ഫാറൂഖ് കോളജിന്റെ 404 ഏക്കർ ഭൂമി കൈയേറ്റക്കാരിലേക്ക്
text_fieldsഎറണാകുളം മഹാരാജാസ് കോളജോ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജോ തലശ്ശേരി ബ്രണ്ണൻ കോളജോ സൃഷ്ടിച്ചെടുത്തയത്ര എഴുത്തുകാരെയോ രാഷ്ട്രതന്ത്രജ്ഞരെയോ ചലച്ചിത്ര പ്രതിഭകളെയോ സംഭാവന ചെയ്തിട്ടില്ലായിരിക്കാം, എന്നിരിക്കിലും കേരളത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ മണ്ഡലത്തിൽ സുപ്രധാനമായൊരു സ്ഥാനമുണ്ട് കോഴിക്കോട് ഫാറൂഖ് കോളജിന്.
വിവിധങ്ങളായ കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ലോകത്തുനിന്ന് അകറ്റപ്പെട്ട ഒരു സമുദായത്തെ ശാക്തീകരിക്കാനും മുഖ്യധാരയിലെത്തിക്കാനും ആ കലാലയം വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.
ഉയിർത്തെഴുന്നേൽക്കുന്ന ഒരു തലമുറയെ സ്വപ്നംകണ്ട് മൗലവി അബൂസബാഹിനെയും കെ.എം. സീതി സാഹിബിനെയും പോലുള്ള മഹാരഥർ രൂപപ്പെടുത്തിയ ഈ വിദ്യാസൗധത്തിന്റെ ഓരോ കല്ലും പടുക്കപ്പെട്ടത് സുമനസ്സുകളുടെ പ്രാർഥനയും പിന്തുണയും ചേർത്തായിരുന്നു.
‘മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കും തന്റെ പരലോക ഗുണത്തിനും വേണ്ടി’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കോളജിനായി കണ്ടെത്തിയ 28 ഏക്കർ ഭൂമി പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി വഖഫ് ചെയ്തു നൽകിയത്. ചാവക്കാട്ടെ വ്യവസായ പ്രമുഖന് രാജാ അബ്ദുൽ ഖാദര്‍ ഹാജി നൽകിയ 10,000 രൂപ കൊണ്ടാണ് നിർമാണം തുടങ്ങിയത്.
കാർ വിറ്റ് ആ പണം കോളജ് നിർമാണ ഫണ്ടിന് നൽകിയവരും കച്ചവടത്തിനായി കരുതിവെച്ച പണം മുഴുവൻ കോളജിന് നൽകിയവരും മക്കളുടെ ഭാവിക്കായി നൽകാൻ വെച്ചിരുന്ന പണവും ഭൂമിയും സമുദായ മക്കളുടെ വളർച്ചക്കായി സംഭാവന ചെയ്തവരുമുണ്ട്.
സി. രാജഗോപാലാചാരിക്ക് മദ്രാസ് മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകിയതിനുപകരമായി വാഗ്ദാനം ചെയ്യപ്പെട്ട മന്ത്രിസ്ഥാനംപോലും വേണ്ടെന്നുപറഞ്ഞ മുസ്ലിം ലീഗ് നേതാക്കൾ പകരമായി ചോദിച്ചത് ഫാറൂഖ് കോളജിനുള്ള അംഗീകാരമായിരുന്നു.
സമൂഹത്തിന്റെ വളർച്ചയും ഉയർച്ചയും അത്രമേൽ സ്വപ്നംകണ്ട മനുഷ്യരും കൂട്ടായ്മകളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സമ്പത്ത് വഖഫ് ചെയ്യുമ്പോൾ സ്വന്തം കാര്യങ്ങളെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല എന്ന് ഓർമിപ്പിക്കാനാണ് ഈ ഉദാഹരണങ്ങൾ പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഫാറൂഖ് കോളജിന്, മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന വ്യവസ്ഥയോടെ മുഹമ്മദ് സിദ്ദീഖ് സേട്ട് 1950ൽ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയുടെ അന്നത്തെ പ്രസിഡന്റ് ഖാൻ ബഹദൂർ പി.കെ. ഉണ്ണിക്കമ്മുവിന് രജിസ്റ്റർ ചെയ്തുകൊടുത്തത് എറണാകുളം ചെറായി ബീച്ചിലെ 404.76 ഏക്കർ സ്ഥലമാണ്.
ഈ ഭൂമിയിൽനിന്ന് ലഭിക്കുന്ന ആദായം ഫാറൂഖ് കോളജിന്റെ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന് വഖഫ് രേഖയിൽ വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭൂമിയുടെ അതിർത്തികൾ ഉൾപ്പെടെ വ്യക്തമാക്കുന്ന കൃത്യമായ ആധാരമുണ്ടായിട്ടും കാലാകാലങ്ങളായി ഇവിടെ കൈയേറ്റങ്ങൾ നടന്നു, അധികാരികൾ കണ്ണടച്ചു.
വൈപ്പിൻ മേഖല വികസിക്കുകയും മുനമ്പം-ചെറായി മേഖല റിസോർട്ടുകളുടെ കേന്ദ്രമാവുകയും ചെയ്തതോടെ വൻകിട ഗ്രൂപ്പുകളും ഭൂമിയിൽ കണ്ണുവെച്ചു. ഇതിനിടെ, കൈയേറ്റങ്ങൾ സംബന്ധിച്ച് പരാതി ലഭിച്ചപ്പോൾ, വിഷയം അന്വേഷിക്കാൻ 2008ൽ ജസ്റ്റിസ് എം.എ. നിസാറിന്റെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവായി.
