പ്രകാശം പരത്തിയ വർഷങ്ങൾ
text_fieldsവിശ്വാസ്യതയും ആർജവവും കൈമുതലാക്കി മുന്നേറിയ മാധ്യമം കുറഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ വഴി വാർത്താമാധ്യമങ്ങളിൽ ഒരു വഴിത്തിരിവ് തന്നെ എന്ന് അക്ഷരാർഥത്തിൽ തെളിയിച്ചു കഴിഞ്ഞു
'വെള്ളിമാട് കുന്നിൽ വെള്ളിനക്ഷത്രമുദിച്ചു'-1987 ജൂൺ ഒന്നിന് ഒത്തുകൂടിയ നൂറുകണക്കിന് ശുഭകാംക്ഷികളെ സാക്ഷിയാക്കി മാധ്യമം ദിനപത്രത്തിന്റെ വരവറിയിച്ച് വൈക്കം മുഹമ്മദ് ബഷീർ നടത്തിയ പ്രഖ്യാപനമാണിത്. വിശ്വസാഹിത്യകാരന്റെ പ്രവചനം ഫലിക്കുക തന്നെ ചെയ്തു. മുൻനിര-മുഖ്യധാരാ പത്രങ്ങൾ മേധാവിത്വം പുലർത്തിയിരുന്ന കേരളത്തിന്റെ മാധ്യമ മണ്ഡലത്തിൽ നേരിന്റെ കരുത്തുമായി വെളിച്ചം പരത്തി ഈ പത്രം കടന്നുകയറി.
കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവുമധികം നിറപ്പകിട്ടാർന്ന പത്രമാകാനൊന്നും കഴിഞ്ഞിട്ടില്ല, പക്ഷേ വിശ്വാസ്യതയേറിയ പത്രങ്ങളുടെ ഗണത്തിൽ ഒന്നാം പട്ടികയിലാണ് നമ്മുടെ മാധ്യമം. ശബ്ദമില്ലാത്ത സമൂഹങ്ങളുടെ നീതിക്കുവേണ്ടി വാദിക്കാൻ എന്നും മാധ്യമം മുന്നിൽ നിന്നു. അനീതി ചെയ്യുന്ന അധികാരികൾക്ക് മുന്നിൽ സത്യം തുറന്നുപറയാൻ തരിമ്പും ഭയപ്പെട്ടില്ല.
സാമൂഹിക ശോഷണങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെ, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ ജനതക്ക് മുന്നറിയിപ്പ് നൽകാൻ മാധ്യമം മുന്നിലുണ്ടായി. അതിശക്തരായിരുന്നു എതിരാളികൾ, ഭീഷണി മുഴക്കിയും ഭയപ്പെടുത്തിയുമെല്ലാം ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്തു. നേരിന്റെ മാർഗത്തിൽ സത്യം വിളിച്ചോതുന്നതിൽ നിന്ന് കടുകിട പിന്നോട്ട് പോയില്ല. പ്രിയപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും മാധ്യമത്തിനൊപ്പം ഉറച്ചുനിന്നു. പരിസ്ഥിതി, മാലിന്യപ്രശ്നം, അഴിമതി, സാമ്പത്തിക തട്ടിപ്പുകൾ, വിശ്വാസചൂഷണങ്ങൾ, അന്ധവിശ്വാസങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, രോഗാതുരമായ ആരോഗ്യരംഗം എല്ലാം 'മാധ്യമം' ഗൗരവമായിതന്നെ സമീപിച്ച വിഷയങ്ങളാണ്.
ഭരണകൂടം ചെയ്ത നന്മകളെ മുന്നണിഭേദമന്യേ ഞങ്ങൾ അംഗീകരിച്ചു, അവ സാധ്യമാക്കാൻ ആവുംവിധമെല്ലാം ഒപ്പം നിന്നു. ജനവിരുദ്ധ നയങ്ങളെടുക്കുന്നവർക്കു മുന്നിൽ അതിശക്ത പ്രതിപക്ഷമായും മാറി. ചാലിയാറിനേയും തീരവാസികളെയും മരണത്തിലേക്ക് തള്ളിവിട്ട മാവൂർ ഗ്വാളിയോർ റയോൺസിന്റെ പരിസ്ഥിതി ചൂഷണത്തിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾക്കായിരുന്നു മാധ്യമത്തിന് ലഭിച്ച ആദ്യ പുരസ്കാരം. നാളിതുവരെ ഉൽകൃഷ്ട മാധ്യമപ്രവർത്തനത്തിനുള്ള അന്തർദേശീയ-ദേശീയ പുരസ്കാരങ്ങളുൾപ്പെടെ നാനൂറിലേറെ അവാർഡുകൾ മാധ്യമത്തെ തേടിയെത്തി.
ആട്, തേ ക്ക്, മാഞ്ചിയം തുടങ്ങിയ തട്ടിപ്പു നിക്ഷേപ കമ്പനികൾക്കെതിരെ 'മാധ്യമം' പ്രസിദ്ധീക രിച്ച അന്വേഷണ പരമ്പര ചതിക്കുഴിൽനി ന്ന് രക്ഷിച്ചത് പതിനായിരക്കണക്കിനാളുകളെയാണ്.
