നവതി നിറവിൽ ആ വികൃതിക്കുട്ടി
text_fieldsകുട്ടികളെ കേൾക്കാനും മനസ്സിലാക്കാനും സദാസന്നദ്ധമായിരുന്ന വിദ്യാലയത്തിന്റെയും അധ്യാപകന്റെയും കഥ ‘ടോട്ടോ-ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പുസ്തകത്തിലൂടെ, ലോകത്തോടു പറഞ്ഞ തെത്സുകോ കുറോയാനഗി എന്ന എഴുത്തുകാരിക്ക്, ലോകം കീഴടക്കിയ കുഞ്ഞു ടോട്ടോക്ക് നാളെ 90 വയസ്സ് തികയുന്നു.
1933 ആഗസ്റ്റ് ഒമ്പതിന് ജപ്പാനിലെ നോഗിസാക്കയിൽ ജനിച്ച, ടോമോ സ്കൂളിൽ കൊബായാഷി മാസ്റ്ററുടെ ശിഷ്യയായി പഠിച്ചും കളിച്ചും വളർന്ന അവർ ലോകമറിയുന്ന നടിയും ടെലിവിഷൻ അവതാരകയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഉപദേശകയും യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡറുമൊക്കെയാണ്.
1953ൽ ജപ്പാനിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് തിയറ്റർ കമ്പനിയിൽ (NHK) ചേർന്ന തെത്സുകോ 1954-ൽ യാംബോ നിംബോ ടോംബോ എന്ന റേഡിയോ നാടകത്തിലെ പ്രധാന നടിയായി അരങ്ങേറ്റം കുറിച്ചു.
1976-ൽ, ആസാഹി ടെലിവിഷൻ തെത്സുകോസ് റൂം എന്ന പരിപാടി (തെത്സുകോ നോ ഹെയ എന്ന പേരിൽ) സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി. ഒരേ അവതാരകയുടെ, ഏറ്റവും കൂടുതൽ തവണ പ്രക്ഷേപണം നടത്തിയ പരിപാടിയെന്ന നിലയിൽ 2011-ൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഈ പ്രോഗ്രാമിനെ അംഗീകരിച്ചു. 2022-ലെ കണക്കനുസരിച്ച്, അതിന്റെ 46-ാം വർഷത്തിൽ ഇത് 11,000 എപ്പിസോഡുകൾ പിന്നിട്ടു.
മാധ്യമ-അഭിനയ മേഖലയിലെ സേവനങ്ങളേക്കാൾ അവർ സാംസ്കാരിക ലോകത്തിന് നൽകിയ വലിയ സംഭാവന ടോട്ടോച്ചാൻ എന്ന കുഞ്ഞു പുസ്തകം തന്നെയാണ്. കുട്ടികൾക്കൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും സർഗാത്മക വിദ്യാഭ്യാസമെന്നത് സ്വപ്നത്തിലെങ്കിലും കാണാൻ, അത് പ്രേരണയായി.
1981ൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഏതാണ്ട് എട്ട് ദശലക്ഷത്തിലധികം കോപ്പികൾ ലോകത്താകമാനമായി വിറ്റുപോയി. ഏതാണ്ടെല്ലാ ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ടോട്ടോച്ചാൻ 1984ൽ ഇംഗ്ലീഷിലും 1992ൽ മലയാളത്തിലുമിറങ്ങി. കവി അൻവർ അലിയാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. മലയാള പരിഭാഷയുടെ ആദ്യ പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്തായിരുന്നു. 1997 മുതൽ നാഷനൽ ബുക്ക് ട്രസ്റ്റ് (ഡൽഹി) ഈ പരിഭാഷ പുറത്തിറക്കുന്നു.
