9/11: വീണ്ടെടുക്കാനാവാത്ത ഓർമകൾ
text_fields9/11; അതൊരു ചൊവ്വാഴ്ചയായിരുന്നു. പതിവുപോലെ നേരത്തേ ഉണർന്ന ഞാൻ കിടക്കയിലിരുന്നുതന്നെ എഴുത്തും വായനയും തുടങ്ങി; ഏതാനും കിലോമീറ്ററുകൾ മാത്രമകലെ മാൻഹാട്ടൻ ഡൗൺടൗണിൽ സംഭവിക്കുന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ. തിരക്കുനിറഞ്ഞ ഡൗൺടൗണിൽനിന്നും മിഡ്ടൗണിൽനിന്നും മാറി, സ്കാൻഡിനേവിയൻ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന ശാന്തതയുള്ള ഭാഗത്തായിരുന്നു കൊളംബിയ യൂനിവേഴ്സിറ്റി കാമ്പസിലെ ഞങ്ങളുടെ അപ്പാർട്മെൻറ്. എെൻറ ഫോൺ ശബ്ദിച്ചു (സെൽഫോണുകൾ അത്ര സാധാരണമല്ലായിരുന്ന അക്കാലത്ത് പഴയമട്ടുള്ള ലാൻഡ്ഫോണുകളാണ് ഞങ്ങളുപയോഗിച്ചിരുന്നത്). വിളിച്ച സുഹൃത്തിെൻറ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു. എനിക്ക് പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്നന്വേഷിച്ചു. സുഖമായിരിക്കുന്നുവെന്നറിയിച്ചപ്പോൾ ടി.വിയൊന്ന് വെച്ചുനോക്കാൻ പറഞ്ഞു അദ്ദേഹം.
അപ്പോഴാണ് ഞാൻ കാണുന്നത്, എെൻറ നഗരം ആക്രമിക്കപ്പെട്ടിരിക്കുന്നുവെന്ന്. വേൾഡ് ട്രേഡ് സെൻററിലെ പടുകൂറ്റൻ ഇരട്ട ഗോപുരങ്ങൾ വിമാനങ്ങളിടിച്ച് തകർന്ന് വീഴുന്നു. മനുഷ്യർ ജീവൻ കൈയിൽ പിടിച്ചോടുന്നു. അപ്പോൾ സമയമെത്രയായി എന്നോർക്കുന്നില്ല. ഘടികാരങ്ങൾ നിലച്ച സമയമായിരുന്നല്ലോ അത്. ഏതാനും മാസം മുമ്പ് മൂത്തമകൾ പർദീസിെൻറ പിറന്നാളിന് നോർത്ത് ടവറിെൻറ ഏറ്റവും മുകളിലുള്ള വേൾഡ് റസ്റ്റാറൻറിെൻറ ജനാലകളിലൂടെ തൊട്ടരികിലുള്ള ന്യൂയോർക് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ വന്നിറങ്ങുന്നതും ഉയർന്നുപൊങ്ങുന്നതും നോക്കിനിന്നത് ഞാനോർത്തു. അന്നവളോട് പറഞ്ഞിരുന്നു; നമ്മുടെ കാൽചുവട്ടിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും പറക്കുന്നതും കാണുന്നത് വിചിത്രമല്ലേയെന്ന്.
എനിക്ക് തീർത്തും വിശ്വസിക്കാനാകുമായിരുന്നില്ല. വേഗം വസ്ത്രമണിഞ്ഞ് ചകിതരായ ഏതാനും പേരെയും കൂട്ടി അക്രമം നടന്ന ഡൗൺടൗണിലേക്ക് നടക്കാൻ തുടങ്ങി. പേടിപ്പെടുത്തുംവിധം വിജനമായിരുന്നു തെരുവുകൾ. ഞങ്ങൾ ന്യൂയോർക്കുകാർ ബഹളക്കാരാണ്. നിശ്ശബ്ദതയും ശാന്തതയും ഞങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കും. ആ പ്രഭാതത്തിൽ അത്രമാത്രം നിശ്ശബ്ദമായിരുന്നു നഗരം. നടക്കുന്ന വഴിയിലെ കെട്ടിടങ്ങളിലേക്ക് നോക്കി; മാതാപിതാക്കൾ നഷ്ടപ്പെട്ടതറിയാതെ നിൽക്കുന്ന കുഞ്ഞുങ്ങളെപ്പോലെ തോന്നിച്ചു.ഞാനുൾപ്പെടെയുള്ള പേടിച്ചരണ്ട ആ ചെറുകൂട്ടം ഹൂസ്റ്റൺ സ്ട്രീറ്റിൽ വന്നുനിന്നു.
