ബാബരി അപഹരണത്തിെൻറ ഡിസംബർ
text_fieldsഹിന്ദു മഹാസഭ പ്രവർത്തകനായിരുന്ന നാഥുറാം ഗോദ്സെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ച ഖാദുകസംഭവത്തിെൻറ അന്വേഷണം പുരോഗമിക്കെ, 1948 ഫെബ്രുവരി അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രവിശ്യ ഭരണാധികാരികൾക്ക് എഴുതി:
''ഈ രാഷ്ട്രീയ കൊലപാതകം കേവലം ഒരു വ്യക്തിയുടെയോ ചെറിയ ഗ്രൂപ്പിെൻറയോ പ്രവർത്തനമല്ലെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അയാളുടെ (ഗോദ്സെയുടെ) പിന്നിൽ വിപുലമായ ഒരു സംഘടനയുണ്ടെന്നും ദീർഘകാലമായുള്ള പകയുടെയും അക്രമത്തിെൻറയും കരുതിക്കൂട്ടിയുള്ള പ്രചാരവേലയുണ്ടെന്നും വ്യക്തമാണ്... ഈ പ്രതിലോമശക്തികൾക്കെതിരെ, അയഞ്ഞ നിലപാട് പുലർത്തിപ്പോരുകയായിരുന്നു നമ്മൾ. അതിന് നാം അനുഭവിക്കുകയും ചെയ്തു... അധികാരം കൈയടക്കാൻ നിരവധി പേരെ കൊല ചെയ്തും രാജ്യത്ത് പൊതുവിൽ അരാജകത്വം സൃഷ്ടിച്ചും ബോധപൂർവം ഒരു അട്ടിമറിക്ക് ശ്രമം നടന്നതായി വ്യക്തമായിട്ടുണ്ട്'' (ജി. പാർഥസാരഥി, Letters to Chief Ministers, Vol.1, Page 56-57). അട്ടിമറിയിലൂടെ രാജ്യാധികാരം പിടിക്കുകയെന്ന ഹിന്ദുത്വവംശീയവാദികളുടെ ഹീനതന്ത്രമാണ് അന്നു നെഹ്റു പറഞ്ഞത്. കോൺഗ്രസിെൻറ കൂടെ കിടന്നുവളർന്ന ഹിന്ദു മഹാസഭയുടെ രാപ്പനി നന്നായറിയാവുന്നതുകൊണ്ടുകൂടിയായിരുന്നു ആ മുന്നറിയിപ്പ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിെൻറ തൊട്ടുമുമ്പ്, 1947 ജൂലൈ 26ന് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ അധ്യക്ഷതയിൽ ചേർന്ന ഹിന്ദു മഹാസഭ യോഗത്തിൽ 'ഹിന്ദുരാഷ്ട്രത്തിന് ഒരു 12 ഇന പരിപാടി' അവതരിപ്പിച്ചിരുന്നു. എന്നാൽ, 1948 ജനുവരി 30ന് ഗാന്ധിയെ ഗോദ്സെ വെടിവെച്ചുകൊന്നതിനെ തുടർന്ന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടതോടെ, ഹിന്ദു മഹാസഭ സജീവരാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ച് സാമൂഹിക, ദുരിതാശ്വാസ, അഭയാർഥി പുനരധിവാസ പ്രവർത്തനങ്ങളുമായി ഒതുങ്ങി. ഗാന്ധി വധക്കേസിൽ ഒരു വർഷത്തോളം തടവനുഭവിച്ചു പുറത്തിറങ്ങിയ സവർക്കർക്ക്, 1949 ഡിസംബർ 24ന് കൽക്കത്തയിൽ നടക്കുന്ന ഹിന്ദു മഹാസഭയുടെ 28ാമത് സെഷനിൽ പങ്കെടുക്കാൻ ബോംബെയിൽനിന്നു പോകുന്ന വഴി നാഗ്പുരിൽ സ്വീകരണമൊരുക്കിയിരുന്നു. അവിടെ അദ്ദേഹം പ്രഖ്യാപിച്ചു: ''നമ്മുടെ ലക്ഷ്യമായ അഖണ്ഡഭാരതം മുെമ്പന്നത്തേക്കാളും അടുത്തെത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ പീഡാനുഭവങ്ങളിൽ മുങ്ങിക്കയറി വർധിതാവേശത്തോടെ അത് കരുത്തുപ്രാപിച്ചിരിക്കുന്നു. ഭൂരിപക്ഷം ഹിന്ദുക്കൾ താമസിക്കുന്ന ഒരു രാജ്യത്ത് മതേതരരാഷ്ട്രത്തെക്കുറിച്ചു പറയുന്നതുതന്നെ നിരർഥകമാണ്. ഭൂരിപക്ഷത്തിെൻറ അഭിമാനകരമായ ദൗത്യമാണ് ഹിന്ദു രാഷ്ട്രം എന്നു പറയുന്നത്.''