മതവിശ്വാസത്തിെൻറ പേരിൽ നടത്തുന്ന ചൂഷണങ്ങൾ, ആൾദൈവങ്ങൾ, അന്ധവിശ്വാസ കേന്ദ്രങ്ങൾ എന്നിവക്കെതിരെ ശക്തമായ നിലപാടാണ് എന്നും സ്വീകരിച്ചത്. കാസർകോട് മേഖലയിൽ പ്ലാേൻറഷൻ കോർപറേഷൻ തോട്ടങ്ങളിൽ തളിച്ച കൊടുംവിഷം എൻഡോസൾഫാൻ താമസക്കാരിൽ വരുത്തിവെച്ച മാരക ആരോഗ്യപ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതിലും ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിലും വലിയ പങ്കുവഹിച്ചു. ചികിത്സാരംഗത്തെ വ്യാജന്മാർ, വന്ധ്യത ചികിത്സയിലെ ചതിക്കുഴികൾ, മരുന്നു കമ്പനി-ഡോക്ടർ അവിഹിതകൂട്ടുകെട്ട്, വാടക ഗർഭപാത്രം തുടങ്ങി മറ്റാരും എത്തിപ്പെ ടാത്ത മേഖലകളിൽവരെ 'മാധ്യമം' കടന്നു ചെന്നു. മലയാളത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സാംസ്കാരിക പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ്. കെ.ആർ. മീരയുടെ 'ആരാച്ചാർ' ഉൾപ്പെടെ സാഹിത്യ ഭൂപടത്തിൽ മലയാളകൊടിയടയാളമായി മാറിയ നിരവധി സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടത് മാധ്യമം ആഴ്ചപ്പതിപ്പിലാണ്. ഡിജിറ്റൽ മാധ്യമ ലോകത്ത് അതിശക്തമായ സാന്നിധ്യമാണ് www.madhyamam.com ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ കുടുംബ പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു കുടുംബം മാഗസിൻ.
വിദ്യ, ഗൃഹം, രുചി, ആരോഗ്യം പ്രത്യേക പതിപ്പുകളെല്ലാം ഏറ്റവും മികവുറ്റ പ്രസിദ്ധീകരണങ്ങളായി. നവകേരളം കെട്ടിപ്പടുക്കാൻ പ്രവാസപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾക്കായി നാം ശക്തമായി വാദിച്ചു. മലയാളക്കരയിൽ മാത്രമല്ല, മലയാളിയുടെ രണ്ടാംവീടായി മാറിയ മരൂഭൂ രാജ്യങ്ങളിലും നമ്മുടെ സാന്നിധ്യമെത്തി. ആദ്യ അന്തർദേശീയ ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം നാടിന്റെ മിടിപ്പും പ്രവാസത്തിന്റെ തുടിപ്പുമായി മാറി, ഇന്ത്യൻ പ്രവാസിയുടെ മുഖപത്രമായി. ജി.സി.സിയിൽ പ്രചാരത്തിൽ ഒന്നാംനിരയിലുള്ള 'ഗൾഫ് മാധ്യമം' നിലവിൽ സൗദി അറേബ്യ (റിയാദ്, ജിദ്ദ, ദമാം), യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന ഏക ഇന്ത്യൻ പത്രമാണ്.
മാധ്യമം കുടുംബത്തിൽനിന്ന് പിറവിയെടുത്ത മീഡിയവൺ സെൻസേഷനലിസം നിറഞ്ഞ വാർത്താചാനൽ ദൃശ്യമാധ്യമ രംഗത്ത് തിരുത്തിന്റെ കരുത്തായി. അക്ഷരങ്ങളിലൊതുങ്ങിയില്ല മാധ്യമത്തിന്റെ സേവനവൃത്തം. മഹാരാഷ്ട്രയിലെ ലാത്തൂരിലും ഗുജറാത്തിലെ ഭുജിലും ഭൂകമ്പവേളയിൽ ആശ്വാസ-സന്നദ്ധസേവന പ്രവർത്തനങ്ങളൊരുക്കി. മാരക രോഗങ്ങളിൽ വലയുന്നവർക്ക് ആശ്വാസമേകി വരുന്ന മാധ്യമം ഹെൽത്കെയർ അസുഖക്കിടക്കിലായിരുന്ന ആയിരക്കണക്കിനാളുകൾക്ക് സമാധാനം പകർന്നു .
കായികം, സിനിമ, സാഹിത്യം, സാമൂഹിക സേവനം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രതിഭകൾക്കായി മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 'അക്ഷരവീടു'കൾ പൂർത്തിയായി വരുന്നു. കെ.സി. അബ്ദുല്ല മൗലവി, വൈക്കം മുഹമ്മദ് ബഷീർ, പി.കെ.ബാലകൃഷ്ണൻ, കെ.എ.കൊടുങ്ങല്ലൂർ, പ്രഫ. സിദ്ദീഖ് ഹസ്സൻ... മാധ്യമത്തിന് വിത്തിട്ട് വെള്ളമൊഴിച്ച് പരിപോഷിപ്പിച്ച മഹാമനുഷ്യരിൽ പലരും യാത്രയായിരിക്കുന്നു. പക്ഷേ, അവർ കണ്ട സ്വപ്നം സാക്ഷാത്കരിച്ച് തലയുയർത്തി നിൽക്കുന്നു നിങ്ങളുടെ പ്രിയപത്രം, നമ്മുടെ മാധ്യമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.