ഏതാനും ജാപ്പനീസ് സന്ദർശകർ തകർന്നടിഞ്ഞ ട്വിൻടവറിെൻറ ഓർമപ്പൊട്ടുകൾ ശേഖരിക്കുന്നത് ഞാൻ കണ്ടു, വിചിത്രമായിത്തോന്നി.ഇഷ്ടികയുടെയും സിമൻറിെൻറയും മാംസത്തിെൻറയും കാപ്പിക്കപ്പുകളുടെയും മനുഷ്യരുടെ ഉടഞ്ഞുപോയ സ്വപ്നങ്ങളുടെയും തുണ്ടുകൾ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.
ഞാൻ മനസ്സിൽ ഉമർ ഖയ്യാമിെൻറ വരികൾ ഉരുവിട്ടു. പിറ്റേന്നാൾ എനിക്ക് പഠിപ്പിക്കാൻ പോകണമായിരുന്നു. ഞാൻ ചെല്ലുേമ്പാൾ ഞങ്ങളുടെ കുട്ടികളുടെ കൈകളിൽ വർണച്ചോക്കുകൾ. അവരുടെ ഭയാശങ്കകളും അനുശോചനങ്ങളും കുറിച്ചിടാൻ കൊടുത്തതാണ്.
വിലാപം മരിച്ചുപോയവർക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയാണ്. കുലീനമായ ജീവിതത്തിലെ ധർമനിഷ്ഠമായ പ്രവൃത്തി. അമൂല്യമായ ജീവിതങ്ങൾ നിത്യതയിലേക്ക് വിലയം പ്രാപിക്കുന്നതിെൻറ അടയാളപ്പെടുത്തൽ. അപ്പോഴാണ് നശ്വരരായ നമുക്ക് ആത്മാവിെൻറ അനശ്വരത അനുഭവപ്പെടുക. വിലാപത്തിെൻറ അനുഷ്ഠാനം കൈമോശം വന്ന സംസ്കൃതികൾക്ക് എന്താണ് സംഭവിക്കുക?
ഒന്നോ രണ്ടോ ദിവസം മാത്രമേ ശാന്തതയുടെ തണലിലിരുന്ന് തങ്ങളുടെ നഗരത്തിൽ വന്നെത്തിയ ഭീകരപ്രവൃത്തിയോർത്ത് വിലപിക്കാൻ ജനങ്ങൾക്കായുള്ളൂ. ആ വിലാപ അവസരം അമേരിക്കക്കാർക്ക് തിടുക്കത്തിൽ നിഷേധിക്കപ്പെട്ടു. അവർക്കായി നിർമിച്ചെടുക്കപ്പെട്ട ക്ലിപ്തതയില്ലാത്ത ശത്രുക്കളോട് പ്രതികാരം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. പ്രതികാരത്തിനിറങ്ങും മുമ്പ് ആളുകൾക്ക് അൽപം സമാധാനം ആവശ്യമുണ്ട്. പ്രശ്നകലുഷിതമായ നമ്മുടെ ലോകത്തെക്കുറിച്ച് ഇരുന്ന് ചിന്തിക്കേണ്ടതുമുണ്ട്. പക്ഷേ, ധ്യാനത്തിെൻറ ശാന്തത ഭഞ്ജിച്ച് യുദ്ധത്തിെൻറ പെരുമ്പറ തുരുതുരാ മുഴങ്ങിക്കൊണ്ടിരുന്നു.