അഭിരാം ദാസ്, വി.ഡി. സവർക്കർ, കെ.കെ നായർ
സവർക്കറുടെ പ്രഖ്യാപനം നടന്ന് മണിക്കൂറുകൾക്കകം അയോധ്യയിൽ ബാബരി മസ്ജിദിെൻറ ഗർഭഗൃഹത്തിൽ രാമവിഗ്രഹം സ്ഥാപിച്ച് സഭയുടെ യുനൈറ്റഡ് പ്രോവിൻസ് (നിലവിലെ ഉത്തർപ്രദേശ്) നേതൃത്വം ഹിന്ദുത്വരാഷ്ട്രത്തിന് അസ്തിവാരമൊരുക്കിയത് യാദൃച്ഛികമാവാനിടയില്ല. അയോധ്യയിലെ ആ ഇരുണ്ടരാത്രിയുടെ കഥ പറയുന്ന 'Ayodhya: The Dark Night' എന്ന പുസ്തകത്തിൽ കൃഷ്ണ ഝായും ധീരേന്ദ്ര കെ. ഝായും സഭ അഖിലേന്ത്യ സെക്രട്ടറി പ്രമോദ് പണ്ഡിറ്റ് ജോഷിയുമായി നടത്തിയ അഭിമുഖത്തിലെ വിവരം പങ്കുവെക്കുന്നുണ്ട്. 1949 ഡിസംബർ രണ്ടാം വാരം ഡൽഹി ഹിന്ദു മഹാസഭ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ, രാമജന്മഭൂമി വീണ്ടെടുക്കാനുള്ള യത്നത്തിൽ മുഴുകാനും ഡിസംബർ 24 െൻറ കൊൽക്കത്ത വാർഷികയോഗത്തിനുമുമ്പ് ദൗത്യം പൂർത്തീകരിക്കാനും പാർട്ടി യു.പി പ്രസിഡൻറ് മഹന്ത് ദിഗ്വിജയ്നാഥിന് സവർക്കർ നിർദേശം നൽകി എന്നായിരുന്നു അത്.
1949 ഡിസംബർ 22ലെ ഇരുണ്ട രാത്രി
പുരാതന മസ്ജിദിെൻറ അകത്തു മുഴുവൻ മുഴക്കമുണ്ടാക്കി എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ബാങ്കുവിളിക്കാരൻ മുഹമ്മദ് ഇസ്മാഈൽ അന്നു ഞെട്ടിയുണർന്നത്. 15 വർഷം മുമ്പ് 1934ൽ മസ്ജിദിെൻറ താഴികക്കുടങ്ങളിലൊന്ന് അക്രമികൾ കേടുവരുത്തിയ ശേഷം കരുതലോടെയായിരുന്നു ഇസ്മാഈലിെൻറ രാത്രിവാസം. അതേസമയം, മസ്ജിദിനു സമീപമുള്ള രാംഛബൂത്രയിലെ സന്യാസിമാരുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉറക്കച്ചടവിൽനിന്നുണരുമ്പോൾ ആരൊക്കെയോ പള്ളിയിലേക്കു അതിക്രമിച്ചുകയറുന്നത് കണ്ടു. ഓടിച്ചെന്ന് മുന്നിലുള്ളയാളെ പിടികൂടി കൈയിലുള്ള സഞ്ചി കൈവശപ്പെടുത്താൻ നോക്കി. കുതറിമാറിയ അയാൾ സംഘാംഗങ്ങളുമായി ചേർന്ന് ഇസ്മാഈലിനെ മർദിച്ചു. പ്രാണരക്ഷാർഥം പുറത്തേക്കോടുകയല്ലാതെ അയാൾക്ക് വഴിയുമുണ്ടായിരുന്നില്ല.
