ഇന്ദിര ഗാന്ധിയില്ലാത്ത 38 വർഷങ്ങൾ
text_fieldsജവഹർലാൽ നെഹ്റുവിന് ശേഷം ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഏഷ്യയിലെ ഉരുക്കുവനിത ഇന്ദിര ഗാന്ധി സുരക്ഷാഭടന്മാരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 38 വർഷമാവുന്നു.
1967ൽ ലാൽബഹദൂർ ശാസ്ത്രിയുടെ മരണശേഷം കാമരാജിനെപ്പോലുള്ളവരുടെ ശക്തമായ പിന്തുണയോടെയാണ് കോൺഗ്രസിലെ സിൻഡിക്കേറ്റ് വിഭാഗമായി അറിയപ്പെട്ടിരുന്ന നിജലിംഗപ്പ, മൊറാർജി ദേശായി, അതുല്യഘോഷ്, എസ്.കെ. പാട്ടീൽ തുടങ്ങിയവരുടെ എതിർപ്പിനെ തൃണവത്ഗണിച്ച് മുന്നേറാൻ ഇന്ദിര ഗാന്ധിക്ക് സാധിച്ചത്. ഡോ.സാക്കിർ ഹുസൈന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന രാഷ്ട്രപതി സ്ഥാനത്തേക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഢിക്കെതിരെ ഉപരാഷ്ട്രപതി വി.വി. ഗിരിയെ മത്സരിപ്പിച്ച് ജയിപ്പിച്ചതോടെ കോൺഗ്രസ് അവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. 705 എ.ഐ.സി.സി അംഗങ്ങളിൽ 446 അംഗങ്ങളുടെ പിന്തുണയുമായി ഇന്ദിര ഗാന്ധി ജഗ്ജീവൻറാമിനെ അധ്യക്ഷനാക്കി പുതിയ പാർട്ടിക്ക് രൂപം നൽകി. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി. ഈ വിജയത്തിന് പ്രധാന കാരണം '69ലെ പിളർപ്പിനുശേഷം ഇന്ദിര കൈക്കൊണ്ട ബാങ്ക് ദേശസാത്കരണം, പ്രിവിപെഴ്സ് എന്ന പേരിൽ 560 ഓളം നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന രാജകീയ ആനുകൂല്യങ്ങൾ നിർത്തലാക്കൽ തുടങ്ങിയ സുപ്രധാന സാമ്പത്തിക പരിഷ്കരണങ്ങളായിരുന്നു.
ചരിത്രം ജ്വലിക്കുന്ന ബംഗ്ലാദേശ് യുദ്ധം
കിഴക്കൻ പാകിസ്താനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മുജീബുറഹ്മാന്റെ നേതൃത്വത്തിലെ അവാമിലീഗ് വമ്പിച്ച വിജയം കൈവരിച്ചെങ്കിലും അധികാരം കൈമാറാൻ തയാറാവാത്ത പാകിസ്താൻ പ്രസിഡന്റ് യഹ്യാഖാന്റെ തീരുമാനത്തിനെതിരെ ബംഗ്ലാദേശ് രാഷ്ട്രം എന്ന ആവശ്യമുന്നയിച്ച് കിഴക്കൻ പാകിസ്താനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന് ഇന്ത്യ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന പോരാളികളായ മുക്തി ഭാഹിനിക്കനുകൂലമായി ഇന്ത്യ പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി. 14 ദിവസം നീണ്ട യുദ്ധത്തിൽ പാക് സൈന്യം കീഴടങ്ങി. ബംഗ്ലാദേശ് എന്ന ഒരു രാജ്യത്തിന്റെ ജന്മത്തിന് ഇന്ത്യ കാർമികത്വം വഹിച്ചുവെന്നുതന്നെ പറയാം.
1975 ജൂൺ 12ന് അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പിറകെ 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തുടർന്ന് ഭരണഘടനപരമായ മൗലികാവകാശങ്ങൾ മരവിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തതുമെല്ലാം രാജ്യചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. അടിയന്തരാവസ്ഥക്കാലത്ത് സർവ അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കപ്പെട്ടെന്ന് ആരോപിക്കപ്പെട്ടിരുന്നപ്പോഴും സുപ്രീംകോടതിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമുണ്ടായിരുന്നു.
1977ലെ തെരഞ്ഞെടുപ്പ് പരാജയം ഇന്ദിര ഗാന്ധി എന്ന നേതാവിനെ ഗുണകരമായി മാറ്റിപ്പണിതു എന്നുവേണം വിലയിരുത്താൻ. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധിയെ സ്ഥാനത്തുനിന്ന് നീക്കി. ലോക്സഭ പിരിയും വരെ ഇന്ദിര ഗാന്ധിയെ തടവിൽ പാർപ്പിച്ചെങ്കിലും 1980 ൽ അവർ അധികാരത്തിൽ തിരിച്ചു വന്നു.
ലോകത്തിലെ ശാക്തികചേരികൾ എന്നും ആദരിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധി. ഒരു വ്യക്തി എന്നതിലുപരി ഇന്ത്യ എന്ന രാജ്യം ഉയർത്തിപ്പിടിച്ച നീതിപൂർവമായ അന്താരാഷ്ട്ര നിലപാടുകൾക്കുള്ള സ്നേഹം കൂടിയായിരുന്നു അത്. 1983 ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയിൽ തനിക്ക് മുമ്പ് ജോർഡൻ ഭരണാധികാരി ഹുസൈൻ രാജാവിനെ ക്ഷണിച്ചതിൽ ക്ഷുഭിതനായി ഉച്ചകോടി ബഹിഷ്കരിക്കാനൊരുങ്ങി ഫലസ്തീൻ വിമോചന സംഘടന (പി.എൽ.ഒ) നേതാവ് യാസിർ അറാഫത്ത്. ക്യൂബൻ വിപ്ലവ നായകൻ ഫിദ്ൽ കാസ്ട്രോ മുഖാന്തരം സമ്മേളനസെക്രട്ടറി ജനറൽ നട്വർ സിങ് നടത്തിയ അപേക്ഷകൾക്ക് മുന്നിൽ വഴങ്ങാൻ തയാറായിരുന്നില്ല അറാഫത്ത്. എന്നാൽ, താങ്കൾ ഇന്ദിര ഗാന്ധിയുടെ മിത്രമാണെങ്കിൽ ഈ അപേക്ഷ സ്വീകരിക്കണമെന്ന് കാസ്ട്രോ പറഞ്ഞതോടെ അറാഫത്ത് വഴങ്ങുകയും തിരികെ ഉച്ചകോടിയിൽ വന്ന് പ്രഭാഷണം നടത്തുകയും ചെയ്തു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ധ്രുവീകരിച്ച് നേട്ടം കൊയ്യാൻ ശ്രമം നടക്കുന്ന കാലത്ത് മതഭാഷാ ആചാര വിചാരങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഇന്ദിര ഗാന്ധിയെപ്പോലുള്ള നേതാവിന്റെ അഭാവം നിഴലിച്ചുനിൽക്കുന്നു. രാജ്യത്തെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഇന്ദിര ഗാന്ധി ഉയർത്തിപ്പിടിച്ച കലർപ്പില്ലാത്ത മതേതരത്വത്തിനു മാത്രമെ സാധിക്കുകയുള്ളൂവെന്ന യാഥാർഥ്യം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തിരിച്ചറിഞ്ഞേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.