ലോകത്തെ വിവിധ സർവകലാശാലകളുടെയും വിദ്യാലയങ്ങളുടെയും അധ്യാപക- രക്ഷകർതൃ പരിശീലന പരിപാടികൾക്ക് ഒഴിച്ചുകൂടാനാവാത്ത പഠന സഹായിയാണ് ഈ പുസ്തകം. തെക്കുപടിഞ്ഞാറൻ ടോക്കിയോയിലെ പാരമ്പര്യേതര സ്കൂളായ റ്റോമോ ഗാകുവെൻ കേന്ദ്രീകരിച്ചുള്ള അനുഭവ വിവരണമാണിത്. തെത്സുകോ കുറോയാനഗി അവിടെ പഠിച്ച രണ്ടോ അതിലധികമോ വർഷങ്ങളുടെ ഈ വിവരണം ലോകത്തെ ദശലക്ഷക്കണക്കിന് അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ആവേശം പകർന്നുനൽകുന്ന പ്രത്യാശയുടെ പ്രകാശം തന്നെയാണ്.
ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസ്സിലാക്കാനാവാത്ത, ടോട്ടോ പഠിച്ച ആദ്യ സ്കൂളുകളിലെ ‘അധ്യാപകർ’ അവളുടെ ആകാംക്ഷകളെയും ചോദ്യങ്ങളെയും ‘വൻ കുറ്റങ്ങളായി’ അവതരിപ്പിച്ചതോടെയാണ് അവള്ക്കായി നല്ലൊരു സ്കൂള് കണ്ടുപിടിക്കാന് അമ്മ തീരുമാനിച്ചത്.
പഴയ തീവണ്ടി കോച്ചുകളിലിരുന്ന് കുട്ടികളും അധ്യാപകരും പഠന പ്രവർത്തനങ്ങൾ നടത്തുന്ന, പ്രകൃതിയോട് ഏറെ ഇണങ്ങി നില്ക്കുന്ന ‘ടോമോ’ വിദ്യാലയം ആ അമ്മ കണ്തെത്തുന്നതോടെ ടോട്ടോയുടെ ജീവിതം മാറിമറിയുന്നു. അവിടെ വെച്ചാണ് അവൾ കൊബായാഷി മാസ്റ്ററെ ആദ്യമായി കാണുന്നത്. കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്യാതെ, അവൾക്ക് പറയാനുള്ളത് മുഴുവനായും കേൾക്കാൻ തയാറായ മാസ്റ്റർ അവളോടു പറഞ്ഞു: ‘‘ടോട്ടോ, നേരായിട്ടും നീയൊരു നല്ല കുട്ട്യാ...’’
ഒരു കുട്ടിയുടെ മനസ്സിലുള്ളതൊക്കെ തുറന്നുപറയാന് അവസരം നല്കുകയും അവളുടെ ഓരോ വാക്കുകളും അത്യന്തം ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരിക്കുകയും ചെയ്ത കൊബായാഷിമാസ്റ്റര് കുഞ്ഞു ടോട്ടോക്ക് മാത്രമല്ല, ഈ ലോകത്തിനുതന്നെ ഒരത്ഭുതമാണ്. വീട്ടിലെ അന്തരീക്ഷം, മാതാപിതാക്കൾ, പരിചാരകർ, അയൽപക്ക സമൂഹം ഇവയെല്ലാം ഒരു കുട്ടിയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നു. എന്നാൽ, സ്കൂളും അതിന്റെ പരിസരവും അധ്യാപകരും അത്രതന്നെ പ്രാധാന്യമർഹിക്കുന്നുമുണ്ട്. കാരണം, വിദ്യാലയങ്ങൾ; കുട്ടിയുടെ കംഫർട്ട് സോണിന് പുറത്തുള്ള ആദ്യ അനുഭവങ്ങൾ പകർന്നു നൽകുന്ന ഇടങ്ങളായിരിക്കും.
‘കുട്ടികളെ, എന്തു ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം’ എന്നു പറയുമ്പോൾ, അതിനായി ‘ടോമോ ഗകുവെൻ സ്കൂൾ’ അവരുടെ കുട്ടികൾക്ക് വലിയ ഇടങ്ങൾ അവിടെ തുറന്നു നൽകുന്നുണ്ട്.