പിന്നീട് നടന്നത് സംഘാംഗമായ ഇന്ദുശേഖർ ഝായുടെ വാക്കുകളിൽ: ''രാമവിഗ്രഹം കൈയിലേന്തി അഭിറാം ദാസ് ബാബരി മസ്ജിദിനകത്ത് നടുവിലെ താഴികക്കുട (ഖുബ്ബ)ത്തിനു താഴെയിരുന്നു. ഞങ്ങൾ പണിതുടങ്ങി. അവിടെയുണ്ടായിരുന്ന വിരിപ്പുകളും ബാങ്കുവിളിക്കാരെൻറ വസ്ത്രവും പാത്രങ്ങളുമൊക്കെ ദൂരെക്കളഞ്ഞു. തോട്ടപ്പണിക്കു മണ്ണുകിളക്കുന്ന കൂർത്തുമൂർത്ത 'ഖുർപി'കൊണ്ട് പള്ളിക്കകത്തെയും പുറത്തെയും ചുവരുകളിലെ ഇസ്ലാമിക കൊത്തുവേലകളൊക്കെ ഉരച്ചുമായ്ച്ചുകളഞ്ഞു. പകരം രാമെൻറയും സീതയുടെയും രൂപങ്ങൾ കൊത്തിവെച്ച് കാവി, മഞ്ഞ വർണം പൂശി.''
രണ്ടു കൊല്ലത്തെ ഗൂഢപദ്ധതി പൂർത്തിയാവുന്നു
രണ്ടു വർഷം മുമ്പ് 1947ൽ ഗോണ്ട ജില്ലയിലെ ബൽറാംപുരിലെ മഹാരാജാവ് സംഘടിപ്പിച്ച മഹായജ്ഞത്തിനിടെ ഗാന്ധിവധക്കേസിൽ തടവിലായിരുന്ന യു.പി ഹിന്ദുമഹാസഭ നേതാവും ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹന്തുമായിരുന്ന ദിഗ്വിജയ് നാഥ്, ജില്ല മജിസ്ട്രേറ്റ് കെ.കെ. നായർ എന്നിവർ നടത്തിയ ഗൂഢാലോചനയുടെ പൂർത്തീകരണമായിരുന്നു ഹനുമാൻഗഢിയിലെ സന്യാസി അഭിറാം ദാസും സംഘവും നിറവേറ്റിയത്. 1949 ഡിസംബർ 21ന് അയോധ്യയിലെ ജംബ്വന്ത് ഖില എന്ന ചെറിയ ക്ഷേത്രത്തിലായിരുന്നു ഗൂഢാലോചന. സന്യാസി ബൽറാം ദാസ്, മഹാസഭ പ്രാദേശിക നേതാക്കളായ ഗോപാൽചന്ദ്ര വിശാരദ്, രാമചന്ദ്രദാസ് പരമഹംസ്, അഭിറാം ദാസ് എന്നിവരുമായി ചേർന്നു തയാറാക്കിയ പരിപാടി ഇങ്ങനെ: അഭിറാം ദാസും പരമഹംസും വൃന്ദാവൻദാസും ഡിസംബർ 22ന് അർധരാത്രിക്കു (ബാബരി ഗേറ്റിലെ കാവൽക്കാരൻ പാതിരാഡ്യൂട്ടി മാറുന്നതിനു) മുന്നേ മസ്ജിദിനകത്തു നുഴഞ്ഞുകയറും. പുലർച്ചെ നാലുമണിക്കകം വിഗ്രഹം സ്ഥാപിച്ച് അകം ക്ഷേത്രസമാനമാക്കും. നാലിനു ദീപം തെളിച്ച്, മണിമുഴക്കി ആരതിക്കു തുടക്കമിടും. ഗോപാൽ സിങ് വിശാരദ് അയോധ്യയിലെയും അയൽപ്രദേശത്തെയും ഹിന്ദുഭക്തരെ സ്ഥലത്തെത്തിക്കും. ബലപ്രയോഗം ആളപായത്തിനിടയാക്കുമെന്നു പറഞ്ഞു, മുകളിൽനിന്നുള്ള സമ്മർദങ്ങളെ പ്രാദേശിക ഭരണകൂടത്തിന് അതിജീവിക്കാൻ ജനപ്രവാഹം കാരണമായിത്തീരണം.
