദ്ധതിയുടെ പബ്ളിക് ഹിയറിങ് പ്രഹസനമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംസാരിക്കാന്‍ എത്തിയ സുഗതകുമാരിയെ സംഘടിതമായി ചിലര്‍ അസഭ്യംപറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തത്. പരിസ്ഥിതി കാര്യങ്ങളില്‍ സി.ഐ.ടി.യു-സി.പി.എം നിലപാടുകളെ വിമര്‍ശിക്കാനും എതിര്‍ക്കാനും പക്ഷേ, സുഗതകുമാരി ഇത്തരം ആക്രമണങ്ങളെ ഒരുകാലത്തും ഭയന്നിട്ടില്ല.

‘കൈ പിടിക്കുക, സോദരീ, സോദരി കൈത പൂത്ത വരമ്പില്‍ വഴുക്കുമേ... നീ ഒഴുകീ അരുവിയായ് മുറ്റത്തു കാതുകൂര്‍പ്പിച്ചു നിന്നൂ മഴയില്‍ ഞാന്‍’ എന്ന് സച്ചിദാനന്ദന്‍ ആ കാലത്തെ സുഗതകുമാരിയോടു സഹഭാവം കൊണ്ടിട്ടുണ്ട് (സുഗതകുമാരിയോട്). എന്നാല്‍, എക്കാലത്തും സുഗതകുമാരിയുടെ സാംസ്കാരിക സമീപനങ്ങളില്‍ ഒരു വലതു യാഥാസ്ഥിതികത്വവും നിഴലിച്ചിരുന്നു എന്നു തോന്നുന്നു. ഒരുപക്ഷേ കവിതയില്‍, ലേഖനങ്ങളില്‍ ഒക്കെ അത് ചിതറിക്കിടക്കുന്നുണ്ട്. സുഗതകുമാരിയുടെ സ്ത്രീപക്ഷം എക്കാലത്തും വരേണ്യതയുടെ കുലമേന്മാബോധത്തെ തൊട്ടുനില്‍ക്കുന്നതായിരുന്നു.  ലൈംഗികത്തൊഴിലാളികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും രാഷ്ട്രീയത്തിന് സുഗതകുമാരി എപ്പോഴും അസ്പൃശ്യത കല്‍പിച്ച് മാറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ രാഷ്ട്രീയമായി തീവ്രഹിന്ദു വലതുപക്ഷവുമായി  പരസ്യമായിത്തന്നെ സുഗതകുമാരി ചേര്‍ന്നുനില്‍ക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ‘ജന്മഭൂമി’യില്‍ ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു നടത്തിയ ആപത്കരമായ പ്രസ്താവം ഈ സമീപനത്തിന് അടിവരയിടുന്നതായി. അവ പിന്നീട് സുഗതകുമാരി വിശദീകരിച്ചതുപോലെ ഒരു സാമൂഹികപ്രശ്നത്തെക്കുറിച്ചുള്ള വ്യാകുലതകളോ നിഷ്കളങ്കമായ ആകാംക്ഷകളോ ആയിരുന്നില്ല. മറിച്ച് നികൃഷ്ടമായ വംശീയവെറി കലര്‍ന്ന നിരീക്ഷണങ്ങളായിരുന്നു.

സാമൂഹികപ്രസക്തിയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ കാണിക്കാത്ത ജാഗ്രത സമൂഹത്തിലെ മതമടക്കമുള്ള മറ്റു മേഖലകളില്‍ ഉള്ളവരില്‍നിന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും? ഇത്തരം തെറ്റായ പ്രസ്താവനകളുടെ സാമൂഹിക സന്ദര്‍ഭങ്ങള്‍ നാം വീണുകിടക്കുന്ന സാംസ്കാരിക ദുര്‍ബോധത്തിന്‍െറ അഗാധഗര്‍ത്തങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. ഭാഷയില്‍, സമീപനങ്ങളില്‍, നിലപാടുകളില്‍, നിരീക്ഷണങ്ങളില്‍ പുലര്‍ത്തേണ്ട നിതാന്ത ജാഗ്രതയുടെ മുന്നറിയിപ്പുകളായി ഇവ മനസ്സിലാക്കപ്പെടണം. നിരന്തരമായ മാധ്യമവിദ്യാഭ്യാസത്തിന്‍െറ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി കുറിച്ചിടുകയും വേണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugathakumaribrittas
Next Story