ടോമോ സ്കൂളിന് ഒരു പാഠ്യപദ്ധതിയുണ്ടായിരുന്നു, ആ കരിക്കുലം കുട്ടികൾക്കുവേണ്ടിയുള്ള ഒന്നായിരുന്നു, അവരെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്ന്. കുട്ടികൾ അനുരൂപപ്പെടുന്നതിനുപകരം, അവർ ആസ്വദിച്ച പാഠങ്ങളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാനുള്ള ‘സ്വയംഭരണാധികാരം’ ടോമോയിലെ കുട്ടികൾക്ക് നൽകിയിരുന്നു. അധ്യാപകർ ഒരിക്കലും അധികാരികളായിരുന്നില്ല, പകരം കുട്ടികൾക്ക് മാർഗദർശികളായിയിരുന്നു (Guide), അവശ്യവേളയിലൊക്കെ കുട്ടികളുടെ സഹായകർ (Facilitator) ആയിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം, എപ്പോഴും നിൽക്കുന്ന ഉപദേശകരുടെ (Mentor) റോളും അവർ നിർവഹിച്ചു.
ടോമോയിൽ അവർ, പുസ്തകങ്ങളിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും പഠിച്ചിരുന്നുവെങ്കിലും യഥാർഥ ലോകവുമായി പതിവായി ഇടപഴകിയിരുന്നു. ഉച്ചഭക്ഷണവേളയിൽ അവർ നല്ല ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യത്യസ്തതരം ഭക്ഷണങ്ങളെക്കുറിച്ചും അവ ആര് ഉണ്ടാക്കുന്നുവെന്നും എങ്ങനെ തയാറാക്കപ്പെടുന്നുവെന്നും നിരന്തരം മനസ്സിലാക്കിക്കൊണ്ടിരുന്നു. ഉച്ചകഴിഞ്ഞുള്ള പതിവു നടത്തത്തിൽ, അവർ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും പഠിച്ചു. സഹജീവി സ്നേഹത്തെ കുറിച്ച്, പരസ്പരമുള്ള പങ്കുവെക്കലിനെ കുറിച്ച് ടോമോ സ്കൂൾ ആ കുഞ്ഞുങ്ങൾക്ക് വലിയ അനുഭവങ്ങൾ പകർന്നു നൽകി.
കുട്ടികളെ ‘ബഹുമാനിക്കുന്നവരെ’ അഥവാ ‘അംഗീകരിക്കുന്നവരെ’ മാത്രമേ അധ്യാപകരുടെ ഗണത്തിൽ പെടുത്താൻ കഴിയൂ എന്നതാണ് ആത്യന്തികമായി ശരി! ഈ പുസ്തകത്തിൽ കുഞ്ഞുടോട്ടോക്ക് ആറോ ഏഴോ വയസ്സുള്ളപ്പോൾ, നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദ്യാലയത്തിലെ വേനൽ അവധിക്ക് അച്ഛനുമൊത്ത് മഞ്ഞുമലകളിലൊരിടത്ത് താമസിക്കാൻ ടോട്ടോ പോകുന്നുണ്ട്. മഞ്ഞുപാളികളിലൂടെ തെന്നിത്തെന്നി നീങ്ങുന്ന ‘സ്കെറ്റിങ്’ വിനോദം നടത്താൻ വിദേശികളടക്കം നൂറുകണക്കിന് ആളുകൾ അവിടെ വന്നുകൂടിയിരിക്കുന്നു. ജിജ്ഞാസയോടെയും കൗതുകത്തോടെയും കറങ്ങിനടക്കുന്ന ടോട്ടോയെ കണ്ട ഒരാൾ അച്ഛനോട് അവളെയും കൊണ്ട് സ്കേറ്റിങ് നടത്താൻ അനുവാദം തേടി; സംസാരത്തിനൊടുവിൽ അച്ഛൻ അതിന് സമ്മതിച്ചു. അയാൾക്കൊപ്പം, ടോട്ടോ വലിയൊരു റെയ്ഡ് നടത്തി തിരിച്ചുവരുന്നു. തീർത്തും അത്ഭുതകരമായ ആ റെയ്ഡിന്റെ അവസാനത്തിൽ അവിടെയുണ്ടായിരുന്ന എല്ലാവരും കൈയടിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നു, അഭിനന്ദിക്കുന്നു. ടോട്ടോക്ക് വലിയ അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.