വിശദ അന്വേഷണം നടത്തിയ കമീഷൻ 404.76 ഏക്കർ സ്ഥലം വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ചു. 2009 ജൂണില്‍ നിസാർ കമീഷൻ റിപ്പോർട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂമി കൈയേറിയവർക്ക് നികുതി അടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഫാറൂഖ് കോളജ് സെക്രട്ടറിയായിരുന്ന കെ.സി. ഹസ്സന് കുട്ടി നികുതി അടച്ചിരുന്ന ഭൂമി, വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
പറവൂര്‍ സബ് കോടതിയിലെ 0553/671 നമ്പർ, ഹൈകോടതിയിലെ 600/71 നമ്പര്‍ കേസുകളില്‍ വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന് 2019 മേയ് 20ന് ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിക്കുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കൈയേറിയവർക്ക് നോട്ടീസും അയച്ചു.
ഇതിനിടെയാണ് എല്ലാം അട്ടിമറിച്ച് കൈയേറ്റക്കാർക്ക് അനുകൂലമാകും വിധം മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഗൂഢാലോചന അരങ്ങേറിയത്. റവന്യൂ മന്ത്രിയും വഖഫ് മന്ത്രിയും സ്ഥലം എം.എൽ.എയും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈവശക്കാര്‍ക്ക് നികുതി അടക്കുന്നതിന് അനുവാദം നല്‍കിയതോടെ വഖഫ് ഭൂമിയുടെ ഭാവിയെക്കുറിച്ച ആശങ്ക ഉയർന്നു.
വഖഫ് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ മുൻനിർത്തിയാണ് കരുനീക്കങ്ങൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രദേശത്ത് എൽ.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളിലൊന്ന് ഇവിടത്തെ താമസക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നായിരുന്നു.
വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, അനധികൃത കൈയേറ്റങ്ങൾക്ക് അംഗീകാരം നൽകാൻ നടപടി സ്വീകരിക്കുമെന്നുതന്നെ. താമസക്കാരുടെ പേരുപറഞ്ഞ് ഔദ്യോഗിക നടപടികൾ വേഗത്തിലാക്കാൻ കൈയേറ്റക്കാരായ കുത്തകകൾ കിണഞ്ഞു ശ്രമിച്ചു. അസാധാരണമായിരുന്നു തുടർന്നുള്ള നടപടികൾ.
വഖഫ് ഭൂമിയാണെന്ന ഒരുതരത്തിലെ പരിഗണനയുമില്ലാതെ റവന്യൂ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയും ചേർന്ന് നികുതി അടക്കാന്‍ കൈയേറ്റക്കാര്‍ക്ക് അനുമതി നല്കുന്ന തീരുമാനമുണ്ടാക്കുകയും മറ്റു പ്രത്യാഘാതങ്ങളൊന്നും പരിഗണിക്കാതെ കലക്ടർ നികുതി വാങ്ങാൻ നിർദേശം നൽകുകയുമായിരുന്നു.
കൈയേറ്റക്കാരിൽനിന്ന് നികുതി സ്വീകരിച്ചുകഴിഞ്ഞ ശേഷം മാത്രമാണ് സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് വഖഫ് ബോർഡിനും ബോധോദയമുണ്ടാകുന്നത്. അങ്ങനെയാണ് വിഷയം കോടതി കയറുന്നത്. ഭൂമി പോക്കുവരവ് ചെയ്തുനൽകുന്നതും റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്ഥിരപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
നികുതി വാങ്ങിയതിനെതിരെ ചിലർ വഖഫ് ബോർഡ് ചെയർമാനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യമാണത്രെ. വഖഫ് ഭൂമി നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല, അവിടെ കൈയേറിയവരുടെ ഭാവിയെക്കുറിച്ചാണ് ചെയർമാനും ആശങ്ക.
ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി ക്രയവിക്രയം നടത്താൻ അന്നത്തെ മാനേജിങ് കമ്മിറ്റി, അഭിഭാഷകനായ എം.വി. പോൾ എന്നയാൾക്ക് പവർ ഓഫ് അറ്റോണി നൽകിയിരുന്നുവെന്നാണ് വിശദീകരണം. ഇദ്ദേഹത്തിൽനിന്നാണത്രെ പലരും ഭൂമി കൈവശപ്പെടുത്തിയത്. കൈയേറ്റത്തിന്റെ തുടക്കം മുതൽ അധികാരികൾ ഇത് അവഗണിച്ചപ്പോൾ കൈയേറ്റക്കാരുടെ എണ്ണം വർധിച്ചു. അക്കാലത്ത് വഖഫ് ബോർഡും വിഷയം ഗൗരവത്തിലെടുത്തില്ല.
വൻ അഴിമതിയാണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. 619 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. താമസക്കാരെല്ലാം കൈയേറ്റക്കാരാണെന്ന് പറയാനാകില്ല. അതേസമയം, കൈയേറ്റക്കാരിൽനിന്ന് ഭൂമി വിലകൊടുത്ത് വാങ്ങിയവരാണ് പലരും.
ക്ലബ് മഹീന്ദ്രയുടേതടക്കം നിരവധി റിസോർട്ടുകളും അവിടെ പ്രവർത്തിക്കുന്നു. കൈയേറ്റങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭ്യമാക്കാൻ വർഷങ്ങളായി നടക്കുന്ന ഗൂഢാലോചന സർക്കാറിന്റെ ഒത്താശയോടെ യാഥാർഥ്യമായാൽ, ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം സ്വപ്നംകണ്ട് സമർപ്പിക്കപ്പെട്ട ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാവുക.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.