അബുൽബറകാത്ത് എന്ന മൂകസാക്ഷി
എല്ലാം പറഞ്ഞപോലെ പൂർത്തീകരിക്കപ്പെടുമ്പോൾ എല്ലാത്തിനും മൂകസാക്ഷിയായി നിൽക്കാനേ പള്ളിയുടെ പാതിരാ കാവൽക്കാരൻ അബുൽ ബറകാത്തിനു കഴിഞ്ഞുള്ളൂ. സംഭവത്തിൽ ഡിസംബർ 23ന് പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 1950 ഫെബ്രുവരി ഒന്നിന് തയാറാക്കിയ കുറ്റപത്രത്തിലെ പ്രോസിക്യൂഷൻ സാക്ഷിയായി അബുൽബറകാത്ത്. അദ്ദേഹത്തിെൻറ പേരിൽ പുറത്തുവന്ന മൊഴി വിചിത്രമായിരുന്നു. ''22, 23 തീയതികളിൽ രാത്രിഡ്യൂട്ടിയിലിരിക്കെ, ബാബരി മസ്ജിദിനുള്ളിൽ ഒരു ദിവ്യപ്രകാശം ഒളിമിന്നുന്നതു കണ്ടു. ആ ദീപപ്രഭയിൽ നാലോ അഞ്ചോ വയസ്സുള്ള ദേവതുല്യനായ ഒരു സുന്ദരൻകുഞ്ഞ് ദൃശ്യനായി. മോഹാലസ്യപ്പെട്ട തനിക്കു സ്വബോധം വീണ്ടുകിട്ടുമ്പോൾ പള്ളിയുടെ മെയിൻഗേറ്റിെൻറ പൂട്ട് പൊളിഞ്ഞതും അതിലൂടെ ഹൈന്ദവ ജനക്കൂട്ടം കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതും കണ്ടു.
ദൈവം സ്വയംഭൂവായി എന്നവർ പാടുന്നതും കേട്ടു'' എന്നായിരുന്നു മൊഴി. ഈ 'അത്ഭുതകഥ'യുടെ പൊരുൾ പിന്നീട് നിർമോഹി അഖാഡയിലെ മഹന്ത് ആയിരുന്ന ഭാസ്കർദാസ് പറഞ്ഞത് കൃത്യമാണ്. അത്തരമൊരു സന്ദർഭത്തിൽ ഡ്യൂട്ടിയിലുള്ള ഒരാൾ തടിരക്ഷപ്പെടുത്താൻ മറിച്ചെങ്ങനെ പറയും എന്നായിരുന്നു ഭാസ്കറിെൻറ ചോദ്യം. അന്നു പുലരും മുേമ്പ 'അത്ഭുതകഥകളു'ടെ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിച്ച് വിതരണത്തിനു തയാറാക്കുന്ന തിരക്കിലായിരുന്നു ഗൂഢാലോചന സംഘത്തിലെ ഗോപാൽ സിങ് വിശാരദ്. ഫൈസാബാദ് ജില്ല മജിസ്ട്രേറ്റായ കെ.കെ. നായർ മുൻധാരണയനുസരിച്ച് മഹാസഭയുടെ പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ എല്ലാം വെച്ചുതാമസിപ്പിച്ചു. അങ്ങനെ അന്നോളം മസ്ജിദായിരുന്ന കെട്ടിടം തർക്കസ്ഥലമായി അടച്ചുപൂട്ടി.
അന്നു യു.പി മുഖ്യമന്ത്രിപദത്തിൽ ഗോവിന്ദ് ബല്ലഭ് പന്ത് എന്ന മൃദുഹിന്ദുത്വക്കാരനായ കോൺഗ്രസുകാരനായത് നായർക്ക് സൗകര്യമായി. ആഭ്യന്തരമന്ത്രി സർദാർ പട്ടേലിെൻറ പിന്തുണയിൽ നിന്ന പന്ത്, പ്രധാനമന്ത്രി നെഹ്റുവിെൻറ നേരിട്ടുള്ള എല്ലാ ഇടപെടലുകളെയും നിർവീര്യമാക്കി. 1950 ഡിസംബറിൽ പുണെയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ പ്രത്യേക സെഷൻ 'രാമജന്മഭൂമി ക്ഷേത്രം വീണ്ടെടുക്കാൻ' യത്നിച്ചവരെ അഭിനന്ദിച്ചതോടെ മസ്ജിദ് ധ്വംസന ഗൂഢാലോചനയുടെ ഒന്നാം ഭാഗം പൂർത്തിയായി.
