2025; വരാനിരിക്കുന്നത് നിർണായക രാഷ്ട്രീയ മുഹൂർത്തങ്ങൾ
text_fieldsഇന്ത്യക്കും ലോകത്തിനും തെരഞ്ഞെടുപ്പ് വർഷമായിരുന്നു 2024. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുക പാർലമെന്റ് തെരഞ്ഞെടുപ്പാകുമെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തൽ. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലകുറി അവകാശപ്പെട്ടതുപോലെ, മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എൻ.ഡി.എക്ക് മൂന്നാമൂഴം ലഭിക്കുമെന്ന ധാരണയിലായിരുന്നു ഈ നിരീക്ഷണം. എന്നാൽ, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ചത്ര ശോഭിക്കാനാവാത്തതിനാൽ ഈ വിലയിരുത്തലിൽ കാര്യമായ...
ഇന്ത്യക്കും ലോകത്തിനും തെരഞ്ഞെടുപ്പ് വർഷമായിരുന്നു 2024. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുക പാർലമെന്റ് തെരഞ്ഞെടുപ്പാകുമെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തൽ. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലകുറി അവകാശപ്പെട്ടതുപോലെ, മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എൻ.ഡി.എക്ക് മൂന്നാമൂഴം ലഭിക്കുമെന്ന ധാരണയിലായിരുന്നു ഈ നിരീക്ഷണം.
എന്നാൽ, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ചത്ര ശോഭിക്കാനാവാത്തതിനാൽ ഈ വിലയിരുത്തലിൽ കാര്യമായ പാളിച്ച സംഭവിച്ചു. നിലവിൽ ഭരണം തുടരാൻ, ബി.ജെ.പിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
അതുകൊണ്ടുതന്നെ, സംഘ്പരിവാറിന്റെ പ്രത്യക്ഷ അജണ്ടയിലേക്ക് 2024ലെ തെരഞ്ഞെടുപ്പാനന്തരം പ്രവേശിക്കാൻ ബി.ജെ.പിക്കായില്ല. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുക 2025 ആയിരിക്കുമെന്ന് വിലയിരുത്തലുണ്ട്.
രണ്ട് തെരഞ്ഞെടുപ്പുകൾ
ഈ വർഷം നടക്കുന്ന രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾ അതിനിർണായകമാണ്. ഡൽഹിയിലും ബിഹാറിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു തെരഞ്ഞെടുപ്പുകളും അതതു സംസ്ഥാനങ്ങളിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽത്തന്നെ കാര്യമായ മാറ്റങ്ങൾക്ക് വഴിതുറക്കും.
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി നേരിട്ടാൽ അത് ഒരുപക്ഷേ, എൻ.ഡി.എയിൽ വിള്ളലുകൾക്ക് സാധ്യത തുറന്നേക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. സമാനമാണ് ഡൽഹിയിലെ കാര്യവും.
അവിടെ അരവിന്ദ് കെജ്രിവാളിന് ഭരണത്തുടർച്ച അനിവാര്യമാണ്. അല്ലാത്തപക്ഷം, അത് പാർട്ടിയുടെ തകർച്ചക്കുതന്നെ വഴിവെക്കും. മറുവശത്ത്, രണ്ടിടത്തും ഇൻഡ്യ മുന്നണി വിജയിച്ചാൽ അത് എൻ.ഡി.എക്ക് ദേശീയ തലത്തിൽത്തന്നെ ക്ഷീണം ചെയ്യും.
ഗ്യാൻവാപിയും ആരാധനാലയ നിയമവും
മസ്ജിദുകൾ പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് സുപ്രീംകോടതി തൽക്കാലം പൂട്ടിട്ടിരിക്കുകയാണ്. ആരാധനാലയ നിയമത്തിന്റെ സാധുത പരുമോന്നത നീതിപീഠം പരിശോധിക്കുന്നതുവരെയാണ് ഈ സ്റ്റേ. അഥവാ, ഇതുസംബന്ധിച്ച് സുപ്രീംകോടതി വിധിപറയുന്നതോടെ, ‘തർക്ക’ മന്ദിരങ്ങളുടെമേലുള്ള അവകാശവാദങ്ങളിൽ തീരുമാനമാകും.
ഒരുപക്ഷേ, അത് 2025ൽ തന്നെ സംഭവിച്ചേക്കാം. ബി.ജെ.പി നേതാക്കൾ ഹരജിയിൽ ആവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചുള്ള തീർപ്പാണ് സുപ്രീംകോടതിയുടേതെങ്കിൽ, വിഷയം ഗ്യാൻവാപിയിലും ശാഹി ഈദ്ഗാഹിലും സംഭൽ മസ്ജിദിലും ഒതുങ്ങില്ല.
രാജ്യത്തെ നൂറുകണക്കിന് ചരിത്രനിർമിതികളുടെ മേൽ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കും. അതിനാൽ, വരുംനാളുകളിൽ സുപ്രീംകോടതിയുടെ ഇടപെടൽ അതിനിർണായകമാണ്.
രണ്ട് ബില്ലുകൾ
2024ൽ പാർലമെന്റ് കടക്കാതെ പോയ രണ്ട് ബില്ലുകളുണ്ട്. ‘ഒറ്റത്തെരഞ്ഞെടുപ്പ്’ ബില്ലും വഖഫ് ബില്ലും. രണ്ടും സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടകളാണ് രണ്ട് ബില്ലിന്റെയും ഉള്ളടക്കമെന്നതിനാൽ അവ നിയമമാക്കാനുള്ള ശ്രമങ്ങൾക്ക് ഈ വർഷത്തെ പാർലമെന്റ് സമ്മേളനങ്ങൾ സാക്ഷ്യം വഹിക്കും. സ്വാഭാവികമായും പ്രതിപക്ഷത്തിന്റെ വലിയ പോരാട്ടങ്ങളുമുണ്ടാകും.
സെൻസസ്, യു.സി.സി
2025ൽ സെൻസസ് നടക്കുമെന്ന് പ്രതീക്ഷിക്കാം. 2011നുശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ പിന്നെയും സെൻസസ് നടന്നില്ല.
അതോടൊപ്പം, ജാതി സെൻസസ് നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നുവെങ്കിലും അതിനോട് അനുകൂലമായിട്ടല്ല കേന്ദ്രം പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അത് അന്തിമ തീരുമാനമായി കണക്കാക്കാനും കഴിയില്ല.
ഏകിസിവൽ കോഡ് നടപ്പാക്കുമെന്ന് മോദി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനുള്ള നീക്കങ്ങളും ഈ വർഷം പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.