കാപട്യത്തിന്‍െറ മൂടി അഴിഞ്ഞുവീണു
text_fieldsമലയാളി, കേരളം തുടങ്ങിയ വാക്കുകള്‍ക്കുള്ളില്‍ നാം മൂടിവെച്ചിരുന്ന കാപട്യം കെട്ടഴിഞ്ഞു വീണിരിക്കുന്നു. നാം നമ്മത്തെന്നെ തുറന്നുകാട്ടിയിരിക്കുന്നു. അഭിമാനം നഷ്ടമായത് മലയാളിസമൂഹത്തിനാണ്. സ്ത്രീയും പുരുഷനും പരസ്പരം തീര്‍ത്ത വിശ്വാസങ്ങളുടെ ബലത്തിലാണ് സമൂഹവും അതിനകത്തെ പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോകുന്നത്. ഈ വിശ്വാസമാണ് തകര്‍ന്നുപോകുന്നത്.
പ്രിയ സഹപ്രവര്‍ത്തകക്ക് നേരിട്ട ദുരന്തം നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ ഗൗരവമായ ചിന്തകളിലേക്ക് നയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക സുരക്ഷയെക്കുറിച്ച് വലിയവായില്‍ നാം പറഞ്ഞിരുന്ന വാക്കുകള്‍ പാഴാണെന്നതിന് ഈ സംഭവവും അടിവരയിടുന്നു. വിദ്യാഭ്യാസ-സാംസ്കാരിക മേഖലയില്‍ രാജ്യത്തിന് മാതൃകയെന്നും, സ്ത്രീ-സാമൂഹിക സുരക്ഷയില്‍ മുന്‍പന്തിയിലെന്നുമുള്ള കേരളീയന്‍െറ അഭിമാനത്തിനു മേലുള്ള ഇരുമ്പുകൂടംകൊണ്ടുള്ള അടിയാണിത്. സെലിബ്രിറ്റിയായ ഒരാള്‍പോലും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് പൂര്‍വമാതൃകകളില്ലാത്ത കാര്യമാണ്. കേരള മോഡല്‍ എന്ന സങ്കല്‍പത്തിനേറ്റ ക്ഷതമാണിത്.
കേരളത്തെക്കുറിച്ച് നാം പുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കു മുകളിലാണ് സ്ത്രീസമൂഹം അവരുടെ തൊഴില്‍-സാമൂഹിക ബന്ധങ്ങള്‍ കെട്ടിപ്പടുത്തിരുന്നത്. ആ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുകൂടാ. കൂടുതല്‍ ശോഭനമായ പ്രതീക്ഷകളിലേക്ക് നമ്മുടെ കേരളത്തെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ സംഭവിച്ചതടക്കമുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് ഉറപ്പാക്കാന്‍ നമുക്കാകണം. രാഷ്ട്രീയ-സാംസ്കാരിക-അധികാര മേഖലയുടെ ഇച്ഛാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടക്കേണ്ടതുണ്ട്.
ഇപ്പോള്‍ എന്‍െറ സഹപ്രവര്‍ത്തകക്ക് മുഴുവന്‍ കേരളവും നല്‍കിയ പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ ഈ സംഭവത്തിന് പിറകിലുള്ള ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും ജാഗ്രതയോടെ നാം നിലയുറപ്പിക്കണം. പ്രൊഡക്ഷന്‍ ഡ്രൈവര്‍മാരുമായി പതിവായി സഞ്ചരിക്കുന്നത് എനിക്കും എന്‍െറ സഹപ്രവര്‍ത്തകര്‍ക്കും ജോലിയുടെ ഭാഗമാണ്. ഒരുപാടു തവണ അര്‍ധരാത്രിയില്‍ ഞങ്ങള്‍ക്ക് അവരോടൊപ്പം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്, അവരെല്ലാംതന്നെ ഞങ്ങളോട് ബഹുമാനത്തോടെയാണ് ഇടപഴകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്‍െറ സുഹൃത്തിന് സംഭവിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉറപ്പിച്ചുപറയാനാകും. അവരുടെ വണ്ടിയില്‍ ഒരു വാന്‍ വന്നിടിക്കുക, അതിനുശേഷം വഴക്കുണ്ടാകുക, അവരുടെ വാഹനത്തിലേക്ക് അതിക്രമിച്ചുകയറുക, ബ്ളാക്ക് മെയില്‍ ചെയ്യാനായി ഉപദ്രവിക്കുക -ഇതെല്ലാം ക്രിമിനല്‍ ബന്ധങ്ങള്‍ ഉള്ള ആളുകളുടെ പദ്ധതികളുടെ ഭാഗമാണ്. ഇതെല്ലാം ഭീതിജനകമാണ്, വിശദമായി അന്വേഷിക്കേണ്ടതാണ്, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതും ആണ്. എന്നാലേ കേരളത്തിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകിട്ടൂ. ഇനിയൊരു കണ്ണീര്‍ വീഴാതിരിക്കാന്‍ ഈ ജാഗ്രത അനിവാര്യമാണ്.