ഡിസംബർ 1992ലും ആവർത്തിച്ചപ്പോൾ
ആ ഡിസംബറിെൻറ തനിയാവർത്തനമായിരുന്നു 1992 ഡിസംബർ ആറിലെ മസ്ജിദ് ധ്വംസനവും തുടർസംഭവങ്ങളും. 1986ലെ മസ്ജിദിെൻറ പൂട്ടുപൊളി, 1989ലെ തർക്കസ്ഥലത്തെ ശിലാന്യാസം, ബാബരി കേസുകളിലെ മെല്ലെപ്പോക്ക്, ബാബരിധ്വംസനം, പള്ളിപൊളിക്കേസിെൻറ ഗതി, ഒടുവിൽ ബാബരികേസിലെ വിധി, ക്ഷേത്രനിർമാണം വരെ സംഭവങ്ങളുടെ നാളും നിലയും പരിശോധിച്ചാൽ കമ്പോടുകമ്പ് സമാനതകൾ കാണാം. ബാബരി മസ്ജിദ് രാജ്യത്തെ ഹിന്ദുവികാരം കൈയിലെടുക്കാനുള്ള ഉപകരണമാക്കി മാറ്റുന്നതിൽ ഹിന്ദു മഹാസഭയിൽ തുടങ്ങി ബി.ജെ.പിയിലെത്തിയ ഹിന്ദുത്വപരിവാർ വിജയിച്ചു. അന്നും പിന്നീടും കേന്ദ്രം ഭരിച്ച കോൺഗ്രസിലും കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയില്ലായ്മ പഴയപടി തുടർന്നു. വിഗ്രഹപ്രതിഷ്ഠക്ക് ഭരണകൂടം ഒരുക്കിയ സൗകര്യം നാലു പതിറ്റാണ്ടിനിപ്പുറം മസ്ജിദ് ധ്വംസനത്തിനും അതേപടി അനുവദിച്ചു. 1949ൽ യു.പിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ജെ.ബി. പന്ത് കളിച്ച കളി സുപ്രീംകോടതിയുടെയും കേന്ദ്രമന്ത്രിസഭയുടെയും പിന്തുണയുണ്ടായിട്ടും 1992ൽ പ്രധാനമന്ത്രി നരസിംഹറാവു ആവർത്തിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിംന്യൂനപക്ഷത്തെ രാഷ്ട്രം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിെൻറ നേർചിത്രമാണ് ബാബരി മസ്ജിദ് പ്രശ്നത്തിൽ കണ്ടത്. 1992ൽ പള്ളിപൊളിച്ചശേഷം മന്ത്രിസഭയിലെ സഹപ്രവർത്തകൻ രാജേഷ് പൈലറ്റിനൊപ്പം സ്ഥലം സന്ദർശിച്ച സൽമാൻ ഖുർഷിദിെൻറ അനുഭവം ഉദാഹരണം. ''പള്ളിപൊളിച്ച്, മുളയും ടാർപോളിൻ ഷീറ്റുമായി കെട്ടിപ്പൊക്കിയ താൽക്കാലിക ക്ഷേത്രത്തിനടുത്തേക്കു ഞങ്ങൾ ചെന്നു. രാജേഷ് നേരെ അകത്തുകയറി രാംലല്ലയുടെ നേരെ ചെന്നു. ഞാൻ ബോധപൂർവം മാറി അപ്പുറമിപ്പുറം ചുറ്റിക്കറങ്ങി.
തർക്കസമയത്ത് അമ്പലത്തിനടുത്തു ചെല്ലുന്നത് എങ്ങനെ എന്ന് എനിക്ക് ശങ്കയുണ്ടായിരുന്നു. രാജേഷ് അതൊന്നും കാര്യമാക്കുന്നുണ്ടെന്നുതന്നെ തോന്നിയില്ല.'' കേന്ദ്രമന്ത്രിസഭയിലെ അംഗമായിട്ടും രാജേഷിനില്ലാത്ത ശങ്ക സൽമാനെ പിടികൂടുന്നതെന്താവാം? രാംഛബൂത്രയിലെ സന്യാസി മസ്ജിദിലെ ഇമാമിനൊപ്പം കിടന്നുറങ്ങിയതാണ് ബാബരി അനുഭവം.
ആ പള്ളിയാണ് തർക്കഭൂമിയാക്കി ഒടുവിൽ രാമക്ഷേത്രത്തിനു വിട്ടുകൊടുത്തത്. മുസ്ലിംകൾക്കോ, ദൂരെ മാറി അഞ്ചേക്കർ പള്ളിക്ക് അനുവദിക്കുകയും. ഈ കോടതിതീർപ്പിൽ മേൽപറഞ്ഞ ഉത്തരം കണ്ടെത്തുന്നുണ്ട് അദ്ദേഹം 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന തെൻറ പുതിയ കൃതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.