9/11െൻറ പത്താം വാർഷികത്തിൽ അൽ ജസീറയിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. ഭീകരസംഭവം നടന്നയിടെ വിഖ്യാത ഫ്രഞ്ച് ദാർശനികൻ ഷാക് ദരീദ കൊളംബിയ സർവകലാശാലയിൽ പ്രഭാഷണത്തിനു വന്ന അനുഭവം ഞാനതിൽ വിവരിച്ചു. 'രാഷ്ട്രീയത്തിെൻറ വിലാപം'എന്ന പ്രമേയത്തിൽ സംസാരിച്ച അദ്ദേഹം ശ്രോതാക്കളോട് പറഞ്ഞു അമേരിക്കയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന വിലാപം 9/11ൽ വേർപെട്ടുപോയവർക്ക് വേണ്ടി മാത്രമല്ല, മറിച്ച് നാം മനസ്സിലാക്കിവെച്ചിരിക്കുന്ന 'രാഷ്ട്രീയം' എന്ന സങ്കൽപത്തിെൻറതുകൂടിയാണെന്ന്. പ്രഭാഷണം അവസാനിക്കവെ ഞാൻ ചോദിച്ചു -നാം കാണുന്ന 'വിലാപത്തിെൻറ രാഷ്ട്രീയം' 'രാഷ്ട്രീയത്തിെൻറ വിലാപ'ത്തെ മറികടക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന്. ഏറെ ഗഹനമായി ആലോചിച്ച ശേഷവും വ്യക്തമായി ഒരുത്തരം നൽകിയില്ല അദ്ദേഹം. തെൻറ കൈയിൽ (ഭാവി പ്രവചിക്കുന്നവർ ഉപയോഗിക്കുന്ന) പളുങ്കു ഗോളം ഇല്ലെന്നാണ് ദരീദ പ്രതിവചിച്ചത്.
പ്രമാദമായ 'ഭീകരതക്കെതിരായ യുദ്ധം'എത്ര പെട്ടെന്നാണ് വിലാപത്തിെൻറ രാഷ്ട്രീയത്തെ പിടിച്ചടക്കിയത്. ഈ രാജ്യത്തിെൻറ ഉള്ളിലെ ദുരന്തത്തിന് ഒരു ബോധ്യവും കൽപ്പിക്കപ്പെട്ടില്ല. എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നു വിലയിരുത്താൻ പോലും ഇട നൽകാതെ അക്രമോത്സുകമായ പ്രതികാരത്തിലേക്ക് നീങ്ങി. സംഭവത്തിെൻറ ഓരോ ആണ്ടറുതിയിലും രോഷത്തിെൻറയും പ്രതികാരത്തിെൻറയും മുറവിളികൾ മറ്റുള്ളവരുടെ വേദന മുറ്റിയ അടക്കംപറച്ചിലുകളെ മറികടന്നു. അപരർ കൂടുതൽ അപരവതകരിക്കപ്പെട്ടു. ഏതിനടുത്താണുള്ളതെന്ന് എവിടെ രേഖപ്പെടുത്താനാകുമെന്നോർത്ത് ഇൗ രാഷ്ട്രത്തിെൻറ ആത്മാവ് അന്തിച്ചുപോയിട്ടുണ്ടാവും.
ഷാക് ദരീദ, മുഹ്സിൻ മഖ്മൽബഫ്, റിച്ചാർഡ് ഫാക്ക്
കാനിൽനിന്ന് കാന്തഹാറിലേക്ക്
അമേരിക്കക്കാർ 9/11ന് അനുഭവിച്ചതിെൻറ പ്രത്യാഘാതം അഫ്ഗാനികളും ഇറാഖികളും വർഷങ്ങളോളം അനുഭവിച്ചു. ഇപ്പോഴും അവരതനുഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, അമേരിക്ക അഫ്ഗാനിൽ അധിനിവേശം നടത്തിയ 10/7 ഉം ഇറാഖിൽ ആക്രമവുമായി ഇറങ്ങിപ്പുറപ്പെട്ട 3/20 ഉം ആരോർക്കുന്നു?
2001 മേയ് മാസമാണ് ഇറാനിയൻ ചലച്ചിത്രകാരൻ മുഹ്സിൻ മഖ്മൽബഫ് കാന്തഹാർ എന്ന ചിത്രം കാനിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത്. നിരൂപകശ്രദ്ധ ലഭിച്ചെന്നല്ലാതെ തുടക്കത്തിൽ ഈ ചിത്രം അമേരിക്കയിൽ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. എന്നാൽ, സെപ്റ്റംബറിൽ തീർത്തും അപ്രതീക്ഷിതമായ പ്രാധാന്യമാണ് സിനിമക്ക് കൈവന്നത്. 9/11നുപിന്നാലെ ഞാൻ അദ്ദേഹത്തിെൻറ അനുമതിയോടെ കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിച്ച പ്രദർശനത്തിന് വലിയ സ്വീകാര്യത ലഭിച്ചു.
ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ന്യൂയോർക്കും കാന്തഹാറും തമ്മിൽ അടുപ്പവും ഐക്യദാർഢ്യവും രൂപപ്പെടാൻ പ്രദർശനം വഴിയൊരുക്കിയേക്കുമെന്നായിരുന്നു എെൻറ ധാരണ. പക്ഷേ, അത്തരം സാധ്യതകളെല്ലാം അടഞ്ഞുപോയിരുന്നു. റിച്ചാർഡ് ഫാക്കിനെപ്പോലുള്ള തീർത്തും ഉദാരതാവാദികളും പുരോഗമനവാദികളുമായ അമേരിക്കക്കാർപോലും ന്യായമെന്നു കരുതിയ, അഫ്ഗാനിസ്താനെതിരായ യുദ്ധത്തിന് രാജ്യം സജ്ജമായിക്കഴിഞ്ഞിരുന്നു.
''കൊസോവോയിൽ നടന്ന നാറ്റോ യുദ്ധം ഫലപ്രദമായിരുന്നുവെന്ന് ഇപ്പോൾ കരുതുന്നുവെങ്കിലും കുഞ്ഞുനാൾ തൊട്ടേ അമേരിക്ക ഭാഗഭാക്കായിട്ടുള്ള ഒരു യുദ്ധത്തെയും ഞാൻ പിന്തുണച്ചിട്ടില്ല. അതീവ ദുരന്തകാരിയായ ഭീകരവാദത്തിനെതിരെ അഫ്ഗാനിസ്താനിൽ നടത്തിയതാണ് രണ്ടാം ലോകയുദ്ധ ശേഷം നടന്ന ആദ്യത്തെ ന്യായയുക്തമായ യുദ്ധം'' എന്നാണ് റിച്ചാർഡ് ഫാക്ക് ഒക്ടോബർ 2001ന് നാഷനിൽ എഴുതിയത്. അഫ്ഗാനിസ്താനിലെ യു.എസ് അധിനിവേശം അവിടം കൊണ്ടവസാനിച്ചില്ല എന്നത് റിച്ചാർഡ് ഫാക്ക് തിരിച്ചറിഞ്ഞു. യുദ്ധങ്ങൾ അവരുടേതായ സൈനിക ന്യായങ്ങളിൽ സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും ദുരന്തപൂരിതമായ അന്ത്യത്തിൽ കലാശിക്കുകയും ചെയ്യുന്നു.
ആഭ്യന്തര യുദ്ധങ്ങൾ, എബ്രഹാം ലിങ്കെൻറയും ജോൺ എഫ്.കെന്നഡിയുടെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിെൻറയും മാൽക്കം എക്സിെൻറയും കൊലപാതകങ്ങൾ എന്നിവയെല്ലാം നടന്നിട്ടുണ്ട് 9/11നുമുമ്പായി അമേരിക്കൻ ചരിത്രത്തിൽ. ദുഃഖിക്കാനും സ്വയം ആലോചിക്കാനും അവസരവുമുണ്ടായിരുന്നു അന്നെല്ലാം. 9/11 ആക്രമണത്തിെൻറ പ്രതികാരമായി അതിരുവിട്ട ക്രൂരതയോടെ രണ്ടു രാജ്യങ്ങളെ നശിപ്പിച്ചിട്ടും ആ ദൗർഭാഗ്യദിനം സൃഷ്ടിച്ച കാലിയായ ദ്വാരം ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല, ചുമ്മാ മറച്ചു പിടിക്കാനേ അതുകൊണ്ടായുള്ളൂ. ഒരു ദേശീയ ദുരന്തം സംഭവിച്ചാലുടൻ തോക്കും യുദ്ധവിമാനങ്ങളുമെടുത്ത് യുദ്ധത്തിനായി ചാടിപ്പുറപ്പെടും മുേമ്പ സാന്ത്വനപ്പെടാനുള്ള വിവേകം നേടാതെ ഈ രാജ്യം ഒരു ജനതയായി മാറുകയില്ല. അമേരിക്കയിലെയോ ഇറാഖിലെയോ കുഞ്ഞുങ്ങളുടെ ജീവിതം അമേരിക്കയിലെ കുഞ്ഞുങ്ങളിൽനിന്ന് വേര്തിരിച്ചു കാണാനാവാത്ത അവസ്ഥയിലെത്താതെ അതു സാധിക്കാനും പോകുന്നില്ല. പ്രതികാരം ജനങ്ങളുടെ മനസ്സിലെ ദുരന്തമുറിവിനെ ഉണക്കുന്നില്ല, അത് നിഷേധിക്കുകയാണ് ചെയ്യുന്നത്.
(നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ലേഖകൻ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ അധ്യാപകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.