ചലച്ചിത്ര നിര്‍മാണമുള്‍പ്പെടുന്ന കലാ-സാംസ്കാരിക മേഖലയിലേക്ക് ക്രിമിനലുകള്‍ നുഴഞ്ഞുകയറുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കുകൂടി ഈ ദുരന്തം നമ്മുടെ കണ്ണുതുറപ്പിക്കുന്നു. ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രേക്ഷകരുള്‍പ്പെടുന്ന പൊതുസമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നിരിക്കണം. സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്കാരത്തിന്‍െറ ആകാശങ്ങളെക്കുറിച്ചുമുള്ള നമ്മുടെ പ്രതീക്ഷകള്‍ക്കു മേലാണ് ആത്യന്തികമായി ഇത്തരമൊരു ക്രിമിനല്‍വത്കരണഭീതി ഉയര്‍ന്നിരിക്കുന്നത്. ആവിഷ്കാരത്തിന്‍െറ തുറസ്സുകളാണ് പ്രതീക്ഷനിര്‍ഭരമായ നാളെയുടെ കാതല്‍. അത് നഷ്ടമാകുന്നതോടെ നമ്മുടെ പ്രശോഭനമായ നാളെകള്‍കൂടിയാണ് ഇല്ലാതാവുക. ലോകത്തോളം രാജ്യത്തെ ഉയര്‍ത്തിയ ഒട്ടേറെ ചലച്ചിത്ര ശ്രമങ്ങള്‍ക്ക് വേദിയായ നാടാണ് കേരളം.
സ്വതന്ത്രവും നിര്‍ഭയവും സുതാര്യവുമായ ഒരു ചലച്ചിത്ര സംസ്കാരത്തിന്‍െറകൂടി ഉല്‍പന്നങ്ങളാണ് ഇവയെല്ലാം. രാജ്യത്തിനും കേരളത്തിനും അഭിമാനമായ ഈ ചലച്ചിത്ര പാരമ്പര്യത്തിന്‍െറ മുഖത്ത് കരിനിഴല്‍ വീഴാന്‍ നാം അനുവദിച്ചുകൂടാ. അതിനാല്‍, എന്‍െറ സഹപ്രവര്‍ത്തകയും കേരളത്തിന്‍െറ പ്രിയങ്കരിയുമായ ഒരു നടിക്കു നേരെയുണ്ടായ അതിനീചമായ ആക്രമണത്തിന് പിറകിലുണ്ടായ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. അതുവഴി ഇത്തരമൊരു ക്രൂരകൃത്യത്തിന് പിറകിലുള്ള മുഴുവന്‍ പേരെയും കണ്ടത്തെി അര്‍ഹമായ ശിക്ഷ നല്‍കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകണം.
സ്ത്രീയോട് മാന്യമായി പെരുമാറാനും തൊഴില്‍-സാമൂഹിക ഇടങ്ങളില്‍ അവരെ ബഹുമാനിക്കാനും കഴിയുന്ന സംസ്കാരം വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഇതിന് ഭംഗം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്കാരങ്ങളും ഉണ്ടാകുന്നില്ളെന്ന് കല-സാംസ്കാരിക ലോകം ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്ത്രീയുടെ അന്തസ്സിന് കോട്ടം വരുത്തുന്ന ആവിഷ്കാരങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ളെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ഭാഗഭാക്കാകില്ളെന്നും ഉറപ്പാക്കാനും കല-സാംസ്കാരിക പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. തങ്ങളിലൊരാള്‍ക്കുണ്ടായ ദുരന്തത്തിന്‍െറകൂടി പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ആത്മവിമര്‍ശനത്തിനും ഗൗരവമുള്ള പുനരാലോചനകള്‍ക്കും ചലച്ചിത്ര ലോകവും തയാറാകേണ്ടിയിരിക്കുന്നു.
ഈ വിഷയത്തില്‍ എന്‍െറ സഹപ്രവര്‍ത്തകയുമായി ബന്ധപ്പെടുകയും കേസന്വേഷണത്തെക്കുറിച്ച് ഉറപ്പു നല്‍കുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ പ്രതീക്ഷയുണ്ട്. സംഭവത്തിലെ പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ സ്ത്രീജനങ്ങള്‍ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ അത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.