ടോട്ടോയെ തന്റെ ബെൽറ്റിൽനിന്ന് വേർപെടുത്തിയ ആ അപരിചിതനായ ‘റൈഡർ’ ആദ്യം ചെയ്തത് ചുറ്റുമുള്ള എല്ലാവരെയും, തന്റെ തലയും ശരീരവും കുനിച്ച് (ജപ്പാൻ മാതൃകയിൽ) അഭിവാദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, തിരിഞ്ഞുനിന്ന് കുഞ്ഞു ടോട്ടോയെ അയാൾ അതേമട്ടിൽ അഭിവാദ്യം ചെയ്തു. ഇതേക്കുറിച്ച അധ്യായം ഗ്രന്ഥകാരി ഇങ്ങനെ അവസാനിപ്പിക്കുന്നു: ‘‘വർഷങ്ങൾക്കുശേഷമാണ് ആ അപരിചിതൻ ലോകപ്രസിദ്ധനായ ഒരു സ്കേറ്റിങ് വിദഗ്ധനായിരുന്നുവെന്നത് ഞാൻ തിരിച്ചറിഞ്ഞത്!’’
ലോകപ്രസിദ്ധനായ ഒരാൾ; തനിക്കൊപ്പം സഞ്ചരിച്ച തീർത്തും അപരിചിതയായ ഒരു കുട്ടിയെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്തത് എന്തുകൊണ്ട്? ഈ ചിന്തയാണ്, ചോദ്യമാണ് ഒരു അധ്യാപകൻ/കുട്ടികളെക്കാൾ പ്രായമുള്ള ആൾ എന്ന നിലയിൽ കുട്ടികളെ എത്രത്തോളം അംഗീകരിക്കുന്നുണ്ട് അഥവാ ബഹുമാനിക്കുന്നുണ്ട് എന്ന സ്വയം വിലയിരുത്തലിന് എന്നെ പ്രാപ്തനാക്കുന്നത്.
‘ടോട്ടോ-ചാന്റെ’ തൊണ്ണൂറാം പിറന്നാൾ ലോകത്തിന്റെ പല കോണുകളിലുള്ള സാഹിത്യ കുതുകികളും വിദ്യാഭ്യാസ പ്രവർത്തകരും വരും ദിനങ്ങളിൽ പല രീതിയിൽ ആചരിക്കും. മലയാളത്തിൽ ടോട്ടോയെ പരിചയപ്പെടുത്തിയ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻകൈയിൽ, പരിഭാഷകനെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. സ്കൂളുകളിൽ നാടകാവതരണം, കത്തെഴുത്ത്, പ്രഛന്നവേഷം തുടങ്ങി പല രീതിയിലുള്ള ആഘോഷ/മത്സര പരിപാടികൾ തന്നെയുണ്ടാവും. അധ്യാപകർക്ക് ടോട്ടോ ചാനോട് തരിമ്പ് സ്നേഹമുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് ആ പുസ്തകം പല ആവർത്തി വായിക്കാനും അതു മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ വീക്ഷണത്തിന്റെ നന്മകൾക്ക് ഒപ്പം നടക്കാൻ ശ്രമിക്കുകയുമാണ്. കുട്ടികളെ മുട്ടൻ ചൂരൽകൊണ്ട് തല്ലി അവശരാക്കുകയും ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും കുഞ്ഞുമനസ്സുകളിൽ അന്ധവിശ്വാസങ്ങളെ കുത്തിത്തിരുകാൻ ശ്രമിക്കുകയും ചെയ്യുന്ന ശീലങ്ങൾക്കെതിരായ കൃത്യമായ പ്രതിരോധവും പൊളിച്ചെഴുത്തും കൂടിയാണ് ആ പുസ്തകം. നമ്മൾ അറിയാതെ പോകുമായിരുന്ന ഒരു വിദ്യാഭ്യാസ-സാമൂഹിക വിപ്ലവത്തെ ലോകത്തിന് പരിചയപ്പെടുത്തിത്തന്ന എഴുത്തുകാരിക്ക് ഈ നവതി നിറവിൽ സ്നേഹാഭിവാദ്യങ്ങൾ നേരട്ടെ!
(റിട്ട. അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ലേഖകൻ)
v.manoj101@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.